ചെറുപ്രായത്തിൽ ആനകളുടെ മരണത്തിന് കാരണമാകുന്ന ഹെര്‍പസ് വൈറസിനെതിരെ വാക്സിൻ; ആദ്യ ഡോസ് സ്വീകരിച്ച് ഏഷ്യന്‍ ആന

ചെറുപ്രായത്തിൽ ആനകളുടെ മരണത്തിന് കാരണമാകുന്ന ഹെര്‍പസ് വൈറസിനെതിരെ വാക്സിൻ; ആദ്യ ഡോസ് സ്വീകരിച്ച് ഏഷ്യന്‍ ആന

ടെക്‌സസ് മൃഗശാലയിലെ 40 വയസുള്ള ഏഷ്യന്‍ ആന ടെസിനാണ് പരീക്ഷണ വാക്‌സിന്‍ നൽകിയത്
Updated on
2 min read

ആനകളില്‍ മരണകാരണമാകുന്ന ഹെര്‍പസ് അണുബാധ പ്രതിരോധിക്കാൻ എംആര്‍എന്‍എ വാക്സിനുമായി ഗവേഷകർ. ആദ്യ ഡോസ് സ്വീകരിച്ച് നാൽപ്പത് വയസുള്ള ഏഷ്യൻ ആന ടെസ്. അമേരിക്കയിലെ ഹൂസ്റ്റണ്‍ മൃഗശാലയിലെ ആനയ്ക്കു ജൂണിലാണ് പരീക്ഷണ വാക്‌സിന്‍ കുത്തിവെച്ചത്.

പ്രായപൂര്‍ത്തിയെത്താത്ത ആനകളുടെ മരണത്തിനു പ്രധാന കാരണങ്ങളിലൊന്നാണ് ഹെര്‍പസ് അണുബാധ. രക്തധമനികളെ ബാധിക്കുന്ന ഹെര്‍പസ് വൈറല്‍ അണുബാധ ആനകളില്‍ രക്തസ്രാവമുണ്ടാക്കുകയും തുടര്‍ന്ന് മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

എലിഫന്‌റ് എന്‍ഡോതെലിയോട്രോപിക് ഹെര്‍പ്‌സ് വൈറസ്(ഇഇഎച്ച്‍വി) ബാധിച്ച് ലോകമെമ്പാടുമുള്ള മൃഗശാലകളിലെ പ്രായപൂര്‍ത്തിയാകാത്ത നിരവധി ആനകള്‍ മരിച്ചതിനെത്തുടര്‍ന്നാണ് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചത്. ടെസിന്‌റെ ആരോഗ്യം ഗവേഷകര്‍ നിരീക്ഷിച്ചുവരികയാണ്. പാര്‍ശ്വഫലങ്ങളില്ലെങ്കില്‍ ഈ വര്‍ഷാവസാനം കൂടുതല്‍ ആനകള്‍ക്ക് കുത്തിവെയ്പ് നല്‍കാനാണ് ഹൂസ്റ്റണ്‍ മൃഗശാല അധികൃതരുടെ പദ്ധതി.

മനുഷ്യരിലെ ഹെര്‍പസ് സംബന്ധിച്ച് ഗവേഷണം നടത്തുന്ന ഹൂസ്റ്റണിലെ ബെയ്‍ലര്‍ കോളേജ് ഓഫ് മെഡിസിനിലെ ഗവേഷകനായ ഡോ. പോള്‍ ലിങ്ങാണ് ആനകളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാൻ ലക്ഷ്യമിട്ട് എംആര്‍എന്‍എ വാക്‌സിന്‍ വികസിപ്പിച്ചത്. ഹൂസ്റ്റണ്‍ മൃഗശാല, ബെയ്‌ലര്‍ കോളേജ് ഓഫ് മെഡിസിന്‍, ഡാലസ് ആസ്ഥാനമായുള്ള ഡി-എക്‌സിങ്ഷന്‍ കമ്പനിയായ കോളോസല്‍ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് വാക്‌സിന്‍ വികസിപ്പിച്ചത്.

ചെറുപ്രായത്തിൽ ആനകളുടെ മരണത്തിന് കാരണമാകുന്ന ഹെര്‍പസ് വൈറസിനെതിരെ വാക്സിൻ; ആദ്യ ഡോസ് സ്വീകരിച്ച് ഏഷ്യന്‍ ആന
കാലാവസ്ഥാ വ്യതിയാനം: 'പതിയിരിക്കുന്ന' പ്രാണികളുടെ ലൈംഗിക ജീവിതത്തെയും നിറത്തെയും ബാധിക്കുന്നതായി പഠനം

