5000 ഏക്കര്‍ തേയിലത്തോട്ടം വനമാകുമ്പോള്‍ നീലഗിരിയില്‍ സംഭവിക്കുന്നതെന്ത്?
സമീപകാല ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള ഒരു പരിസ്ഥിതി പുനഃസ്ഥാപനത്തിനാണ് രാജ്യത്തെ അതീവ പരിസ്ഥിതിപ്രാധാന്യമുള്ള നീലഗിരി ജൈവമേഖല സാക്ഷ്യം വഹിക്കുന്നത്. ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലെത്തിയ നിയമപരിരക്ഷയുള്ള തമിഴ് അഭയാര്‍ഥികളുടെ പുനരധിവാസത്തിനായി ആകെ 16045.12 ഏക്കര്‍ സ്ഥലമാണ് തേയില തോട്ടനിര്‍മാണത്തിന് വിട്ടു നല്കിയിരുന്നത്. ഇതില്‍ 4710 .5 ഏക്കര്‍ സ്ഥലം നേരത്തെ വനം വകുപ്പിന് തിരിച്ച് നല്‍കിയിരുന്നു. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം 2012 നും 2019 നും ഇടയിലായിരുന്നു ഈ കൈമാറ്റം. 1970 കളിലാണ് വനം വെട്ടി ടാന്‍ടീ എന്നറിയപ്പെടുന്ന തമിഴ്‌നാട് തേയിലത്തോട്ടം കോര്‍പറേഷന്‍ ലിമിറ്റഡ് (Tamil Nadu Tea Plantation Corporation Limited) ജന്മമെടുത്തത്. തമിഴ്‌നാട് സര്‍ക്കാരിന്റെ ഉത്തരവനുസരിച്ച് തേയിലത്തോട്ടമാക്കിയ ഭൂമി അതേ സര്‍ക്കാര്‍ തന്നെയാണ് വനമാക്കുന്നതെന്നതാണ് മറ്റൊരു പ്രത്യേകത. 5000 ഏക്കര്‍ തേയിലത്തോട്ടം വനമാക്കി മാറ്റുമ്പോള്‍ ഇന്നലകളിലുണ്ടായ ഒരു വലിയ പരിസ്ഥിതി തകര്‍ച്ചക്ക് പരിഹാരമാകുമെന്നാണ് സര്‍ക്കാർ പ്രതീക്ഷിക്കുന്നത്. 5315 .44 ഏക്കര്‍ സ്ഥലമാണ് വീണ്ടും വനമാക്കുന്നതിന് ഫോറസ്റ്റ് ഡിപ്പാര്‍ട്‌മെന്റിന് ടാന്‍ടീ തിരിച്ചു നല്‍കുന്നത്. ഇതോടെ ഏഴ് ഡിവിഷനുകളുള്ള ടാന്‍ടീയുടെ വാല്‍പ്പാറ, നടുവട്ടം ഡിവിഷനുകള്‍ ഇല്ലാതാവും. ഇവിടങ്ങളിലെ 50 വയസില്‍ താഴെയുള്ള തൊഴിലാളികളോട് നീലഗിരി ജില്ലയിലെ മറ്റ് ഡിവിഷനുകളിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് മുകളില്‍ പ്രായമുള്ളവര്‍ വോളന്റീയര്‍ റിട്ടയര്‍മെന്റ് പാക്കേജ് സ്വീകരിക്കാനും നിര്‍ദേശമുണ്ട്.
പരിസ്ഥിതി നാശം ആര്‍ക്ക് ? എന്തിന് ?
