ഇന്ത്യയിലെ തണ്ണീര്‍ത്തടങ്ങള്‍ അപ്രത്യക്ഷമാകുന്നു
മൂന്ന് പതിറ്റാണ്ടിനിടെ ഇന്ത്യയിലെ സ്വാഭാവിക തണ്ണീർത്തടങ്ങളുടെ മൂന്നിലൊന്ന് നഷ്ടമായെന്ന് പഠനം. കഴിഞ്ഞ 30 വർഷത്തിനിടെ ഇന്ത്യയിലെ അഞ്ച് തണ്ണീർത്തടങ്ങളില്‍ രണ്ടെണ്ണം വീതം അപ്രത്യക്ഷമാകുന്നതായാണ് കണക്കുകള്‍. 40 ശതമാനം ജലാശയങ്ങളുടെയും മലിനമായതോടെ ജലജീവികളുടെ നിലനിൽപ്പ് തന്നെ ഭീഷണിയിലാണെന്നും വെറ്റ്‌ലാൻഡ്സ് ഇന്റർനാഷണൽ സൗത്ത് ഏഷ്യ (WISA) എന്ന സംഘടന നടത്തിയ പഠനത്തിൽ കണ്ടെത്തി. നഗരവൽക്കരണം, മലിനീകരണം, കൃഷിയുടെ വ്യാപനം, എന്നിവയാണ് ഇതിന് പ്രധാന കാരണം. ഭൂവിനിയോഗത്തിന്റെ ഉപഗ്രഹ ചിത്രങ്ങളും, 22 നഗരങ്ങളിലെയും, പട്ടണങ്ങളിലെയും ഭൂമി സംബന്ധമായ രേഖകളും വിശകലനം ചെയ്തുള്ളതാണ് റിപ്പോർട്ട്.
ഡൽഹിക്ക് സമീപമുള്ള നജഫ്ഗഢ് തടാകവും ചെന്നൈയിലെ പള്ളിക്കരണൈയും അതിവേഗം വറ്റിക്കൊണ്ടിരിക്കുന്ന ജലസ്രോതസ്സുകളുടെ ഉദാഹരണങ്ങളാണ്. അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള വന്‍ പദ്ധതികള്‍, ഭവന പദ്ധതികളുടെ വിപുലീകരണം, ജലചൂഷണം എന്നിവ കാരണമാണ് പകുതിയിലധികം ജലസ്രോതസ്സുകളും വേഗത്തില്‍ ഇല്ലാതാകാന്‍ കാരണമെന്ന് വെറ്റ്‌ലാൻഡ്സ് ഇന്റർനാഷണൽ സൗത്ത് ഏഷ്യന്‍ മേധാവി റിതേഷ് കുമാര്‍ പറഞ്ഞു.
ഇന്ത്യയിൽ നിലവിൽ 2.2 ലക്ഷം വലിയ തണ്ണീർത്തടങ്ങളും, 5.5 ലക്ഷം ചെറിയ തണ്ണീർത്തടങ്ങളുമുണ്ട്. ഇവയിൽ ഏകദേശം 60,000 വലിയ തണ്ണീർത്തടങ്ങൾ സുരക്ഷിതമായി കണക്കാക്കാവുന്ന സംരക്ഷിത വനമേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. ശേഷിക്കുന്നവയിൽ, 150 മുതൽ 200 വരെ ജലാശയങ്ങളിൽ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ശ്രീനഗറിലെ ദാൽ തടാകം, പഞ്ചാബിലെ ഹരികെ തണ്ണീർത്തടം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ആസൂത്രണമില്ലാതെ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളാണ് തണ്ണീര്‍ത്തടങ്ങളുടെ തകര്‍ച്ചയുടെ പ്രധാന കാരണം
തണ്ണീർത്തട നഷ്ടം കേവലം ജൈവ വൈവിധ്യ പ്രതിസന്ധിയായി കാണാതെ, വികസന പ്രതിസന്ധിയായിത്തന്നെ കാണേണ്ടതുണ്ടെന്ന് റിതേഷ് കുമാര്‍ പറയുന്നു. ആസൂത്രണമില്ലാതെ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളാണ് തണ്ണീര്‍ത്തടങ്ങളുടെ തകര്‍ച്ചയുടെ പ്രധാന കാരണം. തണ്ണീര്‍ത്തടങ്ങളുടെ നാശം ആ പ്രദേശത്തെ മുഴുവന്‍ ജൈവവൈവിധ്യത്തെയും തകരാറിലാക്കുന്നു. 2015ല്‍ ചെനൈയിലുണ്ടായ വെളളപ്പൊക്കം ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. നഗരവല്‍ക്കരണത്തിന് പുറമേ, തണ്ണീര്‍ത്തടങ്ങളുടെ ആവാസവ്യവസ്ഥയെ കുറിച്ചുളള അറിവില്ലായ്മയും വ്യാപകമായ നഷ്ടത്തിന് കാരണമാണെന്നും വെറ്റ്‌ലാൻഡ്സ് ഇന്റർനാഷണൽ സൗത്ത് ഏഷ്യ ചൂണ്ടിക്കാട്ടുന്നു.
മിക്ക തണ്ണീർത്തടങ്ങളും മാലിന്യ നിക്ഷേപകേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. ഇവയെ വീണ്ടെടുക്കുകയും തടാകങ്ങള്‍ സംരക്ഷിക്കുകയും, അവയുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയിലെ പക്ഷിശാസ്ത്രജ്ഞനായ രജത് ഭാര്‍ഗവെ പറയുന്നു. ഇപ്പോഴത്തെ സ്ഥിതി മറികടക്കാന്‍ നിലവിലുളള തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ച്, തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണത്തിനായി 2017 ല്‍ പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് നിലവില്‍ ക്രമീകരണങ്ങള്‍ നടക്കുന്നത്. ദക്ഷിണേഷ്യയിൽ ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ തണ്ണീർത്തടങ്ങളുള്ളത്. ഏഷ്യയിൽ ജപ്പാനും ചൈനയ്ക്കും തൊട്ടുപിന്നിൽ മാത്രമാണ് ഇന്ത്യയിലെ തണ്ണീർത്തടങ്ങളുടെ എണ്ണം.