'എല്ലാ ആനകളും ഒന്നല്ല'; ഇന്ത്യയില്‍ അഞ്ച് ജനിതക വകഭേദങ്ങള്‍
ഇന്ത്യയിൽ ഏഷ്യൻ ആനകളുടെ അഞ്ച് ജനിതക വകഭേദങ്ങളുണ്ടെന്നു പഠനം. 'കറന്റ് ബിയോളജി' ജേർണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അഞ്ച് വ്യത്യസ്ത ജനിതക വകഭേദങ്ങളിൽ ഏഷ്യൻ ആനകൾ ഇന്ത്യയിലുണ്ടെന്ന് സ്ഥിരീകരിക്കപ്പെടുന്നത്. നാഷണൽ സെന്റർ ഫോർ ബിയോളോജിക്കൽ സയൻസിലെ ഉമാ രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം എഴുതിയ പുസ്തകവും, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ രാമൻ സുകുമാരൻ ഉൾപ്പെടെയുള്ളവരുടെ പുസ്തകവും ഇതുമായി ബന്ധപ്പെട്ട നിർണായകമായ വിവരങ്ങൾ പുറത്തുവിടുന്നതായാണ് ഗവേഷകര്‍ വിശദീകരിക്കുന്നത്.
60 ശതമാനം ആനകളും ഇന്ത്യയിൽ
ഏഷ്യൻ ആനകളുടെ 60 ശതമാനവും ഇന്ത്യയിലാണെന്നുകൂടി ഈ പഠനം സൂചിപ്പിക്കുന്നു. തെക്കനേഷ്യയിലെയും തെക്ക്കിഴക്ക് ഏഷ്യയിലെയും ആനകളുടെ എണ്ണം പരിശോധിച്ചാൽ അതിന്റെ 60 ശതമാനം ഇന്ത്യയിലാണെന്നാണ് കണക്കുകളുടെ അടിസഥാനത്തിൽ പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ഏഷ്യൻ ആനകളുടെ ആവാസവ്യവസ്ഥ ഇന്ത്യയിൽ വ്യത്യസ്തമാണ്. അതിൽ വയലുകൾ മുതൽ മനുഷ്യവാസമുള്ള പ്രദേശങ്ങളും തോട്ടങ്ങളും ഉൾപ്പെടും. ഇതുകാരണമാണ് ഇന്ത്യയിൽ ആനയും അമനുഷ്യനും തമ്മിലുള്ള ഏറ്റുമുട്ടൽ ഇത്രയധികം വർധിക്കുന്നത്. പഠനം പറയുന്നു. പാരിസ്ഥിതികവും ജനിതകവുമായ കാര്യങ്ങൾ ആനകളുടെ എണ്ണവുമായി ബന്ധപ്പെടുത്തി പഠനങ്ങളും നടത്തിയതിൽ നിന്ന് ആനകളുടെ പരിപാലനത്തിനും സംരക്ഷണത്തിനും ആവശ്യമായ കേന്ദ്രങ്ങളിലെന്നാണ് കണ്ടെത്തൽ.
