റെക്കോർഡിട്ട് കാർബൺ ഡൈ ഓക്സൈഡ് സാന്ദ്രത: 
വ്യവസായ കാലത്തിന് മുമ്പത്തേക്കാൾ 50 ശതമാനം വർധനവെന്ന് റിപ്പോർട്ട്

റെക്കോർഡിട്ട് കാർബൺ ഡൈ ഓക്സൈഡ് സാന്ദ്രത: വ്യവസായ കാലത്തിന് മുമ്പത്തേക്കാൾ 50 ശതമാനം വർധനവെന്ന് റിപ്പോർട്ട്

കാലാവസ്ഥാ വ്യതിയാനത്തിലേയ്ക്ക് നയിക്കുന്ന ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്
Updated on
1 min read

അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് കുതിച്ചുയരുന്നു. മെയ് മാസത്തിലെ പ്രതിമാസ ശരാശരി 424 പാര്‍ട്‌സ് പെര്‍ മില്ല്യണ്‍ എന്നതില്‍ എത്തി റെക്കോര്‍ഡിട്ടിരിക്കുകയാണ്. അമേരിക്കയിലെ നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മാസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷനില്‍ (എന്‍ഓഎഎ) നിന്നുള്ള പുതിയ റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇപ്പോഴുള്ള അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് വ്യാവസായിക കാലത്തിന് മുമ്പത്തേക്കാള്‍ 50 ശതമാനം അധികം ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനത്തിലേയ്ക്ക് നയിക്കുന്ന ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങളില്‍ ഒന്നാണ് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്. മീഥെയ്ന്‍, നൈട്രസ് ഓക്‌സൈഡ്, എച്ച്എഫ്‌സി, എച്ച്‌സിഎഫ്‌സി തുടങ്ങിയ ഫ്‌ലൂറിനേറ്റഡ് വാതകങ്ങള്‍, ഓസോണ്‍ എന്നിവയാണ് മറ്റ് പ്രധാന ഹരിതഗൃഹ വാതകങ്ങള്‍. മനുഷ്യ പ്രേരിതമായി ഉണ്ടാകുന്ന ഹരിതഗൃഹ വാതകത്തിന്റെ 70 ശതമാനത്തിലധികവും ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നതില്‍ നിന്നുണ്ടാകുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ്.

എന്‍ഒഎഎ റിപ്പോര്‍ട്ട് പ്രകാരം മെയിലെ കാര്‍ബണ്‍ ഡയോക്ടസൈഡിന്റെ പ്രതിമാസ ശരാശരി സാന്ദ്രത എന്നത് കഴിഞ്ഞ മെയിനേക്കാളും 3 പാര്‍ട്‌സ് പെര്‍ മില്ല്യണ്‍ അധികം ആണ്. കോടികണക്കിന് വര്‍ഷങ്ങളായിട്ടും മാറ്റങ്ങള്‍ ഒന്നും തന്നെ സംഭവിക്കാത്ത ധ്രുവീയ മഞ്ഞുപാളികളെക്കുറിച്ചുള്ള പഠനത്തിലൂടെ, ഏകദേശം 400,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെയുളള കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് സാന്ദ്രതയുടെ അളവ് ശാസ്ത്രഞ്ജര്‍ക്ക് കണക്കാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ കാലയളവില്‍, കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് ഹിമയുഗത്തില്‍ 220 പിപിഎമ്മും, അതേസമയം ചൂടുള്ള ഇന്റര്‍ ഗ്ലേഷ്യല്‍ കാലഘട്ടങ്ങളില്‍ ഏകദേശം 280 പിപിഎമ്മും ആയി നിലനിന്നു.

എന്നാല്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതി മുതല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് അത്ഭുതപരമായ അളവില്‍ തുടരുകയാണ്. കൂടാതെ അതില്‍ കുത്തനെ വര്‍ധനവും സംഭവിച്ചിട്ടുണ്ട്.

കാലാവസ്ഥാ അവബോധത്തിന്റെയും പ്രതികരണത്തിന്റെയും തുടക്കകാലമായി കണക്കാക്കപ്പെടുന്ന മെയ് 1990ല്‍, കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ പ്രതിമാസ ശരാരി സാന്ദ്രത എന്നത് 357 പിപിഎം ആണ്.

1950 മുതല്‍ കാര്‍ബണ്‍ ഡയോക്‌സൈഡിനെയും മറ്റ് വാതകങ്ങളെയും നേരിട്ട് നിരീക്ഷിക്കുന്ന അമേരിക്കയുടെ മൗന ലോ ഒബ്‌സര്‍വേറ്ററിയില്‍ നിന്നുള്ള കണക്കുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

മെയ് 2013ലാണ് കാർബൺ ഡൈ ഓക്സൈഡിന്റെ പ്രതിമാസ ശരാശരി 400 പിപിഎം ആദ്യമായി കടന്നത്. 1960നും 70നുമിടെ പ്രതിവര്‍ഷം കാർബൺ ഡൈ ഓക്സൈഡ് സാന്ദ്രത കുറഞ്ഞത് 1 പിപിഎം ആയെങ്കിലും വര്‍ധിച്ചിട്ടുണ്ടെന്ന് ഡാറ്റകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ 2010 കഴിഞ്ഞതോടെ ഈ വളര്‍ച്ച പ്രതിവര്‍ഷം 2.5 പിപിഎം എന്ന അളവില്‍ ഉയര്‍ന്നു. ഈ വര്‍ഷമാകട്ടെ അത് 3 പിപിഎം ആയി വര്‍ധിച്ചിരിക്കുകയാണ്.

logo
The Fourth
www.thefourthnews.in