അതിജീവനം പ്രതിസന്ധിയില്‍; ലോകത്ത് ദേശാടന ജീവികള്‍ വംശനാശത്തിന്റെ വക്കില്‍
അതിജീവനത്തിനായി ദേശാന്തരങ്ങള്‍ താണ്ടുന്നവരാണ് മനുഷ്യര്‍. മനുഷ്യരില്‍ മാത്രമല്ല, ജീവി വര്‍ഗങ്ങളിലും ഇത്തരം സഞ്ചാരം പതിവാണ്. ഒരു കാലയളവില്‍ ഒരു പ്രദേശത്ത് തങ്ങുകയും അവിടെ നിന്ന് സഞ്ചരിച്ച് മറ്റൊരു സ്ഥലത്ത് എത്തുകയും അവിടെ നിന്ന് തിരിച്ചും ദീര്‍ഘയാത്ര നടത്തുന്ന ജീവികള്‍ ലോകത്ത് നിരവധിയാണ്. അത്ഭുതാവഹമാണ് ഇത്തരം ദേശാടന ജീവികളുടെ സഞ്ചാരം. ദീര്‍ഘമായ സമയം എടുത്തായിരിക്കും ഇവയുടെ യാത്ര, സഞ്ചരിക്കുന്ന ദൂരം, യാത്രയില്‍ പങ്കാളികളാകുന്ന ജീവികളുടെ എണ്ണം, തെറ്റാത്ത ലക്ഷ്യം എന്നിവയും ഇത്തരം ജീവികള്‍ക്കുള്ള പ്രത്യേകതകളാണ്. പക്ഷികള്‍, മൃഗങ്ങള്‍, ഷഡ്പദങ്ങള്‍, മത്സ്യങ്ങള്‍ തുടങ്ങി എല്ലാ വിഭാഗം ജീവികളിലും ഇത്തരം ദേശാടന പ്രിയരുണ്ട്.
എന്നാല്‍ ആധുനിക ലോകക്രമം ദേശാടനം നടത്തുന്ന ജീവികളെ വലിയതോതില്‍ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ലോകമെമ്പാടുമുള്ള ദേശാടന ജീവികളില്‍ 44 ശതമാനവും വംശനാശ ഭീഷണി നേരിടുന്നു എന്നാണ് ചൂണ്ടിക്കാട്ടുന്നത്. ആഗോള തലത്തില്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐയുസിഎന്‍) ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു വിലയിരുത്തല്‍.
സ്വാഭാവിക ആവാസ വ്യവസ്ഥയുടെ നഷ്ടവും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന കുടിയേറ്റ പാതകളിലെ മാറ്റങ്ങളും ദേശാടന ജീവികളെ കാര്‍ഷിക മേഖലകളിലേക്ക് എത്തിക്കുന്ന നിലയുണ്ടാകുന്നു
അതിവേഗത്തിലുള്ള നഗര വത്കരണം, കാര്‍ഷിക വളര്‍ച്ച, കാലാവസ്ഥാ വ്യതിയാനും തുടങ്ങി നിരവധി സാഹചര്യങ്ങള്‍ ഇത്തരം ജീവികളെ പ്രതികൂലമായി ബാധിക്കുന്നു. ദേശാടന പ്രവണതയുള്ള ജീവികളില്‍ മൂന്നിലൊന്നും അതിജീവന പ്രതിസന്ധി നേരിടുന്നവയാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
എന്താണ് വെല്ലുവിളി
ദേശാടന ജീവികളുടെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യങ്ങളെ വ്യക്തമായി നിര്‍വചിക്കാന്‍ കഴിയില്ല. എന്നാല്‍ സ്വാഭാവിക ജിവിതത്തിന് ആവശ്യമായ സാഹചര്യങ്ങള്‍ ഇല്ലാതാകുന്നതാണ് ഇവയുടെ നാശത്തിലേക്ക് വഴിവയ്ക്കുന്ന പ്രധാന വിഷയം എന്ന് വിലയിരുത്താം. ദേശാടന ജീവികളുടെ അതിജീവനത്തിനാവശ്യമായ പ്രദേശങ്ങളുടെ 58 ശതമാനത്തോളവും തനത് രീതിയില്‍ നിലനിര്‍ത്താന്‍ കഴിയാത്ത തരത്തില്‍ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയുമാണ്.