ആനകള്‍ ജനിക്കുമ്പോള്‍ അവയ്ക്ക് അമ്മയില്‍നിന്ന് ലഭിക്കുന്ന ആന്‌റിബോഡികള്‍ വളരെക്കൂടുതലാണ്. പ്രസവിക്കുമ്പോൾ കുഞ്ഞുങ്ങളിൽ വൈറസുണ്ടാകും അതുകൊണ്ട് കുഞ്ഞിന് സംരക്ഷിത ആന്‌റിബോഡികള്‍ നല്‍കുന്നു. ഇവ ഒരു നിശ്ചിത കാലത്തേക്ക് ഇവയില്‍ നിലനില്‍ക്കും. ഈ ആനകള്‍ക്ക് കാലക്രമേണ നഷ്ടമാകുന്ന പ്രതിരോധശേഷി വീണ്ടെടുക്കാനാണ് വാക്‌സിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഡോ. പോള്‍ പറഞ്ഞു.

ഏഷ്യന്‍ ആനകളില്‍ ഇഇഎച്ച്‍വിയില്‍നിന്നുള്ള രോഗങ്ങളും മരണവും തടയാന്‍ ലക്ഷ്യമിട്ടുള്ള വാക്‌സിന്‍ കോവിഡ് പ്രതിരോധിക്കാന്‍ മനുഷ്യരില്‍ ഉപയോഗിച്ച വാക്‌സിന് സമാനമാണ്. എബോള മനുഷ്യരില്‍ ചെലുത്തുന്ന സ്വാധീനത്തിന് സമാനമായി, ഈ വൈറസ് ഏഷ്യന്‍ ആനകളില്‍ മാരകമായ ഹെമറാജിക് രോഗത്തിനു കാരണമാകും. തുമ്പിക്കൈകളിലൂടെയാണ് ഏഷ്യന്‍ ആനകളില്‍ രോഗം പടരുന്നതെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു. 1990-ല്‍ ആദ്യമായി കണ്ടെത്തുകയും 1999-ല്‍ ശാസ്ത്രീയമായി വിവരിക്കുകയും ചെയ്ത ഈ വൈറസ് ഏഷ്യന്‍ ആനകളുടെ മരണത്തിന് പ്രധാന കാരണമാണ്.

രോഗം മൂലം ഈ മാസം ഡബ്ലിന്‍ മൃഗശാലയിൽ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആനകൾ ചെരിഞ്ഞിരുന്നു. ചെസ്റ്റര്‍, മെല്‍ബണ്‍, സൂറിച്ച് മൃഗശാലകളിലെ നിരവധി കുട്ടി ആനകള്‍ക്കാണ് രോഗംകാരണം ജീവന്‍ നഷ്ടമായത്. രോഗലക്ഷണങ്ങളുണ്ടായ ആനകളില്‍ മരണനിരക്ക് ഏകദേശം 70 ശതമാനമാണ്.

ഹെര്‍പസ് വൈറസ് ഏഷ്യന്‍ ആനകളുടെ ദീര്‍ഘകാല നിലനില്‍പ്പിന് ഭീഷണിയാണെന്ന് കരുതുന്നതായി ചെസ്റ്റര്‍ മൃഗശാല വക്താവ് പറഞ്ഞു. ഇന്ത്യ, നേപ്പാള്‍, മ്യാന്‍മാര്‍, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇഇഎച്ച്‍വിയെ പ്രതിരോധിക്കാനുള്ള ഒരേയൊരു ദീര്‍ഘകാല പരിഹാരം സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിന്‍ കണ്ടെത്തുക എന്നതാണ്. ഇത് മൃശാലയുടെ നേതൃത്വത്തിലുള്ള ഗവേഷണത്തിലൂടെ നേടാനാകുമെന്നും വക്താവ് പറഞ്ഞു.

അതേസമയം, കാടുകളിലുള്ള ഏഷ്യന്‍ ആനകളില്‍ ഈ വാക്‌സിന്‍ എത്രമാത്രം സ്വാധീനം ചെലുത്തുമെന്നോ വാക്‌സിനേഷന്‍ പ്രായോഗികമാകുമോ എന്നുമുള്ള കാര്യത്തില്‍ വിദഗ്ധര്‍ ഉറപ്പുനല്‍കുന്നില്ല.

ഗ്ലോബല്‍ കണ്‍സര്‍വേഷന്‍ കമ്മ്യൂണിറ്റി അനുയോജ്യമായ വാക്‌സിന്‍ കണ്ടെത്തുന്നതിന് കാര്യമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെങ്കിലും ഇഇഎച്ച്‍വി തടയുന്നതിന് വാക്‌സിന്‍ ഫലപ്രദമാണെന്ന ശാസ്ത്രീയ സ്ഥിരീകരണം ലഭിക്കുന്നതിന് കൂടുതല്‍ സമയവും പരീക്ഷണവും ആവശ്യമാണ്.

logo
The Fourth
www.thefourthnews.in