എന്നാല്‍ കഥാന്ത്യം ദുഃഖമാണ്. കാട് നഷ്ടപ്പെട്ട പ്രകൃതിയുടെ ദുഃഖം. വിളകള്‍ നഷ്ടപ്പെട്ട കര്‍ഷകന്റെ ദുഃഖം. ശ്രീലങ്കയില്‍ നിന്നു കുടിയിറക്കപ്പെട്ട് ജീവിതം തേടി രാജ്യം വിട്ടവര്‍. പതിറ്റാണ്ടുകള്‍ തോട്ടങ്ങളില്‍ മല്ലടിച്ച് അവസാനം പെരുവഴിയിലായ തമിഴ് വംശജന്റെ ദുഃഖം. പിന്നെന്തിനായിരുന്നു ഈ വന്‍പരിസ്ഥിതി വിനാശം. നീലഗിരി ടാന്‍ടീയില്‍ നിന്നു പെന്‍ഷന്‍ പറ്റിയ തൊഴിലാളികള്‍ ഇന്നും ദുരിതത്തിലാണ്. കഷ്ടിച്ച് ജീവിക്കാനുള്ളതു മാത്രമേ അവര്‍ക്ക് തൊഴിലില്‍ നിന്നു ലഭിച്ചിരുന്നുള്ളൂ. ആരംഭകാലത്ത് പണിത കൊച്ചു ലായങ്ങളിലാണ് ഇന്നും അവരുടെ താമസം. തുച്ഛമായ സര്‍വീസ് ആനുകൂല്യങ്ങള്‍ പോലും അവരില്‍ പലര്‍ക്കും ലഭിച്ചിട്ടില്ല. തുടര്‍ച്ചയായ കീടനാശിനി പ്രയോഗവും അശാസ്ത്രീയ രാസവസ്തു ഉപയോഗവും അവരില്‍ ഭൂരിഭാഗത്തേയും രോഗികളാക്കി. അവരോട് വീടൊഴിയാനാണ് ടാന്‍ടീ ആവശ്യപ്പെട്ടിരിക്കുന്നത്. ഒന്നും സ്വന്തമായില്ലാത്ത തങ്ങള്‍ എങ്ങോട്ട് പോകുമെന്ന് തൊഴിലാളികള്‍ ചോദിക്കുന്നു. നഷ്ടപരിഹാരം നല്‍കാതെ തങ്ങള്‍ വീടുവിട്ടിറങ്ങില്ലെന്ന് പെന്‍ഷനായ തൊഴിലാളികള്‍ പറഞ്ഞതോടെ ടാന്‍ടീ അധികൃതര്‍ ത്രിശങ്കുവിലാണ്. പൂട്ടിപ്പോകുന്ന വാല്‍പ്പാറ, നടുവട്ടം ഡിവിഷനുകളിലെ തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനാണ് നിലവില്‍ താമസിക്കുന്ന പെന്‍ഷനായ തൊഴിലാളികളോട് വീട് ഒഴിയാന്‍ ആവശ്യപ്പെടുന്നത്. അവര്‍ പെന്‍ഷനും നഷ്ടപരിഹാരവും ആവശ്യപ്പെട്ടതോടെ സര്‍ക്കാര്‍ തത്കാലത്തേക്ക് പിന്മാറി.
തേയിലത്തോട്ടങ്ങള്‍ വനഭൂമിയായി മാറുമ്പോള്‍ എന്തു സംഭവിക്കും?
ഇടതിങ്ങിയ തേയിലത്തോട്ടങ്ങള്‍ കാടുകളായാലും ആനക്കൂട്ടങ്ങള്‍ക്ക് അവ സഞ്ചാരയോഗ്യമല്ലാതായി തന്നെ തുടരുമെന്ന് ഒരു വിഭാഗം പരിസ്ഥിതിവാദികള്‍ പറയുന്നു. തേയിലച്ചെടികള്‍ പിഴുതുമാറ്റിയ ഭൂമിയില്‍ പ്രകൃതിദത്ത പുല്‍മേടുകള്‍ വളരുമെന്നും മരങ്ങളും ചെടികളും വളര്‍ത്തണമെന്നും വാദങ്ങളുണ്ട്. ചെടികള്‍ വളര്‍ന്ന് വലുതായാലും ഇടുങ്ങിയ തേയിലച്ചാലുകള്‍ മൃഗങ്ങള്‍ക്ക് അപ്രാപ്യമാകുമെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. ഏതായാലും ഒരു കാര്യം ഉറപ്പാണ്. ഇത്രയും ഭൂമി വനമായി മാറിയതു കൊണ്ടൊന്നും നിലവിലെ വന്യജീവി ആക്രമണത്തിന് പരിഹാരമാകില്ല. ഇരുഭാഗത്തും നാശനഷ്ടങ്ങളും ജീവഹാനിയും വരുത്തി അത് തുടര്‍ന്നു കൊണ്ടേയിരിക്കും. ഇത്രയും ഭാഗത്ത് മനുഷ്യസാന്നിധ്യം ഇല്ലാതാകുകയും ഇത്തരം ഭൂമികള്‍ തന്റേതായ നിലയില്‍ പ്രകൃതി വീണ്ടെടുക്കുകയും ചെയ്താല്‍ മാത്രമേ ദൗത്യം പൂര്‍ണമാകൂ. നിലവിലെ തേയിലത്തോട്ടങ്ങള്‍ പിഴുതുമാറ്റി അവിടെ പുല്ലും ചെടികളും നടണമെന്ന് പറയുന്നവരുണ്ട്. ഇവരോട് പണ്ട് വനഭൂമി നശിപ്പിച്ച് തേയില വച്ചവര്‍ ചെയ്തതിന്റ മറ്റൊരു തുടര്‍ച്ച മാത്രമായിരിക്കും ഇതും എന്നേ പറയാനാകൂ.
