വയനാട്ടിലേത് മനുഷ്യനിര്‍മിത ദുരന്തമോ? ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാകാത്തതിനു പിന്നിലെന്ത്?

വയനാട്ടിലേത് മനുഷ്യനിര്‍മിത ദുരന്തമോ? ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാകാത്തതിനു പിന്നിലെന്ത്?

വയനാട്ടിലും മറ്റു സ്ഥലങ്ങളിലും ഉണ്ടായ ഉരുള്‍പൊട്ടലുകള്‍ മനുഷ്യ നിര്‍മിതമാണോ? എന്താണിതിന്റെ വസ്തുത.
Updated on
4 min read

വയനാട്ടിലേത് മനുഷ്യനിര്‍മിത ദുരന്തം, വന്‍ ഉരുള്‍പൊട്ടലിന് ഇനിയും സാധ്യത എന്നൊക്കെ ലോക ശാസ്ത്ര സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞതായുള്ള ചില വാര്‍ത്തകള്‍ വരുന്നുണ്ട്. വയനാട്ടിലും മറ്റു സ്ഥലങ്ങളിലും ഉണ്ടായ ഉരുള്‍പൊട്ടലുകള്‍ മനുഷ്യ നിര്‍മിതമാണോ? എന്താണിതിന്റെ വസ്തുത.

'' മനുഷ്യനുണ്ടാക്കിയ കാലാവസ്ഥാ വ്യതിയാനം മൂലം ഒറ്റ ദിവസം കൊണ്ട് വയനാട്ടില്‍ പെയ്ത 10 ശതമാനം അധിക മഴയാണ് വലിയ ദുരന്തത്തിലേക്ക് വഴിവെച്ചതെന്ന് വേള്‍ഡ് വെതര്‍ അട്രിബുഷന്‍ എന്ന ഗവേഷക സംഘത്തിന്റെ പഠനം പറയുന്നു''. ''ആഗോളതാപനമാണ് ഇത്തരം തീവ്രമഴയിലേക്ക് നയിക്കുന്നതെന്നാണ് വിലയിരുത്തല്‍'' ഇത്തരത്തിലാണ് വാര്‍ത്തകള്‍ പരക്കുന്നതെന്ന് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാനും കേരളകാര്‍ഷിക സര്‍വകലാശാലയിലെ ഡീനുമായിരുന്ന ഡോ. സി. ജോര്‍ജ് തോമസ് പറയുന്നു.

അന്തരീക്ഷം നമുക്ക് സ്വന്തമായുള്ളതല്ല, വാതകങ്ങള്‍ എപ്പോഴും കലര്‍ന്നു കൊണ്ടിരിക്കും

ഡോ. ജോര്‍ജ് തോമസ്

ഇത്തരത്തിലെ വാര്‍ത്തകള്‍ പരക്കുമ്പോള്‍ ആദ്യമുയരുന്ന ചോദ്യം ഏതു മനുഷ്യര്‍, എവിടുത്തെ മനുഷ്യര്‍ എന്നതാണ്. കാലാവസ്ഥയില്‍ വന്ന മാറ്റം കൊണ്ടാണ് ഇത്രയധികം മഴ പെയ്തത് എന്നത് സത്യമാണ്. വയനാട് പുത്തുമലയിലെ മഴമാപിനി 48 മണിക്കൂറിനുള്ളില്‍ 572 മില്ലി മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ഇത്രയധികം മഴ പെയ്താല്‍ ചെരിവ് പരിധിയിലപ്പുറമുള്ളിടത്ത് ഉരുള്‍പൊട്ടലുണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഉരുള്‍പൊട്ടല്‍ ഉണ്ടാകാനുള്ള ക്രിട്ടിക്കല്‍ ചെരിവ് 22 ഡിഗ്രി (40.4%) ആണ്. മലയടിവാരത്ത് ജനങ്ങള്‍ തിങ്ങി താമസിച്ചതാണ് ഇത്ര വലിയ ദുരന്തമായി ഉരുള്‍പൊട്ടല്‍ മാറാന്‍ കാരണമെന്ന് ഡോ. ജോര്‍ജ് തോമസ് പറയുന്നു.

കാലാവസ്ഥ മാറ്റവും കേരളവും

ആഗോളതലത്തില്‍ കാലാവസ്ഥ മാറ്റം ഉണ്ടാക്കുന്നതില്‍ ഇന്ത്യക്കും പ്രത്യേകിച്ച് കേരളത്തിനും വളരെ കുറഞ്ഞ പങ്കേയുള്ളൂ. ചൈനയും അമേരിക്കയുമാണ് ആകെ കാര്‍ബണ്‍ പുറന്തള്ളലിന്റെ 40 ശതമാനത്തിനും ഉത്തരവാദികള്‍. ഇന്ത്യയുടെ പങ്ക് ഏഴു ശതമാനം മാത്രമാണ്. ഇന്ത്യയുടെ ആകെ കാര്‍ബണ്‍ പുറന്തള്ളലിന്റെ വെറും 0.44 ശതമാനമാണ് കേരളത്തിന്റേത്.