നേരത്തെ ചൂണ്ടിക്കാട്ടിയതു പോലെ കൃഷി മുതല്‍ നഗര വത്കരണം വരെ ഇത്തരം സാഹചര്യങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. മനുഷ്യന്റെ ഇടപെടലിന്റെ ഫലമായി ഭൂമിയില്‍ വരുന്ന രൂപാന്തരണം, മലിനീകരണം എന്നിവയും ജീവികളുടെ വാസസ്ഥലം നഷ്ടപ്പെടുത്തുന്നു. കൃഷിയുള്‍പ്പെടെയുള്ള സാഹചര്യങ്ങളും ഇതിന് പ്രധാന കാരണമായി മാറുന്നു.
കാര്‍ഷിക, വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ ദേശാടന ജീവികളുടെ ആവാസ വ്യവസ്ഥകളെ പ്രതികൂലമായി ബാധിക്കുന്ന രാസവസ്തുകള്‍ പുറംന്തള്ളുന്നതും പ്രതിസന്ധി വര്‍ധിപ്പിക്കുന്നു. അമേരിക്കയിലെ ഗ്രേറ്റ് ലേക്ക്‌സ് മേഖലയിലെ കോമണ്‍ ടെണ്‍ (പറവകള്‍) ഇത്തരത്തില്‍ വെല്ലുവിളി നേരിടുന്ന ദേശാടന ജീവികളില്‍ പ്രധാനിയാണ്.
വേട്ടയാടലും മത്സ്യബന്ധനവും
മനുഷ്യന്റെ അശാസ്ത്രീയവും നിയന്ത്രണമില്ലാത്തതുമായ വേട്ടയാടനും മത്സ്യബന്ധനവുമാണ് ദേശാടന ജീവികളെ ബാധിക്കുന്ന മറ്റൊരു വിഷയം. യുഎന്‍ പഠനത്തിലും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു.
ദേശാടന ജീവികളില്‍ പത്തില്‍ ഏഴെണ്ണവും ഇത്തരം അനധികൃത വേട്ടയാടലിന് വിധേയമാകുന്നു എന്നാണ് കണക്കുകള്‍. മെഡിറ്ററേനിയന്‍ മേഖലയില്‍ മാത്രം ഒരു കോടി മുതല്‍ മൂന്നര കോടിവരെ ദേശാടന പക്ഷികള്‍ ഇത്തരത്തിലുള്ള മനുഷ്യന്റെ ഇടപെടലിലൂടെ ഇല്ലാതാകുന്നുണ്ട്.
കിഴക്കന്‍ എഷ്യ- ഓസ്‌ട്രേലിയ ഇടനാഴിയിലൂടെ സഞ്ചരിക്കുന്ന മഞ്ഞ ബ്രെസ്റ്റഡ് ബണ്ടിംഗ് (Yellow-breasted bunting) ഉള്‍പ്പെടെയുള്ള ദേശാടന പക്ഷികളില്‍ 85 മുതല്‍ 95 ശതമാനം അനധികൃതകെണികളില്‍ കുടുങ്ങുന്നു എന്ന സാഹചര്യം ഗുരുതരമായ വംശനാശ ഭീഷണിയ്ക്ക് കാരണമാകുന്നു. ജലജീവികളുടെ കാര്യം എടുത്താല്‍ അമിതമായ മത്സ്യബന്ധനമാണ് പ്രധാന വെല്ലുവിളി.
യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവയെ ചുറ്റപ്പെട്ട് കിടക്കുന്ന മധ്യധരണ്യാഴി അഥവാ മെഡിറ്ററേനിയന്‍ കടലിലാണ് ഈ സാഹചര്യം ശക്തമായി നിലനില്‍ക്കുന്നത്. അമിതമായ മത്സ്യബന്ധനം ജലജീവികളുടെ വലിയ ശോഷണത്തിന് വഴിവയ്ക്കുന്നു എന്നാണ് 2018 ല്‍ പുറത്തിറങ്ങിയ ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ചര്‍ ഓര്‍ഗനൈസേഷന്‍ ചൂണ്ടിക്കാട്ടുന്നത്.