ഈ ഭൂമികള്‍ അധികവും വനത്തോട് ചേര്‍ന്നു കിടക്കുന്നവയാണ്. ചെങ്കുത്തായതിനാല്‍ തേയില വിളവെടുക്കുന്നതിന് സാധിക്കില്ല. വന്യമൃഗ ആക്രമണം തുടര്‍ച്ചയായി ഉണ്ടാകുന്നതും ഉത്പാദനം വളരെ കുറഞ്ഞതുമായ സ്ഥലങ്ങളാണിവ.
ഗൂഡല്ലൂര്‍ നടുവട്ടം ഡിവിഷന്‍ 1194.93 ഏക്കര്‍, കോയമ്പത്തൂര്‍ വാല്‍പ്പാറ ഡിവിഷന്‍ 2641.17 ഏക്കര്‍, ഊട്ടി കൂനൂരില്‍ 150.69 ഏക്കര്‍, കോത്തഗിരി ഡിവിഷന്‍ - 194.48 ഏക്കര്‍, ഗൂഡല്ലൂരിലെ പാണ്ടിയാര്‍ ഡിവിഷന്‍ 543.96 ഏക്കര്‍, ചേരങ്കോട് ഡിവിഷന്‍ -306.28 ഏക്കര്‍, നെല്ലിയാളം ഡിവിഷന്‍- 35 ഏക്കര്‍ തുടങ്ങിയവയാണ് വനമായി മാറ്റുന്നത്.
വലിയ പാപത്തിന് ചെറിയ പരിഹാരം
പാരിസ്ഥിതികമായി വലിയ പ്രാധാന്യമുള്ള ജൈവമേഖലയാണ് നീലഗിരി. കേരളത്തിലെ വയനാട്, പാലക്കാടിന്റെയും മലപ്പുറത്തിന്റെയും മലനിരകള്‍, താഴ്‌വാരങ്ങള്‍, തമിഴ്‌നാട്ടിലെ നീലഗിരി, കര്‍ണാടകയിലെ കൂര്‍ഗ് മുതല്‍ ഈറോഡ് വരെ നീളുന്നതാണ് ഈ ജൈവമേഖല. കേരള അതിര്‍ത്തി മുതല്‍ നീലഗിരി, കോയമ്പത്തൂര്‍ ജില്ലയിലെ വാല്‍പ്പാറ എന്നിവിടങ്ങള്‍ ചേരുന്നതാണ് ടാന്‍ടീയുടെ തേയിലത്തോട്ടങ്ങള്‍.
