മഴ
മഴ

കേരളത്തില്‍ പ്രളയ സാധ്യതയെന്ന് കേന്ദ്ര ജല കമ്മീഷന്‍

അടുത്ത രണ്ടുദിവസം നിര്‍ണായകം
Updated on
1 min read

സംസ്ഥാനത്ത് പ്രളയ സാധ്യതാ മുന്നറിയിപ്പ് നല്‍കി കേന്ദ്ര ജല കമ്മീഷന്‍. ശക്തമായ മഴയില്‍ നദികളിലെ ജലനിരപ്പ് ഉയരുകയാണ്. ഈ സാഹചര്യത്തിലാണ് പുല്ലക്കയാര്‍, മാടമന്‍, കല്ലൂപ്പാറ, വെളളയ്ക്കടവ്, അരുവിപ്പുറം എന്നീ നദീതീരങ്ങളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

തെക്കന്‍ ജില്ലകളില്‍ തുടരുന്ന മഴ നദികളില്‍ ശക്തമായ ഒഴുക്കുണ്ടാക്കാന്‍ കാരണമായി. പ്രളയത്തിന് സാധ്യതയുളളതിനാല്‍ നദി തീരങ്ങളിലുളളവരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ചാലക്കുടി, പമ്പ, മൂവാറ്റുപുഴ, പെരിയാര്‍, നെല്ലിയാമ്പതി നൂറടി പുഴ എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നു. പെരിയാര്‍ കരകവിഞ്ഞൊഴുകുകയാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും മണിക്കൂറില്‍ 55 കീ.മി വരെ വേഗത്തില്‍ കാറ്റ് വീശിയടിക്കാനുളള സാധ്യതയുണ്ട്.

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അതിതീവ്ര മഴ പെയ്യുമെന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറയിപ്പ്. അടുത്ത നാല് ദിവസത്തേക്ക് സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകും. വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ത്യശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ മലയോര പ്രദേശങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണ്ണിടിച്ചലിനും ഉരുള്‍പ്പൊട്ടലിനും സാധ്യതയുളളതിനാല്‍ ജനങ്ങള്‍ ക്യാമ്പുകളിലേക്ക് മാറണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

logo
The Fourth
www.thefourthnews.in