മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം 'ദന' തീവ്ര ചുഴലിക്കാറ്റായി മാറി അടുത്ത 48 മണിക്കൂറിനുള്ളില്‍ തീരംതൊടാൻ സാധ്യയുള്ളതില്‍ കനത്ത ജാഗ്രതയില്‍ ഒഡിഷ. നാളെ രാവിലെയോടെ വടക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ ചുഴലിക്കാറ്റായി മാറും. 10 ലക്ഷം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സർക്കാർ.
ന്യൂനമർദത്തെത്തുടർന്ന് മണിക്കൂറില്‍ 100-110 കിമീ വരെ വേഗതയില്‍ വീശുന്ന കാറ്റ്, തീവ്ര ചുഴലിക്കാറ്റായി നാളെ രാത്രിക്കും വെള്ളിയാഴ്ച രാവിലെക്കുമുള്ളിൽ കരതൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വടക്കന്‍ ഒഡിഷ, പശ്ചിമ ബംഗാള്‍ തീരങ്ങള്‍ കടന്നെത്തുന്ന ചുഴലിക്കാറ്റ് പുരിയ്ക്കും സാഗര്‍ ദ്വീപിനുമിടയിലുള്ള കേന്ദ്രപാര ജില്ലയിലെ ഭിതാർകനിക ദേശീയ ഉദ്യാനത്തിനും ഭദ്രക് ജില്ലയിലെ ധമ്ര തുറമുഖത്തിനുമിടയിൽ കരതൊടുമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പി(ഐഎംഡി)ന്റെ പ്രവചനം. ഈ സമയത്ത് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെയായിരിക്കും ചുഴലിക്കാറ്റിന്റെ വേഗം.
മുന്നിയിപ്പിനെത്തുടര്‍ന്ന് അപകടമേഖലകളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. ഭിതാര്‍കനികയ്ക്കും ധമ്രയ്ക്കും സമീപമുള്ള ദുര്‍ബല പ്രദേശങ്ങളിലെയും തീരപ്രദേശങ്ങളിലെയും ജനങ്ങളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാന്‍ അധികൃതർ നിര്‍ദേശിച്ചു.
ചുഴലിക്കാറ്റ് കണക്കിലെടുത്ത് കിഴക്കന്‍, ദക്ഷിണ കിഴക്കന്‍ റെയില്‍വേ 24, 25 തീയതികളില്‍ 150 ട്രെയിനുകള്‍ റദ്ദാക്കി. ഗഞ്ചം, പുരി, ജഗത്സിംഗ്പൂർ, കേന്ദ്രപാര, ഭദ്രക്, ബാലസോർ, മയൂർഭഞ്ച്, കിയോഞ്ജർ, ധേൻകനൽ, ജാജ്പൂർ, അംഗുൽ, ഖോർധ, നയാഗർ, കട്ടക്ക് എന്നീ 14 ജില്ലകളിലെ സ്കൂളുകൾക്ക് 26 വരെ അവധി പ്രഖ്യാപിച്ചു.
ഒഡിഷയിലും കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള തെക്കന്‍ ബംഗാള്‍ ജില്ലകളില്‍ ചുഴലിക്കാറ്റ് കനത്ത മഴയ്ക്ക് കാരണമാകും. ഒഡിഷയുടെ തീരദേശ മേഖലയാണ് ചുഴലിക്കാറ്റിന്റെ ആഘാതം ഏറ്റവുമധികം ബാധിക്കുക. രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഭരണസംവിധാനവുമായി ഏകോപിപ്പിക്കണമെന്ന് മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി എല്ലാ എംഎല്‍എമാരോടും അഭ്യര്‍ഥിച്ചു.
ചുഴലിക്കാറ്റ് കരതൊടുന്ന സമയത്ത് ഒരു മീറ്റര്‍ മുതല്‍ രണ്ട് മീറ്റര്‍ വരെ ഉയരത്തില്‍ ശക്തമായ വേലിയേറ്റ സാധ്യത കാലാവസ്ഥാവിദഗ്ധര്‍ പ്രവചിക്കുന്നുണ്ട്. ചുഴലിക്കാറ്റ് കരയില്‍ വീഴുമ്പോള്‍ കേന്ദ്രപാറ, ഭദ്രക്, ബാലസോര്‍ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകാന്‍ സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷകന്‍ പറഞ്ഞു.
