എൽ- നിനോ ഉണ്ട്, പക്ഷെ മഴ കുറയില്ല; കാലവര്‍ഷം സാധാരണ നിലയിലായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം
രാജ്യത്ത് ഇത്തവണ തെക്ക്-പടിഞ്ഞാറൻ മൺസൂൺ മഴ സാധാരണ നിലയിലായിരുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി). എല്‍-നിനോ പ്രതിഭാസം മൂലം രാജ്യത്ത് മഴ കുറയുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ സ്‌കൈമെറ്റ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആശങ്ക വേണ്ടെന്ന അറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രംഗത്തെത്തിയത്.
എല്‍-നിനോ പ്രതിഭാസം ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നുണ്ട്. ഇതിന്‌റെ സ്വാധീനം രാജ്യത്ത് പ്രകടമാകും. എന്നാല്‍ മഴ ലഭ്യതയില്‍ വലിയ കുറവുണ്ടാവില്ലെന്നാണ് ഐഎംഡിയുടെ പ്രവചനം. ''ജൂണ്‍- സെപ്റ്റംബര്‍ മാസങ്ങളിലായി, ദീര്‍ഘകാല ശരാശരിയുടെ 96% മഴ ഇത്തവണ ലഭിക്കും. എല്‍ നിനോ പ്രതിഭാസത്തിന്‌റെ പ്രഭാവം മണ്‍സൂണ്‍ സീസണിന്‌റെ രണ്ടാം ഘട്ടത്തിലാകും ഉണ്ടാകുക.''- കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ഉപദ്വീപീയ ഇന്ത്യയിലും രാജ്യത്തിന്‌റെ മധ്യ- കിഴക്ക്, വടക്ക്- കിഴക്ക് മേഖലകളിലും വടക്ക് - പടിഞ്ഞാറന്‍ ഇന്ത്യയുടെ ചില ഭാഗങ്ങളിലും സാധാരണ നിലയില്‍ മഴ ലഭിക്കുമെന്നാണ് ഐഎംഡിയുടെ വിലയിരുത്തല്‍. മധ്യ- പടിഞ്ഞാറന്‍ ഇന്ത്യയിലും വടക്ക്- പടിഞ്ഞാറന്‍ ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും വടക്ക്- കിഴക്കന്‍ ഇന്ത്യയുടെ ചില ഭാഗങ്ങളിലും സാധാരണയില്‍ താഴെ മഴ ലഭിക്കാനാണ് സാധ്യത. സീസണിന്‌റെ രണ്ടാം പകുതിയില്‍ പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ മഴ കുറയുന്നത് കാര്‍ഷിക മേഖലയെ ബാധിച്ചേക്കുമെന്നും ആശങ്കയുണ്ട്. എങ്കിലും പൊതുവില്‍ സ്ഥിതി ഗുരുതരമല്ലെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്
എന്താണ് എല്‍ നിനോ പ്രതിഭാസം?
എല്‍നിനോ സതേണ്‍ ഓസിലേഷന്‍ എന്നാണ് ഈ പ്രതിഭാസത്തിന്‌റെ മുഴുവന്‍ പേര്. പസഫിക് സമുദ്രത്തിന്‌റെ കിഴക്കന്‍ മധ്യരേഖാ പ്രദേശത്തെ ചാക്രിക ജലം ചൂടാകുന്നതുമായി ബന്ധപ്പെട്ട ഒരു പ്രതിഭാസമാണിത്. പസഫിക് സമുദ്രത്തിന്‌റെ ഈ മേഖലയിലെ സമുദ്രജലത്തിന്‌റെ ചൂട് കൂടുന്നതാണ് അടിസ്ഥാന കാരണം. ഇത് ഭൂമധ്യരേഖാ പ്രദേശത്തെ സമുദ്രത്തിന് മുകളിലുള്ള അന്തരീക്ഷത്തിന്‌റെ താപനില വര്‍ധിപ്പിക്കുന്നു. ഇത് അന്തരീക്ഷ മര്‍ദത്തില്‍ അസാധാരണമാറ്റം വരുത്തുന്നു. ഭൂമിയുടെ ഭ്രമണത്തിന്‌റെ ഫലമായി പസഫിക് സമുദ്രത്തില്‍ കിഴക്ക് നിന്ന് പടിഞ്ഞാറേക്ക് വാണിജ്യ വാതകങ്ങള്‍ വീശുന്നുണ്ട്. ഇവയെ ദുര്‍ബലപ്പെടുത്തുന്നു വിപരീത ഫലമുള്ള എല്‍-നിനോ പ്രതിഭാസം.
വലിയ കാലാവസ്ഥാ- പരിസ്ഥിതി മാറ്റങ്ങള്‍ക്ക് എല്‍- നിനോ കാരണമാകുന്നു. ലോകത്തിന്‌റെ പല മേഖലകളില്‍ പല തരത്തിലാണ് ഈ പ്രതിഭാസം അനുഭവപ്പെടുന്നത്. ചിലയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും മറ്റിടങ്ങളില്‍ ശക്തമായ വരള്‍ച്ചയ്ക്കും എല്‍-നിനോ കാരണമാകുന്നു. ഇന്ത്യയില്‍ മഴ കുറയ്ക്കുന്ന തരത്തിലാണ് പൊതുവില്‍ എല്‍- നിനോയുടെ പ്രഭാവം. കടുത്ത വരള്‍ച്ചയിലേക്ക് ഇത് നയിക്കുന്നു. കാലവര്‍ഷത്തെ ആശ്രയിക്കുന്ന ഇന്ത്യന്‍ കാര്‍ഷിക മേഖലയെ താറുമാറാക്കുന്നു എല്‍-നിനോ.
പലപ്പോഴും പ്രവചനാതീതമാണ് എല്‍-നിനോയുടെ പ്രത്യാഘാതങ്ങൾ. അതിന്‌റെ സ്വഭാവത്തിന് നിയതമായ മാനദണ്ഡങ്ങളില്ല. ഏറ്റവും ശക്തമായ എല്‍-നിനോ പ്രതിഭാസം അനുഭവപ്പെട്ട 1997ല്‍ 102% മഴ ലഭിച്ചിരുന്നു. ദുര്‍ബലമായ എല്‍-നിനോ പ്രതിഭാസമുണ്ടായ 2004ല്‍ ലഭിച്ചത് 86 ശതമാനം മഴയും. എല്ലാ എല്‍-നിനോ വര്‍ഷങ്ങളും മോശം മഴക്കാലമല്ല എന്നാണ് കാലാവസ്ഥാ വകുപ്പ് വിശദീകരിക്കുന്നത്.