ലോകം 'ചുട്ടുപഴുത്ത' ജൂലൈ 3; അന്റാർട്ടിക്കയിൽ വരെ താപനില ഉയർന്നു
ലോക ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ദിനമായി ജൂലൈ മൂന്നിനെ അടയാളപ്പെടുത്തി. യുഎസ് നാഷണൽ സെന്റർ ഫോർ എൻവയോൺമെന്റൽ പ്രെഡിക്ഷന്റെ കണക്കുപ്രകാരമാണ് ആഗോളതലത്തിലെ ചൂടേറിയ ദിനമായി ഈവർഷം ജൂലൈ മൂന്നിനെ രേഖപ്പെടുത്തിയത്. ലോകമെമ്പാടും ഉഷ്ണ തരംഗങ്ങൾ ശക്തമായതോടെ ശരാശരി ആഗോള താപനില 17.01 ഡിഗ്രി സെൽഷ്യസിൽ എത്തി. 2016 ഓഗസ്റ്റിലെ 16.92 സെൽഷ്യസ് എന്ന റെക്കോർഡാണ് ജൂലൈ മൂന്ന് മറികടന്നത്.
അമേരിക്കയുടെ ദക്ഷിണ ഭാഗങ്ങളിൽ കടുത്ത ഉഷ്ണതരംഗമാണ് ഏതാനും ആഴ്ചകളായി വീശിയടിക്കുന്നത്. ചൈനയിലെ താപനില 35 ഡിഗ്രി സെൽഷ്യസിന് മുകളിൽ തുടരുന്നു. ദക്ഷിണാഫ്രിക്കയിൽ താപനില 50 ഡിഗ്രി സെൽഷ്യസിന് അടുത്തെത്തി.
ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനവും എൽ നിനോ പ്രതിഭാസവുമാണ് ആഗോള താപനില ഉയരാൻ കാരണമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു
ലോകത്തെ ഏറ്റവും തണുപ്പുള്ള അന്റാർട്ടിക്കയിൽ ശൈത്യകാലത്ത് പോലും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്. ജൂലൈയിൽ അന്റാർട്ടിക്കയിലെ അർജന്റൈൻ ദ്വീപ് സമൂഹത്തിൽ സ്ഥിതി ചെയ്യുന്ന യുക്രെയ്ന്റെ വെർനാഡ്‌സ്‌കി റിസർച്ച് ബേസിൽ റെക്കോർഡ് താപനിലയായ 8.7 സെൽഷ്യസ് രേഖപ്പെടുത്തി. ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനവും എൽ നിനോ പ്രതിഭാസവുമാണ് ആഗോള താപനില ഉയരാൻ കാരണമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയുടെ തെക്കൻ ഉപദ്വീപീയ മേഖലയിൽ ജൂണിൽ മാത്രം 34.05 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 122 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ചൂടാണ് ഇത്. 2014ലെ 29.98 ഡിഗ്രി സെൽഷ്യസായിരുന്നു നേരത്തെയുള്ള റെക്കോർഡ്. കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) കണക്കുപ്രകാരം ഏറ്റവും കുറവ് മഴയായ 88.6 മില്ലി മീറ്റർ രേഖപ്പെടുത്തിയതും ജൂണിൽ തന്നെയാണ്. 1901നു ശേഷമുള്ള ഏറ്റവും കുറവ് മഴയാണിത്. ഈ പ്രദേശത്തുള്ള ശരാശരി മഴയുടെ അളവ് 161 മില്ലിമീറ്ററാണ്.
"ഇന്ത്യയിൽ കാലവർഷം എത്താൻ വളരെ വൈകി. പടിഞ്ഞാറൻ തീരത്ത് മിക്കപ്പോഴും ജൂൺ 25 മുതലാണ് മൺസൂൺ ആരംഭിക്കുന്നത്. ജൂൺ ഏഴിന് രൂപപ്പെട്ട ബിപോർജോയ് ചുഴലിക്കാറ്റ് വടക്കോട്ട് മാറിയത് മഴ കുറയാൻ കാരണമായി മാറി "- ഐഎംഡി ഡയറക്ടർ ജനറൽ എം മൊഹാപത്ര പറഞ്ഞു.
ജൂൺ മാസത്തിൽ രാജ്യത്തെ ഉഷ്ണ തരംഗങ്ങൾ ഏറ്റവും ബാധിച്ചത് ഇന്ത്യയുടെ കിഴക്കൻ ഭാഗങ്ങളെയാണ്. പശ്ചിമ ബംഗാൾ, ഒഡിഷ, ബിഹാർ, ഉത്തർപ്രദേശിലെ കിഴക്കൻ ഭാഗങ്ങൾ, ജാർഖണ്ഡ്, ചത്തീസ്ഗഡ്, ആന്ധ്രാപ്രദേശിന്റെ തീരഭാഗം, തെലങ്കാന എന്നിവിടങ്ങളിൽ പതിനൊന്ന് മുതൽ പത്തൊൻപത് തവണ ഉഷ്ണതരംഗം ആഞ്ഞടിച്ചു. മധ്യപ്രദേശിന്റെ കിഴക്കൻ ഭാഗം, വിദർഭ തുടങ്ങി ഇന്ത്യയുടെ മധ്യഭാഗങ്ങളിൽ ഒൻപത് തവണ വരെ ഉഷ്ണതരംഗം ആഞ്ഞുവീശി.
ബിഹാറിൽ ഉഷ്ണതരംഗം ജൂൺ ഒന്ന് മുതൽ ജൂൺ 22 വരെ കഠിനമായ ചൂടിന് കാരണമായി. പശ്ചിമ ബംഗാളിൽ ജൂൺ ഒന്ന് മുതൽ ജൂൺ 18 വരെയും കിഴക്കൻ ഉത്തർപ്രദേശിൽ ജൂൺ 12 മുതൽ 21 വരെയും റെക്കോർഡ് ചൂട് രേഖപ്പെടുത്തി. എന്നാൽ ഇന്ത്യയുടെ വടക്ക് - പടിഞ്ഞാറൻ ഭാഗങ്ങളിലും മധ്യഭാഗത്തും സാധാരണയെക്കാൾ താപനില കുറവായിരുന്നു. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, ഗുജറാത്ത് സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം അനുഭവപ്പെട്ടിട്ടില്ല.