ലോക പരിസ്ഥിതി ദിനം: ഭൂമിയെ സംരക്ഷിക്കാം, ശ്വാസം മുട്ടിക്കുന്ന പ്ലാസ്റ്റിക്കുകളില്‍നിന്ന്

ലോക പരിസ്ഥിതി ദിനം: ഭൂമിയെ സംരക്ഷിക്കാം, ശ്വാസം മുട്ടിക്കുന്ന പ്ലാസ്റ്റിക്കുകളില്‍നിന്ന്

പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനം
Updated on
2 min read

ഇന്ന് ലോക പരിസ്ഥിതി ദിനം. ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം, ഹരിതഗൃഹ പ്രഭാവം, വര്‍ധിച്ചുവരുന്ന ചൂട്, മലിനീകരണം തുടങ്ങി പരിസ്ഥിതിക്ക് കോട്ടംതട്ടുന്ന മാറ്റങ്ങളാണ് ദിനംപ്രതി സംഭവിച്ചുകൊണ്ടിരിക്കുന്നത്. പ്രകൃതി ദുരന്തങ്ങളും വൈറസ് ആക്രമണങ്ങളും വേറെയും.

വായുവും വെള്ളവും മണ്ണും സംരക്ഷിക്കേണ്ട ബാധ്യത നാമോരോരുത്തര്‍ക്കുമുണ്ട്. എന്നാല്‍ മനുഷ്യന്റെ അനിയന്ത്രിതമായ കടന്നുകയറ്റവും വിഭവ ചൂഷണവും പ്രകൃതിയെ ആകെ താറുമാറാക്കിയിരിക്കുകയാണ്. ഓരോ പരിസ്ഥിതി ദിനവും ഓരോ ഓര്‍മപ്പെടുത്തലുകളാണ്. മനുഷ്യന് മാത്രമല്ല മറ്റ് ജീവജാലനങ്ങള്‍ക്കും കൂടി അവകാശപ്പെട്ടതാണ് ഈ ഭൂമി. അത് നശിപ്പിക്കുകയല്ല, സംരക്ഷിക്കുകയാണ് വേണ്ടതെന്ന ഓര്‍മപ്പെടുത്തല്‍.

ഈ വര്‍ഷത്തെ പരിസ്ഥിതി ദിനം പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. പ്ലാസ്റ്റിക് ഉപയോഗം കുറച്ചില്ലെങ്കില്‍ വന്‍ ദുരന്തങ്ങള്‍ക്കായിരിക്കും ലോകം സാക്ഷിയാകാന്‍ പോകുന്നത്. ദൈനംദിന ജീവിതത്തിന്റെ ഭാഗമാണെന്നതിനാൽ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ മുഴുവനായും നിരോധിക്കുക സാധ്യമല്ല. 2060 ല്‍ എത്തുമ്പോഴേക്കും നിലവിലെ പ്ലാസ്റ്റിക് ഉപയോഗത്തിന്റെ മൂന്നിരട്ടി വര്‍നവുണ്ടാകുമെന്നാണ് കണക്കുകള്‍ പറയുന്നത്. പ്ലാസ്റ്റിക് ഉപയോഗം കുറച്ച് പുനരുപയോഗ സാധ്യതകള്‍ കൂടുതല്‍ കണ്ടെത്തുകയെന്നതാണ് ഭാവിയില്‍ പ്ലാസ്റ്റിക് മുഖേന ഉണ്ടാകുന്ന വന്‍ ദുരന്തം ഒഴിവാക്കാന്‍ ചെയ്യാനാകുന്നത്.

