ജോഷിമഠ് ആവര്‍ത്തിച്ചേക്കാം; തെഹ്‌രി അടക്കമുള്ള പ്രദേശങ്ങളിൽ അതീവ ജാഗ്രത

ജോഷിമഠ് ആവര്‍ത്തിച്ചേക്കാം; തെഹ്‌രി അടക്കമുള്ള പ്രദേശങ്ങളിൽ അതീവ ജാഗ്രത

മുമ്പ് ഇടിഞ്ഞ് താണ ഭൂമിയുടെ അവശിഷ്ടങ്ങള്‍ക്ക് മേല്‍ ഉണ്ടായ ആവാസവ്യവസ്ഥകള്‍ ഇതിനകം തന്നെ ഭീഷണിയിലാണ്. ഈ മേഖലകളിലെ അശാസ്ത്രീയ നിര്‍മാണ പ്രവർത്തനങ്ങളും അപകടങ്ങള്‍ക്ക് ആക്കം കൂട്ടുന്നു
Updated on
2 min read

ഉത്തരാഖണ്ഡിലെ ഋഷികേശ്-ബദ്രിനാഥ് ദേശീയ പാതയില്‍ സ്ഥിതി ചെയ്യുന്ന ഒരു മലയോര പട്ടണമാണ് ജോഷിമഠ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഭൗമശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവർത്തകരും ജോഷിമഠിലെ ഭൂമി ഇടിഞ്ഞ് താഴുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭൂമിയില്‍ വിള്ളല്‍ വീണുതുടങ്ങിയത് പ്രകടമാവുകയും വീടുകള്‍ക്ക് വിള്ളല്‍ വീഴുകയും ചെയ്‌തോടെയാണ് ഇപ്പോൾ ആശങ്കയേറിയത്. മുന്നറിയിപ്പുകള്‍ അവഗണിച്ച് നടത്തിയ നിര്‍മാണപ്രവൃത്തികളാണ് ജോഷിമഠില്‍ അപകടങ്ങള്‍ ഉണ്ടാക്കിയത്. ഏറെ പരിസ്ഥിതി ലോലമായ പ്രദേശമാണ് ഹിമാലയൻ മേഖല. ഭൂഗര്‍ഭ പാളികളുടെ സ്ഥാനചലനം മൂലം ഭൂമി ഇടിഞ്ഞ് താഴാന്‍ സാധ്യതയുള്ള മറ്റ് ചില സ്ഥലങ്ങളും ഈ മേഖലയിൽ ഉണ്ട്.

ഹിമാലയത്തിലെ ഉയർന്ന മേഖലകളിലേക്കും തീര്‍ഥാടന കേന്ദ്രങ്ങളിലേക്കും ചൈനയുമായി അതിർത്തി തർക്കം നിറയുന്ന തന്ത്രപ്രധാനമായ ഔട്ട്പോസ്റ്റുകളിലേക്കുമുള്ള കവാടമാണ് നിരവധി മനോഹരമായ പട്ടണങ്ങളും ഗ്രാമങ്ങളും ഉൾപ്പെടുന്ന ഉയര്‍ന്ന ഭൂകമ്പ സാധ്യതയുള്ള ഈ പ്രദേശം. 2013 ല്‍ ഉണ്ടായ പ്രളയത്തില്‍ ഉത്തരാഖണ്ഡില്‍ 5000 ത്തിലധികം ആളുകള്‍ മരിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങളിലെ ഭൂമിയുടെ അവസ്ഥ പരിഗണിക്കാതെ നടത്തുന്ന അശാസ്ത്രീയ നിര്‍മാണ പ്രവർത്തനങ്ങളാണ് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നത്. ഏകദേശം 1.9 ബില്യണ്‍ ഡോളര്‍ ചെലവ് വരുന്ന നാല് ജലവൈദ്യുത പദ്ധതികള്‍ നിലവില്‍ ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലാണ്. ജലവൈദ്യുത പദ്ധതികൾ പരിസ്ഥിതി ദുർബല മേഖലയെ കൂടുതൽ പ്രശ്നത്തിലാക്കുന്നു.

ഉത്താരാഖണ്ഡിലെ അപകട സാധ്യതയുള്ള സ്ഥലങ്ങള്‍

ജോഷിമഠ്

ഭൂമി ഇടിഞ്ഞു താഴുന്ന പ്രതിഭാസം 1970 മുതൽ ജോഷിമഠിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രധാന സൈനിക കേന്ദ്രമാണ് ജോഷിമഠ്. ദശലക്ഷക്കണക്കിന് ഭക്തര്‍ ഓരോ വര്‍ഷവും തീർഥാടനത്തിന് എത്തുന്ന മേഖല കൂടിയാണ് ഇത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എന്‍ടിപിസി ലിമിറ്റഡ് സമീപ പ്രദേശത്ത് ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണം നടത്തുന്നുണ്ട്. എന്‍ടിപിസിയുടെ പ്രവർത്തനം നിർത്തണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹര്‍ജി സുപ്രീം കോടതി അടുത്തയാഴ്ച പരിഗണിക്കും. എന്നാൽ ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുതി ഉത്പാദകരായ എന്‍ടിപിസി വിമർശനങ്ങൾ നിഷേധിക്കുകയാണ്.

