നൂറ്റാണ്ടുകള്‍ മുമ്പുള്ള സ്‌ഫോടനങ്ങളുടെ ആവര്‍ത്തനം? ഐസ്‌ലന്‍ഡില്‍ 2021 മുതല്‍ നടന്നത് ആറ് അഗ്നിപര്‍വത സ്‌ഫോടനങ്ങള്‍
അഗ്നിപര്‍വത സ്‌ഫോടനങ്ങളുടെ സ്ഥിരം പ്രദേശമായി മാറിക്കൊണ്ടിരിക്കുകയാണ് ഐസ്‌ലന്‍ഡ്. ഡിസംബര്‍ മുതല്‍ തുടരെയുള്ള അഗ്നിപര്‍വത സ്‌ഫോടനങ്ങള്‍ക്കാണ് ഐസ്‌ലന്‍ഡ് സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞയാഴ്ച സംഭവിച്ച അഗ്നിപര്‍വത സ്‌ഫോടനത്തില്‍ ഗ്രിന്‍ഡാവിക് നഗരത്തിലേക്ക് ലാവ ഒഴുകിയത് ഭീതിതമായ അന്തരീക്ഷമാണ് സൃഷ്ടിച്ചത്. 2023 ഡിസംബര്‍ മുതല്‍ റെയ്ക്‌ജേന്‍സ് ഉപദ്വീപുകളില്‍ നടക്കുന്ന മൂന്നാമത്തെ ഹ്രസ്വകാല സ്‌ഫോടനമായിരുന്നു ഗ്രിന്‍ഡാവില്‍ സംഭവിച്ചത്. 2021 മുതലുള്ള കണക്കുകള്‍ പ്രകാരം ഇത് ആറാമത്തേതാണ്. അഗ്നിപര്‍വത സ്‌ഫോടനങ്ങളുടെ ആരംഭം മാത്രമാണിതെന്നും നൂറ്റാണ്ടുകളോളം സ്‌ഫോടനങ്ങള്‍ സംഭവിക്കാമെന്നുമാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍.
ഐസ്‌ലന്‍ഡിനെ സംബന്ധിച്ച് അഗ്നിപര്‍വതങ്ങള്‍ പുതുമയൊന്നുമല്ല, ലോകത്ത് ഏറ്റവും കൂടുതല്‍ അഗ്നിപര്‍വത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും ഇവിടെയാണ്. യൂറേഷ്യന്‍, വടക്കേ അമേരിക്ക ടെക്‌റ്റോണിക് പ്ലേറ്റുകള്‍ക്കിടയിലുള്ള അതിര്‍ത്തിയിലാണ് ഐസ്‌ലന്‍ഡ് സ്ഥിതി ചെയ്യുന്നത്. ഈ പ്ലേറ്റുകള്‍ വളരെ സാവധാനത്തില്‍ പരസ്പരം അകന്നുപോകുന്നതിനാല്‍ തന്നെ മാഗ്മ മുകളിലേക്ക് ഒഴുകാനുള്ള വിടവുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഭൂമിയുടെ ഏറ്റവും പുറമെയുള്ള ഭാഗമായ ഭൂവല്‍ക്ക(ക്രസ്റ്റ്)ത്തിനടിയില്‍ ചൂടുമൂലം തിളച്ചുമറിയുന്ന ശിലാദ്രവം ആണ് മാഗ്മ. ദ്രവരൂപത്തില്‍ ബഹിര്‍ഗമിക്കുന്ന മാഗ്മയാണ് ലാവ.
