മിന്നല്‍ പ്രളയം: അറിയേണ്ടതെല്ലാം

മിന്നല്‍ പ്രളയം: അറിയേണ്ടതെല്ലാം

ഏറ്റവും കൂടുതല്‍ പ്രളയം സംഭവിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനം
Updated on
2 min read

ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ പ്രളയദുരിതം അനുഭവിക്കുകയാണ് ഹിമാചല്‍ ജനത. ഹിമാചല്‍ പ്രദേശിന്റെ പല ഭാഗത്തും സാരമായ നാശം വിതച്ചാണ് പ്രളയം കടന്നു പോയത്. 21പേരാണ് മിന്നല്‍ പ്രളയത്തില്‍ മരിച്ചത്. ദേശീയ ദുരന്ത നിവാരണസേനയും സംസ്ഥാന സേനയും ചേര്‍ന്ന് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഒരിക്കലും വെള്ളം കയറില്ലെന്ന് വിശ്വസിച്ച പല മേഖലകളിലും വെള്ളം കയറി, ഹിമാലയന്‍ താഴ്വരയിലെ ആയിരങ്ങള്‍ക്ക് ഉറ്റവരെയടക്കം സർവതും നഷ്ടപ്പെട്ടു.

എന്താണ് മിന്നല്‍ പ്രളയം?

മണ്‍സൂണ്‍ സീസണില്‍ പെയ്യുന്ന തീവ്ര മഴയുടെ ഭാഗമായി ജല നിരപ്പുയരുന്ന അവസ്ഥയാണ് പ്രളയം. എന്നാല്‍ കടുത്ത മഴയെ തുടര്‍ന്ന് കുറഞ്ഞ സമയത്തിനുള്ളില്‍ ചുരുങ്ങിയത് ആറ് മണിക്കൂറിനുള്ളില്‍ വെള്ളം കയറുന്ന അവസ്ഥയാണ് മിന്നല്‍ പ്രളയം. ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതും മിന്നല്‍ പ്രളയത്തിന് വഴി തെളിയിക്കും.

മേഘവിസ്‌ഫോടനമാണ് ഇന്ത്യയിലെ മിന്നല്‍ പ്രളയത്തിന്റെ പ്രധാന കാരണമായി പറയുന്നത്. മേഘ വിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടാകുന്ന കനത്ത മഴയും മണ്ണിടിച്ചിലുമൊക്കെ മിന്നല്‍ പ്രളയത്തിലേക്ക് നയിക്കും. ഇത് കൂടുതലും ഹിമാലയന്‍ സംസ്ഥാനങ്ങളെയാണ് ബാധിക്കുന്നത് . ഹിമാനികള്‍ ഉരുകിയുണ്ടാകുന്ന ഹിമ തടാകങ്ങളിലും ജല നിരപ്പ് ഉയരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഹിമ തടാകങ്ങളുടെ എണ്ണവും ക്രമാതീതമായി വര്‍ധിക്കുന്നത് ഈ അവസ്ഥ കൂടുതല്‍ വഷളാക്കുന്നു.

മിന്നല്‍ പ്രളയവും പ്രളയവും

അസം സ്റ്റേറ്റ് ദുരന്ത നിവാരണ സമിതി നടത്തിയ പ്രോജക്ടിലെ കണക്കുകള്‍ പ്രകാരം ബംഗ്ലാദേശ് കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ പ്രളയ ബാധിത രാജ്യമാണ് ഇന്ത്യ, വെള്ളപ്പൊക്കം മൂലമുള്ള ആഗോള മരണസംഖ്യയുടെ അഞ്ചിലൊന്ന് ഇന്ത്യയിലാണ്. പ്രധാന നഗരങ്ങളായ ചെന്നൈ , മുംബൈ എന്നിവിടങ്ങളില്‍ വെള്ളപൊക്കം സര്‍വസാധാരണമാണ് . ഒറീസ, പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തീരപ്രദേശങ്ങളില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദവും ചുഴലിക്കാറ്റും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് ആക്കം കൂട്ടും.

ദേശീയ ദുരന്ത നിവാരണ സമിതിയില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം കനത്ത മഴയാണ് പ്രളയത്തിന് പ്രധാന കാരണം. ഇന്ത്യയില്‍ പെയ്യുന്ന മൊത്തം മഴയുടെ 75 ശതമാനവും ജൂണ്‍ മുതല്‍ സെപ്തംബര്‍ മാസം വരെയാണ് രേഖപ്പെടുത്തുന്നത് . ഇതിന്റെ ഫലമായി ഈ മാസങ്ങളില്‍ നദികളില്‍ കനത്ത നീരൊഴുക്കുണ്ടാകുന്നു.

ദേശീയ പ്രളയ കമ്മീഷന്റെ കണക്കനുസരിച്ച് രാജ്യത്ത് ഏകദേശം 40 ദശലക്ഷം ഹെക്ടര്‍ ഭൂമി വെള്ളപ്പൊക്കം ബാധിക്കാനിടയുള്ളതാണ്, കൂടാതെ പ്രതിവര്‍ഷം ശരാശരി 18.6 ദശലക്ഷം ഹെക്ടര്‍ ഭൂമിയേയും പ്രളയം ബാധിക്കുന്നുണ്ട് . വേനല്‍ കാലത്തുണ്ടാകുന്ന കാട്ടുതീക്ക് സമാനമായി ഭാവിയില്‍ ഏറ്റവും കൂടുതല്‍ പ്രയാസങ്ങള്‍ ഉണ്ടാക്കുക മിന്നല്‍ പ്രളയമായിരിക്കും. കാട്ടുതീ വനങ്ങളെയും സസ്യജാലങ്ങളെയും നിമിഷ നേരം കൊണ്ട് നശിപ്പിക്കുന്നു, മിന്നല്‍ പ്രളയം മണ്ണിനെ ദുര്‍ബലമാക്കുകയും വെള്ളത്തിന്റെ ഒഴുക്ക് കുറയ്ക്കുകയും ചെയ്യുന്നു. പ്രളയത്തിനു മുന്‍പുണ്ടായിരുന്നതുപോലെ ജലത്തെ ആഗിരണം ചെയ്യാനുള്ള കഴിവ് മണ്ണിന് എന്നെന്നേക്കുമായി നഷ്ടപ്പെടുന്നു .യു കെ നാഷണല്‍ വെതര്‍ സര്‍വീസിന്റെ പഠനമനുസരിച്ച് ഇടുങ്ങിയ നദികളിലും കുത്തനെയുള്ള പ്രദേശങ്ങളിലുമാണ് മിന്നല്‍ പ്രളയത്തിന് സാധ്യത കൂടുതല്‍. ഈ നദികള്‍ക്ക് സമീപമുളള ഗ്രാമീണ മേഖലകളെയാണ് കാര്യമായി പ്രളയം ബാധിക്കുന്നത്

logo
The Fourth
www.thefourthnews.in