20 വര്‍ഷം മുന്‍പ് ഉപയോഗിച്ചതിന്റെ ഏതാണ്ട് ഇരട്ടി, അതായത് 460 ദശലക്ഷം ടണ്ണാണ് ഇപ്പോഴത്തെ പ്ലാസ്റ്റിക് ഉപയോഗം. ഈ കണക്ക് പ്രകാരം 2060 ഓടെ പ്ലാസ്റ്റിക് ഉല്‍പ്പാദനം മൂന്നിരട്ടിയാകും. ഹരിതഗൃഹ പ്രഭാവത്തിന്റെ കാരണങ്ങളില്‍ 3.4 ശതമാനത്തോളം പ്ലാസ്റ്റിക്കുകളാണ്. കണക്കുകള്‍ ശേഖരിക്കപ്പെടുന്ന 15 ശതമാനം പ്ലാസ്റ്റിക്കുകളില്‍ ഒന്‍പത് ശതമാനം മാത്രമേ പുനഃരുപയോഗിക്കുന്നുള്ളൂ. 45 ശതമാനം ഉപയോഗശൂന്യമായി ഭൂമിയില്‍ ബാക്കിയാകുകയാണ്.

സമുദ്രങ്ങളിലും നദികളിലും മറ്റ് ജലാശയങ്ങളിലും ജലസംഭരണികളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറയുകയാണ്. ഏതാണ്ട് 30 ദശലക്ഷം ടണ്‍ മാലിന്യങ്ങളാണ് സമുദ്രങ്ങളിലു ള്ളതെന്നാണ് കണ്ടെത്തല്‍. നദികളിലാകട്ടെ 109 ദശലക്ഷവും. സമുദ്ര, ജല ജീവികളുടെ ജീവന് ഭീഷണിയാകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഭക്ഷ്യശൃംഖലയെയും കാര്യമായി ബാധിക്കും.

ഏതാണ്ട് 30 ദശലക്ഷം ടണ്‍ മാലിന്യങ്ങളാണ് സമുദ്രങ്ങളില്‍ ഉള്ളതെന്നാണ് കണ്ടെത്തല്‍

പരിസ്ഥിതി എന്‍ജിഒയായ ടോക്‌സിക്‌സ് ലിങ്കിന്റെ ഡയറക്ടര്‍ രവി അഗര്‍വാളിന്റെ അഭിപ്രായത്തിൽ പ്ലാസ്റ്റിക്കിനു രണ്ട് പ്രധാന ദോഷങ്ങളാണുള്ളത്. ഒന്നാമത്തെ പ്രശ്‌നം സമുദ്രത്തിൽ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക്കുകള്‍ സൃഷ്ടിക്കുന്നതാണ്. ലോക വ്യാപകമായി ഏകദേശം 350 ദശ ലക്ഷം ടണ്‍ പ്ലാസ്റ്റിക്കാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. എന്നാല്‍ ഈ മാലിന്യങ്ങള്‍ ജൈവ വിഘടനത്തിന് വിധേയമാകില്ലെന്നുള്ളതാണ് വാസ്തവം. വര്‍ഷങ്ങളോളം മാലിന്യമായി തുടരാന്‍ ഇവയ്ക്കാകും.

സമുദ്രത്തിലെ ഏറ്റവും ആഴമേറിയ സ്ഥലം എന്നറിയപ്പെടുന്ന മരിയാന ട്രഞ്ച് വരെ വ്യാപിച്ചിരിക്കുന്നു പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍. പൊങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക്കുകള്‍ തീറ്റയാണെന്ന് തെറ്റിദ്ധരിച്ച് പക്ഷികളും മത്സ്യങ്ങളും ഭക്ഷണമാകുന്നതും വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. അഞ്ച് മില്ലി ലിറ്ററോ അതില്‍ കുറവോ വലിപ്പമുള്ള മൈക്രോ പ്ലാസ്റ്റിക്കുകള്‍ കുടി വെള്ളത്തിലൂടെയും കഴിക്കുന്ന മത്സ്യത്തിലൂടെയും ശരീരത്തിലെത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ടാമത്തെ പ്രശ്‌നം വിഷ രാസവസ്തുക്കളുടെ വാഹകരാണ് പ്ലാസ്റ്റിക്കുകളെന്നുള്ളതാണ്. ക്രോമിയം പോലെയുള്ള ഘനലോഹങ്ങള്‍, എന്‍ഡോക്രൈന്‍ ഡിസ്റപ്റ്റിങ് കെമിക്കല്‍സ് (ഇഡിസി), ബിപിഎ (ബിസ്ഫെനോള്‍ എ), ഫ്താലേറ്റുകള്‍, ബിഎഫ്ആര്‍ (ഫ്‌ലേം റിട്ടാര്‍ഡന്റുകള്‍) മുതലായവ, പ്ലാസ്റ്റിക് പാക്കേജിങ്ങിൽനിന്നും ഫീഡിങ് ബോട്ടിലുകളില്‍ നിന്നും ഇലക്ട്രോണിക് ഉത്പന്നങ്ങളില്‍നിന്നും ഉപയോഗസമയത്തോ മാലിന്യനിര്‍മാര്‍ജന വേളയിലോ പുറത്തേക്ക് ഒഴുകുന്നു. ഇവ അർബുദം, നാഡീ സംബദ്ധമായ രോഗങ്ങള്‍ മുതലായവയ്ക്ക് കാരണമാകും.

