ചീറ്റയ്ക്ക് പേരിടുന്ന മോദി ഗിര്‍ വനത്തിലെ സിംഹങ്ങളെ മറന്നോ?

ചീറ്റയ്ക്ക് പേരിടുന്ന മോദി ഗിര്‍ വനത്തിലെ സിംഹങ്ങളെ മറന്നോ?

ഗിര്‍ വനത്തില്‍ അവശേഷിക്കുന്നത് വെറും 472 ഏഷ്യന്‍ സിംഹങ്ങള്‍ മാത്രമാണ്.
Updated on
3 min read

മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ജന്മദിനത്തില്‍ ഏഴ് ചീറ്റകളെ കൂടുതുറന്ന് വിടുന്ന ചിത്രങ്ങള്‍ ഏറെ ആഘോഷിക്കപ്പെട്ടതാണ്. പബ്ളിസിറ്റി സ്റ്റണ്ട് എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ അതിനെ ആക്ഷേപിക്കുമ്പോഴും രാജ്യത്തെ പ്രകൃതി സ്നേഹികള്‍ ആ പ്രവൃത്തിയെ ഹൃദയം തുറന്നുതന്നെ സ്വീകരിച്ചു. കാരണം ഏഴ് പതിറ്റാണ്ട് മുമ്പ് ചെയ്തു പോയ ഒരു തെറ്റിന് പ്രായശ്ചിത്തം ചെയ്യുകയായിരുന്നു രാജ്യം ആ പ്രവൃത്തിയിലൂടെ.

വംശനാശ ഭീഷണി നേരിടുന്ന ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഒരു ദശാബ്ദമായി പല പദ്ധതികളും ആവിഷ്‌കരിച്ചിട്ടും ഇതുവരെ നടപ്പിലായിട്ടില്ല.

രാജ്യം സ്വാതന്ത്ര്യം ആഘോഷിച്ച 1947-ല്‍ മധ്യപ്രദേശ് രാജാവ് രാമനുജ് പ്രതാപ് സിങ് തന്റെ ഭരണപ്രദേശത്തെ വനമേഖലയില്‍ മൂന്ന് ചീറ്റകളെ വെടിവെച്ചുകൊന്നിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയിലെ അവസാന മൂന്ന് ചീറ്റകളായിരുന്നു അത്. അക്കാര്യം അറിയാതെയാകും അദ്ദേഹം അന്ന് വേട്ടയാടല്‍ നടത്തിയിരിക്കുക. പക്ഷേ അഞ്ച് വര്‍ഷത്തിന് ശേഷം ചീറ്റകള്‍ രാജ്യത്ത് വംശനാശം സംഭവിച്ചുവെന്ന ഞെട്ടിക്കുന്ന പ്രഖ്യാപനമാണ് പുറത്തുവന്നത്.

എക്കാലത്തും വംശനാശ ഭീഷണിയില്‍ നിന്ന് 'വേഗത്തില്‍' ഓടിരക്ഷപെടാന്‍ ചീറ്റകള്‍ക്കായിട്ടുണ്ട്.

എന്നാല്‍ ഇത് ഇന്ത്യയിലെ മാത്രം കാര്യമല്ല. ലോകത്തിന്റെ പലഭാഗങ്ങളിലുമുള്ള പ്രദേശങ്ങളില്‍ ചീറ്റകള്‍ ഉണ്ടായിരുന്നതായും പലയിടത്തും അത് വംശനാശ ഭീഷണി നേരിടുന്നതായും പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. അത് ഇന്നും ഇന്നലെയുമായിരുന്നില്ല. പതിനായിരത്തോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിമയുഗത്തിന്റെ അവസാന കാലഘട്ടങ്ങളിലായിരുന്നു അത്.

ചീറ്റയ്ക്ക് പേരിടുന്ന മോദി ഗിര്‍ വനത്തിലെ സിംഹങ്ങളെ മറന്നോ?
രാജാക്കന്മാരുടെ മൃഗയാ വിനോദം; ഇന്ത്യയില്‍ ചീറ്റപുലികള്‍ ഇല്ലാതായതെങ്ങനെ?

എന്നാല്‍ എന്നും എക്കാലത്തും വംശനാശ ഭീഷണിയില്‍ നിന്ന് 'വേഗത്തില്‍' ഓടിരക്ഷപെടാന്‍ ചീറ്റകള്‍ക്കായിട്ടുണ്ട്. കരയിലെ ഏറ്റവും വേഗമേറിയ ജീവിയാണ് ചീറ്റ. ഇരയെപ്പിടിക്കാനും ശത്രുക്കളില്‍ നിന്ന് രക്ഷപെടാനും മാത്രമല്ല അവര്‍ വേഗതയെ പ്രണയിച്ചതെന്ന് ചുരുക്കം. അന്യം നിന്നുപോകുമെന്ന സാഹചര്യത്തില്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ച് വ്യത്യസ്തമായ ആവാസ വ്യവസ്ഥ കണ്ടെത്തി വംശം നിലനിര്‍ത്താന്‍ അവയ്ക്ക് സാധിച്ചുപോന്നിരുന്നുവെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

