എന്തൊരു നാറ്റം!ചത്തുപൊങ്ങിയത് ദശലക്ഷക്കണക്കിന് മീനുകൾ

എന്തൊരു നാറ്റം!ചത്തുപൊങ്ങിയത് ദശലക്ഷക്കണക്കിന് മീനുകൾ

ജലത്തിലെ ഓക്‌സിജന്‌റെ അളവ് കുറഞ്ഞതാണ് മീനുകള്‍ ചത്തൊടുങ്ങാന്‍ കാരണമെന്നാണ് വിലയിരുത്തല്‍
Updated on
1 min read

ഓസ്‌ട്രേലിയയില്‍ പുഴയില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് ആശങ്കയാകുന്നു. ന്യൂസൗത്ത് വെയില്‍സിലെ ഡാര്‍ലിങ് നദിയിലാണ് ദശലക്ഷക്കണക്കിന് മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത്. ജലത്തിലെ ഓക്‌സിജന്‌റെ അളവ് കുറഞ്ഞതാണ് മീനുകള്‍ ചത്തൊടുങ്ങാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

മെനിന്‍ഡീ നഗരത്തിലും സമീപ പ്രദേശങ്ങളിലുമാണ് പ്രധാന പ്രശ്‌നം നിലനില്‍ക്കുന്നത്. സമീപ നാളുകളില്‍ ഉണ്ടായ വെള്ളപ്പൊക്കവും ഉയര്‍ന്ന ചൂടുമാണ് ജലത്തില്‍ ഓക്‌സിജന്‌റെ അളവ് കുറയാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചത്ത മത്സ്യത്തിന്‌റെ നാറ്റം മൂലം സമീപവാസികള്‍ പരാതി നല്‍കിയപ്പോഴാണ് വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. മാസ്‌ക് വയ്ക്കാതെ സമീപത്ത് നില്‍ക്കാനാകാത്ത സ്ഥിതിയാണെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്.

നദി വൃത്തിയാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് പ്രാദേശിക ഭരണകൂടം വ്യക്തമാക്കുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മെനിന്‍ഡിയില്‍ പ്രത്യേക കേന്ദ്രം തുറന്നിട്ടുണ്ട്. ജനങ്ങള്‍ക്ക് ഭയം വേണ്ടെന്നും കുടിവെള്ള വിതരണം നടത്താന്‍ മറ്റ് മാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും നഗരാധികാരികള്‍ അറിയിച്ചു

വെള്ളപ്പൊക്കം ജലത്തിലെ ഓക്‌സിജന്‍ അളവ് കുറച്ചെന്നും ഉയര്‍ന്ന ചൂടായതോടെ, മത്സ്യങ്ങള്‍ക്ക് നിലനില്‍ക്കാനാവശ്യമായ ഓക്‌സിജന്‌റെ അളവ് കൂടിയെന്നും ഇതുമൂലം, ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കാതെ മത്സ്യങ്ങള്‍ ചത്തുപൊങ്ങുകയായിരുന്നുഎന്നുമാണ് ശാസ്ത്രജ്ഞരുടെ വിശദീകരണം. കഴിഞ്ഞ ഫെബ്രുവരിയിലും ഡാര്‍ലിങ് - ബാക്ക നദിയില്‍ സമാനമായ രീതിയില്‍ മത്സ്യങ്ങള്‍ ചത്തിരുന്നു. 2018ലും 2019 ലും സമാന പ്രതിഭാസം മെനിന്‍ഡീയില്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

logo
The Fourth
www.thefourthnews.in