തമിഴ്‌നാട്ടിലെ പരിസ്ഥിതി പ്രേമികള്‍ ഈ ഭീകര വനനശീകരണത്തിനെതിരേ രംഗത്ത് വന്നിരുന്നു. എന്നാല്‍ ശ്രീലങ്കയിലെ തമിഴ് വംശജരോടുള്ള സാമൂഹ്യ ഐക്യദാര്‍ഢ്യത്തിന് നല്‍കിയ വലിയ വിലയായിരുന്നു പശ്ചിമഘട്ട പരിസ്ഥിതിക്കേറ്റ ഈ നാശം. ആയിരക്കണക്കിന് ലോഡ് മരങ്ങളാണ് മാവൂര്‍, ഗ്വാളിയര്‍ റയോണ്‍സിലേക്കും മറ്റനേകം തടിമില്ലുകളിലേക്കുമായി മലയിറങ്ങിപ്പോയത്. കോയമ്പത്തൂര്‍ ജില്ലയിലെ വാല്‍പ്പാറയില്‍ ആനമല ടൈഗര്‍ റിസര്‍വിന്റെ ഭാഗമായ 2642.51 ഹെക്ടര്‍ സ്ഥലമാണ് ഏറ്റവും അവസാനം 1990 ല്‍ ഇതിനായി വിട്ടുകൊടുത്തത്. ഇതില്‍ മരം മാഫിയയുടെ ഇടപെടല്‍ ഉണ്ടായിരുന്നുവെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു. 1995 ഓടെ ഈ വനങ്ങളെല്ലാം തേയിലത്തോട്ടങ്ങളായി മാറിയിരുന്നു. അതോടൊപ്പം തന്നെ വന്യമൃഗശല്യം ജനജീവിതത്തെ ബാധിച്ചും തുടങ്ങിയിരുന്നു. വേനല്‍ക്കാലത്ത് ചൂടുകൂടിയ പാലക്കാട്, കോയമ്പത്തൂര്‍ വനമേഖലകളില്‍ നിന്നു നീലഗിരി, വയനാട് പ്രദേശങ്ങളിലെ തണുത്ത കാടുകളിലേക്ക് പലായനം ചെയ്തിരുന്ന ഏഷ്യന്‍ ആനകളുടെ ആനത്താരകള്‍ എന്നറിയപ്പെട്ടിരുന്ന സഞ്ചാര പഥങ്ങള്‍ പൂര്‍ണമായും നശിപ്പിക്കപ്പെട്ടിരുന്നു.
അനിയന്ത്രിത വന്യമൃഗ ശല്യം
വയനാട്ടിലെയും തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെയും മൃഗ-മനുഷ്യ സംഘട്ടനങ്ങള്‍ ഇതിന്റ ഒരു തുടര്‍ച്ചയായി വേണം കരുതാന്‍. തേയിലതോട്ടങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിന് മണ്ണൊരുക്കുമ്പോള്‍ പ്രകൃതിക്കേറ്റ മുറിവ് നിസാരമല്ല.
പറിച്ചു മാറ്റപ്പെട്ട ലക്ഷക്കണക്കിന് മരങ്ങള്‍, പിഴുതെറിഞ്ഞ കുറ്റിക്കാടുകള്‍, വന്ധ്യമാക്കപ്പെട്ട പുല്‍മേടുകള്‍. മൃഗജാലങ്ങള്‍ എങ്ങോട്ടോ ഓടിയകന്നു. തങ്ങളുടെ വിഹാരരംഗമായിരുന്ന കാടുകള്‍ അപ്രത്യക്ഷമായതില്‍ പ്രതിഷേധിച്ച ആനക്കൂട്ടങ്ങള്‍ ക്ഷോഭമടക്കി പുതിയ മേച്ചില്‍പ്പുറങ്ങള്‍ അന്വേഷിച്ചു പുറപ്പെട്ടു. കാലാവസ്ഥാ മാറ്റങ്ങള്‍ക്കനുസരിച്ച് മൃഗങ്ങള്‍ താത്കാലിക പലായനങ്ങള്‍ക്കുപയോഗിച്ചിരുന്ന വഴിത്താരകള്‍ നഷ്ട്ടപ്പെട്ടതറിഞ്ഞ അവ വഴിതെറ്റി തീറ്റയും വെള്ളവും തേടി കര്‍ഷകരുടെ ഭൂമികളിലേക്കെത്തി. മനുഷ്യ- മൃഗ സംഘട്ടനങ്ങള്‍ സ്ഥിരമായി.
