പ്രകൃതി സംരക്ഷണം ലക്ഷ്യം:
ഊര്‍ജ മേഖലയില്‍ 
ഇനി ഹൈഡ്രജന്‍ കാലം

പ്രകൃതി സംരക്ഷണം ലക്ഷ്യം: ഊര്‍ജ മേഖലയില്‍ ഇനി ഹൈഡ്രജന്‍ കാലം

ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കാന്‍ ദേശീയ ഹരിത ഹൈഡ്രജന്‍ മിഷന്‍.
Updated on
3 min read

കാര്‍ബണിന്റെയും ഹരിതഗൃഹ വാതകങ്ങളുടെയും പുറന്തള്ളല്‍ കുറയ്ക്കാനായി ദേശീയ ഹരിത ഹൈഡ്രജന്‍ മിഷന്‍ നടപ്പാക്കുന്നു. ഇതിനായി 19744 കോടി രൂപയാണ് വകയിരുത്തുന്നത്. ആഗോള ക്ലീന്‍ ഊര്‍ജ്ജ മേഖലയില്‍ ഗ്രീന്‍ ഹൈഡ്രജന്‍ ഊര്‍ജോത്പാദനരംഗത്തു മുന്നേറുകയാണ് ഇന്ത്യയുടെ ലക്ഷ്യം. രാജ്യത്തെ ഊര്‍ജോത്പാദനത്തിന്റെ 60 ശതമാനവും ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നാണ്.

ഹരിത ഹൈഡ്രജന്‍ വരുന്നവഴി

പാരമ്പര്യേതര ഊര്‍ജ സ്രോതസുകളായ കാറ്റ്, സോളാര്‍ ഊര്‍ജം എന്നിവയെ ഉപയോഗപ്പെടുത്തി വെള്ളത്തില്‍ നിന്നാണ് ഇലക്ട്രോ ലൈസറുകള്‍ വഴി ഹൈഡ്രജന്‍ ഊര്‍ജ്ജം ഉത്പാദിക്കുന്നത്. വാഹനങ്ങളില്‍ ഹൈഡ്രജന്‍ ബാറ്ററി ഉപയോഗിക്കുന്നതിലും സൂക്ഷിപ്പിലും വിനിമയത്തിലുമുള്ള സാങ്കേതിക വിദ്യയില്‍ ഇന്ത്യ ഏറെ മുന്നേറാനുണ്ട്. 2030 തോടു കൂടി പ്രതിവര്‍ഷം 50 ദശലക്ഷം ടണ്‍ ഹരിത ഹൈഡ്രജന്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. ഇതിലൂടെ ഒരു ലക്ഷം കോടി രൂപയുടെ ഫോസില്‍ ഇന്ധന ഇറക്കുമതി കുറയ്ക്കാമെന്നാണ് കണക്കാക്കിയിരിക്കുന്നത്. മാതൃക പദ്ധതിക്കായി 1466 കോടി രൂപയും, ഗവേഷണത്തിനായി 400 കോടി രൂപയും നീക്കിവയ്ക്കും.

എട്ടു ലക്ഷം കോടി രൂപയുടെ നിക്ഷേപം

കാലാവസ്ഥാ മാറ്റം മൂലമുള്ള പ്രത്യാഘാതങ്ങളെ നേരിടാന്‍ സഹായിക്കുന്നതോടൊപ്പം എട്ടു ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യ ഈ മേഖലയില്‍ പ്രതീക്ഷിക്കുന്നത്. ഇതിലൂടെ ആറു ലക്ഷം തൊഴിലവസരങ്ങള്‍ വരുമെന്നാണ് കണക്ക്. സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തം, സ്‌കില്‍ വികസനം, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് എന്നിവയും മിഷന്റെ ഭാഗമായി നിലവില്‍ വരും. ഇലട്രോലൈസര്‍ നിര്‍മാണം, ഹൈഡ്രജന്‍ ബാറ്ററി ഉത്പാദനം എന്നിവയില്‍ സാങ്കേതിക വിദ്യ ഉരുത്തിരിച്ചെടുക്കുന്നതിലാണ് പദ്ധതി മുന്‍ഗണന നല്‍കുന്നത്. കല്‍ക്കരിയില്‍ നിന്ന് ഒരു കിലോഗ്രാം ഹൈഡ്രജന്‍ ഇന്ധന ഉത്പാദനത്തിന് 0 .09- 1.5 ഡോളര്‍ ചെലവു വരും. എന്നാല്‍ പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസുകളില്‍ നിന്നുള്ള ഉത്പാദനത്തിന് 3 .5 -5 .5 ഡോളര്‍ ചെലവ് വരും. എന്നാല്‍ സൗരോര്‍ജ്ജത്തിന്റെ നിരക്ക് കുറയുന്നതോടെ കുറഞ്ഞ ചെലവില്‍ ഹൈഡ്രജന്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കാമെന്നാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായി 60 -100 ഗിഗാ വാട്ട് ശേഷിയുള്ള ഇലക്ട്രോലൈസറുകളും, 125 ഗിഗാ വാട്ട് ശേഷിയുള്ള പാരമ്പര്യേതര ഊര്‍ജ്ജ ശൃംഖലകളും ആവശ്യമാണ്.

