നിരോധനത്തിലും കോടികൾ കൊയ്ത് റിലയൻസ്, ഗോതമ്പ് കയറ്റുമതിയിലെ ഇളവ് അംബാനിക്ക് വേണ്ടിയോ?

നിരോധനത്തിലും കോടികൾ കൊയ്ത് റിലയൻസ്, ഗോതമ്പ് കയറ്റുമതിയിലെ ഇളവ് അംബാനിക്ക് വേണ്ടിയോ?

രാജ്യത്ത് ഗോതമ്പ് കയറ്റുമതിയില്‍ രണ്ടാംസ്ഥാനമെന്ന നേട്ടം മാസങ്ങള്‍ക്കകം സ്വന്തമാക്കി റിലയന്‍സ് ഇന്‍ഡസ്ട്രീസ്
Updated on
3 min read

മാര്‍ച്ച് 13നാണ് രാജ്യത്ത് ഗോതമ്പ് കയറ്റുമതി നിരോധിച്ചത്. ആഭ്യന്തര വിപണിയില്‍ ഗോതമ്പിന്റെ വിലക്കയറ്റവും രാജ്യത്ത് ക്ഷാമം ഉണ്ടാകാനുള്ള സാധ്യതയും കണക്കിലെടുത്തായിരുന്നു കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്‌റെ തീരുമാനം. എന്നാല്‍, കയറ്റുമതി നിരോധന തീരുമാനത്തിന് രണ്ട് മാസം പൂര്‍ത്തിയാകുന്ന മെയ് 13ന് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ ഭേദഗതി കൊണ്ടുവന്നു. ബാങ്ക് ഗ്യാരണ്ടി, ക്രെഡിറ്റ് ലെറ്റര്‍ എന്നിവയുള്ള കയറ്റുമതിക്കാര്‍ക്ക് മാത്രം ഗോതമ്പ് കയറ്റുമതിക്ക് അനുമതി നല്‍കുന്നതായിരുന്നു അത്. രാജ്യത്തെ മിക്ക കയറ്റുമതിക്കാരും ക്രെഡിറ്റ് ലെറ്റര്‍ ഉപയോഗപ്പെടുത്തുന്നത് പതിവില്ലായിരുന്നു. അതിനാല്‍ തന്നെ ഗോതമ്പ് കയറ്റുമതിയില്‍ നിന്ന് പിന്‍വാങ്ങുക എന്നത് മാത്രമായിരുന്നു അവര്‍ക്ക് മുന്നിലെ ഏക പോംവഴി. ഇന്ത്യയിലെ ഏറ്റവും വലിയ ഗോതമ്പ് കയറ്റുമതിക്കാരായ ഐടിസി ലിമിറ്റഡ് മാത്രമായിരുന്നു ഇതിന് അപവാദം.

മെയ് 13ന് കേന്ദ്ര വിജ്ഞാപനം വരുന്നതിന്‌റെ തലേദിവസമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ക്രെഡിറ്റ് ലെറ്റര്‍ സ്വന്തമാക്കിയത്

പക്ഷെ സാഹചര്യം ഗുണം ചെയ്തത് മറ്റൊരു വ്യവസായ ഭീമനാണ്. ഇന്ത്യയിലെ ശതകോടീശ്വരന്‍ മുകേഷ് അംബാനിയും അദ്ദേഹത്തിന്റെ റിലയന്‍സ് ഇന്‍ഡസ്ട്രീസുമായിരുന്നു ഇതിന്റെ ഗുണഭോക്താവ്. മെയ് 13ന് കേന്ദ്ര വിജ്ഞാപനം വരുന്നതിന്‌റെ തലേദിവസമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ക്രെഡിറ്റ് ലെറ്റര്‍ സ്വന്തമാക്കിയത്. അതുവരെ ഗോതമ്പ് കയറ്റുമതി രംഗത്ത് ഇല്ലാതിരുന്ന മുകേഷ് അംബാനി പുതിയ അവസരം ഉപയോഗപ്പെടുത്തി. റിലയന്‍സ് ഗ്രൂപ്പ് ഗോതമ്പ് കയറ്റുമതി രംഗത്തേക്കും ചുവടുവെച്ചു. രാജ്യത്ത് ഗോതമ്പ് കയറ്റുമതിയില്‍ രണ്ടാംസ്ഥാനമെന്ന വലിയ നേട്ടവും മാസങ്ങള്‍ക്കകം മുകേഷ് അംബാനിയുടെ റിലന്‍സ് ഇന്‍ഡസ്ട്രീസ് സ്വന്തമാക്കി.