ചുരുക്കത്തില്‍, ചൈനയെയും അമേരിക്കയെയും പോലെ കാര്‍ബണ്‍ വലിയതോതില്‍ പുറന്തള്ളുന്ന രാജ്യങ്ങള്‍ ഇതുകുറക്കാതെ നമ്മള്‍ മാത്രം ഉടന്‍ നെറ്റ് സീറോ ആക്കിയാല്‍ ആഗോളതാപനം കുറയില്ല, കാലാവസ്ഥാമാറ്റം ഉണ്ടാകാതേയുമിരിക്കില്ല. കാരണം അന്തരീക്ഷം നമുക്ക് സ്വന്തമായുള്ളതല്ല, വാതകങ്ങള്‍ എപ്പോഴും കലര്‍ന്നു കൊണ്ടിരിക്കുമെന്നും ഡോ. ജോര്‍ജ് തോമസ് പറയുന്നു.

എന്താണ് പ്രതിവിധി?

പ്രകൃതിയുടെ പ്രത്യേകതകളും ഭൂവിഭാഗത്തിന്റെ കിടപ്പും മനസിലാക്കി പ്രദേശം ജനവാസയോഗ്യമാണോ എന്നു കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ദുരന്തങ്ങള്‍ ഉണ്ടായാല്‍ ജീവനും സ്വത്തിനും പരമാവധി സംരക്ഷണം കിട്ടുന്ന തരത്തില്‍ എന്തുചെയ്യാന്‍ സാധിക്കുമെന്നു ചിന്തിക്കണം. ഇതിനനുസരിച്ച് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തണം. ദുരന്തങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളൊക്കെ നിര്‍ണ്ണയിക്കാനും മുന്നറിയിപ്പ് കൊടുക്കാനും സാധിക്കണം.

Summary

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിക്കളഞ്ഞെന്നാണ് സാധാരണക്കാര്‍ വിചാരിച്ചു വച്ചിരിക്കുന്നത്. അതിനുശേഷമുണ്ടായതാണു കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്. കേരളത്തിന്റെ ഉമ്മന്‍ വി ഉമ്മന്‍ റിപ്പോര്‍ട്ടുമുണ്ട്. ഈ റിപ്പോര്‍ട്ടുകളുടെ ഇപ്പോഴത്തെ അവസ്ഥ നോക്കാം.

മാധവ് ഗാഡ്ഗിൽ
മാധവ് ഗാഡ്ഗിൽ

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാത്തതിനു പിന്നിലെന്ത്?

പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട പ്രകൃതി ദുരന്തങ്ങള്‍ എപ്പോഴുണ്ടായാലും ഉയര്‍ന്നു കേള്‍ക്കുന്ന ഒന്നാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്. ഇതിനൊപ്പം തന്നെ ഉയര്‍ന്നു കേള്‍ക്കുന്ന പേരുകളാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും ഉമ്മന്‍ വി ഉമ്മന്‍ റിപ്പോര്‍ട്ടും. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് (WGEEP) നടപ്പിലാക്കിയിരുന്നെങ്കില്‍ ഉരുള്‍ പൊട്ടലും വെള്ളപ്പൊക്കവും അതിതീവ്ര മഴയും, ദുരന്തങ്ങളും ഉണ്ടാകുമായിരുന്നില്ലെന്ന തരത്തിലുള്ള വാദങ്ങള്‍ എല്ലാ വര്‍ഷവും ഉയരാറുമുണ്ട്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിക്കളഞ്ഞെന്നാണ് സാധാരണക്കാര്‍ വിചാരിച്ചു വച്ചിരിക്കുന്നത്. അതിനുശേഷമുണ്ടായതാണു കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്. കേരളത്തിന്റെ ഉമ്മന്‍ വി ഉമ്മന്‍ റിപ്പോര്‍ട്ടുമുണ്ട്. ഈ റിപ്പോര്‍ട്ടുകളുടെ ഇപ്പോഴത്തെ അവസ്ഥ നോക്കാം.

