ഉത്തരേന്ത്യ കടുത്ത ജലക്ഷാമത്തിലേക്കോ? ഭൂഗർഭജലം 450 ക്യൂബിക് കിലോമീറ്റർ കുറഞ്ഞതായി പഠനം

ഉത്തരേന്ത്യ കടുത്ത ജലക്ഷാമത്തിലേക്കോ? ഭൂഗർഭജലം 450 ക്യൂബിക് കിലോമീറ്റർ കുറഞ്ഞതായി പഠനം

മൺസൂണിൽ മഴയുടെ ലഭ്യത കുറയുന്നതും ശൈത്യകാലത്ത് താപനില വർധിക്കുന്നതും ഭൂഗർഭജലത്തിന്റെ അളവ് കുറയാൻ കാരണമാവും
Updated on
2 min read

2002-2021 കാലയളവിൽ ഉത്തരേന്ത്യയിലെ ഭൂഗർഭജലം 450 ക്യൂബിക് കിലോമീറ്റർ കുറഞ്ഞതായി പഠനം. ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടായ ഇന്ദിര സാഗർ ഡാമിന് ആകെ ഉൾക്കൊള്ളാനാകുന്ന ജലത്തിന്റെ 37 മടങ്ങാണ് ഇതെന്നാണ് പഠനം തയാറാക്കിയ വിമൽ മിശ്രയും ഐഐടി ഗാന്ധിനഗറിലെ എർത്ത് സയൻസ്, സിവിൽ എൻജിനിയറിങ് ചെയർ പ്രൊഫസറായ വിക്രം സാരാഭായ്‌യും പറയുന്നത്.

വ്യത്യസ്ത സ്ഥലങ്ങളിൽ നേരിട്ട് ചെന്ന് നടത്തിയ പഠനത്തിന്റെ ഭാഗമായും സാറ്റലൈറ്റ് വിവരങ്ങളുടെ അടിസ്ഥാനത്തിലും ഉത്തരേന്ത്യയിലെമ്പാടും ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മൺസൂൺ കാലത്തെ മഴയുടെ ലഭ്യത 8.5 ശതമാനം കുറഞ്ഞതായാണ് കണക്കാക്കുന്നത്. മാത്രവുമല്ല ഈ മേഖലയിൽ ശൈത്യകാലത്തെ താപനില 0.3 ശതമാനം കുറഞ്ഞതായും കണക്കുകൾ പറയുന്നു.

ഉത്തരേന്ത്യ കടുത്ത ജലക്ഷാമത്തിലേക്കോ? ഭൂഗർഭജലം 450 ക്യൂബിക് കിലോമീറ്റർ കുറഞ്ഞതായി പഠനം
വടക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ഉഷ്ണതരംഗം, കേരളത്തിലുള്‍പ്പെടെ വെള്ളപ്പൊക്കം; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

മൺസൂണിൽ മഴയുടെ ലഭ്യത കുറയുന്നതും ശൈത്യകാലത്ത് താപനില വർധിക്കുന്നതും കൃഷിയുൾപ്പെടെയുള്ള കാര്യങ്ങൾക്ക് കൂടുതൽ ജലം ആവശ്യമായി വരുന്ന സാഹചര്യമുണ്ടാക്കും. ഇത് ഭൂഗർഭജലത്തിന്റെ അളവ് കുറയ്ക്കാൻ കാരണമാവും എന്നാണ് ഹൈദരാബാദിൽ സ്ഥിതിചെയ്യുന്ന നാഷണൽ ജിയോഗ്രഫിക്കല്‍ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നത്.

കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ രേഖകളിൽ ലഭ്യമായിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ 1901 മുതലിങ്ങോട്ടുള്ള കണക്കുകൾ പരിശോധിച്ചാൽ, 2022-ലെ ശൈത്യകാലമാണ് ഇന്ത്യയിൽ ഇന്നുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും താപനിലകൂടിയ അഞ്ചാമത്തെ ശൈത്യകാലം.

കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി കനത്ത മഴയും ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തരം മേഘവിസ്ഫോടനങ്ങളുടെ ഭാഗമായി മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഒറ്റപ്പെട്ട മഴ ഭൂഗർഭജലത്തിന്റെ അളവ് വർധിപ്പിക്കില്ല എന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഈ പ്രതിഭാസം കാരണം ഭൂഗർഭജലം വർധിക്കുന്നത് 6 മുതൽ 12 ശതമാനം വരെ കുറഞ്ഞതായാണ് പഠനം സൂചിപ്പിക്കുന്നത്. ഭൂഗർഭജലം കുറയാതെ നിലനിർത്താൻ കുറഞ്ഞ തോതിൽ അധികം ദിവസങ്ങൾ നീണ്ടുനിൽക്കുന്ന മഴയാണ് വേണ്ടതെന്നാണ് വിമൽ മിശ്രയെ പോലുള്ള വിദഗ്ധർ പറയുന്നത്. ഒരു വർഷം മുഴുവൻ ജലസേചനത്തിനായി ഉപയോഗിച്ചിട്ടുള്ള ജലത്തിന്റെ അത്രയും തന്നെ മഴവെള്ളം ജൂൺ മുതൽ സെപ്റ്റംബർവരെയുള്ള മാസങ്ങളിൽ ഭൂമിയിലേക്ക് ഇറങ്ങുകയും ചെയ്യുമ്പോഴാണ് അത് സന്തുലിതമായി നിലനിൽക്കുന്നത്.

2009-ലുണ്ടായ അസാധാരണമായ കാലാവസ്ഥയെക്കുറിച്ചും പഠനത്തിൽ സൂചിപ്പിക്കുന്നു. മൺസൂൺ 20 ശതമാനം കുറവായിരുന്നു. ശൈത്യകാലത്തെ താപനില ഒരു ഡിഗ്രി കൂടുതലും. ഇത് ഭൂഗർഭജലത്തിന്റെ അളവിനെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. ഏകദേശം 10 ശതമാനത്തോളം കുറവുണ്ടായി. മൺസൂൺ 10 മുതൽ 15 ശതമാനംവരെ കുറയുകയും ശൈത്യകാലത്തെ താപനില ഒന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ കൂടുകയുമാണെങ്കിൽ ഭൂഗർഭജലം 7 മുതൽ 10 ശതമാനംവരെ കുറയുമെന്നാണ് പഠനം കണക്കാക്കുന്നത്.

ഉത്തരേന്ത്യ കടുത്ത ജലക്ഷാമത്തിലേക്കോ? ഭൂഗർഭജലം 450 ക്യൂബിക് കിലോമീറ്റർ കുറഞ്ഞതായി പഠനം
തുള്ളിക്കൊരുകുടം പെയ്ത്ത്, മണിക്കൂറിനുള്ളില്‍ മിന്നല്‍ പ്രളയം; എങ്ങനെ സംഭവിക്കുന്നു മേഘവിസ്‌ഫോടനം?

''ജലലഭ്യതയെ മാത്രം ബാധിക്കുന്ന ഒരു പ്രശ്നമല്ല ഇത്. ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയെയും ഇത് കാര്യമായി ബാധിക്കും. ഭൂഗർഭജലം കുറയുന്നു എന്നുവച്ചാൽ നമ്മുടെ അണക്കെട്ടിലെയും ഭൂമിക്കുമുകളിലെ മറ്റു ജലസ്രോതസുകളിലെയും ജലം കൃഷിക്കും മറ്റു വ്യാവസായിക ആവശ്യങ്ങൾക്കും മതിയാകുന്നില്ല എന്നതാണ്. പ്രത്യേകിച്ച് ഡൽഹി, ബാംഗ്ലൂർ പോലുള്ള നഗരങ്ങളിൽ''- വിദഗ്ധർ പറയുന്നു.

logo
The Fourth
www.thefourthnews.in