ഉയര്‍ന്ന കാര്‍ബണ്‍ പുറന്തള്ളല്‍: ലോകത്തെ ദുരിതത്തിലേക്കു തള്ളിവിട്ട് അതിസമ്പന്നര്‍, പട്ടിണിയും ദാരിദ്ര്യവും മരണവും വര്‍ധിപ്പിക്കുന്നതായി പഠനം

ഉയര്‍ന്ന കാര്‍ബണ്‍ പുറന്തള്ളല്‍: ലോകത്തെ ദുരിതത്തിലേക്കു തള്ളിവിട്ട് അതിസമ്പന്നര്‍, പട്ടിണിയും ദാരിദ്ര്യവും മരണവും വര്‍ധിപ്പിക്കുന്നതായി പഠനം

അതിസമ്പന്നരുടെ ആഡംബര ജീവിതത്തിന്റെ ഭാഗമായ നൗകകളും ജെറ്റുകളും കാറുകളും ഒപ്പം മലിനീകരണത്തിനു കാരണമാകുന്ന വ്യവസായങ്ങളും സാഹചര്യം വഷളാക്കുന്നു
Updated on
1 min read

ലോകത്തെ ഒരു ശതമാനം വരുന്ന അതിസമ്പന്നരുണ്ടാക്കുന്ന ഉയർന്ന കാർബൺ പുറന്തള്ളൽ പട്ടിണിയും ദാരിദ്ര്യവും വർധിപ്പിക്കുന്നതായി പഠനം. നിരവധി സാധാരണക്കാരുടെ മരണങ്ങൾക്കും ഈ കാർബൺ പുറന്തള്ളൽ കാരണമാകുന്നതായും 50 അതിസമ്പന്നരെ മുൻനിർത്തി പ്രമുഖ എൻജിഒ ഓക്സ്ഫാം നടത്തിയ പഠനം പറയുന്നു.

അതിസമ്പന്നരുടെ ആഡംബര ജീവിതത്തിന്റെ ഭാഗമായ നൗകകളും ജെറ്റുകളും കാറുകളും ഒപ്പം മലിനീകരണത്തിനു കാരണമാകുന്ന വ്യവസായങ്ങളുമാണ് സാഹചര്യം ഇത്രയും വഷളാക്കുന്നത്. ആഗോളതാപന വർധന നിരക്ക് 1.5 ഡിഗ്രി സെൽഷ്യസിൽ നിയന്ത്രിച്ചുനിർത്തുന്നതിന് ഇത് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നതെന്ന് ഓക്സ്ഫാം പഠനം ചൂണ്ടിക്കാട്ടുന്നു.

50 അതിസമ്പന്നർ മൂന്ന് മണിക്കൂറിനുള്ളിൽ പുറന്തള്ളുന്ന കാർബൺ തോത് ഒരു ബ്രിട്ടീഷ് പൗരന്‍ ആജീവനാന്തകാലം പുറന്തള്ളുന്ന കാർബൺ തോതിനേക്കാൾ കൂടുതൽ

ലോകത്തെ ധനികർ ഓരോ ദിവസവുമുണ്ടാക്കുന്ന കാർബൺ പുറന്തള്ളലിന് സമാനമായി ബാക്കി ജനങ്ങൾ കൂടി കാർബൺ പുറന്തള്ളാൻ തുടങ്ങിയാൽ 1.5 ഡിഗ്രി സെൽഷ്യസ് എന്ന ആഗോളതാപന വർധനയുടെ നിയന്ത്രണതോത് രണ്ടു ദിവസത്തിനുള്ളിൽ തകിടം മറിയും. കാർബൺ അസമത്വവും നിലവിലെ സാഹചര്യവും എത്രത്തോളം ഭയാനകമാണെന്ന് മനസിലാക്കാൻ ഇതുതന്നെ ധാരാളം.

50 അതി സമ്പന്നർ മൂന്ന് മണിക്കൂറിനുള്ളിൽ പുറന്തള്ളുന്ന കാർബൺ തോത് ഒരു ബ്രിട്ടീഷ് പൗരന്‍ ആജീവനാന്തകാലം പുറന്തള്ളുന്ന കാർബൺ തോതിനേക്കാൾ കൂടുതലാണ്. 184 സ്വകാര്യ ജെറ്റ് യാത്രകളാണ് ധനികർ ഒരു വർഷം നടത്തുന്നത്. അതായത് കുറഞ്ഞത് 425 മണിക്കൂറാണ് ഇവർ ആകാശയാത്രയ്ക്കായി ചെലവഴിക്കുന്നത്. ഒരു ശരാശരി മനുഷ്യൻ ഇതിനൊപ്പമെത്തണമെങ്കിൽ 300 വർഷമെങ്കിലും ജീവിക്കേണ്ടി വരും! ധനികരുടെ ആഡംബര നൗകകൾ പുറന്തള്ളുന്ന കാർബണിനൊപ്പം എത്തണമെങ്കിൽ ഒരു ശരാശരി മനുഷ്യൻ കുറഞ്ഞത് 860 വർഷവും ജീവിക്കേണ്ടി വരും.

ആമസോൺ സ്ഥാപകനുണ്ടാക്കുന്ന കാർബൺ പുറന്തള്ളലും ആമസോൺ ജീവനക്കാരുടെ കാർബൺ പുറന്തള്ളലും തമ്മിൽ താരതമ്യം ചെയ്ത് പഠനം

ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ഒരു വർഷത്തെ ആകാശയാത്രയുടെ മണിക്കൂറുകൾ കണക്കാക്കിയാൽ കുറഞ്ഞത് 25 ദിവസത്തിനു തുല്യമാണ്. ഈ യാത്രയിലൂടെ ജെഫ് ബോസോസുണ്ടാക്കുന്ന കാർബൺ തോതിനൊപ്പം ഒരു ആമസോൺ ജീവനക്കാരനെത്താൻ 207 വർഷമെങ്കിലുമെടുക്കും. ലോകത്തെ അതിസമ്പന്നരിൽ രണ്ടാംസ്ഥാനത്തുള്ള ഇലോൺ മസ്കിന്റെ കാർബൺ ബഹിർഗമന തോതിനൊപ്പം ഒരു സാധാരണക്കാരനെത്തണമെങ്കിൽ ജീവിക്കേണ്ടി വരിക 834 വർഷവും.

കാർബൺ പുറന്തള്ളൽ താരതമ്യേനെ കുറഞ്ഞ മേഖലകളിലേക്കു നിക്ഷേപങ്ങൾ മാറ്റിസ്ഥാപിക്കാൻ ഈ സമ്പന്നർ തയ്യാറാകാറില്ലെന്നും പഠനം പറയുന്നു.

കാർബൺ പുറന്തള്ളൽ രൂക്ഷമാക്കുന്ന ധനികരിൽ നിന്ന് അധിക നികുതി ചുമത്താനെങ്കിലും ഭരണകൂടങ്ങൾ തയ്യാറാകണമെന്ന നിർദേശമാണ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചർച്ചയാകുന്നത്. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനോ ദൂഷ്യഫലങ്ങൾ തിരിച്ചടിയാകുന്ന പാവപ്പെട്ടവർക്കു സഹായം നൽകുന്നതിനോ ഈ നികുതി ചുമത്തൽ സഹായകമാകുമെന്നാണ് മിക്കവരുടെയും നിർദേശം.

logo
The Fourth
www.thefourthnews.in