അതിന്റെ തെളിവുകളാണ് വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും ആവാസ വ്യവസ്ഥകളില്‍ നിന്ന് വിട്ടിറങ്ങി ചീറ്റകള്‍ പിന്നീട് ആഫ്രിക്കയിലും ഏഷ്യയിലുമായി തങ്ങളുടെ പ്രദേശം ചുരുക്കിയത്. എന്നാല്‍ ഈ മേഖലകളിലും അവയ്ക്ക് വംശവൃദ്ധി വരുത്താനായില്ല. 19-ാം നൂറ്റാണ്ടില്‍ ഇവിടങ്ങളില്‍ മാത്രമായി ഒരു ലക്ഷത്തിലധികം ചീറ്റകള്‍ ഉണ്ടായിരുന്നിടത്ത് എന്ന് ആഫ്രിക്കയില്‍ മാത്രമായി ചുരുങ്ങുകയും അവയുടെ എണ്ണം വെറും എണ്ണായിരത്തിനടുത്ത് മാത്രമായി കുറയുകയും ചെയ്തു. ഏഷ്യന്‍ ചീറ്റകളുടെ കാര്യമാണ് ഏറെ പരിതാപകരം. ഇറാനില്‍ നിലവില്‍ ശേഷിക്കുന്ന 50-ല്‍ താഴെ എണ്ണമാണ് ഏഷ്യന്‍ ചീറ്റകളെ ഇന്ന് പ്രതിനിധീകരിക്കുന്നത്.

വേട്ടയാടലുകള്‍ മാത്രമല്ല ചീറ്റകളുടെ വംശനാശത്തിന് കാരണമായതെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആവാസ വ്യവസ്ഥ വിട്ടുള്ള പലായനത്തിനിടെ അവയ്ക്ക് സംഭവിച്ച ജനിതക മാറ്റവും ഈ നാശത്തിന് കാരണമായി. ഇന്‍ബ്രീഡിങ്(രക്തബന്ധമുള്ളവ തമ്മിലുള്ള ഇണചേരല്‍) ആയിരുന്നു ആ മാറ്റത്തിന് കാരണം. അതോടെ ചീറ്റയുടെ ജീന്‍പൂളിന്റെ വലുപ്പം കുറഞ്ഞു. പ്രത്യൂല്‍പ്പാദന ശേഷി കുറയുകയും കുഞ്ഞുങ്ങള്‍ ജനിച്ചാല്‍ തന്നെ അതിന് ജനിതക പ്രശ്നങ്ങളും വൈകല്യങ്ങളും ഉണ്ടാകാന്‍ തുടങ്ങുകയും ചെയ്തു. ഇപ്പോഴും ഈ ഭീഷണി നിലനില്‍ക്കുന്നുണ്ട്.

അതിനാല്‍തന്നെ നമീബിയയില്‍ നിന്ന് മധ്യപ്രദേശില്‍ ആറേഴ് ചീറ്റകളെ എത്തിച്ചുവെന്നത് കൊണ്ടുമാത്രം അതിനെ വംശനാശത്തില്‍ നിന്ന് കരകയറ്റാനായി എന്ന് അവകാശപ്പെടാനാകില്ല. പക്ഷേ ആ ചീറ്റകള്‍ ആഘോഷിക്കപ്പെടുകയാണ്. ഒപ്പം പ്രധാനമന്ത്രിയും. എന്നാല്‍ അപ്പോഴും അവഗണിക്കപ്പെടുന്ന ഒരു കൂട്ടരുണ്ട്.

പ്രധാനമന്ത്രിയുടെ സ്വന്തം നാടായ ഗുജറാത്തിന്റെ അഭിമാനമായി അദ്ദേഹം തന്നെ വാഴ്ത്തിയ ഏഷ്യന്‍ സിംഹങ്ങള്‍. കടുത്ത വംശനാശ ഭീഷണി നേരിടുന്ന അവയുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഒരു ദശാബ്ദമായി പല പദ്ധതികളും ആവിഷ്‌കരിച്ചിട്ടും ഇതുവരെ നടപ്പിലായിട്ടില്ല. ഗിര്‍ വനത്തില്‍ അവശേഷിക്കുന്നത് വെറും 472 ഏഷ്യന്‍ സിംഹങ്ങള്‍ മാത്രമാണ്. ഈ വനമേഖലയില്‍ മാത്രമാണ് ഏഷ്യന്‍ സിംഹങ്ങളെ കാണാനാകുന്നതും.

കടുത്ത ഭീഷണി നേരിടുന്ന ഇനത്തില്‍പ്പെടുന്ന മൃഗങ്ങളെ ഒരു മേഖലയില്‍ മാത്രമായി ഒതുക്കി നിര്‍ത്തുന്നത് വലിയ അബദ്ധമാണെന്നാണ് ഇതേക്കുറിച്ച് പഠനം നടത്തിയവരുടെ അഭിപ്രായം. കാരണം ഒരു മേഖലയില്‍ മാത്രമായി ഒതുങ്ങുന്ന ഇത്തരം മൃഗങ്ങളില്‍ ഒരു പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ചാല്‍ അത് സമ്പൂര്‍ണ വംശനാശത്തിലേക്ക് നയിക്കും. 1994-ല്‍ കെനിയയിലെ സെരന്‍ഗിറ്റി ദേശീയോദ്യാനത്തില്‍ അത്തരത്തില്‍ ഭീതിജനകമായ സംഭവം ഉണ്ടായിട്ടുണ്ട്.

