ചുട്ടുപഴുത്ത് ലോകം; താപനില റെക്കോർഡ് ഇനിയും മറികടക്കുമെന്ന് വിദഗ്ധർ
ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിവസങ്ങൾ ഇനിയും വരാനിരിക്കുന്നുവെന്ന മുന്നറിയിപ്പുമായി വിദഗ്ധർ. ആഗോളശരാശരി താപനില റെക്കോർഡ് ഇനിയും ഭേദിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ലോക കാലാവസ്ഥ സംഘടന പറയുന്നു. അടുത്ത 12 മാസം ഉയര്‍ന്ന ആഗോള താപനില ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോക ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ദിനമായി ജൂലൈ മൂന്നിനെ അടയാളപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കാലാവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പ്. 17.01 ഡിഗ്രി സെൽഷ്യസായിരുന്നു ജൂലൈ മൂന്നിലെ ആഗോള ശരാശരി താപനില. തുടർച്ചയായി രണ്ട് ദിവസമാണ് ലോക താപനില റെക്കോർഡ് തകർത്ത്.
യുഎൻ കാലാവസ്ഥ സംഘടനയായ വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ എൽ നിനോ തിരിച്ചെത്തിയതായി സ്ഥിരീകരിച്ചിരുന്നു. ലോകമെമ്പാടുമുള്ള കാലാവസ്ഥയെ ഇത് പ്രതികൂലമായി ബാധിക്കും. 2016നേക്കാള്‍ 2024ല്‍ താപനില കൂടാന്‍ സാധ്യതയുണ്ട്. എൽ നിനോ ഇതുവരെ മൂർധന്യാവസ്ഥയിലെത്തിയിട്ടില്ലെന്ന് ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ഗ്രാന്ഥം ഇൻസ്റ്റിറ്റ്യൂട്ടിലെ കാലാവസ്ഥ ശാസ്ത്ര അധ്യാപകനായ ഡോ. പോളോ സെപ്പി പറഞ്ഞു. വടക്കൻ അർധഗോളത്തിൽ വേനൽക്കാലം ഇപ്പോഴും സജീവമാണ്. അതിനാൽ വരും ദിവസങ്ങളിലോ ആഴ്ചകളിലോ റെക്കോർഡ് വീണ്ടും തകർന്നാൽ അതിശയിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉഷ്ണതരംഗങ്ങൾ അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്. യുകെയിൽ ജൂണിലെ ഏറ്റവും ചൂടേറിയതായി ദിനമായിരുന്നു ജൂലൈ 3. തെക്കൻ അമേരിക്കയിലെയും അവസ്ഥ ഇതുതന്നെ. വടക്കെ ആഫ്രിക്കയിൽ 50 ഡിഗ്രി സെൽഷ്യസിനടുത്തും ചൈനയുടെ ചില ഭാഗങ്ങളിൽ 35 ഡിഗ്രി സെൽഷ്യസിന് മുകളിലുമാണ് താപനില. സൗദി അറേബ്യയിൽ ഹജ്ജ് തീർത്ഥാടനം നടക്കുന്ന സാഹചര്യത്തിൽ ആയിരക്കണക്കിന് അസഹനീയ ചൂടിൽ ബുദ്ധിമുട്ടനുഭവിക്കുന്നത്. നിലവിൽ ശൈത്യകാലമായ അന്റാർട്ടിക്കയിൽ പോലും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
എൽ നിനോയുടെ ആഘാതം ഡിസംബറിൽ ഏറ്റവും കൂടുതലായിരിക്കും. എന്നാൽ അതിന്റെ ആഘാതം ലോകമെമ്പാടും വ്യാപിക്കാൻ സമയമെടുക്കും. എല്‍ നിനോ എത്തിയതിനാല്‍ ഈ വര്‍ഷത്തെ കാലാവസ്ഥ സാഹചര്യങ്ങള്‍ ആശങ്കാജനകമായിരിക്കും എന്നാണ് വിലയിരുത്തൽ. കാർബൺ ബഹിർഗമനത്തിനെതിരെ നടപടിയെടുക്കുന്നില്ലെങ്കിൽ, താപനില കൂടുതൽ ഉയരാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.