പ്ലീനറിയിലൂടെ പുതുക്കി പണിയുമോ കോണ്‍ഗ്രസ്?

2024ലെ പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് എത്രത്തോളം മുന്‍കൈയെടുക്കുമെന്നതിന്റെ വിലയിരുത്തലാകും ഈ പ്ലീനറി സമ്മേളനം

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 85-ാം പ്ലീനറി സമ്മേളനത്തിന് ഛത്തീസ്​ഗഡിലെ റായ്പൂർ വേദിയാകുകയാണ്. . 26 വർഷത്തിന് ശേഷം ​ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾ അധ്യക്ഷത വഹിക്കുന്ന പ്ലീനറി സെഷൻ. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇത്തവണ കോണ്‍ഗ്രസ് പ്ലീനറി യോ​ഗം ചേരുന്നത്. 2018 മാര്‍ച്ചിൽ ഡൽഹിയിലായിരുന്നു രാഹുൽ അധ്യക്ഷനായ ശേഷം ചേർന്ന 84-ാമത് പ്ലീനറി.

2024ലെ പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് എത്രത്തോളം മുന്‍കൈയെടുക്കുമെന്നതിന്റെ വിലയിരുത്തലാകും ഈ പ്ലീനറി സമ്മേളനം. കോൺ​ഗ്രസ് പ്രവർത്തക സമിതി തിരഞ്ഞെടുപ്പ് നടക്കുമോ എന്നതും ഏവരും ഉറ്റുനോക്കുകയാണ്.

എന്താണ് പ്ലീനറി യോഗം?

കോണ്‍​ഗ്രസിന്റെ ഏറ്റവും വലുതും സമ്പൂര്‍ണവുമായ യോ​ഗം. കോണ്‍ഗ്രസിലെ നിര്‍ണായക തീരുമാനങ്ങളുടെയെല്ലാം തുടക്കം മിക്കപ്പോഴും പ്ലീനറി ചര്‍ച്ചകളാണ്. സ്വാതന്ത്ര്യത്തിന് മുന്‍പ് ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനങ്ങള്‍, സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്തിന്റെ ദേശീയ താത്പര്യങ്ങളെ സംരക്ഷിക്കുന്ന നയരൂപീകരണം, കോണ്‍ഗ്രസിന്റെ നയപരിപാടികള്‍ തുടങ്ങിയവയെല്ലാം പ്ലീനറി ചര്‍ച്ചകളിലൂടെ ഉരുത്തിരിയുന്നവയായിരുന്നു. നേരത്തെ വര്‍ഷാവര്‍ഷം നടന്ന പ്ലീനറി സമ്മേളനങ്ങൾക്ക് ഇപ്പോള്‍ ഇടവേള കൂടുതലാണ്.

15,000 പേരാണ് ഇത്തവണ പ്രതിനിധികള്‍. എഐസിസി അംഗങ്ങളും വിവിധ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അംഗങ്ങളുമാണ് പ്ലീനറി യോഗത്തിലെ പ്രതിനിധികള്‍. ഇതില്‍ 1300ലധികം വരുന്ന എഐസിസി അംഗങ്ങള്‍ക്ക് മാത്രമാണ് വോട്ടവകാശമുള്ളത്. കേരളത്തില്‍ നിന്ന് വോട്ടവകാശമുള്ളത് 47 പേരാണ്. 41 എഐസിസി അംഗങ്ങള്‍ക്കൊപ്പം 6 എംപിമാരെ കൂടി പാര്‍ലമെന്ററി പാര്‍ട്ടി പട്ടികയില്‍ ഉള്‍പ്പെടുത്തിയതാണ് കണക്ക്. ഇവരെ കൂടാതെ 16 ക്ഷണിതാക്കള്‍ കൂടി കേരളത്തില്‍ നിന്ന് പ്ലീനറി സമ്മേളനത്തിന്റെ ഭാഗമാകും.

പ്ലീനറി യോഗത്തിന്റെ പ്രധാന്യം? ലക്ഷ്യം?

വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യങ്ങള്‍ ഉള്‍ക്കൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടിയെ തന്നെ ഉടച്ചുവാര്‍ക്കുന്നതാകും 2023ലെ പ്ലീനറി സമ്മേളനമെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് കോണ്‍ഗ്രസിന്റെ ഏകകക്ഷി മേല്‍ക്കോയ്മ പൂര്‍ണമായും അവസാനിച്ചെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുള്ള നയരൂപീകരണമല്ലാതെ മറ്റൊന്നും മുന്നിലില്ല. ബിജെപിക്കെതിരെ ഒരു പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കുക എന്നതിലേക്ക് കോണ്‍ഗ്രസ് എത്ര ദൂരം സഞ്ചരിക്കുമെന്ന് പ്ലീനറിയോടെ വിലയിരുത്താം. ശക്തമായ കോണ്‍ഗ്രസ് ഉണ്ടെങ്കില്‍ മാത്രമെ ശക്തമായ പ്രതിപക്ഷമുള്ളൂ എന്ന തിരിച്ചറിവിലേക്ക് കോണ്‍ഗ്രസ് നേതാക്കളെത്തിയിട്ടുണ്ട്. ഭാരത് ജോഡോ യാത്രയിലൂടെ പ്രതിപക്ഷത്ത് രൂപപ്പെട്ട സഹകരണമനോഭാവം പരമാവധി ഉപയോ​ഗപ്പെടുത്താനാകും നീക്കം. ഇതിനായി പ്രായോഗികമായൊരു നയരൂപീകരണമാണ് ആവശ്യം. പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുക എന്ന അടിസ്ഥാന ലക്ഷ്യവും മുന്നിലുണ്ട്.

അധികാരത്തിലേറിയാല്‍ ജാതി സെന്‍സസ് നടത്തുമെന്നും ഗ്രാമീണ തൊഴിലുറപ്പ് മാതൃകയില്‍ നഗര തൊഴിലുറപ്പ് പദ്ധതി നടപ്പാക്കും എന്നെല്ലാം വാ​ഗ്ദാനം ചെയ്യുന്നതാണ് പ്ലീനറി സമ്മേളനത്തിലെ കരട് പ്രമേയം . പട്ടിക വിഭാഗം, യുവാക്കള്‍, ന്യൂനപക്ഷം, സ്ത്രീകള്‍ തുടങ്ങിയവരെയെല്ലാം ഒപ്പം നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ വാഗ്ദാനങ്ങള്‍ അവതരിപ്പിക്കും. സര്‍വകലാശാലകളിലെ ദളിത് വിദ്യാര്‍ഥി വിവേചനം അവസാനിപ്പിക്കാന്‍ രോഹിത് വെമുല നിയമം, ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതി പരിഷ്കരണം, ന്യൂനപക്ഷ കമ്മീഷന് ഭരണഘടനാ പദവി തുടങ്ങി നിരവിധി നിര്‍ദേശങ്ങള്‍ കരട് പ്രമേയത്തിലുണ്ട്. പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി ഇതിന് അന്തിമ രൂപം നല്‍കും.

പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമോ?

കോണ്‍ഗ്രസ് അധ്യക്ഷനെ പോലും മാറ്റാന്‍ അധികാരമുള്ള പ്രവര്‍ത്തക സമിതി തിരഞ്ഞെടുപ്പാണ് ഏവരും പ്ലീനറി യോ​ഗത്തിൽ ഉറ്റുനോക്കുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍, പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്, 23 അംഗങ്ങള്‍ എന്നിവരടങ്ങിയതാണ് ഉന്നതാധികാര സമിതി ഘടന. ഈ 23 അംഗങ്ങളില്‍ 12 പേരെ തിരഞ്ഞെടുക്കുന്നതും 11 പേരെ അധ്യക്ഷന്‍ നാമനിർദേശം ചെയ്യുന്നതുമാണ്. 2018ല്‍ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധി നാമനിര്‍ദേശത്തിലൂടെ പുനഃസംഘടിപ്പിച്ചതാണ് പ്രവര്‍ത്തക സമിതിയില്‍ ഏറ്റവുമൊടുവിലുണ്ടായ പുനഃസംഘടന. 25 വർഷമായി നേരിട്ടുള്ള തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. കോണ്‍​ഗ്രസിലെ ജി 23 പക്ഷം ഇത്തവണ തിരഞ്ഞെടുപ്പിലൂടെയുള്ള പുനഃസംഘടന വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. പാര്‍ട്ടി ഭരണഘടനയെ ബഹുമാനിക്കണമെന്ന് അവര്‍ ഊന്നിപ്പറയുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് നടത്തേണ്ടെന്നും തിരഞ്‍ഞെടുക്കപ്പെടുന്ന അം​ഗങ്ങള്‍ പാര്‍ട്ടിയുടെ സു​ഗമമായ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുമെന്നുമാണ് മറു പക്ഷത്തിന്റെ വാദം.

ഫെബ്രുവരി 24 മുതൽ 26 വരെ റായ്പൂർ ചൂടേറിയ രാഷ്ട്രീയ ചർച്ചകളുടെ വേദിയാകും. അവിടെ ഒരു മതേതര ബദലിനായുള്ള യാത്രയ്ക്ക് തുടക്കം കുറിക്കാന്‍ കോണ്‍​ഗ്രസിന് സാധിച്ചാല്‍, അത് ഇന്ത്യയുടെ നിലവിലെ സാഹചര്യത്തിൽ ചരിത്രപരമാകും.

Related Stories

No stories found.
logo
The Fourth
www.thefourthnews.in