അന്റാര്‍ട്ടിക്ക ഉരുകുന്നു, റെക്കോഡ് വേഗത്തില്‍; ആശങ്കയില്‍ ശാസ്ത്രലോകം
അന്റാര്‍ട്ടിക്ക ഭൂഖണ്ഡത്തില്‍ ഹിമപാളികളുടെ വിസ്തീര്‍ണം റെക്കോഡ് വേഗത്തില്‍ കുറയുന്നുവെന്നു പുതിയ പഠനം. ഉറഞ്ഞുകൂടിയ മഞ്ഞുപാളികളുടെ വിസ്തീര്‍ണം നിലവില്‍ 1.91 ദശലക്ഷം ചതുരശ്ര കിലോമീറ്ററായി ചുരുങ്ങിയെന്നാണ് യു.എസ്. ആസ്ഥാനമായ നാഷണല്‍ സ്‌നോ ആന്‍ഡ് ഐസ് ഡാറ്റാ സെന്റര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ശാസ്ത്രലോകം മഞ്ഞുപാളികളുടെ വിസ്തീര്‍ണം നിരീക്ഷിക്കാന്‍ ആരംഭിച്ചത് 1970കളുടെ തുടക്കം മുതലാണ്. അന്നു മുതലുള്ള കണക്കില്‍ ഏറ്റവും താഴ്ന്ന നിരക്കാണ് ഇപ്പോഴത്തേതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദക്ഷിണാര്‍ദ്ധഗോളത്തിലെ വേനൽക്കാലം അവസാനിക്കാൻ രണ്ടാഴ്ച കൂടെ അവശേഷിക്കുന്നതിനാൽ ഈ കണക്കുകൾ ഇനിയും താഴുമെന്നാണ് കരുതുന്നതെന്നും സാഹചര്യം വളരെ ആശങ്കയുണർത്തുന്നതാണെന്നും കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രതിസന്ധിയാണ് ഇപ്പോഴത്തെ ഈ പ്രതിഭാസത്തിന് കാരണമെന്നാണ് കരുതുന്നത്. എല്ലാ വർഷങ്ങളിലും വിസ്തീർണ്ണത്തിൽ നേരിയ താഴ്ച കാണാറുണ്ടെങ്കിലും കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ ഭൂഖണ്ഡത്തിലെ മഞ്ഞുരുകലിന്റെ തോത് വളരെ കൂടിയ നിലയിലാണ്. അന്റാർട്ടിക്കയുടെ മിക്ക മേഖലകളിലും മഞ്ഞുപാളികള്‍ തീരെ ഇല്ലാത്ത അവസ്ഥ ആണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വെഡ്ഡൽ കടലിന് മുകളിൽ മാത്രമാണ് ഹിമപാളികൾ കാണാൻ സാധിക്കുന്നത്.
ആഗോളതാപനത്തിന്റെ ഫലമായി ഒരു ദശാബ്ദത്തിനിടെയുള്ള വേനലുകളില്‍ ഹിമപാളികളുടെ വ്യാപ്തി ശരാശരി 12 മുതല്‍ 13 ശതമാനം വരെ ചുരുങ്ങുമെന്നു നേരത്തെ പഠനങ്ങളുണ്ടായിരുന്നു. എന്നാല്‍ നിലവിലെ സ്ഥിതി അതിലും ഭയാനകമാണെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ശൈത്യകാലത്ത് മഞ്ഞുപാളികൾ 18 ദശലക്ഷം ചതുരശ്ര കിലോമീറ്റർ (6.9 ദശലക്ഷം ചതുരശ്ര മൈൽ) വരെ വ്യാപിക്കാറുണ്ട്. എന്നാല്‍ ഇത്തവണ ഇതു തെറ്റി. അന്റാർട്ടിക് ഉപദ്വീപിന്റെ പടിഞ്ഞാറും കിഴക്കും അസാധാരണമാംവിധം ഉയർന്ന അന്തരീക്ഷ താപനിലയാണ് ഇക്കുറി രേഖപ്പെടുത്തിയത്. ഇതും മഞ്ഞുരുകല്‍ റെക്കോഡിനെ കാര്യമായി സ്വാധീനിച്ചിരിക്കാം എന്നാണ് കരുതുന്നത്. ഇവിടുത്തെ നിലവിലെ അന്തരീക്ഷ താപനില ദീർഘകാല ശരാശരിയേക്കാൾ ഒന്നര സെന്റിഗ്രേഡ് കൂടുതലാണ്.