ചീറ്റകളെത്തി, ഇനി വെല്ലുവിളി പരിപാലനം
രാജ്യത്ത് ചീറ്റ വംശത്തെ നിലനിര്‍ത്തുന്നതിനായുള്ള പ്രോജക്ട് ചീറ്റയുടെ ഭാഗമായി നമീബിയയിൽ നിന്ന് എത്തിച്ച ചീറ്റകളെ ഇന്നലെയാണ് തുറന്നുവിട്ടത്. നമീബിയയിൽ നിന്ന് മഹാരാഷ്ട്രയിലെ ഷിയാപൂരിൽ കുനോ ദേശീയോദ്യാനത്തിലേക്കുള്ള ചീറ്റകളുടെ വരവ് ആഘോഷമാക്കിയെങ്കിലും പുതിയ ആവാസ വ്യവസ്ഥയിൽ അവയെ പരിപാലിക്കുക എന്ന വലിയ ദൗത്യമാണ് ഇനി രാജ്യത്തിന് മുന്നിലുള്ളത്. അതത്ര എളുപ്പമല്ല.
ചീറ്റകളുടെ ആരോഗ്യസ്ഥിതി മുതൽ, അവയുടെ ഭക്ഷണത്തിലെ ക്രമീകരണവും ദിനചര്യകളും വരെ നിരീക്ഷിച്ച് പുതിയ ആവാസവ്യവസ്ഥയുമായി അവ ഇണങ്ങി ചേരുന്നുണ്ടോ എന്ന് നിരീക്ഷിക്കേണ്ടത് ആവശ്യമാണ്. പാൽപൂർ ദേശീയോദ്യാനത്തിലെ വനപാലകരെയാണ് ഇതിനായി നിയമിച്ചിരിക്കുന്നത്. ഇരുപത്തിനാല് മണിക്കൂറിലധികം യാത്ര ചെയ്ത് കുനോയിലെത്തിയ ചീറ്റകൾ ആള്‍ക്കൂട്ടം കണ്ട് ആദ്യം പരിഭ്രാന്തരായെങ്കിലും പിന്നീട് ശാന്തരായി. ഒരുമാസത്തെ ക്വാറന്റീനാണ് ചീറ്റകൾക്ക് ഉള്ളത് . ഈ ഘട്ടം ഏറെ നിർണായകവുമാണ്.
പുതിയ ആവാസവ്യവസ്ഥയുമായി പൊരുത്തപ്പെടണം
ചീറ്റകൾ പുതിയ ആവാസവ്യവസ്ഥയുമായി പൊരുത്തപ്പെടുക എന്നാണ് ആദ്യ വെല്ലുവിളി. കുനോയിലേക്കുള്ള യാത്ര ചീറ്റകളില്‍ സമ്മര്‍ദമുണ്ടാക്കിയിട്ടുണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ വെറ്റിനറി വിദഗ്ധന്‍ അഡ്രിയാന്‍ ടോര്‍ഡിഫ് പറഞ്ഞു. ഇത് അവരിൽ അസ്വസ്ഥതയുണ്ടാക്കും. ചില സാഹചര്യങ്ങളിൽ കടുത്ത രോഗാവസ്ഥയുണ്ടാകാൻ സാധ്യതയുള്ളതിനാൽ, അവയെ ശാന്തരാക്കേണ്ടതും, വിശ്രമിക്കാൻ അനുവദിക്കേണ്ടതും വളരെ പ്രധാനമാണെന്നും വിദഗ്ധര്‍ പറയുന്നു. ഇതിനായി മനുഷ്യരിൽ സ്കീസോഫ്രീനിയ എന്ന മാനസികാവസ്ഥയെ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്ന മരുന്ന് അവയില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇത് ചീറ്റകളില്‍ മയക്കമുണ്ടാക്കാന്‍ സഹായിക്കും.
സംരക്ഷിത മേഖലയിൽ നിന്ന് ചീറ്റകളെ നിരീക്ഷിക്കാനും കണ്ടെത്താനും കഴിയുന്ന സാറ്റലൈറ്റ് കോളറുകൾ ഘടിപ്പിച്ചിട്ടുണ്ട്.
ശ്വസന രീതി, ദഹനം, ഉദര ബുദ്ധിമുട്ടുകൾ, ഭക്ഷണത്തോടുള്ള പ്രിയം എന്നിവ പരിശോധിച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും ആഫ്രിക്കയിൽ നിന്നുള്ള വിദഗ്‌ധരും രോഗം നിർണയിക്കുന്നത്. സംരക്ഷിത മേഖലയിൽ നിന്ന് പുറത്തുപോയാൽ, അവയെ നിരീക്ഷിക്കാനും കണ്ടെത്താനും കഴിയുന്ന സാറ്റലൈറ്റ് കോളറുകൾ ഘടിപ്പിച്ചിട്ടുണ്ട്.