പറിച്ചു മാറ്റപ്പെട്ട ലക്ഷക്കണക്കിന് മരങ്ങള്‍, പിഴുതെറിഞ്ഞ കുറ്റിക്കാടുകള്‍, വന്ധ്യമാക്കപ്പെട്ട പുല്‍മേടുകള്‍. മൃഗജാലങ്ങള്‍ എങ്ങോട്ടോ ഓടിയകന്നു. തങ്ങളുടെ വിഹാരരംഗമായിരുന്ന കാടുകള്‍ അപ്രത്യക്ഷമായതില്‍ പ്രതിഷേധിച്ച ആനക്കൂട്ടങ്ങള്‍ ക്ഷോഭമടക്കി പുതിയ മേച്ചില്‍പ്പുറങ്ങള്‍ അന്വേഷിച്ചു പുറപ്പെട്ടു.
പാഴായ പുനരധിവാസം
ശ്രീലങ്കയിലെ സിംഹള വംശീയതയില്‍ നിന്നു രക്ഷതേടിയെത്തുന്ന ലക്ഷക്കണക്കിന് തമിഴ് അഭയാര്‍ഥികളുടെ പുനരധിവാസം എന്ന പേരിലാണ് പദ്ധതി തുടങ്ങിയത്. 1995 ല്‍ പദ്ധതി പൂര്‍ത്തിയായപ്പോള്‍ ഏതാണ്ട് 2,80,000 തമിഴ് അഭയാര്‍ഥികളില്‍ 10000 താഴ ആളുകള്‍ക്കു മാത്രമാണ് തൊഴില്‍ നല്‍കാനായത്.
ഏതായാലും തമിഴ്‌നാട് സര്‍ക്കാര്‍ അവസാനം ആ വലിയ തെറ്റ് തിരുത്താന്‍ തീരുമാനിച്ചു. സുപ്രീം കോടതിയുടെ ഇടപെടലും ടാന്‍ടീ കടക്കെണിയിലായതുമാണ് തമിഴ്‌നാട് സര്‍ക്കാരിനെ ഇത്തരമൊരു നീക്കത്തിനു പ്രേരിപ്പിച്ചത്. 240 കോടി രൂപയായിരുന്നു സ്ഥാപനത്തിന്റെ കടം. ഓരോ വര്‍ഷവും കടം കൂടി വരികയായിരുന്നു. തുടക്കം മുതല്‍ ഇന്നു വരെയുള്ള കണക്കെടുത്താല്‍ ആകെ ഏഴു വര്‍ഷം മാത്രമാണ് ടാന്‍ടീ നേരിയ ലാഭമുണ്ടാക്കിയത്. മറ്റെല്ലാ വര്‍ഷവും വലിയ കടക്കെണിയിലായിരുന്നു സ്ഥാപനം. തൊഴിലാളികള്‍ക്ക് നല്‍കാനുള്ള ആനുകൂല്യങ്ങള്‍ മാത്രം രണ്ട് കോടിയിലധികം വരും. അത്യാവശ്യ ബാധ്യതകള്‍ തീര്‍ത്ത് സ്ഥാപനത്തിന് ജീവന്‍ നല്‍കാന്‍ 90 കോടി രൂപയാണ് ടാന്‍ടീ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
ടാന്‍ടീയുടെ പിറവി
ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രിയും ശ്രീലങ്കന്‍ പ്രധാനമന്ത്രി സിരിമാവോ ബണ്ഡാര നായികയും 1964 ല്‍ ഒപ്പിട്ട ഒരു ഉടമ്പടിയായിരുന്നു തുടക്കം. സിരിമ -ശാസ്ത്രി ഉടമ്പടി എന്നാണ് ആ ഉടമ്പടി അറിയപ്പെട്ടിരുന്നത്. അതു പ്രകാരം 5,25,000 ശ്രീലങ്കന്‍ തമിഴ് വംശജര്‍ക്ക് ഇന്ത്യ നിയമവിധേയമായി പ്രവേശനം നല്‍കി. അവര്‍ക്ക് തൊഴില്‍ ഉറപ്പു വരുത്തുകയും ചെയ്യുമെന്നായിരുന്നു ധാരണ. എന്നാല്‍ 1981 വരെ ആകെ 1,80,000 തമിഴ് വംശജര്‍ മാത്രമാണ് ഇന്ത്യന്‍ തീരങ്ങളില്‍ എത്തിയത്. ശ്രീലങ്കയാകട്ടെ പൗരത്വം നല്‍കിയത് 1,60,000 പേര്‍ക്കു മാത്രവും. അങ്ങനെ തമിഴ്‌നാട്ടില്‍ രണ്ടുതരം ശ്രീലങ്കന്‍ തമിഴ് വംശജര്‍ എത്തിച്ചേര്‍ന്നു. നിയമവിധേയമായി എത്തിച്ചേര്‍ന്നവരും നിയമവിരുധമായി അനധികൃത ബോട്ടുകളിലും തോണികളിലും എത്തിച്ചേര്‍ന്നവരും. ശ്രീലങ്കയിലെ തോട്ടം മേഖലയില്‍ തൊഴിലെടുക്കാന്‍ 1800 കളില്‍ ബ്രിട്ടീഷ് തോട്ടമുടമകള്‍ കൊണ്ടു പോയവരായിരുന്നു ഇവരുടെ മുന്‍തലമുറ. ഇവര്‍ക്ക് ഉപജീവനമാര്‍ഗം ഉറപ്പു വരുത്താനാണ് തേയില-റബര്‍ മേഖലയില്‍ ഇവര്‍ക്ക് തൊഴില്‍ നല്‍കാന്‍ തീരുമാനമെടുത്തത് .
ഇവരില്‍ നിയമവിധേയമായി എത്തിയവരില്‍ 6100 പേര്‍ക്ക് മാത്രമാണ് ടാന്‍ടീ സ്ഥിരനിയമനം നല്‍കിയത്. താത്കാലിക തൊഴിലാളികളായി പതിനായിരത്തില്‍ താഴെ ആളുകള്‍ക്ക് ചില ഘട്ടങ്ങളില്‍ തൊഴില്‍ നല്‍കിയിരുന്നു. ഇതോടൊപ്പം കേരളവും കര്‍ണാടകവും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് പലയിടങ്ങളിലും ഇവരുടെ പുനരധിവാസത്തിനായി തോട്ടങ്ങള്‍ ആരംഭിച്ചു. കേരളത്തില്‍ കുളത്തൂപുഴയിലാണ് ശ്രീലങ്കന്‍ തമിഴരുടെ പുനരധിവാസത്തിനായി റബര്‍ തോട്ടങ്ങള്‍ ആരംഭിച്ചത്.
ടാന്‍ടീ നിലവില്‍ വന്നതോടെ നീലഗിരി, വയനാട് ജൈവമേഖലയില്‍ വന്യമൃഗശല്യം രൂക്ഷമായി. മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും നരകമായി മാറിയ ഭൂമി. ഏഷ്യന്‍ ആനകളാണ് ഏറ്റവുമധികം പ്രതിസന്ധിയിലായത്.