100ലധികം അഗ്നിപര്‍വതങ്ങളാണ് നിലവില്‍ ഐസ്‌ലന്‍ഡില്‍ കാണുന്നത്. അതില്‍ 30 എണ്ണം ഇപ്പോള്‍ ആക്ടീവാണ്. അതേസമയം റെയ്ക്‌ജേന്‍സ് ഉപദ്വീപുകളില്‍ അവസാനമായി ലാവാപ്രവാഹം കണ്ടത് നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. എട്ടോ ഒമ്പതോ നൂറ്റാണ്ടുകളില്‍ ആരംഭിച്ച് 1240 വരെ അത് തുടര്‍ന്നിരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും അഗ്നിപര്‍വത സ്‌ഫോടനം ആരംഭിച്ചിരിക്കുകയാണ്. പക്ഷേ എന്തുകൊണ്ടായിരിക്കാം സ്‌ഫോടനങ്ങള്‍ സംഭവിക്കാന്‍ 800 വര്‍ഷത്തെ ഇടവേളയുണ്ടായതെന്നത് പരിശോധിക്കേണ്ടതുണ്ട്.
ടെക്‌റ്റോനിക് പ്ലേറ്റുകള്‍ നഖങ്ങള്‍ വളരുന്ന വേഗതയിലാണ് വേര്‍പ്പെടുന്നതെന്നും ഒരു വര്‍ഷത്തില്‍ കുറച്ച് സെന്റിമീറ്റര്‍ വേഗത മാത്രമേ ഉണ്ടാകുന്നുള്ളുവെന്നുമാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഭൗമ ശാസ്ത്രജ്ഞനായ പ്രൊഫ ടംസിന്‍ മാതെര്‍ പറയുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ സുഗമമായി അല്ല നടക്കുന്നതെന്നും ഇതാണ് ഇപ്പോള്‍ റെയ്ക്‌ജേന്‍സില്‍ സംഭവിക്കുന്നതെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
ഈ പ്രദേശത്തെ പാറകള്‍ ഏകദേശം 1000 വര്‍ഷം നീണ്ടുനില്‍ക്കുന്ന ശാന്തമായ കാലഘട്ടങ്ങളുടെ മാതൃകയിലുള്ളതാണ്. നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന സ്‌ഫോടനത്തിന് പിന്നാലെയാണ് ഇത്തരത്തിലുള്ള പാറകള്‍ രൂപപ്പെട്ടത്. അതുകൊണ്ട് തന്നെ താരതമ്യേന ഹ്രസ്വകാല സ്‌ഫോടനങ്ങളുടെ ഒരു പരമ്പരയാണ് പ്രതീക്ഷിക്കുന്നതെന്നും ടംസിന്‍ കൂട്ടിച്ചേര്‍ക്കുന്നു.
എന്നാല്‍ സ്‌ഫോടനങ്ങള്‍ എപ്പോള്‍ നടക്കുമെന്ന് എങ്ങനെ മനസിലാക്കുമെന്നാണ് ഐസ്ലന്‍ഡിന്റെ ഇപ്പോഴത്തെ ആശങ്ക. പ്രത്യേകിച്ചും ഗ്രിന്‍ഡാവിക് നഗരത്തിലും രാജ്യത്തിന്റെ പ്രധാന ഇന്‍ഫ്രാസ്ട്രക്ചറായി കണക്കാക്കുന്ന ജിയോതെര്‍മല്‍ പവര്‍പ്ലാന്റിന്റെ കാര്യത്തിലും ഈ ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഈ പ്രദേശങ്ങള്‍ ഇപ്പോള്‍ അപകടാവസ്ഥയിലാണ്.