ചീറ്റകളെ ആഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിക്കുന്ന പ്രക്രിയ പൂർത്തിയായതോടെ, അവയെ ആരോഗ്യത്തോടെ നിലനിർത്തുക എന്ന ഉത്തരവാദിത്വത്തിലേക്കായി ഇനി ശ്രദ്ധ. പുതിയ ആവാസവ്യവസ്ഥയിൽ ഇരപിടിക്കാനുള്ള സാധ്യതകൾ അവ തന്നെ പരിശീലിക്കേണ്ടതായുണ്ട്. മാത്രമല്ല, ചീറ്റകളോട് ഇടപഴകാൻ കുനോയിലെ ജീവനക്കാർക്കും പരിശീലനം നൽകേണ്ടതുണ്ടെന്നും അതിനായി എല്ലാവിധ സഹായങ്ങളും നൽകുമെന്നും അമേരിക്കയിലെ ചീറ്റ സംരക്ഷണ ഫണ്ടിന്‍റെ നിര്‍വാഹക സമിതി ഡയറക്ടറായ ലോറി മാർക്കർ പറഞ്ഞു.
കുനോയിലുമുണ്ട് വെല്ലുവിളികള്‍
ചീറ്റകളെ പുനരധിവസിപ്പിക്കുന്നതിനായി ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന കുനോ ദേശീയോദ്യാനത്തിലെ സൗകര്യങ്ങൾ അപര്യാപ്തമാണെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. മനുഷ്യവാസമില്ലാത്ത അയ്യായിരം ചതുരശ്ര കിലോമീറ്റർ ഉണ്ടായിരുന്നാലും ചീറ്റയ്ക്ക് അത് പര്യാപ്തമല്ല. ചീറ്റകൾക്ക് കുറഞ്ഞത് പതിനായിരം ചതുരശ്ര കിലോമീറ്റർ വിസ്തൃതമായ പ്രദേശം ആവശ്യമാണ്. അതിനാൽ തന്നെ കുനോയുടെ സംരക്ഷിത മേഖലയിൽ പ്രതികൂല സാഹചര്യങ്ങളാണ് ഉള്ളതെന്നാണ് അവരുടെ വിലയിരുത്തൽ.
ചീറ്റകളുടെ എണ്ണം നിലനിർത്തുക പ്രയാസമായിരിക്കും. ആഫ്രിക്കയിൽ നിന്ന് കൂടുതൽ മൃഗങ്ങളെ എത്തിക്കാത്തിടത്തോളം ഇപ്പോഴുള്ളവയ്ക്ക് അതിജീവനം ദുഷ്കരമായേക്കുമെന്നാണ് വിലയിരുത്തൽ. വംശനാശ ഭീഷണി ഒഴിവാക്കാൻ നിരവധി വെല്ലുവിളികളുണ്ട്. ആഗോള തലത്തിൽ തന്നെ ഏഴായിരത്തിൽ താഴെ ചീറ്റകൾ മാത്രമേ അവശേഷിക്കുന്നുള്ളുവെന്നത് ഇതിന് ഉദാഹരണമാണ്.
ഈ വർഷം അവസാനത്തോടെ പന്ത്രണ്ട് ചീറ്റകളെ കൂടി ഇറക്കുമതി ചെയ്യാൻ ഇന്ത്യ ദക്ഷിണാഫ്രിക്കയുമായി കരാറില്‍ ഒപ്പിടും
എന്നാൽ, ഈ വർഷം അവസാനത്തോടെ പന്ത്രണ്ട് ചീറ്റകളെ കൂടി ഇറക്കുമതി ചെയ്യാൻ ഇന്ത്യ, ദക്ഷിണാഫ്രിക്കയുമായി ചർച്ച നടത്തി വരികയാണ്. ഇതുമായി ബന്ധപ്പെട്ട്, ഏതാനും ആഴ്ചകൾക്കുള്ളിൽ ദക്ഷിണാഫ്രിക്കക്കയുമായി കരാറിൽ ഒപ്പുവെയ്ക്കുമെന്ന് സർക്കാർ അധികൃതർ അറിയിച്ചു.1952 ൽ രാജ്യത്ത് നിന്ന് അപ്രത്യക്ഷമായ ചീറ്റവംശത്തെ തിരികെ കൊണ്ടുവരാനാണ് പ്രൊജക്റ്റ് ചീറ്റ കൊണ്ട് ലക്ഷ്യമിടുന്നത്. കൂടുതൽ ചീറ്റകൾ എത്തുന്നതിനുമുമ്പ് കൂടുതൽ തയ്യാറെടുപ്പുകൾ ആവശ്യമാണ്.