വ്യത്യസ്ത ഭൂപ്രദേശത്തുള്ള കാട്ടാനകളുടെ രക്തസാംപിളുകളുൾപ്പെടെ പരിശോധിച്ചതിൽ നിന്നും ഈ ആനകളെ സംരക്ഷിക്കുന്നതിനായി വ്യത്യസ്ത പദ്ധതികൾ രൂപീകരിക്കേണ്ടതുണ്ട് എന്നാണ് വിലയിരുത്തൽ. വടക്ക്, മധ്യം, തെക്ക് എന്നിങ്ങനെ ഇന്ത്യയിലെമ്പാടുമായി അഞ്ച് തരം ആനകളുണ്ടെന്നാണ് പഠനം കണ്ടെത്തുന്നത്. ചരിത്രപരമായി ആനകൾ വടക്കു നിന്നും തെക്കോട്ടേക്ക് പലായനം ചെയ്തതിനാൽ ജനിതക വ്യത്യാസങ്ങൾ ഇല്ലാതായെന്നും പഠനം കണ്ടെത്തുന്നു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് നടത്തിയ പഠനം എഴുതിയവരിൽ പ്രധാനിയായ അനുഭബ് ഖാൻ പറയുന്നതനുസരിച്ച് ആനകളുടെ കൂട്ടങ്ങളിൽ നിന്നും ചിലർ മാത്രം പലായനം ചെയ്യുകയും ചെന്നെത്തുന്ന സ്ഥലങ്ങളിൽ ആനക്കൂട്ടങ്ങൾ ഉണ്ടാക്കുകയും ഒരേ ജനിതക ഘടനയുള്ള ആ കുട്ടത്തിൽ നിന്നും പുതുതായി ജനിക്കുന്ന ആനകളിൽ ജനിതക വൈവിധ്യമുണ്ടാകാനുള്ള സാധ്യത കുറയും.
ഇന്ത്യയുടെ വടക്ക്പടിഞ്ഞാറും വടക്ക്കിഴക്കുമുള്ള ഹിമാലയത്തിന്റെ താഴ്വാരങ്ങളിലുള്ള ആനകളുടെ ജനിതക ഘടനകൾ തമ്മിൽ കൃത്യമായ വ്യത്യാസങ്ങളുണ്ട്. ഈ രണ്ട് വിഭാഗങ്ങൾക്കിടയിൽ ജനിതകമായ ഇടകലരൽ സംഭവിക്കാത്തതിന് കാരണം ഗംഗ, ബ്രഹ്മപുത്ര നദികൾ ഇതിനിടയിലുള്ളതാണ്.
കുറഞ്ഞ ജനിതക വൈവിധ്യം
തമിഴ്‌നാട്ടിലെ ചെങ്കോട്ട ഗ്യാപ്പാണ് തെക്കേ ഇന്ത്യയിലെ ആനകളുടെ ജനിതക വൈവിധ്യത്തെ തടഞ്ഞു നിർത്തുന്ന കാര്യം. ഇത് ഏറ്റവും ദുർബലമായ ആനക്കൂട്ടങ്ങളായാണ് കരുതപ്പെടുന്നത്. ചില കൂട്ടങ്ങളിൽ കേവലം 50 ആനകൾമാത്രമാണുള്ളത്. അതുകൊണ്ടുതന്നെ ഈ വിഭാഗത്തിന് കൂടുതൽ വംശനാശഭീഷണി നേരിടേണ്ടി വരുന്നു എന്നാണ് പ്രൊഫസർ ഉമ രാമകൃഷ്ണന്റെ കണ്ടെത്തൽ. ഹൈവേകളും റയിൽവെയുമായി ബന്ധപ്പെട്ട് നടക്കുന്ന വികസനപ്രവർത്തനങ്ങൾ ഇപ്പോൾ വടക്കേ ഇന്ത്യയിലെയും തെക്കേ ഇന്ത്യയിലെയും ആനകളുടെ ജനിതക വൈവിധ്യത്തെ സാരമായി ബാധിക്കുന്നു എന്നാണ് കരുതുന്നത്.
ഈ അഞ്ച് വ്യത്യസ്ത ജനിതക വിഭാഗങ്ങളെ കണ്ടെത്തിയതിനൊപ്പം മുന്നോട്ടു വയ്ക്കുന്ന നിർദേശം പ്രാദേശികമായി ഈ ആനകളെ സംരക്ഷിക്കണമെന്നതാണ്. അതിനുപകാരപ്പെടുന്ന തരത്തിൽ ആനകളുടെ മുഖത്തുനിന്നും ഡിഎൻഎ ശേഖരിച്ച് തയ്യാറാക്കിയ ടൂൾകിറ്റും മുന്നോട്ടുവയ്ക്കുന്നു.