ആന്ധ്രാതീരം തൊട്ട് മിഷോങ്; മൂന്നു മണിക്കൂറിനുള്ളില്‍ പൂര്‍ണമായും കരയിലേക്ക്
ചെന്നൈയില്‍ നാശം വിതച്ച മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രാതീരത്തേക്കു പ്രവേശിച്ചു. മൂന്ന് മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് പൂര്‍ണമായും കര തൊടും. ആന്ധ്രപ്രദേശ് തീരത്ത് നെല്ലൂരിനും മച്ചിലിപട്ടണത്തിനുമിടയിലാണ് മിഷോങ് കര തൊടുന്നത്. തീവ്ര ചുഴലിക്കാറ്റായി മിഷോങ് ആന്ധ്രതീരത്തേക്കു നീങ്ങിയതോടെ പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആന്ധ്രയിലെ എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.
ഇന്ന് ഉച്ചയോട് കൂടി ആന്ധ്രയിലെ ബാപട്‌ലയിലേക്ക് മണിക്കൂറില്‍ 110 കിലോമീറ്ററാണ് വേഗതയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് അടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തമിഴ്നാട്ടില്‍ വലിയ നാശനഷ്ടങ്ങളാണ് മിഷോങ് വരുത്തിയത്. ചെന്നൈയില്‍ മാത്രം 5 പേരാണ് ചുഴലിക്കാറ്റില്‍ മരിച്ചത്. രണ്ട് പേര്‍ വൈദ്യുതാഘാതമേറ്റും ഒരാള്‍ മരം വീണുമാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.
വെള്ളപ്പൊക്കത്തില്‍ ചെന്നൈയില്‍ നിരവധി കാറുകള്‍ ഒഴുകിപ്പോയിട്ടുണ്ട്. ഇന്നലെ അടച്ചിട്ട ചെന്നൈ വിമാനത്താവളം രാവിലെ ഒന്‍പതോടെ തുറന്നേക്കും. മെട്രോ സര്‍വീസ് പുനരാരംഭിച്ചിട്ടുണ്ട്. ജാഗ്രതയെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ നാല് ജില്ലകളില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ എല്ലാ പാര്‍ട്ടികളോടും സന്നദ്ധ പ്രവര്‍ത്തകരോടും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം അടുത്ത മണിക്കൂറില്‍ മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചെന്നൈയിലെ പല ഭാഗങ്ങളിലും ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ മഴ പെയ്തില്ലെന്ന ആശ്വാസവും വരുന്നുണ്ട്. ഈ പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ റദ്ദാക്കിയ ട്രെയ്ന്‍ സര്‍വീസുകള്‍ പുനസ്ഥാപിച്ചിട്ടില്ല. വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്.
ഞായറാഴ്ച മുതലാണ് ചെന്നൈയില്‍ കനത്ത മഴ തുടങ്ങിയത്. ഒഡിഷ സര്‍ക്കാരും രക്ഷാപ്രവര്‍ത്തനത്തിലുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒഡിഷയില്‍ കാര്യമായ ആഘാതം ഉണ്ടാക്കില്ലെങ്കിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ ഭാഗമായാണ് നിര്‍ദേശം.