ഡോ. മാധവ് ഗാഡ്ഗില്‍ അദ്ധ്യക്ഷനായുള്ള 'പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതിയുടെ'' റിപ്പോര്‍ട്ട് 2011 ലാണ് പുറത്തുവരുന്നത്. (Western Ghats Ecology Expert Panel, WGEEP). പശ്ചിമഘട്ട മലനിരകള്‍ പങ്കിടുന്ന ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, കേരളം, തമിഴ്‌നാട് എന്നീ ആറു സംസ്ഥാനങ്ങളും ഇത് അതേപടി നടപ്പിലാക്കുന്നത് എതിര്‍ത്തു. ഇതോടെയാണ് ഗാഡ്ഗില്‍ സമിതിയുടെ റിപ്പോര്‍ട്ടിനെ സംബന്ധിച്ചുള്ള ഭയാശങ്കകള്‍ അകറ്റാനും സ്വീകാര്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുമായി ഡോ. കസ്തൂരി രംഗന്‍ അധ്യക്ഷനായുള്ള ഉന്നതതല പശ്ചിമഘട്ട പ്രവര്‍ത്തകസമിതിയെ (High Level Working Group on Western Ghats, HLWG) കേന്ദ്രം നിയോഗിക്കുന്നത്.

കസ്തൂരിരംഗന്‍ സമിതി വന്നത് കേരളത്തിലെ പശ്ചിമഘട്ട കുടിയേറ്റക്കാരുടെ എതിര്‍പ്പുമാത്രം കൊണ്ടായിരിന്നെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്‍ അത് തെറ്റാണെന്ന് ഡോ. ജോര്‍ജ് തോമസ് പറയുന്നു. മറ്റു സംസ്ഥാനങ്ങളിലും എതിര്‍പ്പ് രൂക്ഷമായിരുന്നു. പ്രത്യേകിച്ച് ഗോവ, മഹാരാഷ്ട്ര, കര്‍ണാടകം എന്നിവിടങ്ങളിലെ ഖനി ഉടമകള്‍. ഈ സംസ്ഥാനങ്ങളില്‍ ഇരുമ്പയിര്‍, ബോക്‌സൈറ്റ്, ലൈംസ്റ്റോണ്‍ എന്നിവയൊക്കെ ഖനനം ചെയ്യുന്ന ധാരാളം കമ്പനികളുണ്ട്. പ്രബലരായ അവരുടെ താത്പര്യങ്ങള്‍ ഊഹിക്കാവുന്നതെയുള്ളൂ.

Report of the High Level Working Group on Western Ghats (HLWG) എന്നു പേരിട്ട കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് 2013 ല്‍ പുറത്തുവന്നു. ഈ റിപ്പോര്‍ട്ടിനെതിരെയും ആറു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ വ്യത്യസ്ത കാരണങ്ങളാല്‍ എതിര്‍പ്പുമായി ചേരിതിരിഞ്ഞു.

രണ്ടു റിപ്പോര്‍ട്ടുകള്‍ക്കെതിരെയും എതിര്‍പ്പുകള്‍ ഉയര്‍ന്നതുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമൊന്നുമെടുക്കാതെ മാറ്റിവെച്ചു. പക്ഷേ, 2014 ല്‍ നാഷണല്‍ ഹരിത ട്രിബ്യൂണല്‍ ഇടപെട്ടു. ഗാഡ്ഗിലാണോ കസ്തൂരി രംഗനാണോ കേന്ദ്രം നടപ്പിലാക്കാന്‍ പോകുന്നതെന്ന് ഉടന്‍ പറയണമെന്നായി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടാണെന്ന് 2014 ല്‍ കേന്ദ്രം അറിയിച്ചു.

കേരളത്തിലെ 123 വില്ലേജുകളാണ് ഇഎസ്എ (ESA - Ecologically Sensitive Area) ആയി ഉമ്മന്‍ വി. ഉമ്മന്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ചില വില്ലേജുകള്‍ വിഭജിച്ചു പോയതുകൊണ്ട് ഇപ്പോള്‍ എണ്ണം 131 ആയി. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ വയനാടും ഇടുക്കിയും പൂര്‍ണമായും സോണ്‍ ഒന്നില്‍ ആയിരുന്നു. ഇപ്പോള്‍ ഇടുക്കിയിലെ അമ്പത്തൊന്നും വയനാട്ടിലെ പതിമൂന്നും വില്ലേജുകളാണ് ഇഎസ്എ പരിധിയിലുള്ളത്.

ഉമ്മന്‍ വി ഉമ്മന്‍ റിപ്പോര്‍ട്ട്

ആറു സംസ്ഥാനങ്ങള്‍ക്കും അഭിപ്രായം അറിയിക്കാന്‍ സമയം കൊടുത്തു. ഇതിനോടുള്ള കേരളത്തിന്റെ അഭിപ്രായമാണ് 'ഉമ്മന്‍ വി ഉമ്മന്‍ റിപ്പോര്‍ട്ട് എന്ന പേരില്‍ പ്രചരിക്കുന്നത്. ഇത് പുതിയൊരു റിപ്പോര്‍ട്ടല്ല. ''കസ്തൂരി രംഗന്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങളെ സംബന്ധിച്ച വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട്'' (Recommendations of Three Member Expert Committee on High Level Working Group Report) എന്നാണിതിന്റെ ശീര്‍ഷകം.