പാരമ്പര്യേതര സ്രോതസിലേക്ക് മാറ്റാന്‍ ശ്രമം

ഊര്‍ജ്ജമേഖലയില്‍ വൈദ്യുതിയുടെ ഉപഭോഗത്തില്‍ 0.46 ശതമാനത്തിലുണ്ടാകുന്ന വര്‍ധനവ് മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ ഒരു ശതമാനത്തിന്റെ വര്‍ധനവിനിടവരുത്തും. രാജ്യത്തെ വൈദ്യുതി ഉത്പാദനത്തില്‍ 52 ശതമാനം കല്‍ക്കരിയും, 44 ശതമാനം പാരമ്പര്യേതര ഊര്‍ജസ്രോതസുകളുമാണ് സംഭാവന ചെയ്യുന്നത്. 2026-27 ഓടു കൂടി രാജ്യത്തെ വൈദ്യുതി ഉത്പാദനം 620 ഗിഗാ വാട്ടിലെത്തുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ആഗോള ജനസംഖ്യയുടെ നാലിലൊന്ന് വരുന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ഭൂവിസ്തൃതി ലോകത്തിന്റെ അഞ്ചു ശതമാനം മാത്രമാണ്. വൈദ്യുതി ഉത്പാദനച്ചെലവ് ഏറ്റവും കുറവ് ഭൂട്ടാനിലും, കൂടുതല്‍ ഇന്ത്യയിലുമാണ്. ഈ അവസരത്തിലാണ് ഇന്ത്യ മൊത്തം ഉപഭോഗത്തിന്റെ 40 ശതമാനത്തോളം പാരമ്പര്യേതര സ്രോതസിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നത്.

ഐക്യരാഷ്ട്രസംഘടനയുടെ കാലാവസ്ഥ ഉച്ചകോടികളായ COP 26, COP 27 ലും 2070 ഓടുകൂടി ഇന്ത്യ കാര്‍ബണ്‍ പുറന്തള്ളല്‍ തോത് പൂജ്യത്തിലെത്തിക്കുമെന്നാണ് പ്രഖ്യാപിച്ചത്. ഇതിനായി പാരമ്പര്യേതര ഊര്‍ജോത്പാദനം 2030 ഓടെ 450- 500 ഗിഗാ വാട്ടില്‍ എത്തിക്കേണ്ടതുണ്ട്. ജലവൈദ്യുതി, സോളാര്‍, കാറ്റ്, ജിയോ തെര്‍മല്‍ എന്നിവ ഇതിനായി ഉപയോഗിക്കും. ക്ലീന്‍ എനര്‍ജി ഉത്പാദനത്തിനാണ് ലോകത്താകമാനം പ്രാധാന്യം ലഭിക്കുന്നത്. അടുത്തകാലത്തായി പാരമ്പര്യേതര ഊര്‍ജ്ജ മേഖലയില്‍ ഹൈഡ്രജന് പ്രാധാന്യമേറിവരുന്നുമുണ്ട്.

