ചുട്ടുപൊള്ളി ഏപ്രില്‍; കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തത് ഏറ്റവും കൂടിയ താപനില
ആഗോളതലത്തില്‍ ഏപ്രിലില്‍ അനുഭവപ്പെട്ടത് ഏറ്റവും കൂടിയ താപനിലയെന്ന് റിപ്പോര്‍ട്ട്. സമുദ്രോപരിതല താപനിലയുടെയും ആഗോള വായുവിന്റെയും ശരാശരിക്കും മുകളിലാണ് ഏപ്രിലില്‍ അനുഭവപ്പെട്ടതെന്ന് യൂറോപ്യന്‍ യൂണിയന്റെ കാലാവസ്ഥാ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
താപനില വര്‍ധിപ്പിക്കുന്ന എല്‍നിനോ പ്രതിഭാസം ദുര്‍ബലമായിരുന്നിട്ടും അസാധാരണമായ ചൂടാണ് കഴിഞ്ഞമാസം ഉണ്ടായതെന്ന് യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് കാലാവസ്ഥാ വ്യതിയാന സേവനം വ്യക്തമാക്കി. ഉയര്‍ന്ന താപനിലയും ഉഷ്ണതരംഗവുംം മാത്രമല്ല, കനത്ത മഴയും പ്രളയവും കാരണം വ്യത്യസ്തമായ കാലാവസ്ഥയായിരുന്നു ഏപ്രിലിലുണ്ടായിരുന്നത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതലുള്ള എല്ലാ മാസവും റെക്കോഡ് ചൂടാണ് അനുഭവപ്പെടുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഏപ്രിലില്‍ അനുഭവപ്പെട്ടത് 1.58 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ്. വ്യാവസായിക കാലഘട്ടത്തിനു മുൻപുള്ള 1850-1900 വര്‍ഷങ്ങളിലുണ്ടായതിനെക്കാള്‍ ചൂടാണിത്. എന്നാല്‍ സമാനമായ താപനില 2015-16 വര്‍ഷങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. 1991-2020 കാലഘട്ടത്തേക്കാള്‍ 0.67 ഡിഗ്രി സെല്‍ഷ്യസും 2016 ഏപ്രിലിനേക്കാള്‍ 0.14 ഡിഗ്രി സെല്‍ഷ്യസും ഈ ഏപ്രിലില്‍ കൂടിയിട്ടുണ്ട്.
കഴിഞ്ഞ 12 മാസത്തെ ശരാശരി താപനില വ്യവസായിക കാലഘട്ടത്തിനു മുൻപുള്ള വർഷങ്ങളിലേക്കാൾ 1.6 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ്. ആഗോളതാപനം പരിമിതപ്പെടുത്തുന്നതിനുള്ള 1.5ഡിഗ്രി സെല്‍ഷ്യസ് എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി 2015ലെ പാരീസ് ഉടമ്പടിയെയാണ് ഇത് മറികടന്നതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇപ്പോള്‍ നാം അനുഭവിക്കുന്ന ആഗോള താപനില എത്രത്തോളം അസാധാരണമാണെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് കോപ്പര്‍നിക്കസിലെ കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ ജൂലിയന്‍ നിക്കോളസ് പറഞ്ഞു. ഈ വര്‍ഷം റെക്കോര്‍ഡ് താപനില ഉണ്ടാകുമെന്ന് നേരത്തെ തന്നെ ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
യൂറോപ്പില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ട രണ്ടാമത്തെ ഏപ്രില്‍ കൂടിയായിരുന്നു ഈ മാസം. കുറച്ച് ആഴ്ചകളായി ഇന്ത്യ മുതല്‍ വിയറ്റ്‌നാം വരെയുള്ള ഏഷ്യയിലെ പ്രദേശങ്ങളില്‍ കടുത്ത ഉഷ്ണതരംഗമാണ് രേഖപ്പെടുത്തിയത്. എന്നാല്‍ തെക്കന്‍ ബ്രസീലാകട്ടെ വെള്ളപ്പൊക്കത്തിലാണ് ബുദ്ധിമുട്ടിയത്. കനത്ത മഴയെത്തുടര്‍ന്ന് വടക്കേ അമേരിക്ക, പശ്ചിമേഷ്യ, ഗള്‍ഫ് രാജ്യങ്ങളില്‍ പ്രളയവും റിപ്പോര്‍ട്ട് ചെയ്തു. കിഴക്കന്‍ ഓസ്‌ട്രേലിയയിലും കനത്ത മഴയാണ് ഇക്കുറി അനുഭവപ്പെട്ടത്.
പ്രകൃതിദത്തമായ എന്‍നിനോ പ്രതിഭാസം പസഫിക് സമുദ്രത്തെ ചൂടാക്കുകയും ആഗോള താപനില വര്‍ധിപ്പിക്കുകയും ചെയ്യുന്നു. എല്‍നിനോ പ്രതിഭാസം ഈ വര്‍ഷം ആദ്യം കൂടുതലായിരുന്നെങ്കിലും ഏപ്രിലില്‍ സാധാരണ നിലയിലേക്കെത്തിയിരുന്നു. എന്നിരുന്നാലും ഏപ്രിലില്‍ സമുദ്രോപരിതല താപനില കൂടുതല്‍ തന്നെയായിരുന്നു.
സമുദ്രത്തിലുണ്ടാകുന്ന കൂടിയ ചൂട് സമുദ്ര ജീവികളുടെ ജീവനും ഭീഷണിയാകുന്നുണ്ട്. എല്‍നിനോയില്‍ വര്‍ഷത്തിന്റെ രണ്ടാം പാതിയില്‍ മാറ്റങ്ങള്‍ കാണാന്‍ സാധിക്കുമെന്നും ഇത് ആഗോളതാപനിലയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും കാലാവസ്ഥാ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നു. പക്ഷേ സ്ഥിതിഗതികള്‍ ഇപ്പോഴും അനിശ്ചിതത്വത്തിലാണെന്നാണ് നിക്കോളസ് അഭിപ്രായപ്പെടുന്നത്.