സമയം തെറ്റിച്ച് ഭൂമി; 24 മണിക്കൂറിന് മുമ്പ് 'കറക്കം' പൂര്‍ത്തിയാക്കി

സമയം തെറ്റിച്ച് ഭൂമി; 24 മണിക്കൂറിന് മുമ്പ് 'കറക്കം' പൂര്‍ത്തിയാക്കി

ഭൂമിയുടെ ഈ വേഗത മാറ്റത്തിനുള്ള കാരണം ഇപ്പോഴും അവ്യക്തമാണ്.
Updated on
1 min read

സൂര്യനെ ചുറ്റിവരാന്‍ 24 മണിക്കൂര്‍ വേണമെന്ന ശാസ്ത്രലോകത്തിന്റെ സിദ്ധാന്തം തെറ്റിച്ചു ഭൂമി. ഇക്കഴിഞ്ഞ ജൂലൈ 29-നാണ് പതിവിനു വിപരീതമായി 24 മണിക്കൂറില്‍ത്താഴെ സമയത്തില്‍ ഭൂമി 'ചുറ്റിക്കറങ്ങി'യെത്തിയത്. അന്നേദിവസം ഭ്രമണ സമയമായ 24 മണിക്കൂറിൽ 1.59 മില്ലി സെക്കന്‍ഡ്‌ കുറവിലാണ് ഭൂമി ഭ്രമണം പൂർത്തിയാക്കിയത്. ഇതോടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ദിനമായി ജൂലൈ 29 മാറുകയും ചെയ്തു.

ഇതിനു മുമ്പ്‌ 2020 ജൂലൈ 19നാണ് ഭൂമി ഇത്തരത്തില്‍ 'സമയം തെറ്റി' ചുറ്റിയത്. അന്ന് 24 മണിക്കൂറില്‍ നിന്ന് 1.47 മില്ലി സെക്കന്‍ഡ്‌ കുറവിലായിരുന്നു കറക്കം. ഭൂമിയുടെ ഭ്രമണവേഗം സൂക്ഷ്മമായി നിരീക്ഷിക്കുന്ന അറ്റോമിക് ക്ലോക്കാണ് സഞ്ചാരവേഗത്തിലുണ്ടായ ഈ വ്യത്യാസങ്ങള്‍ കണ്ടെത്തിയത്.

ഭൂമിയുടെ ഈ വേഗത മാറ്റത്തിനുള്ള കാരണം ഇപ്പോഴും അവ്യക്തമാണ്. എന്നാല്‍ ഭൂമി അച്ചുതണ്ടില്‍ നിന്നു വ്യതിചലിക്കുന്നത് കൊണ്ടാണ് ഈ വേഗതമാറ്റമെന്നും വരുന്ന 50 കൊല്ലം ദൈര്‍ഘ്യം കുറഞ്ഞ ദിനങ്ങളായിരിക്കുമെന്നും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടു. ഭൂമിയുടെ ഇന്നര്‍ കോറിലെയും ഔട്ടര്‍ കോറിലെയും പ്രവര്‍ത്തനങ്ങള്‍, സമുദ്രങ്ങള്‍, തിരകള്‍, കാലാവസ്ഥാ വ്യതിയാനങ്ങള്‍ തുടങ്ങിയവയും ഇതിനെ ബാധിച്ചേക്കാമെന്നാണ് കരുതപ്പെടുന്നത്.

ഭൂമിയുടെ ഭ്രമണ വേഗത്തിനനുസരിച്ച് അറ്റോമിക്ക് ക്ലോക്കിലെ സമയം ഏകീകരിക്കുന്നതിനായി കൂട്ടിച്ചേര്‍ക്കുന്ന സെക്കന്‍ഡിനെയാണ് ലീപ്പ് സെക്കന്‍ഡായി കണക്കാക്കുന്നത്‌. 1972 മുതലിങ്ങോട്ട് 27 തവണയാണ് ശാസ്ത്രജ്ഞര്‍ അറ്റോമിക്ക് ക്ലോക്കില്‍ ഇത്തരത്തില്‍ അധിക സെക്കന്‍ഡ് കൂട്ടിചേര്‍ത്തിട്ടുള്ളത്. ഭൂമിയുടെ ഭ്രമണ വേഗത കുറഞ്ഞ്, ഒരു പൂര്‍ണ്ണ ഭ്രമണത്തിന് 24 മണിക്കൂറിലധികം സമയമെടുക്കുമ്പോഴാണ് ഇത്തരത്തില്‍ സമയം കൂട്ടിചേര്‍ക്കുന്നത്.

എന്നാല്‍ നിലവിലെ സാഹചര്യം നേര്‍വിപരീതമാണ്. ഭൂമി തുടര്‍ച്ചയായി ഉയര്‍ന്ന വേഗതയില്‍ ഭ്രമണം ചെയ്യുകയാണെങ്കില്‍ അറ്റോമിക്ക് ക്ലോക്കില്‍ സമയം ക്രമപ്പെടുത്തുന്നതിനായി സെക്കന്‍ഡുകള്‍ കുറയ്‌ക്കേണ്ടി വരും. ഇതിനെയാണ് നെഗറ്റിവ് ലീപ്പ് സെക്കന്‍ഡ് എന്ന് വീശേഷിപ്പിക്കുന്നത്. എന്നാല്‍ നെഗറ്റീവ് ലീപ് സെക്കന്‍ഡുകള്‍ സ്മാര്‍ട്ട് ഫോണ്‍, കംമ്പ്യൂട്ടറുകള്‍, ആശയ വിനിമയ സംവിധാനങ്ങള്‍ തുടങ്ങിയവക്ക് ആശങ്കാജനകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചെന്നു വരാം.

logo
The Fourth
www.thefourthnews.in