കാര്‍ബണിന്റെ പുറന്തള്ളല്‍ തീരെയില്ല

കാര്‍ബണിന്റെ പുറന്തള്ളല്‍ തീരെയില്ല എന്നത് ഹൈഡ്രജന്‍ ഇന്ധനത്തിന്റെ പ്രത്യേകതയാണ്. ഇന്ത്യയുടെ ഹരിത ഹൈഡ്രജന്‍ നയത്തില്‍ ഈ മേഖലയില്‍ വന്‍ സാധ്യതകളാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇന്ത്യയുടെ പ്രതിശീര്‍ഷ ഊര്‍ജ്ജ ഉപഭോഗം ആഗോള ശരാശരിയുടെ മൂന്നിലൊന്നും, അമേരിക്കയുടെ 1/25 മാണ്. ഇറക്കുമതി അധിഷ്ഠിത ഊര്‍ജ സ്രോതസുകള്‍ ഉയര്‍ന്ന വിലയുടെ കാര്യത്തില്‍ ഊര്‍ജ്ജ സുരക്ഷയ്ക്ക് ഭീഷണിതന്നെയാണ്. കല്‍ക്കരി, പെട്രോള്‍, ഡീസല്‍ എന്നിവ ഇവയില്‍പ്പെടുന്നു. കുറഞ്ഞ സ്ഥലത്ത് സൂക്ഷിക്കാനും കടത്തുവാനും എളുപ്പമാണ്. വ്യവസായ മേഖലയിലെ കാര്‍ബണിന്റെ അളവില്ലാതാക്കാനും ഹൈഡ്രജന്‍ ഇന്ധനത്തിന് കഴിയും. ഇന്ത്യയുടെ ഹൈഡ്രജന്‍ ഉപഭോഗം 7.6 ടിഎംടി മാത്രമാണ്. ഇത് 2050 തോടുകൂടി 28 മെട്രിക്ക് ടണ്ണാക്കിയാല്‍ 25 ശതമാനം കയറ്റുമതിക്ക് സാധ്യതയുണ്ടെന്ന് ടെറി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഹൈഡ്രജന്‍ ഉത്പാദനത്തിന് ഒരു കിലോഗ്രാമിന് ഒമ്പതു ലിറ്റര്‍ എന്ന തോതില്‍ വെള്ളം ആവശ്യമാണ്. യഥേഷ്ടം വെള്ളം ലഭിക്കുന്ന സ്ഥലങ്ങളില്‍ മാത്രമേ പദ്ധതി നടപ്പിലാക്കാന്‍ സാധിക്കൂ. ഹൈഡ്രജന്‍ ഉപയോഗത്തിലൂടെ ഊര്‍ജ്ജ സുരക്ഷ, സുസ്ഥിരത, ലഭ്യത എന്നിവയോടൊപ്പം സാമ്പത്തിക നേട്ടവും കൈവരിക്കാം.

ആവശ്യകത വിലയിരുത്തണം

വ്യവസായ സ്ഥാപനങ്ങളുടെ ആവശ്യകത വിലയിരുത്തണം. ഹരിത ഹൈഡ്രജന്‍ ഉത്പാദന വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കണം. ഹൈഡ്രജനും, പ്രകൃത്യാലുള്ള വാതകങ്ങളുടെയും കൂട്ടിച്ചേര്‍ക്കല്‍ നിയമങ്ങള്‍, കാര്‍ബണ്‍ നിരക്കുകള്‍ എന്നിവ പ്രത്യേകം വിലയിരുത്തേണ്ടതുണ്ട്. റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റില്‍ വന്‍ മുതല്‍ മുടക്ക് വേണ്ടിവരും. ഗതാഗതത്തിനുള്ള സുസ്ഥിര ഊര്‍ജ്ജ ഉപാധിയായി ഹൈഡ്രജനെ മാറ്റാം. ഹൈഡ്രജന്‍ അധിഷ്ഠിത സാങ്കേതിക വിദ്യ കൂടുതല്‍ വിപുലപ്പെടുത്താം.

ഊര്‍ജ്ജ നിരക്കും ഇലക്‌ട്രോലൈസറിന്റെ വിലയുമാണ് ഉത്പാദനത്തിന് തടസം സൃഷ്ടിക്കുന്ന ഘടകങ്ങള്‍. ഇതിനായി പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയിലൂടെ സബ് സിഡി നല്‍കിയാല്‍ രാജ്യത്തിന് അതിവേഗം ഊര്‍ജ്ജ സുരക്ഷ കൈവരിക്കാന്‍ സാധിക്കും. രാജ്യത്താകമാനം ഇലക്ട്രിക്ക് വാഹനങ്ങളോടുള്ള താത്പര്യം വര്‍ധിച്ചു വരുന്നുണ്ട്. ഇതിനാനുപാതികമായി ഇലക്ട്രിസിറ്റിയുടെ വര്‍ധിച്ച ആവശ്യകത വേണ്ടിവരും. ഫോസില്‍ ഇന്ധനങ്ങളായ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില ക്രമാതീതമായി വര്‍ധിച്ചു വരികയാണ്. ഹരിതഗൃഹവാതകങ്ങളുടെ അളവ് കുറച്ച് ആഗോളതാപനം കുറയ്ക്കാനും, പ്രതിശീര്‍ഷ ഊര്‍ജ്ജ ഉപഭോഗച്ചെലവ് കുറയ്ക്കാനും, കൂടുതല്‍ വ്യവസായങ്ങള്‍ സാധ്യമാക്കാനും ഹൈഡ്രജന്‍ ഇന്ധനത്തിന് കഴിയും. ക്ലീന്‍ എനര്‍ജി രംഗത്തുള്ള ആഗോളമാറ്റങ്ങള്‍ക്കനുസരിച്ച് ഹൈഡ്രജന്‍ ഇന്ധന മേഖലയില്‍ വന്‍ സാധ്യതകളാണുള്ളത്. ഒരു കിലോഗ്രാം ദ്രവീകൃത ഹൈഡ്രജന് 9-10 ഡോളര്‍ വിലവരും. ഹൈഡ്രജന്‍ പമ്പുകളും, വിപണനശൃഖലകളും വേഗത്തില്‍ തന്നെ നിലവില്‍ വരും.

logo
The Fourth
www.thefourthnews.in