തെഹ്‌രി

ഈ മേഖലയിലെ ചില വീടുകള്‍ക്ക് വിള്ളലുകള്‍ വീണിട്ടുണ്ട്. പ്രദേശത്ത് സ്ഥിതി ചെയ്യുന്ന തെഹ്‌രി ഡാം ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ടും ഏറ്റവും വലിയ ജല വൈദ്യുത പദ്ധതികളില്‍ ഒന്നുമാണ്. പ്രശസ്തമായമാരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് തെഹ്‌രി. അതിലോല പരിസ്ഥിതി പ്രദേശമായ ഇവിടെ വലിയൊരു ജല വൈദ്യുത പദ്ധതി നിലനില്‍ക്കുന്നതിന്റെ ആശങ്ക ഉയരുകയാണ്.

മാന

ചൈന അതിര്‍ത്തിയിലെ ഇന്ത്യയുടെ അവസാനത്തെ ഗ്രാമമാണ് മാന. 2020 ല്‍ ഉണ്ടായ ഇന്ത്യ - ചൈന അതിർത്തി തര്‍ക്കത്തെ തുടര്‍ന്ന് ഇവിടെ സൈനിക വിന്യാസം വര്‍ധിപ്പിച്ചിരുന്നു. മേഖലയിലെ ഗതാഗതം സംവിധാനം മെച്ചപ്പെടുത്തുന്നതിനായി നടപ്പാക്കുന്ന ദേശീയപാതാ നിർമാണം പുരോഗമിക്കുകയാണ് . എന്നാല്‍ വനമേഖലകളിലെ മരങ്ങള്‍ മുറിച്ച് മാറ്റുന്നത് മണ്ണിടിച്ചല്‍ വര്‍ധിപ്പിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ ആശങ്ക അറിയിച്ചിട്ടുണ്ട്.

ധാരാസു

പ്രദേശവാസികള്‍ക്കും ഹിമാലയന്‍ അതിര്‍ത്തിയിലേക്ക് എത്തേണ്ട സൈനികര്‍ക്കും നിര്‍ണായകമായ ലാന്‍ഡിങ് ഗ്രൗണ്ടാണ് ധാരാസു. മില്‍ട്ടറി ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റ് ആയ സി 130 ഇവിടെയാണ് ലാന്‍ഡ് ചെയ്യുന്നത്.

ഹര്‍ഷില്‍

ഹിമാലയന്‍ തീര്‍ഥാടന കേന്ദ്രങ്ങളില്‍ എത്തുന്നതിലെ ഒരു പ്രധാന നഗരമാണ് ഹര്‍ഷില്‍. സൈനിക പ്രവര്‍ത്തനങ്ങള്‍ക്കും ഈ മേഖല ഉപയോഗിക്കുന്നുണ്ട്. 2013 ലെ പ്രളയത്തില്‍ ഈ പ്രദേശം തകരുകയും പിന്നീട് രക്ഷാ പ്രവര്‍ത്തനം നടത്തുന്ന സെനികരുടെ ലൊജസ്റ്റിക് ഹബ് ആയി മാറുകയും ചെയ്തു.

ജോഷിമഠ് ആവര്‍ത്തിച്ചേക്കാം; തെഹ്‌രി അടക്കമുള്ള പ്രദേശങ്ങളിൽ അതീവ ജാഗ്രത
വിള്ളലുകള്‍ വ്യാപിക്കുന്നു; ആശങ്കയൊഴിയാതെ ജോഷിമഠ്; 45 കോടിയുടെ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു

ഗൗച്ചര്‍

ജോഷിമഠില്‍ നിന്ന് തെക്ക് പടിഞ്ഞാറ് ഭാഗത്ത് 100 കിലോമീറ്റര്‍ ദൂരത്തിലും അതിര്‍ത്തിയില്‍ നിന്ന് 200 കിലോമീറ്റര്‍ ദൂരത്തിലുമാണ് പ്രധാനപ്പെട്ട സൈനിക താവളമായ ഗൗച്ചാര്‍ സ്ഥിതി ചെയ്യുന്നത്. 2013 ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ രക്ഷാ - ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഭൂരിഭാഗവും ഈ പട്ടണത്തില്‍ നിന്നായിരുന്നു.

പിത്താരോഗഡ്

ഒരു പ്രധാന സൈനിക, സിവില്‍ ഹബ്ബാണ് പിത്താരോഗഡ്. വലിയ എയര്‍ക്രാഫ്റ്റുകളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന എയര്‍സ്ട്രിപ്പുകള്‍ ഉള്ളതിനാല്‍ സൈന്യത്തിന് നിര്‍ണായകമായ പ്രദേശമാണിത്.

മതിയായ ശാസ്ത്രീയ വിവരങ്ങളുടെ അഭാവത്തില്‍ ജോഷിമഠിലെ നാശനഷ്ടത്തിന്റെ കാരണം കൃത്യമായി കണ്ടെത്തുക ബുദ്ധിമുട്ടാണെന്ന് ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ നഗരത്തിലെ വാഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജി ഡയറക്ടര്‍ കാലാചന്ദ് സെയ്ന്‍ പറയുന്നു. ഈ പ്രദേശത്തിന്റെയും ഹിമാലയത്തിന്റെയും പരിസ്ഥിതിശാസ്ത്രം സങ്കീര്‍ണ്ണമാണെന്നും ഹിമാലയന്‍ മേഖലയെക്കുറിച്ച് സമഗ്രവും വിപുലവുമായ ഒരു ശാസ്ത്രീയ പഠനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

logo
The Fourth
www.thefourthnews.in