അമിത ചൂഷണവും കപ്പല്‍ ഉള്‍പ്പെടെയുള്ളവുമായുള്ള കൂട്ടിയിടിയും തിമിംഗലങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. എന്നാല്‍ കാര്യക്ഷമായി സംരക്ഷണ ശ്രമങ്ങള്‍ ഇത്തരം ജീവികളുടെ സംരക്ഷണം സാധ്യമാക്കാന്‍ സഹായിക്കുമെന്നും യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു.
കാലാവസ്ഥാ വ്യതിയാനം
താപനിലയില്‍ വന്ന മാറ്റം, മഞ്ഞുവീഴ്ച പോലുള്ള സാഹചര്യങ്ങള്‍, കാലാവസ്ഥയില്‍ വരുന്ന അപ്രതീക്ഷിത മാറ്റങ്ങള്‍ എന്നിവ ജീവികളുടെ പ്രത്യുത്പാദനത്തെയും ദേശാടന പാതയിലെ അപ്രതീക്ഷിത വെല്ലുവിളികള്‍ക്കും കാരണമാകുന്നു.
ഭൂപ്രകൃതിയില്‍ വരുന്ന മാറ്റം ജീവികളുടെ സഞ്ചാരപാത ഇല്ലാതാക്കുന്നു. ഇത് ദേശാടത്തിന്റെ സ്വഭാവത്തെയും ബാധിക്കുന്നു. ജീവികള്‍ക്ക് ജീവനാശം സംഭവിക്കുന്നതിനും പ്രജനനം കുറയുന്നതിലും ഈ സാഹചര്യം വഴിവയ്ക്കുന്നു.
പടിഞ്ഞാറന്‍ പസഫിക്കിലെ ചൈനയ്ക്കും കൊറിയക്കും ഇടയിലെ കടലിലെ പാരിസ്ഥിതിക മാറ്റങ്ങള്‍ തീരത്തെ ആശ്രയിക്കുന്ന വാഡര്‍ പോലുള്ള ദേശാടന പക്ഷികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവയുടെ ദേശാടന യാത്രയിലെ പ്രധാന ഇടത്താവളമായിരുന്നു ഈ പ്രദേശം.
കാറ്റാടിപ്പാടങ്ങളുടെ വലിയ തോതിലുള്ള വികസനമാണ് മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലും ദേശാടന പക്ഷികള്‍ക്ക് വെല്ലുവിളിയാകുന്നത്. കഴുകന്‍മാരുള്‍പ്പെടെ ഉയരത്തില്‍ പറക്കുന്ന മറ്റ് പക്ഷികള്‍ക്കും കാറ്റാടി യന്ത്രങ്ങളുടെ ടര്‍ബൈനുകള്‍ വെല്ലുവിളി ഉയര്‍ത്തുന്നു.
റോഡുകള്‍, റെയില്‍വേ, അണക്കെട്ടുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും വ്യാവസായിക വികസനം മുതല്‍ ശബ്ദ മലിനീകരണം വരെ ദേശാടന ജീവികളുടെ പാതകള്‍ തടസപെടുത്തുന്നു.
മനുഷ്യനെ ബാധിക്കുന്നതെങ്ങനെ
ദേശാടന ജീവികള്‍ മനുഷ്യന്റെ ജൈവിക, സാമ്പത്തിക, സാംസ്‌കാരിക രംഗവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവയാണ്. ജീവജാലങ്ങളുടെ കുടിയേറ്റം ആവാസവ്യവസ്ഥയിലും ഏറെ പ്രധാനപ്പെട്ടതാണ്. ദേശാടന സ്വഭാവമുള്ള സസ്യബുക്കുകള്‍ പുല്‍മേടുകളുടെ ജൈവവൈവിധ്യം മെച്ചപ്പെടുത്തുന്നു. ഇതിനൊപ്പം പരാഗണം, വിത്ത് വിതരണം, കീട നിയന്ത്രണം എന്നിവയും ദേശാടന ജീവികളുടെ ഇടപെടല്‍ മൂലം നടക്കുന്നു. പക്ഷികള്‍, മത്സ്യം, സസ്തനികള്‍ എന്നിവയുടെ കുടിയേറ്റം വ്യത്യസ്ഥ പരിസ്ഥിതികളെ കൂട്ടിയിണക്കാന്‍ സഹായിക്കുന്നു.
