എന്താണ് മേഘവിസ്‌ഫോടനം; എങ്ങനെ സംഭവിക്കുന്നു?
തെക്കന്‍ കശ്മീരിലെ ഗുഹാക്ഷേത്രമായ അമര്‍നാഥ് ഇന്ത്യക്കുമുന്നില്‍ ദുരന്ത ചിത്രമായി നില്‍ക്കുകയാണ്. 16 പേരുടെ ജീവനെടുത്ത പ്രളയം മേഘവിസ്ഫോടനത്തെ തുടർന്നെന്നായിരുന്നു ആദ്യ റിപ്പോർട്ടുകള്‍. അതേസമയം അതിതീവ്രമഴയാണ് അമർനാഥിലുണ്ടായതെന്ന് ഒരു വിഭാഗം കാലാവസ്ഥാ നിരീക്ഷകർ പറയുന്നു
കഴിഞ്ഞ ദിവസം വൈകുന്നേരം 6 മണിയോടെയുണ്ടായ അപകടത്തില്‍ നാല്‍പ്പതോളം പേരെ ഇപ്പോഴും കാണാനില്ല. എന്‍ഡിആര്‍എഫ്, സിആര്‍പിഎഫ് തുടങ്ങി വിവിധ സൈനിക വിഭാഗങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.
ഇത്രയും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ ശേഷിയുളള മേഘവിസ്‌ഫോടനം കേരളത്തിനും പരിചയമുണ്ട് . നിലമ്പൂര്‍ കവളപ്പാറയില്‍ 2019 ലും 2021 ല്‍ കൂട്ടിക്കലിലും നാശം വിതച്ചത് മേഘവിസ്‌ഫോടനമാണെന്നാണ് കുസാറ്റിന്റെ പഠനം.മഴക്കെടുതിയില്‍ മാത്രമായി 42 പേരാണ് 2021 ല്‍ ഒക്ടോബര്‍ 12 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ മരിച്ചത്. 217 വീടുകള്‍ തകര്‍ന്നു.ഇത്രയെല്ലാം സൃഷ്ടിക്കാന്‍ പ്രാപ്തിയുളളതാണ് മേഘവിസ്‌ഫോടനം .
എന്താണ് മേഘവിസ്‌ഫോടനം?
മഴതന്നെയാണ് മേഘവിസ്‌ഫോടനം, പക്ഷെ മേഘവിസ്‌ഫോടനത്തില്‍ ലഭിക്കുന്ന മഴയുടെ അളവിന് വ്യത്യാസമുണ്ട്. ഒരു നിശ്ചിത പ്രദേശത്ത് കുറഞ്ഞ സമയത്തിനകം ഉണ്ടാകുന്ന അതിശക്തമായ പേമാരിയെ ആണ് മേഘവിസ്‌ഫോടനം എന്നുപറയുന്നത്. പൊതുവേ, മണിക്കൂറില്‍ 100 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ഒരു സ്ഥലത്തു ലഭിച്ചാല്‍, അത് മേഘവിസ്‌ഫോടനമായി കണക്കാക്കാം. 10 മുതല്‍ 14 കിലോമീറ്റര്‍ വരെ വിസ്തൃതിയില്‍ മേഘങ്ങള്‍ ഒത്തു ചേര്‍ന്ന് മഴയായി പെയ്‌തൊഴിയുന്നതാണ് ഇത്തരം വിസ്‌ഫോടനങ്ങള്‍ക്ക് വഴിവെക്കുന്നത് .
പര്‍വതങ്ങളിലും കുന്നിന്‍ പ്രദേശങ്ങളിലും മാത്രം മേഘവിസ്‌ഫോടനങ്ങള്‍ ഉണ്ടാവാന്‍ കാരണം ?
മേഘവിസ്‌ഫോടനങ്ങള്‍ സമതലങ്ങളിലും സംഭവിക്കാറുണ്ടെങ്കിലും പര്‍വതപ്രദേശങ്ങളിലാണ് സംഭവിക്കാനുളള സാധ്യത കൂടുതല്‍. അന്തരീക്ഷത്തിലെ ഊഷ്മാവ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പര്‍വതപ്രദേശങ്ങളിലൂടെ വലിയ അളവിലുളള നീരാവി ഘനീഭവിച്ച് ഒരുപാട് മേഘങ്ങള്‍ രൂപപ്പെടും .ഈ മേഘങ്ങളില്‍ കൂടിയ അളവില്‍ വെളളവും സംഭരിച്ചിരിക്കും.
മഴ മേഘങ്ങളില്‍ നിന്നും താഴേക്കു പതിക്കുന്ന മഴത്തുളളികള്‍ അന്തരീക്ഷ ഊഷ്മാവുമൂലം തിരികെ മേഘങ്ങളിലേക്ക് തന്നെ ചേക്കേറുന്നു. അങ്ങനെ മേഘത്തിന് ഭാരം കൂടുകയും , ഏതെങ്കിലും പ്രത്യേക സാഹചര്യങ്ങളില്‍ അന്തരീക്ഷ ഊഷ്മാവ് കുറയുമ്പോള്‍ അവ ഒന്നിച്ച് പതിക്കുകയും ചെയ്യുന്നു.അതിനേയാണ് മേഘവിസ്‌ഫോടനം എന്ന് പറയുന്നത്.
മേഘവിസ്‌ഫോടനത്തില്‍ അധിക മരണങ്ങള്‍ എന്തുകൊണ്ട്?
ഒരിക്കലും മഴ മാത്രമായി മരണത്തിന് കാരണമാവാറില്ല, വലിയ മഴത്തുളളികള്‍ ഭൂമിയിലേക്ക് പതിക്കുമ്പോള്‍ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടാകുന്നതും വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോകുന്നതുമൊക്കെയാണ് മരണത്തിനിടയാക്കുന്നത്
മേഘവിസ്‌ഫോടനങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ സാധിക്കുമോ?
മേഘവിസ്‌ഫോടനങ്ങള്‍ പ്രവചിക്കാന്‍ പ്രയാസമാണ്, പക്ഷേ അസാധ്യമല്ല. വളരെ ചെറിയ പ്രദേശത്ത് നടക്കുന്നു എന്നതിനാലാണ് ഈ പ്രതിഭാസം നേരത്തെ മനസ്സിലാക്കുന്നതില്‍ തിരിച്ചടിയാകുന്നത്.എന്നാല്‍ ഡോപ്ലര്‍ റഡാറുകളുടെ ഉപയോഗത്തിലൂടെ, മേഘവിസ്‌ഫോടനത്തിന്റെ സാധ്യത ഏകദേശം ആറ് മണിക്കൂര്‍ മുന്‍പോ, ചിലപ്പോള്‍ 12 മുതല്‍ 14 മണിക്കൂര്‍ മുന്‍പ് പോലുമോ പ്രവചിക്കാന്‍ സാധിക്കും.