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാനായിരുന്ന ഉമ്മന്‍ വ ഉമ്മന്‍ കമ്മിറ്റിയുടെ ശുപാര്‍ശകളാണ് അവസാനം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചത്. ഡോ. വി എന്‍ രാജശേഖര പിള്ള, പി സി സിറിയക് എന്നിവരായിരുന്നു ഉമ്മന്‍ സമിതിയിലെ മറ്റംഗങ്ങള്‍.

കേരളത്തിലെ 123 വില്ലേജുകളാണ് ഇഎസ്എ (ESA - Ecologically Sensitive Area) ആയി ഉമ്മന്‍ വി. ഉമ്മന്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ചില വില്ലേജുകള്‍ വിഭജിച്ചു പോയതുകൊണ്ട് ഇപ്പോള്‍ എണ്ണം 131 ആയി. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ വയനാടും ഇടുക്കിയും പൂര്‍ണമായും സോണ്‍ ഒന്നില്‍ ആയിരുന്നു. ഇപ്പോള്‍ ഇടുക്കിയിലെ അമ്പത്തൊന്നും വയനാട്ടിലെ പതിമൂന്നും വില്ലേജുകളാണ് ഇഎസ്എ പരിധിയിലുള്ളത്.

അന്തിമ വിജ്ഞാപനം വൈകുന്നതെന്തുകൊണ്ട്?

റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കേന്ദ്രത്തിന്റെ കരട് വിജ്ഞാപനം മുറയ്ക്ക് ഇറങ്ങുന്നുണ്ട്. 2022 ലെ അഞ്ചാമത് കരടില്‍ നിന്നു വലിയ വ്യത്യാസമൊന്നുമില്ല 2024 ലെ ആറാമത് കരടിന് കേരളം ഇതിനകം കുറച്ചു പുതിയ നിര്‍ദേശങ്ങള്‍ കൊടുത്തിരിന്നുവെങ്കിലും അതൊന്നും അംഗീകരിക്കപ്പെട്ടില്ല. ഇനിയും അന്തിമ വിജ്ഞാപനം ആവാത്തത് എന്തു കൊണ്ടായിരിക്കും?

അന്തിമ വിജ്ഞാപനം ഇറക്കേണ്ടത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ്. കേന്ദ്ര സര്‍ക്കാരാണ് ഇതു ചെയ്യേണ്ടത്. അന്തിമ വിജ്ഞാപനം വരാത്തതിനു പിന്നില്‍ ഖനി ലോബിയുടെ താത്പര്യങ്ങള്‍ ഉണ്ടോ എന്ന് സംശയിക്കേണ്ടി വരും. അന്തിമ വിജ്ഞാപനം വന്ന ശേഷം അഞ്ചു വര്‍ഷം കൂടി ഖനനം തുടരാമെന്നാണ് റിപ്പോര്‍ട്ടിലെ നിര്‍ദേശം. അപ്പോള്‍ ഫൈനല്‍ നോട്ടിഫിക്കേഷന്‍ നീട്ടിക്കൊണ്ട് പോയാല്‍ ആര്‍ക്കാണ് ഗുണം എന്നു നമുക്ക് ചിന്തിക്കാവുന്നതേ ഉള്ളല്ലോ എന്നും ഡോ. ജോര്‍ജ് തോമസ് ചോദിക്കുന്നു. കേരളത്തിന്റെ നിര്‍ദ്ദിഷ്ട ഇഎസ്എകളില്‍ ഖനികളില്ല, ഇപ്പറഞ്ഞ 131 ഇഎസ്എകളില്‍ ക്വാറി, മണല്‍ വാരല്‍ എന്നിവയ്ക്ക് അനുമതി കൊടുക്കുന്നുമില്ല.

കസ്തൂരി രംഗന്‍ സമിതി വന്നത് കേരളത്തിലെ പശ്ചിമഘട്ട കുടിയേറ്റക്കാരുടെ എതിര്‍പ്പു കൊണ്ടായിരിന്നു എന്ന് ആരെങ്കിലും വിചാരിക്കുന്നുവെങ്കില്‍ അത് തെറ്റാണ്. ഗോവ, മഹാരാഷ്ട്ര, കര്‍ണാടകം എന്നിവിടങ്ങളിലെ ഖനി ഉടമകളുടെ എതിര്‍പ്പായിരുന്നു ഇതിനു പ്രധാന കാരണം.

logo
The Fourth
www.thefourthnews.in