സുഖപ്പെടുത്തുന്ന കൃഷിയിടം; ഏത്തവാഴയ്‌ക്കൊപ്പം പഴങ്ങളും പച്ചക്കറികളും കാപ്പിയും വിളയുന്ന ഇവിടം സ്വര്‍ഗമാണ്

കൃഷി ഒരു ചികിത്സാ ഉപാധിയാക്കുന്നുണ്ട് ആധുനിക മനഃശാസ്ത്രം. അത്തരത്തിലൊരു സുഖപ്പെടുത്തുന്ന ഉദ്യാനമാണ് വയനാട് പച്ചിലക്കാട്ടെ പ്രശാന്തി കൗണ്‍സലിങ് സെന്ററിലേത്.

കൃഷിയിടങ്ങള്‍ക്ക് സുഖപ്പെടുത്താനുള്ള കഴിവുണ്ട്. പിരിമുറുക്കത്തില്‍ നിന്നും മാനസിക പ്രശ്‌നങ്ങളില്‍ നിന്നും രക്ഷനേടാന്‍ കൃഷി ഒരു ചികിത്സാ ഉപാധിയാക്കുന്നുണ്ട് ആധുനിക മനഃശാസ്ത്രം. ഇത്തരം കൃഷിയിടങ്ങളെ സൗഖ്യപ്പെടുത്തുന്ന കൃഷിയിടങ്ങള്‍ അഥവാ ഹീലിങ് ഗാര്‍ഡനുകള്‍ എന്നാണ് വിളിക്കാറ്. വിദേശങ്ങളിലാണ് കൃഷിയിടങ്ങളെ ഇത്തരത്തില്‍ ചികിത്സയ്ക്കായി അധികവും ഉപയോഗിക്കുന്നത്. കേരളത്തിലും ഇത്തരം സങ്കേതങ്ങളെ ഉപയോഗപ്പെടുത്തുന്നുണ്ട്. അത്തരത്തിലൊരു സുഖപ്പെടുത്തുന്ന ഉദ്യാനമാണ് വയനാട് പച്ചിലക്കാട്ടെ പ്രശാന്തി കൗണ്‍സലിങ് സെന്ററിലേത്.

15 ഏക്കറിലാണ് ഇവിടെ കൃഷി. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സ്ഥലം. അര്‍ധരാത്രിയോടെ പ്രദേശത്തെത്തുന്ന കോടമഞ്ഞ് ഉദയസൂര്യ കിരണങ്ങളേല്‍ക്കാതെ പിന്‍വാങ്ങില്ല. പച്ചപിടിച്ച പുല്‍മേടുകള്‍ പുകവന്നുമറഞ്ഞതുപോലെ വെണ്‍പട്ടു വിരിച്ചുകിടക്കുകയാവും പുലര്‍കാലങ്ങളില്‍. രാവിലെ എണീറ്റ് പുറത്തേക്കു കാല്‍കുത്തുമ്പോള്‍ തന്നെ മഞ്ഞുകണങ്ങള്‍ ദേഹത്ത് തൊട്ടുതടവി മനസൊന്നു കുളിര്‍പ്പിക്കും. തോട്ടങ്ങളിലെ ചിലന്തിവലകള്‍ വരെ മഞ്ഞണിഞ്ഞ് ഉദയസൂര്യ കിരണങ്ങളില്‍ രത്‌നങ്ങള്‍ പോലെ തിളങ്ങും. ഇത്തരം പ്രകൃതി മനോഹരമായ സ്ഥലങ്ങളാണ് സൗഖ്യപ്പെടുത്തുന്ന ഉദ്യാനങ്ങളാക്കാന്‍ അനുയോജ്യം.

രാവിലെ കുരുവികളും പക്ഷികളുമൊരുക്കുന്ന സംഗീതം കേട്ടുള്ള നടത്തം നമ്മളെ കൊണ്ടുപോകുന്നത് പ്രകൃതിയുടെ ശീതളിമയാര്‍ന്ന മടിത്തട്ടിലേക്കാണ്. പൊക്കവും താഴ്ചയും ഉള്ള കൃഷിയിടങ്ങളിലൂടെയുളള ചെമ്മണ്ണിന്‍ പാതകള്‍ താണ്ടിയുള്ള നടത്തം മനസിനും ശരീരത്തിനും ഊര്‍ജം പകരും. ജൈവകൃഷി നടക്കുന്ന കൃഷിയിടത്തിലെ ശുദ്ധവായു തലച്ചോറിനെ ഉണര്‍ത്തും. നടന്നു തളര്‍ന്നാല്‍ കുടിക്കാന്‍ ശുദ്ധജലവും കൃഷിയിടത്തിലെ പച്ചക്കറികള്‍ ചേര്‍ത്തുള്ള ഭക്ഷണവുമെല്ലാം ചേര്‍ന്നാണ് മനസിനെ ഉണര്‍ത്തുന്നത്.

വാഴയ്ക്കു നനച്ചാല്‍ കാപ്പിയും നനയും

സൈക്കോളജിസ്റ്റായ ഫാ. വില്‍സണ്‍ എസ്‌ജെയുടെ നേതൃത്വത്തില്‍ നടക്കുന്ന കൃഷിയില്‍ അധികഭാഗവും ഏത്തവാഴയാണ്. ഇതിനൊപ്പം വയനാടിന്റെ സ്വന്തം വിളയായ കാപ്പിയുമുണ്ട്. ഏത്തവാഴ കൃഷിക്കു മുടക്കുന്ന വളവും വെള്ളവും ഉപയോഗിച്ചുതന്നെ കാപ്പി വളരുന്നു. ചെറിയവരമ്പുകളുണ്ടാക്കി അതിലാണ് വാഴയ്ക്ക് ഇടവിളയായി കാപ്പി ചെയ്യുന്നത്. രണ്ടുവര്‍ഷം കൊണ്ടുതന്നെ കാപ്പി പൂവിട്ടു. ഇതിനിടയില്‍ തന്നെ കാന്താരിയും വിവിധ ഫലവര്‍ഗങ്ങളുമൊക്കെയുണ്ട്. കൃഷിയിട നടത്തത്തിനിടയില്‍ സപ്പോര്‍ട്ടയും പേരയ്ക്കയുമൊക്കെ പറിച്ചു തിന്നാം. ഒരു ഭാഗം മുഴുവന്‍ പച്ചക്കറികൃഷിയാണ്. വൈകുന്നേരങ്ങളില്‍ തോട്ടങ്ങളിലെ കൃഷിപ്പണികളില്‍ പങ്കാളിയാകണമെങ്കില്‍ അതുമാകാം. കാബേജും ബ്രോക്കോളിയും കോളിഫ്‌ളവറുമെല്ലാം വിളയുന്നു. വനത്തിന്റെ ഒരു അനുഭവവും ഇവിടെയുണ്ട്. വന്‍മരങ്ങള്‍ തീര്‍ക്കുന്ന കാടിനുള്ളില്‍ ഒരുക്കിയിരിക്കുന്ന ഊഞ്ഞാലുകളില്‍ ആടുന്നതും ചികിത്സയുടെ ഭാഗമാണ്.

ഫോണ്‍: ഫാ. വില്‍സണ്‍ എസ്.ജെ.- 94478 56755.

Related Stories

No stories found.
logo
The Fourth
www.thefourthnews.in