അവിടെ ആഫ്രിക്കന്‍ സിംഗഹങ്ങള്‍ക്കിടയില്‍ പടര്‍ന്നു പിടിച്ച പകര്‍ച്ചവ്യാധിയെത്തുടര്‍ന്ന് ഉദ്യാനത്തിലെ 30 ശതമാനത്തോളം സിംഹങ്ങളാണ് ചത്തത്. ഈ സാഹചര്യം മുന്നില്‍ക്കണ്ട് ഏഷ്യന്‍ സിംഹങ്ങളുടെ വംശവൃദ്ധിക്കായി വാദിക്കുന്നവരുടെ ആവശ്യം പരിഗണിച്ച് ഗിര്‍ വനത്തില്‍ നിന്ന് കുറച്ചു സിംഹങ്ങളെ മധ്യപ്രദേശിലേക്ക് മാറ്റി പാര്‍പ്പിക്കാന്‍ 2013 ല്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ആറു മാസമായിരുന്നു സമയപരിധി അനുവദിച്ചിരുന്നത്.

MIHIR PATEL

എന്നാല്‍ ഒരു ദശാബ്ദം പൂര്‍ത്തിയാകാനൊരുങ്ങുമ്പോള്‍ ഒരു സിംഹം പോലും ഗുജറാത്ത് കടന്നുവന്നില്ല. അന്ന് ആ വധിക്കെതിരെ ഏറ്റവും വലിയ എതിര്‍പ്പ് ഉയര്‍ത്തിയത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയായിരുന്നു. വേണമെങ്കില്‍ സിംഹങ്ങളെ ഗുജറാത്തില്‍ തന്നെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാം എന്നാണ് മോദി പറഞ്ഞത്. ഇപ്പോള്‍ അതിനുള്ള ഒരുക്കങ്ങള്‍ ഗുജറാത്ത് സര്‍ക്കാര്‍ നടത്തി വരികയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടാകില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

വൈകുന്ന ഓരോ സമയവും ആപത്താണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. കാരണം ഗിര്‍ വനത്തില്‍ അതിനിടെ ഒരു പകര്‍ച്ചവ്യാധി ഉണ്ടായാല്‍ ഏഷ്യന്‍ സിംഹങ്ങളുടെ ഗര്‍ജനം ഗുജറാത്തില്‍ എന്നല്ല ഒരിടത്തും കേള്‍ക്കില്ല. മാസങ്ങളോ ഒരു പക്ഷേ, ആഴ്ചകളോ കൊണ്ട് ഏഷ്യന്‍ സിംഹങ്ങള്‍ക്ക് വംശനാശം സംഭവിക്കും.

ഏഷ്യന്‍ സിംഹങ്ങള്‍ ഗുജറാത്തിന്റെയല്ല, രാജ്യത്തിന്റെ അഭിമാനമാണ്. ആഫ്രിക്കയില്‍ നിന്ന് ചീറ്റകളെ എത്തിച്ച് അവ പെറ്റുപെരുകുന്നത് കാത്തിരിക്കുന്നവര്‍ക്ക് സ്വന്തം നാട്ടില്‍ വംശനാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന ജീവികളെ കണ്ടില്ലെന്ന് നടിക്കാനാകുമോ?

ചീറ്റകള്‍ പെറ്റുപെരുകുമോയെന്നുള്ളത് നടക്കാനിരിക്കുന്ന കാര്യമാണ്. അവയെ സംരക്ഷിക്കുക എളുപ്പമുള്ള കാര്യവുമല്ല. ആ സാഹചര്യത്തില്‍ ഇപ്പോള്‍ ചെയ്യേണ്ടിയിരുന്നത് കോടികള്‍ മുടക്കി ആഫ്രിക്കയില്‍ നിന്ന് ചീറ്റകളെ എത്തിക്കുകയായിരുന്നുവോ അതോ രാജ്യത്ത് വംശനാശം വന്ന ഒരു ജീവിയെ തിരിച്ചു കൊണ്ടു വരികയായിരുന്നോ വേണ്ടത്.. ഉത്തരം പറയേണ്ടത് കാലമാണ്. മോദി ഒരിക്കല്‍ പറഞ്ഞ ഗുജറാത്തിന്റെ അഭിമാനത്തെ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ചിത്രങ്ങളിലും പോസ്റ്റ് കാര്‍ഡിലും മാത്രം കാണാന്‍ പറ്റുന്ന അവസ്ഥ ഉണ്ടാകാതിരിക്കട്ടെ.

logo
The Fourth
www.thefourthnews.in