വയലറ്റിൽ പൊതിഞ്ഞു ഗിരിനിരകൾ ; ചിക്കമഗളൂരുവിൽ കുറിഞ്ഞി വസന്തം
ചിക്കമഗളുരു ഒന്നൂടെ സുന്ദരിയായി .മുല്ലയനഗിരിയും ബാബ ബുദന്‍ഗിരിയും സീതാലയ്യന ഗിരിനിരകളുമൊക്കെ വയലറ്റ് ഉടുത്തിരിക്കുകയാണ് .നീണ്ട പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ചിക്കമഗളൂരില്‍ കാപ്പി പൂക്കളുടെ സുഗന്ധത്തിനൊപ്പം കുറിഞ്ഞി പൂക്കളുടെ വര്‍ണം കൂടി ചേരുകയാണ് .
ചിക്കമഗളൂരിലെ പ്രധാന ഹില്‍ സ്റ്റേഷനുകള്‍ ഒക്കെയും സഞ്ചാരികളെ കൊണ്ട് നിറഞ്ഞു കഴിഞ്ഞു . കുറിഞ്ഞി പൂത്തിറങ്ങി ഒരാഴ്ചയായി . കഴിഞ്ഞ ഞായറാഴ്ച അഭൂതപൂര്‍വമായ തിരക്കായിരുന്നു മുല്ലയനഗിരിയിലും ബാബബുദന്‍ ഗിരിയിലും അനുഭവപ്പെട്ടത് . അതിരാവിലെയും വൈകുന്നേരങ്ങളിലും കോട മഞ്ഞിനൊപ്പം കുറിഞ്ഞിപ്പൂക്കള്‍ ആസ്വദിക്കാനാണ് സഞ്ചാരികള്‍ക്കു പ്രിയം . നേരത്തെ എത്തിയ സന്ദര്‍ശകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കു വെച്ച ചിത്രങ്ങള്‍ കണ്ടാണ് മിക്കവരും കുന്നുകയറുന്നത് . കുറിഞ്ഞി പൂക്കുന്നതെന്നും ക്യാമറകള്‍ക്ക് വിരുന്നാണ് . ഫോട്ടോഗ്രാഫര്‍മാരുടെ വന്‍ പട തന്നെയുണ്ട് ചിക്കമഗളൂരിലെ കുറിഞ്ഞി പൂത്ത കുന്നുകളില്‍ . സെല്‍ഫിയും റീല്‍സും ചിത്രീകരിക്കാനെത്തുന്നവരും കുറവല്ല .
സന്ദര്‍ശകരുടെ എണ്ണം കൂടിയതോടെ പൂവുകള്‍ നശിപ്പിക്കപ്പെടാനുള്ള സാധ്യത ഉണ്ട് . ചിലരെങ്കിലും കുറിഞ്ഞിചെടികള്‍ പറിച്ചെടുത്തു കൊണ്ട് പോകാന്‍ ശ്രമിക്കുന്നുണ്ടെന്ന് കര്‍ണാടക ഹോര്‍ട്ടികള്‍ച്ചറല്‍ അധികൃതര്‍ ദ ഫോര്‍ത്തിനോട് പറഞ്ഞു . കുറിഞ്ഞി ചെടികള്‍ മലനിരകളില്‍ മാത്രമേ വളരൂ എന്ന് അവരെ ബോധ്യപ്പെടുത്തി അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നുണ്ട് .
പശ്ചിമ ഘട്ട മലനിരകള്‍ കടന്നു പോകുന്ന കേരളം തമിഴ്നാട് കര്‍ണാടക സംസ്ഥാനങ്ങളിലാണ് കുറിഞ്ഞി പൂക്കളുടെ വൈവിധ്യം കാണപ്പെടുന്നത് . കുറിഞ്ഞി പൂക്കളില്‍ നിന്നുള്ള തേനിന് ഔഷധ ഗുണം കൂടുതലാണെന്നു ഗവേഷണങ്ങളില്‍ തെളിഞ്ഞതായി സസ്യ ശാസ്ത്രജ്ഞര്‍ പറയുന്നു . കൂടുതല്‍ പഠനങ്ങള്‍ക്കായി കുറിഞ്ഞി പൂക്കള്‍ ശേഖരിക്കാന്‍ സസ്യ ഗവേഷകരും ചിക്കമഗളൂരില്‍ എത്തിയിട്ടുണ്ട് .കഴിഞ്ഞ വര്‍ഷം കര്‍ണാടകയിലെ കുടക് ജില്ലയില്‍ ആയിരുന്നു നീലക്കുറിഞ്ഞി പൂത്തത് .കുറിഞ്ഞിയുടെ 42 വെറൈറ്റികളാണ് ഇതുവരെ ഇന്ത്യയില്‍ കണ്ടെത്തിയത് .