സ്‌ഫോടനങ്ങള്‍ തുടരുന്നത് കൊണ്ട് തന്നെ എന്താണ് സംഭവിക്കുന്നതെന്ന് ശാസ്ത്രഞ്ജര്‍ക്ക് അറിവുണ്ടെന്നാണ് ലീഡ്‌സ് സര്‍വകലാശാലയിലെ അഗ്നിപര്‍വത ശാസ്ത്രജ്ഞനായ ഡോ. എവ്‌ഗെനിയ ഇലിന്‍സ്‌കയ പ്രതികരിച്ചത്. ഏറ്റവും അടിത്തട്ടില്‍ നിന്നും മാഗ്മ പുറത്ത് വരുന്നതിന്റെ ഭാഗമായാണ് നിലം വീര്‍ത്തുവരുന്നതെന്ന് ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കൃത്യമായും എവിടെ നിന്നാണ് സ്‌ഫോടനം സംഭവിക്കുന്നതെന്ന് കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. ഒരേ സ്ഥലത്ത് നിന്നും ലാവ പുറത്തേക്ക് വരുന്ന ഇറ്റലിയിലെ മൗണ്ട് എത്‌ന പോലെയുള്ള കോണ്‍ ആകൃതിയിലുള്ള അഗ്നിപര്‍വതങ്ങളല്ല ഇതെന്ന പ്രത്യേകതയുമുണ്ട്. റെയ്ക്‌ജേന്‍സ് അഗ്നിപര്‍വതത്തിന്റെ ഏറ്റവും വലിയ ഭാഗങ്ങളിലായി അയഞ്ഞിരിക്കുന്ന രൂപത്തിലാണ് മാഗ്മ സ്ഥിതി ചെയ്യുന്നത്. ഇത് വിള്ളലുകളിലൂടെ പുറത്ത് വരുകയും മൈലുകള്‍ ദൂരത്തോളം വ്യാപിച്ച് കിടക്കുകയും ചെയ്യും.
ലാവയെ പിടിച്ച് നിര്‍ത്താന്‍ ഐസ്‌ലന്‍ഡിക് അധികാരികള്‍ നഗരത്തിലും പവര്‍ സ്റ്റേഷനുകളിലും പ്രതിരോധ മതിലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഗ്രിന്‍ഡാവികില്‍ ജനുവരിയില്‍ സംഭവിച്ചത് പോലെ മതിലിനുള്ളില്‍ വിള്ളലുകള്‍ വന്നു കഴിഞ്ഞാല്‍ നിരവധി വീടുകള്‍ തകരുന്നതിനുള്ള കാരണമാകും.
കൂടാതെ ദീര്‍ഘനാള്‍ നിലനില്‍ക്കുന്ന സ്‌ഫോടനങ്ങള്‍ ഐസ്‌ലന്‍ഡില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തിവക്കും. ഐസ് ലന്‍ഡിലെ ഏറ്റവും ജനസാന്ദ്രത കൂടിയ സ്ഥലമാണിത്. അതുകൊണ്ട് തന്നെ ഐസ്‌ലന്‍ഡിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സുകളായ പ്രധാനപ്പെട്ട അന്താരാഷ്ട്ര വിമാനത്താവളം, വലിയ ജിയോതെര്‍മല്‍ പവര്‍ പ്ലാന്റ്, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവ സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്.
ഇവിടെ ലാവ കാരണം റോഡുകള്‍ തകരുന്നതും വായു മലിനീകരണം നടക്കുന്നതും അപകടസാധ്യതകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. രാജ്യ തലസ്ഥാനമായ റെയ്ക്ജവിക്കിലും അപകടങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ട്. ഉപദ്വീപുകള്‍ക്ക് ചുറ്റുമുള്ള വിവിധതരം അഗ്നിപര്‍വതങ്ങള്‍ ഇതിനകം ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചിട്ടുണ്ട്.
എന്നാല്‍ 2021ല്‍ ആരംഭിച്ച ഇത്തവണത്തെ സ്‌ഫോടനം ഉപദ്വീപിലെ മധ്യഭാഗത്ത് നിന്നാണ് ആരംഭിച്ചിരിക്കുന്നത്. സ്‌ഫോടനത്തിന്റെ സംവിധാനം പൂര്‍ണമായും മാറിയെന്നും അതുകൊണ്ട് തന്നെ മാഗ്മ എവിടെയാണ് കൂടിചേര്‍ന്ന് നില്‍ക്കുന്നതെന്ന സൂചനയില്ലെന്നും എംസിഗാര്‍വി പറഞ്ഞു. എന്നാല്‍ പര്‍വതങ്ങള്‍ക്ക് അടിത്തട്ടില്‍ എത്രത്തോളം മാഗ്മ നില്‍ക്കുന്നുണ്ടെന്നുള്ള സൂചന ശാസ്ത്രജ്ഞര്‍ക്ക് ലഭിക്കുമെന്നുള്ള പ്രതീക്ഷയാണ് എംസിഗാര്‍വി പങ്കുവെക്കുന്നത്.