ഏഴുമാസത്തിനിടെ രാജ്യത്ത് ചത്തത് 74 കടുവകള്‍; ഏറ്റവും അധികം മധ്യപ്രദേശില്‍, കേരളത്തില്‍ നാല് മരണം
രാജ്യത്ത് ഈ വര്‍ഷം ഇതുവരെ 74 കടുവകള്‍ ചത്തതായി ദേശീയ കടുവ സംരക്ഷണ അതോറിറ്റി. ജൂലൈ 15വരെയുള്ള കണക്കുകളാണ് അതോറിറ്റി പുറത്തുവിട്ടത്. ഇന്ത്യയുടെ 'കടുവ സംസ്ഥാനം' എന്നറിയപ്പെടുന്ന മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 27 കടുവകളാണ് സംസ്ഥാനത്ത് ചത്തത്. ഇക്കാലയളവില്‍, മഹാരാഷ്ട്രയില്‍ 15 കടുവകള്‍ ചത്തു. കര്‍ണാടക 11, അസം അഞ്ച്, കേരളം, രാജസ്ഥാന്‍ നാല് വീതം , ഉത്തര്‍പ്രദേശ് മൂന്ന്, ആന്ധ്രാപ്രദേശ് രണ്ട്, ബിഹാര്‍, ഒഡീഷ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ ഒന്ന് വീതവും മരണം റിപ്പോര്‍ട്ട് ചെയ്തു.
കടുവകള്‍ തമ്മിലുള്ള ആക്രമണം, പ്രായാധിക്യം, അസുഖങ്ങള്‍, വേട്ടയാടല്‍, വൈദ്യുതാഘാതം എന്നിവയാണ് കടുവകളുടെ മരണത്തിന് പ്രധാന കാരണങ്ങളെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 2018ലെ ഓള്‍-ഇന്ത്യ ടൈഗര്‍ എസ്റ്റിമേഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച്, 526 കടുവകളുടെ ആവാസകേന്ദ്രമാണ് മധ്യപ്രദേശ്. കന്ഹ, ബാന്ധവ്ഗഡ്, പെഞ്ച്, സത്പുര, പന്ന, സഞ്ജയ് ദുബ്രി എന്നിങ്ങനെ ആറ് കടുവാ സങ്കേതങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇവയുടെ അടിസ്ഥാനത്തിലാണ് 'കടുവ സംസ്ഥാനം' എന്ന വിശേഷണം മധ്യപ്രദേശിന് ലഭിച്ചത്.
ഈ വര്‍ഷം ചത്ത 27 കടുവകളില്‍ ഒമ്പതെണ്ണം ആണും എട്ടെണ്ണം പെണ്ണുമായിരുന്നു. ബാക്കിയുള്ളവ കുട്ടിക്കടുവകളായിരുന്നു എന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ജൈവവൈവിധ്യ സംരക്ഷണത്തില്‍ കടുവകളുടെ പ്രാധാന്യം മനസ്സിലാക്കി, കേന്ദ്ര സര്‍ക്കാര്‍ 2008 ല്‍ സ്‌പെഷ്യല്‍ ടൈഗര്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (എസ്ടിപിഎഫ്) രൂപീകരിച്ചിരുന്നു. വേട്ടയാടല്‍ തടയുന്നതിന് പുറമെ വനമേഖലയിലെ അനധികൃത ഖനനം, മരം മുറിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് സേന പരിശോധിക്കുന്നത്. കര്‍ണാടക, ഒഡീഷ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ എസ്ടിപിഎഫ് നെ നിയമിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ കടുവകളുടെ ഗണ്യമായ സംഖ്യയുണ്ടെങ്കിലും മരണനിരക്ക് മധ്യപ്രദേശിനേക്കാള്‍ കുറവാണ്. കടുവകളെ സംരക്ഷിക്കാന്‍, സ്‌പെഷ്യല്‍ ടൈഗര്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (എസ്ടിപിഎഫ്) രൂപീകരിക്കാന്‍ സംസ്ഥാനങ്ങളോട് എന്‍ടിസിഎ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതുവരെ മധ്യപ്രദേശ് സര്‍ക്കാര്‍ എസ്ടിപിഎഫുകളെ രൂപീകരിച്ചിട്ടില്ല
കടുവകളെ സംരക്ഷിക്കാന്‍, സ്‌പെഷ്യല്‍ ടൈഗര്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് രൂപീകരിക്കാന്‍ സംസ്ഥാനങ്ങളോട് എന്‍ടിസിഎ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതുവരെയും മധ്യപ്രദേശ് സര്‍ക്കാര്‍ എസ്ടിപിഎഫുകളെ രൂപീകരിച്ചിട്ടില്ല
കടുവകള്‍ തമ്മിലുള്ള പോരാട്ടങ്ങള്‍ ഒഴിവാക്കാനാവില്ല, അവയെ സംബന്ധിച്ച് അതൊരു സ്വാഭാവിക പ്രക്രിയയാണെന്നാണ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ജെ. എസ് ചൗഹാന്‍ അഭിപ്രായപ്പെടുന്നത്. പ്രായാധിക്യം ഒരു പ്രശ്‌നമായി നിലനില്‍ക്കുന്നുണ്ട്. വേട്ടയാടല്‍ തടയാന്‍ മാത്രമേ വനംവകുപ്പിന് കഴിയൂ. അതിനായി പരിശ്രമിക്കുന്നുണ്ട്. എസ്ടിപിഎഫ് രൂപീകരണ കാര്യത്തില്‍ ആദ്യം അനുമതി നല്‍കിയ സംസ്ഥാനമാണ് മധ്യപ്രദേശ്. എന്നാല്‍ ഇതുവരെയും രൂപീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.