എന്നാല്‍, സ്വാഭാവിക ആവാസ വ്യവസ്ഥയുടെ നഷ്ടവും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന കുടിയേറ്റ പാതകളിലെ മാറ്റങ്ങളും ദേശാടന ജീവികളെ കാര്‍ഷിക മേഖലകളിലേക്ക് എത്തിക്കുന്ന നിലയുണ്ടാകുന്നു. വന്യജീവികള്‍ വിളനാശപ്പിക്കുന്നത്തിനും അതിലൂടെ കര്‍ഷകര്‍ക്ക് സാമ്പത്തിക നഷ്ടത്തിനും വഴിയൊരുക്കുകയും ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെ ഉണ്ടാക്കുന്ന രോഗ സാധ്യതകള്‍ ദേശാടന ജീവികളില്‍ നിന്ന് വളര്‍ത്തു മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പടരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
ദേശാടന ജീവികളുടെ വംശനാശം എങ്ങനെ പ്രതിരോധിക്കാം
ശാസ്ത്രീയവും ഗവേഷണാടിസ്ഥാനത്തിലുള്ളതുമായ പദ്ധതികള്‍ ആവിഷ്‌കരിക്കുക എന്നതാണ് ദേശാടന ജീവികളുടെ വംശനാശം തടയാനുള്ള കാര്യക്ഷമമായ മാര്‍ഗം. ദേശാടന പാതകളില്‍ ബ്രീഡിംഗ് ഗ്രൗണ്ടുകള്‍ പോലുള്ള സാഹചര്യങ്ങള്‍ ഒരുക്കുന്നത് വന്‍ പദ്ധതികള്‍ പോലുള്ളവയില്‍ നിന്നുള്ള പ്രത്യാഘാതങ്ങള്‍ തടയാന്‍ കഴിയും. ഉത്തരവാദിത്ത ടൂറിസം പദ്ധതികളിലൂടെ പ്രജനന കേന്ദ്രങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ശക്തമാക്കാം. ഭക്ഷ്യ-ജല ലഭ്യത ഉറപ്പാക്കുക, ദേശാടന ജീവികളെ പ്രജനന കേന്ദ്രങ്ങളിലേക്ക് സുരക്ഷിതമായി കടത്തിവിടാന്‍ വന്യജീവി ഇടനാഴികള്‍ സ്ഥാപിക്കുക എന്നിവയാണ് മനുഷ്യ സാധ്യമായ വഴികള്‍.
ആഗോളതലത്തില്‍ തന്നെ ദേശാടന ജീവിവര്‍ഗങ്ങളുടെ സംരക്ഷണത്തിനാവശ്യമായ പദ്ധതികള്‍ നടപ്പാക്കുക എന്നതാണ് മറ്റൊരു വഴി. 1979-ല്‍ തന്നെ ദേശാടന ജീവിവര്‍ഗങ്ങളുടെ സംരക്ഷണ ആവശ്യങ്ങള്‍ അഭിസംബോധന ചെയ്യുന്നതിനുള്ള ആഗോള വേദിക്ക് യുഎന്‍ മുന്‍കയ്യെടുത്തിരുന്നു. നിയമപരമായ കരാറുകള്‍ ഉള്‍പ്പെടെ സാധ്യമാക്കുന്ന ഈ സംവിധാനത്തില്‍ നിലവില്‍ 133 അംഗങ്ങളുണ്ട്. ഇതിനെല്ലാം പുറമെ ദേശാടന ജീവിവര്‍ഗങ്ങളുടെ വംശനാശം തടയാന്‍, അവര്‍ ആശ്രയിക്കുന്ന ഭൂമിശാസ്ത്രപരമായ പ്രദേശങ്ങള്‍, അവയുടെ സംരക്ഷണം, നേരിടുന്ന ഭീഷണികള്‍ എന്നിവ ശാസ്ത്രീയ ഗവേഷണത്തിലൂടെ നയങ്ങളിലൂടെയും നടപടികളിലൂടെയും സാധ്യമാക്കണമെന്നണ് യുഎന്‍ റിപ്പോര്‍ട്ടിന്റെ മുഖവുര ചൂണ്ടിക്കാട്ടുന്നു.