677 കോടിയുടെ ക്രെഡിറ്റ് ലെറ്റര്‍ കൈവശമുണ്ടായിരുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് അവസരം കൃത്യമായി ഉപയോഗപ്പെടുത്തി. ക്രെഡിറ്റ് ലെറ്റര്‍ പ്രകാരം 25,000 മെട്രിക് ടണ്‍ ഗോതമ്പ് വാങ്ങുന്നതിന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന് അനുമതിയുണ്ടായിരുന്നു.

നയം മാറ്റിമറിച്ച് കേന്ദ്രം

ഇന്ത്യയുടെ ഭക്ഷ്യസുരക്ഷ അപകടത്തിലാക്കുന്ന സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആദ്യം ഗോതമ്പ് കയറ്റുമതി നിരോധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാല്‍ യുക്രെയ്ന്‍ - റഷ്യ യുദ്ധ സാഹചര്യത്തില്‍ ആഗോളതലത്തില്‍ ഭക്ഷ്യക്ഷാമത്തിന്‌റെ സാഹചര്യം രൂപപ്പെട്ടിരുന്നു. ലോകത്തെ ഗോതമ്പ് കയറ്റുമതിയില്‍ ഒന്നാമതായിരുന്ന യുക്രെയിനില്‍ നിന്ന് കയറ്റുമതി നടക്കാതെ വന്നതോടെയായിരുന്നു ഇത്. ആ അവസരത്തിലാണ് ആഗോളതലത്തിലെ പുതിയ സാഹചര്യം ഇന്ത്യന്‍ ഭക്ഷ്യോത്പന്ന മേഖല ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തത്.

അതോടെ ഗോതമ്പ് കയറ്റുമതി സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്‌റെ നയമെല്ലാം മാറി മറിഞ്ഞു. മെയ് മാസത്തില്‍ കൊണ്ടുവന്ന ഭേദഗതി പൂര്‍ണമായും റിലയന്‍സിന് അനുകൂലമായി മാറി. മെയ് 13ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന് പിന്നാലെ ചില കമ്പനികള്‍ ക്രെഡിറ്റ് ലെറ്ററിനായി അപേക്ഷിച്ചിരുന്നു. പക്ഷെ നിലവില്‍ ക്രെഡിറ്റ് ലെറ്ററുള്ളവര്‍ക്ക് മാത്രമെ തുടരാനാകൂ എന്ന് ചൂണ്ടിക്കാട്ടി ഈ അപേക്ഷകളെല്ലാം വാണിജ്യമന്ത്രാലയം തള്ളി.

കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കര്‍ഷകര്‍ക്കും ചെറുകിടവ്യാപാരികള്‍ക്കും വലിയ നഷ്ടമുണ്ടാക്കി

ഇതിനിടെ യുഎഇയുമായി ഗോതമ്പ് കയറ്റുമതി കരാറുണ്ടായിരുന്ന ചില കമ്പനികള്‍ എമിറേറ്റ്‌സ് ബാങ്കുകള്‍ വഴി മെയ് 13ന് തന്നെ ക്രെഡിറ്റ് ലെറ്റര്‍ നേടിയെടുക്കാന്‍ ശ്രമിച്ചു. പക്ഷെ യുഎഇ ഭരണാധികാരി ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇതേ ദിവസം അന്തരിച്ചതോടെ അതും പ്രായോഗികമായില്ല. മൂന്ന് ദിവസം സര്‍ക്കാര്‍ - സ്വകാര്യ മേഖലകളില്‍ യുഎഇ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചതാണ് തിരിച്ചടിയായത്. ഒരാഴ്ചത്തെ സാവകാശം കമ്പനികള്‍ കേന്ദ്രത്തോട് തേടിയെങ്കിലും അനുവദിച്ചില്ല.

കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കര്‍ഷകര്‍ക്കും ചെറുകിടവ്യാപാരികള്‍ക്കും വലിയ നഷ്ടമുണ്ടാക്കി. അന്താരാഷ്ട്ര വിപണിയില്‍ വന്‍ ലാഭത്തിന് വില്‍ക്കാമെന്ന പ്രതീക്ഷയില്‍ ചെറുകിട വ്യാപാരികള്‍ പലയിടത്ത് നിന്നും വന്‍ വില നല്‍കി ഗോതമ്പ് സംഭരിച്ചിരുന്നു. കര്‍ഷകരില്‍ പലരും ഇനിയും വില ഉയരുമെന്ന പ്രതീക്ഷയില്‍ ഉത്പാദിപ്പിച്ച ഗോതമ്പില്‍ വലിയൊരു ഭാഗവും സംഭരിച്ച് വയ്ക്കുകയും ചെയ്തു. പക്ഷെ കയറ്റുമതി അനുമതി ലഭിച്ച വന്‍കിടക്കാരായ ഐടിസിയും റിലയന്‍സുമെല്ലാം മുന്‍ നിശ്ചയപ്രകാരമുള്ള വില മാത്രമെ നല്‍കൂവെന്ന് നിലപാടെടുത്തു. ഇത് ചെറുകിട വ്യാപാരികള്‍ക്ക് വന്‍ നഷ്ടമാണുണ്ടാക്കിയത്. കര്‍ഷകരുടെ പ്രതീക്ഷകളെയെല്ലാം തകിടം മറിക്കുകയും ചെയ്തു. പല ചെറുകിട വ്യാപാരികള്‍ക്കും പുതിയ വിലയില്‍ ഗോതമ്പ് എടുക്കില്ലെന്നും കരാര്‍ പ്രകാരമുള്ള വില മാത്രമെ നല്‍കൂവെന്നും ചൂണ്ടിക്കാട്ടി കമ്പനികള്‍ കത്തയച്ചു. ഇതിന് വഴങ്ങുകയല്ലാതെ അവര്‍ക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ല.