വന്യമൃഗ ശല്യത്തില്‍ പൊറുതിമുട്ടിയ നാട്
1990 കള്‍ വരെ സ്വര്‍ഗഭൂമിയായിരുന്നു നീലഗിരി. മൃഗങ്ങള്‍ കാട്ടിലും മനുഷ്യര്‍ നാട്ടിലും പരസ്പരം കൊമ്പുകോര്‍ക്കാതെ ജീവിച്ചു. ടാന്‍ടീ നിലവില്‍ വന്നതോടെ നീലഗിരി, വയനാട് ജൈവമേഖലയില്‍ വന്യമൃഗശല്യം രൂക്ഷമായി. മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും നരകമായി മാറിയ ഭൂമി. ഏഷ്യന്‍ ആനകളാണ് ഏറ്റവുമധികം പ്രതിസന്ധിയിലായത്. തമിഴ്‌നാട്ടില്‍ ഈറോഡ് മുതല്‍ കേരളത്തിന്റെ പശ്ചിമഘട്ട മലനിരകള്‍ കടന്നു കര്‍ണാടകയിലെ കൂര്‍ഗ് ജില്ല വരെ 5520 സ്‌ക്വയര്‍ കിലോമീറ്റര്‍ നീളുന്ന ഹരിത മലനിരകള്‍. ഈ വിശാല കാടകങ്ങളില്‍ തിമിര്‍ത്ത് ഓടിയിരുന്ന കരിവീരന്മാര്‍ വഴിതെറ്റി പെരുവഴിയിലും കൃഷിയിടങ്ങളിലും തൊഴിലാളികളുടെ ലായങ്ങളിലും എല്ലാം ഭീതി പരത്തി. ഇതിനു പുറമെയാണ് നിലവിലുള്ള വനഭൂമികളില്‍ യൂക്കാലിപ്റ്റസും തേക്കും വച്ചത്. ഇതുമൂലം വന്യമൃഗങ്ങള്‍ക്ക് ഭക്ഷ്യയോഗ്യമായ മറ്റ് കാനനസസ്യങ്ങളും ചെടികളും ഇല്ലാതായി. സസ്യബുക്കുകളായ വന്യജീവികള്‍ കൃഷിഭൂമികളില്‍ നിരന്തരമായി കയറി നാശനഷ്ടങ്ങള്‍ സൃഷ്ടിച്ചു. ചേന, ചേമ്പ്, കപ്പ തുടങ്ങിയ കാര്‍ഷിക വിളകള്‍ തേടിയെത്തുന്ന പന്നിക്കൂട്ടങ്ങള്‍, വാഴത്തോട്ടങ്ങളിലും വയലേലകളിലും ആഹ്‌ളാദത്തോടെ തിമര്‍ത്തുല്ലസിക്കുന്ന ആനക്കൂട്ടങ്ങള്‍, ഇവരെ എങ്ങനെ തുരത്തുമെന്നറിയാതെ കൈയില്‍ കിട്ടുന്ന എല്ലാ വഴികളും യഥേഷ്ടം പ്രയോഗിക്കുന്ന കര്‍ഷകര്‍. അങ്ങനെ കാര്‍ഷിക മേഖല ഒരു യുദ്ധഭൂമിയായി. കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ ഏതാണ്ട് 40 ലധികം പേരാണ് ആന ആക്രമണത്തില്‍ നീലഗിരിയില്‍ കൊല്ലപ്പെട്ടത്. മറുഭാഗത്ത് ആനകളെയും പുലികളെയും കടുവകളെയും കൊന്ന സംഭവങ്ങളും നിരവധി.
ഒറ്റയാള്‍ പോരാട്ടത്തിന്റ കഥ
വനം പ്രകൃതിക്ക് തിരികെ നല്‍കാനുള്ള തീരുമാനം സാവധാനമെങ്കിലും വന്നതില്‍ ഒറ്റയാള്‍ പോരാട്ടത്തിന്റെ ഒരു ചരിത്രമുണ്ട്. നിലമ്പൂര്‍ കോവിലകം അംഗമായ ടി.എന്‍. ഗോദവര്‍മന്‍ തിരുമുല്‍പ്പാടാണ് ആ വ്യക്തി. പശ്ചിമഘട്ടത്തിന്റെ ചരിവുകളില്‍ ഏതാണ്ട് 20000 ഏക്കര്‍ സ്ഥലമാണ് നിലമ്പൂര്‍ കോവിലകത്തിനു ണ്ടായിരുന്നത്. ഓവാലി, ദേവാല, പന്തല്ലൂര്‍ തുടങ്ങി വിശാലമായി പ്രദേശങ്ങളില്‍ പരന്നു കിടന്നിരുന്ന ഭൂ ഭാഗം. 1969ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഗുഡല്ലൂര്‍ ജന്‍മം എസ്റ്റേറ്റ്‌സ്, അബോളിഷന്‍ ആന്‍ഡ് കണ്‍വെര്‍ഷന്‍ ഇന്‍ടു റൈത് വാരി ആക്റ്റ് (Gudalur Janmam Estates Abolition and Conversion into Ryotwari Act ) എന്ന നിയമത്തിലൂടെ പിടിച്ചെടുത്തു. ഈ ഭൂമിയിന്മേലുള്ള അവകാശം അതില്‍ കൃഷി ചെയ്തിരുന്ന കര്‍ഷകര്‍ക്കും ബാക്കി സ്ഥലത്തിന്മേലുള്ള അവകാശം സര്‍ക്കാരിനും എന്നതായിരുന്നു നിയമം .
