2022, അസമിൽ കണ്ടാമൃഗവേട്ട നടക്കാത്ത വർഷം; 20 വർഷത്തിനുള്ളില്‍ ഇതാദ്യം
അസാമില്‍ 2022ല്‍ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളൊന്നും വേട്ടയാടപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. 20 വർഷത്തിനുള്ളില്‍ ഇതാദ്യമായാണ് സംസ്ഥാനത്ത് കാണ്ടാമൃഗങ്ങളൊന്നും വേട്ടയാടപ്പെടാതെയിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആയുധധാരികളായ കമാന്‍ഡോകളുടെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടേയും കനത്ത ജാഗ്രതയും നൂതന സാങ്കേതിക വിദ്യകളുടെ ഉപയോഗവുമാണ് ഈ നേട്ടം കൈവരിക്കാന്‍ സഹായകമായത്. അവസാനമായി 2021 ഡിസംബര്‍ 28നാണ് സംസ്ഥാനത്ത് കാണ്ടാമൃഗത്തെ വേട്ടയാടിയ സംഭവം അവസാനമായി ഉണ്ടായത്.
2013ലും 2014ലുമായി കാണ്ടാമൃഗങ്ങളെ വേട്ടയാടിയ 27 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്
2013ലും 2014ലുമായി കാണ്ടാമൃഗങ്ങളെ വേട്ടയാടിയ 27 കേസുകളാണ് അസമിൽ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2016ല്‍ 18 കാണ്ടാമൃഗങ്ങള്‍ കൊല്ലപ്പെട്ടു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് 2021 ജൂണില്‍ അസാം സര്‍ക്കാര്‍ വേട്ടക്കാരെ കണ്ടെത്തുന്നതിനും നടപടിയെടുക്കുന്നതിനുമായി ഒരു 22 അംഗ സമിതി രൂപീകരിക്കുകയും പോലീസ് സേന സ്‌പെഷ്യല്‍ ഡയറക്ടറായ ജി പി സിങിനെ സമിതിയുടെ മേധാവിയായി നിയോഗിക്കുകയും ചെയ്തിരുന്നു. ആ വർഷം ഒരു കണ്ടാമൃഗവേട്ടമാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ലോകത്ത് ജന്തുജാലങ്ങളില്‍ ഏറ്റവും വംശനാശ ഭീഷണി നേരിടുന്ന വിഭാഗമാണ് കാണ്ടാമൃഗം
ലോകത്ത് ജന്തുജാലങ്ങളില്‍ ഏറ്റവും വംശനാശ ഭീഷണി നേരിടുന്ന വിഭാഗമാണ് കാണ്ടാമൃഗം. വന്‍തോതിലുളള വേട്ടയാടലാണ് കാണ്ടാമൃഗങ്ങളുടെ വംശത്തിന് ഭീഷണിയാകുന്നത്. അവയുടെ സംരക്ഷണം ഉറപ്പ് വരുത്താനും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുമായി എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 22 കാണ്ടാമൃഗദിനമായി ആചരിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്ക ആസ്ഥാനമായ വേള്‍ഡ് വൈല്‍ഡ് ഫണ്ട് 2010ലാണ് സെപ്റ്റംബര്‍ 22 കാണ്ടാമൃഗ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. കാണ്ടാമൃഗങ്ങളെ ജീവനോടെ നിലനിര്‍ത്തുക എന്നതായിരുന്നു 2021ലെ മുദ്രാവാക്യം. ലോകത്ത് അഞ്ച് ഇനത്തിലുളള കാണ്ടാമൃഗങ്ങളാണുളളത്. വെളള, കറുപ്പ്, ജാവന്‍, ഒറ്റകൊമ്പന്‍,സുമാത്രന്‍ എന്നിങ്ങനെ ഇവയെ തരംതിരിക്കാം.
ഇന്ത്യയില്‍ കാണപ്പെടുന്നത് ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളാണ്. അസാമിലെ കാസിരംഗ ദേശീയോദ്യാനത്തിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കാണ്ടാമൃഗങ്ങളെ കാണാനാകുക. ലോകത്തെ ഏറ്റവും വലിയ ജന്തുകളില്‍ ഒന്നാണ് കാണ്ടാമൃഗം. ഇവയുടെ തൊലിക്കട്ടി വളരെ കൂടുതലാണ്. അത് പരാതജീവികളിൽ നിന്നും സൂര്യന്റെ കാഠിന്യത്തില്‍ നിന്നും സംരക്ഷണം നല്‍കും. കാണ്ടാമൃഗങ്ങളുടെ തൊലി വലിയ സംവേദനക്ഷമതയുളളതുമാണ്. ചര്‍മത്തില്‍ ചളി തേച്ച് പിടിപ്പിച്ചാണ് ഇവ കാടുകളില്‍ സഞ്ചരിക്കുക.
ഇവയുടെ കൊമ്പുകള്‍ ചൈനയിലും മറ്റ് ചില ഏഷ്യന്‍ രാജ്യങ്ങളിലും മരുന്നിനായി ഉപയാഗിക്കുന്നു
ഇവയുടെ കൊമ്പുകള്‍ ചൈനയിലും മറ്റ് ചില ഏഷ്യന്‍ രാജ്യങ്ങളിലും മരുന്നിനായി ഉപയോഗിക്കുന്നുണ്ട്. അതാണ് കാണ്ടാമൃഗ വേട്ട വ്യാപകമായ തോതില്‍ നടക്കാന്‍ കാരണം. ഇവയുടെ സംരക്ഷണത്തിനായി ലോകമാകെ വിവിധ പദ്ധതികള്‍ സര്‍ക്കാരും വിവിധ സംഘടനകളും ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട്. ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങള്‍ അതിന്റെ സ്വാഭാവികമായ പരിസ്ഥിതിയില്‍ കാണപ്പെടുന്ന കാസിരംഗ ദേശീയോദ്യാനം ഏറെ പ്രധാനപ്പെട്ടതാണ്. ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ഇവിടെയാണ് ഏറ്റവുമധികം ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളെ കാണപ്പെടുന്നത്.