മെയ് 22നാണ് ഇന്ത്യ ഗോതമ്പ് കയറ്റുമതി പുനരാരംഭിച്ചത്. ഭാവിയിലെ കയറ്റുമതിക്ക് ആവശ്യമായ ക്രെഡിറ്റ് ലെറ്റര്‍ കൈവശമില്ലാതിരുന്നതിനാല്‍ ഐടിസിയും ഗോതമ്പ് കയറ്റുമതി പതുക്കെയാക്കി. ഇത് റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ഇരട്ടി നേട്ടമുണ്ടാക്കി. ഓഗസ്റ്റ് 16 ലെ കണക്കുകള്‍ പ്രകാരം രാജ്യത്ത്നിന്ന് കയറ്റുമതി ചെയ്യുന്ന ആകെ ഗോതമ്പായ 21 ലക്ഷം ടണ്ണില്‍ 3,34,000 മെട്രിക് ടണ്ണും റിലയന്‍സിന്‌റെ കൈവശമാണ്. 7,27,333 മെട്രിക് ടണ്ണാണ് ഐടിസിയുടേത്.

ഭക്ഷ്യോത്പന്ന കയറ്റുമതിയില്‍ റിലയന്‍സിന്‌റെ വളര്‍ച്ച

കഴിഞ്ഞവര്‍ഷം മുതലാണ് കാര്‍ഷികോത്പന്ന കയറ്റുമതിയിലേക്ക് റിലയന്‍സ് കടന്നത്. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ഇത് സംബന്ധിച്ച സൂചനകള്‍ റിലയന്‍സ് പുറത്തുവിട്ടത്. അസംസ്‌കൃത എണ്ണയുടെയും കാര്‍ഷികോത്പന്നങ്ങളുടെയും വ്യാപാരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനായി അബുദാബിയില്‍ സബ്സിഡിയറി റിലയന്‍സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്‌റെ പ്രഖ്യാപനത്തോടെയായിരുന്നു ഇത്.

ഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങള്‍ ആഭ്യന്തര വിപണിയിലും റിലയന്‍സിന് സ്വാധീനമൊരുക്കി. കയറ്റുമതിക്ക് പുറമെ റിലയന്‍സ് ചെറുകിട വ്യാപാര കേന്ദ്രങ്ങൾ വഴിയും ഗോതമ്പ് വിറ്റഴിച്ച് ലാഭമുണ്ടാക്കി. ഹരിയാന, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നായി ലേലത്തിലൂടെ ഗോതമ്പ് ഏറ്റെടുത്തതില്‍ മുന്നില്‍ റിലയന്‍സ് റീട്ടെയിലാണ്.

ചെറുകിട വ്യാപാരികള്‍ക്കാണ് ഈ മേഖലയിലേക്കുള്ള റിലയന്‍സിന്‌റെ കടന്നുവരവ് ഏറെ തിരിച്ചടിയാകുന്നത്. നിലവില്‍ ഇന്ത്യയുടെ ഗോതമ്പ് വിതരണ ശൃംഖല അസംഘടിതമാണ്. ചെറുകിട വ്യാപാരികളാണെങ്കില്‍ പരിമിതമായ സംഭരണശേഷിയുള്ളവരും. മികച്ച വില നല്‍കി കൂടുതല്‍ ഉത്പന്ന സംഭരണം വാഗ്ദാനം ചെയത് ആഭ്യന്തര വിപണിയില്‍ കര്‍ഷകര്‍ക്കിടയില്‍ റിലയന്‍സിന്‌റെ ഇടപെടലുണ്ടാകുമെന്നതാണ് ചെറുകിട വ്യാപാരികള്‍ ഭയക്കുന്നത്.

logo
The Fourth
www.thefourthnews.in