കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളായി തലയുയര്‍ത്തി നില്‍ക്കുന്ന നാട്ടുമാവായിരുന്നു ചെമ്പകമംഗലം ഗ്രാമത്തിന്റെ മേല്‍വിലാസം. പ്രദേശത്ത് ദേശീയപാത വികസനം അനിവാര്യമായതോടെ മാവിന്റെ കടയ്ക്കല്‍ മഴു വീഴാന്‍ പോവുകയാണ്. നാടിന് അത്രയേറെ പ്രിയപ്പെട്ട മുത്തശ്ശിമാവിന് യാത്രാമൊഴി നല്‍കാന്‍ നാട്ടുകാര്‍ ഒത്തുകൂടി. കനത്ത ചൂടില്‍ പ്രദേശത്തിനാകെ ആശ്വാസമേകിയ മാവ് ഓര്‍മ്മയാകുന്നതോടെ നിറയെ കായ്ച്ചിരുന്ന നാട്ടുമാങ്ങയുടെ രുചി കൂടിയാണ് നഷ്ടമാകുന്നത് . മുത്തശ്ശി മാവിന്റെ ചുവട്ടിലെത്തുന്ന ഓരോ കുട്ടിയോടും അവിടുത്തെ നാട്ടുകാര്‍ക്ക് ഒന്നേ പറയാനുള്ളൂ. തണലും തണുപ്പുമേകാന്‍ ഒരു മരമെങ്കിലും നടുക, ഭൂമിയുടെ പച്ചപ്പ് കാത്തുസൂക്ഷിക്കുക.