എന്നാല്‍ ടാന്‍ടീ രൂപീകരണത്തിന്റെ ഭാഗമായി ഇവിടങ്ങളിലെ മരങ്ങളെല്ലാം വന്‍തോതില്‍ മുറിച്ചു മാറ്റപ്പെട്ടു. ഇത്തരത്തില്‍ സ്വകാര്യ വനങ്ങള്‍ എന്നപേരില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമികളില്‍ വന്‍തോതില്‍ വനനശീകരണം നടത്തുന്നതിനെതിരേ ഗോദവര്‍മന്‍ തിരുമുല്‍പ്പാട് 1995 ല്‍ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതി വളരെ ഗൗരവമായി വിഷയം പഠിക്കുകയും രാജ്യത്തിന്റെ പലഭാഗത്തുമുള്ള ഇത്തരം വനഭൂമികളുടെ തല്‍സ്ഥിതി റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് 1996 ഡിസംബര്‍ 12 ന് ജസ്റ്റിസ് ജെ.എസ്. വര്‍മ ചരിത്രപ്രധാനമായ ഒരു ഇടക്കാല ഉത്തരവിലൂടെ രാജ്യമെമ്പാടുമുള്ള ഇത്തരം വനഭൂമികളിലെയും വനത്തോട് ചേര്‍ന്ന പ്രദേശങ്ങളിലെയും എല്ലാത്തരം വനേതര പ്രവര്‍ത്തനങ്ങളും ആരുടെ ഉടമസ്ഥതയിലുള്ളതാണെന്ന ഭേദമില്ലാതെ നിര്‍ത്തുന്നതിന് നിര്‍ദേശം നല്‍കി. എല്ലാ സംസ്ഥാനങ്ങളോടും ഇത്തരം സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനും അവകാശ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും വിദഗ്ധ സമിതിയെ നിയോഗിക്കുന്നതിനും നിര്‍ദേശം നല്‍കി. ഇവയുടെ മേല്‍നോട്ടത്തിനായി സുപ്രീം കോടതിയുടെ നിയന്ത്രണത്തിലുള്ള സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി നിലവില്‍ വരികയും ചെയ്തു. ഇത്തരം നീക്കങ്ങള്‍ വലിയ മാറ്റങ്ങളാണ് രാജ്യത്തെമ്പാടുമുള്ള പരിസ്ഥിതി സംരക്ഷണരംഗത്തുണ്ടാക്കിയത്. ആരവല്ലി പര്‍വതനിരകളിലെ മാര്‍ബിള്‍ ഖനനം, വനത്തോട് ചേര്‍ന്ന പ്രദേശങ്ങളിലെ മരക്കമ്പനികളുടെ പ്രവര്‍ത്തനം തുടങ്ങി എല്ലാത്തരം ഖനന പ്രവര്‍ത്തനങ്ങളും ഇതോടെ നിര്‍ത്തിവയ്ക്കപ്പെട്ടു. ഇത്തരത്തില്‍ സുപ്രീം കോടതി എംപവേര്‍ഡ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ടാന്‍ടീ തേയിലത്തോട്ടങ്ങള്‍ ഘട്ടം ഘട്ടമായി തിരികെ വനഭൂമിയാക്കി മാറ്റുന്നത്. 25 വര്‍ഷം മുമ്പ് ഗോദവര്‍മന്‍ തിരുമുല്‍പ്പാട് പ്രകൃതിയുടെ സംരക്ഷണത്തിനും സംസ്ഥാപനത്തിനുമായി തുടങ്ങിവച്ച നിയമയുദ്ധത്തിന്റെ ഫലങ്ങള്‍ ഇന്നും തുടര്‍ന്ന് കൊണ്ടിരിക്കുന്നു.