അമർനാഥിൽ വെള്ളപ്പൊക്കത്തിന് കാരണം മേഘവിസ്‌ഫോടനം അല്ലെന്ന് കാലാവസ്ഥാ വകുപ്പ്
അമർനാഥ് ഗുഹാക്ഷേത്രത്തില്‍ വെള്ളപ്പൊക്കം ഉണ്ടാവാൻ കാരണം മേഘവിസ്‌ഫോടനം അല്ലെന്ന് കാലാവസ്ഥാ വകുപ്പ്.പ്രാദേശികമായി ലഭിച്ച ഉയർന്ന മഴ മൂലമാവാം വെള്ളപ്പൊക്കം ഉണ്ടായതെന്നും കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍.കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഒരു പ്രദേശത്ത് ഒരു മണിക്കൂറിൽ 100 മില്ലിമീറ്റർ മഴ ലഭിച്ചാൽ മാത്രമേ അത് മേഘവിസ്‌ഫോടനം ആയി പരിഗണിക്കാൻ സാധിക്കുകയുള്ളൂ .
എന്നാൽ അമർനാഥ് ഗുഹാ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം പകൽ 5.30 മുതൽ 6.30 വരെ ലഭിച്ചത് 31 മില്ലിമീറ്റർ മഴയാണ് .ക്ഷേത്രത്തിന് മുകളിലുള്ള പ്രദേശങ്ങളിൽ ഇതേസമയം 28 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. പ്രാദേശികമായി ഇത്തരത്തിൽ ഉയർന്ന മഴ ലഭിക്കുന്ന സംഭവങ്ങൾ ഈ വർഷമാദ്യവും ഉണ്ടായിട്ടുണ്ട് എന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി . മേഘവിസ്ഫോടനത്തിൽ ലഭിക്കുന്നതിനേക്കാൾ വളരെ താഴെയാണ് ഈ മഴയുടെ അളവ് .
അമർനാഥ് ഗുഹാക്ഷേത്രത്തിന് സമീപമുള്ള മലനിരകളിൽ ലഭിച്ച തീവ്രമഴയാവാം പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമായത് എന്നാണ് അനുമാനം.അമർനാഥ് ക്ഷേത്രത്തിന് സമീപം കാലാവസ്ഥ വകുപ്പിന്റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷന്‍ ഉണ്ടെങ്കിലും അടുത്തുള്ള മലനിരകളിൽ ഇത്തരം കാലാവസ്ഥാ നിരീക്ഷണ സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടില്ല .
വെള്ളിയാഴ്ച വൈകുന്നേരം ആണ് അതിശക്തമായ മഴയെ തുടർന്ന് അമർനാഥിൽ വെള്ളപ്പൊക്കം ഉണ്ടായത്. 16 പേർ അപകടത്തിൽ മരിക്കുകയും നാല്പതിലധികം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.തീർത്ഥാടകരുടെ ഇരുപത്തഞ്ചോളം ടെന്റുകളും മൂന്ന് സമൂഹ അടുക്കളകളും അടക്കം ബേസ് ക്യാമ്പിന്റെ ഒരു ഭാഗം ഒലിച്ചുപോയിട്ടുണ്ട് .
മരിച്ചവരിൽ 5 തീർഥാടകരെ മാത്രമാണ് തിരിച്ചറിഞ്ഞത് . പരുക്കേറ്റ മുഴുവൻ പേരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സിന്റെയും ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിന്റെയും നേതൃത്വത്തിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ് .