പ്ലാസ്റ്റിക്കും ആഗോള താപനവും

പ്ലാസ്റ്റിക്കുകള്‍ ആഗോളതാപനത്തിന്റെ അളവ് വര്‍ധിപ്പിക്കാന്‍ കാരണമാകുന്നു. ഏറ്റവും കൂടുതല്‍ ഊര്‍ജം ഉപയോഗിക്കുന്ന നിര്‍മാണപ്രക്രിയയാണ് പ്ലാസ്റ്റിക്കിന്റെ ഉത്പാദനം. അസംസ്‌കൃത എണ്ണ പോലുള്ള ഫോസില്‍ ഇന്ധനങ്ങളില്‍നിന്ന് ചൂട് കടത്തിവിട്ടും അഡിറ്റീവുകള്‍ ഉപയോഗിച്ചുമാണ് പോളിമറായി പ്ലാസ്റ്റിക് രൂപാന്തരപ്പെടുന്നത്. ഇതിലൂടെ 1. 8 ബില്യണ്‍ മെട്രിക് ടണ്‍ ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നതായാണ് കണക്കുകള്‍.

പ്ലാസ്റ്റിക് ഉപയോഗം കുറച്ച് ഭൂമിയെ സംരക്ഷിക്കാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്

എങ്ങനെ നിയന്ത്രിക്കാം പ്ലാസ്റ്റിക് ?

പുനരുപയോഗം ചെയ്യാനാകാത്ത പ്ലാസ്റ്റിക്കുകള്‍ കുറയ്ക്കുക, മള്‍ട്ടി ലെയേര്‍ഡ് പ്ലാസ്റ്റിക് പോലുള്ള വസ്തുക്കള്‍ നിരോധിക്കുക, വ്യവസ്ഥാപിത പരിഷ്‌കരണം നടപ്പിലാക്കുക, പരിസ്ഥിതി ബോധമുള്ള ജീവിതശൈലി ശീലിക്കുക, കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കുക എന്നിങ്ങനെ പ്ലാസ്റ്റിക്കിന്റെ നേരിടാന്‍ വഴികളേറെയുണ്ട്.

പ്ലാസ്റ്റിക് രഹിത ജീവിതം നമുക്ക് സങ്കല്പിക്കാനാകുമോയെന്നത് ചിന്തിക്കേണ്ട വിഷയമാണ്. എന്നിരുന്നാലും മെച്ചപ്പെട്ടതും പരിസ്ഥിതി സൗഹൃദവും നശിപ്പിക്കാവുന്നതുമായ ജൈവ-പ്ലാസ്റ്റിക് വസ്തുക്കള്‍ നിർമിക്കുന്നതിലൂടെ, പാക്കേജിങ് കുറയ്ക്കുന്നതിലൂടെ, മാലിന്യസംസ്‌കരണവും നിര്‍മാര്‍ജനവും മെച്ചപ്പെടുത്തുന്നതിലൂടെ ഒരു പരിധി വരെ പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാനാനാകും. പ്ലാസ്റ്റിക് ഉപയോഗം കുറച്ച് ഭൂമിയെ സംരക്ഷിക്കാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. അതാവണം ഈ പരിസ്ഥിതി ദിനത്തില്‍ നാം കൈക്കൊള്ളേണ്ടുന്ന തീരുമാനം.

logo
The Fourth
www.thefourthnews.in