ഐഎംഡിയുടെ കണക്കനുസരിച്ച്, ബംഗാള്‍ ഉള്‍ക്കടലില്‍ മണ്‍സൂണിന് ശേഷമുള്ള കന്നി ചുഴലിക്കാറ്റിന്റെ പരമാവധി ആഘാതം ബാലസോര്‍, ഭദ്രക്, കേന്ദ്രപാര, ജഗത്സിംഗ്പൂര്‍, പുരി, ഖുര്‍ദ, മയൂര്‍ഭഞ്ച്, കിയോഞ്ജര്‍, ജജ്പൂര്‍, കട്ടക്, ധെങ്കനാല്‍ ജില്ലകള്‍ അഭിമുഖീകരിക്കാനിടയുണ്ട്. ഒഡിഷയിലെ എല്ലാ തുറമുഖങ്ങള്‍ക്കുമുള്ള മുന്നറിയിപ്പ് നവീകരിക്കുകയും വിദൂര മുന്നറിയിപ്പ് സിഗ്‌നല്‍ നമ്പര്‍ രണ്ട് ദിവസം ഉയര്‍ത്തിയിട്ടുമുണ്ട്.
ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്), ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഒഡിഷ ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ്, ഒഡീഷ ഡിസാസ്റ്റര്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്(ഒഡിആര്‍എഎഫ്) എന്നിവയും മറ്റ് രക്ഷാപ്രവര്‍ത്തന ഏജന്‍സികളും ചുഴലിക്കാറ്റ് ബാധിക്കാന്‍ സാധ്യതയുള്ള ജില്ലകളില്‍ അതീവ ജാഗ്രതയിലാണ്. ഇന്ത്യന്‍ വ്യോമസേന (ഐഎഎഫ്) പഞ്ചാബില്‍ നിന്ന് രണ്ട് പ്രത്യേക വിമാനങ്ങളിലായി 150 എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥരെയും ദുരിതാശ്വാസ സാമഗ്രികളെയും ഇന്ന് രാവിലെ ഒഡിഷയിലെത്തിച്ചു.
സംസ്ഥാനത്തെ വിവിധ തീരദേശ ജില്ലകളിലേക്ക് എന്‍ഡിആര്‍എഫ് സേനാംഗങ്ങളെ അയച്ചു. എന്‍ഡിആര്‍എഫില്‍നിന്ന് 19 ടീമുകളും ഒഡിആര്‍എഎഫില്‍ നിന്ന് 51 ടീമുകളും 178 ഫയര്‍ സര്‍വീസ് ടീമുകളും ഒഡീഷ സര്‍ക്കാര്‍ ഇതിനകം വിന്യസിച്ചിട്ടുണ്ട്. കൂടാതെ, രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി ജില്ലകളില്‍ 40 ടീമുകളെയും വിന്യസിച്ചിട്ടുണ്ട്.
അംഗുല്‍, പുരി, നയാഗര്‍, ഖുര്‍ദ, കട്ടക്ക്, ജഗത്സിംഗ്പൂര്‍, കേന്ദ്രപാറ, ജാജ്പൂര്‍, ഭദ്രക്, ബാലസോര്‍, കിയോഞ്ജര്‍, ധെങ്കനാല്‍, ഗഞ്ചം, മയൂര്‍ഭഞ്ച് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്. 14 ജില്ലകളിലായി മൂവായിരത്തിലധികം അപകടസാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി.
അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിക്കുന്ന ആളുകള്‍ക്കായി 800 ഓളം ചുഴലിക്കാറ്റ് അഭയകേന്ദ്രങ്ങള്‍ സജ്ജമാണ്. കൂടാതെ സ്‌കൂളുകളിലും കോളേജുകളിലും ഉള്‍പ്പെടെ 500 താത്കാലിക അഭയകേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് റവന്യൂ, ദുരന്തനിവാരണ മന്ത്രി സുരേഷ് പൂജാരി പറഞ്ഞു. ചുഴലിക്കാറ്റില്‍ ആളപായം ഒഴിവാക്കാന്‍ ദുര്‍ബല പ്രദേശങ്ങളില്‍ നിന്ന് ആളുകളെ 100 ശതമാനവും ഒഴിപ്പിക്കണമെന്ന് മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി പറഞ്ഞു.
പശ്ചിമ ബംഗാൾ സർക്കാരും മുൻകരുതലുകൾ ശക്തമാക്കി. ബംഗാളിൽ സൗത്ത് 24 പർഗാനാസ്, നോർത്ത് 24 പർഗാനാസ്, പുർബ മേദിനിപൂർ എന്നീ ജില്ലകൾ ദന ചുഴലിക്കാറ്റിൻ്റെ ആഘാതത്തിന് ഏറ്റവും സാധ്യതയുള്ളവയാണെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. സമീപ ജില്ലകളായ പശ്ചിമ മേദിനിപൂർ, കൊൽക്കത്ത, ഹൗറ, ഹൂഗ്ലി, ബാങ്കുര, ജാർഗ്രാം എന്നിവയും ജാഗ്രതയിലാണെന്നും മമത പറഞ്ഞു. തെക്കൻ ബംഗാളിലെ ഏഴു ജില്ലകളിലെ സർക്കാർ സ്‌കൂളുകൾക്ക് 26 വരെ അവധിയായിരിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു .
അതേസമയം, അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.