പത്ത് ദിവസമായിട്ടും കാണാമറയത്ത്; പോലീസിന് തലവേദനയായി അമൃത്പാൽ സിങ്

പത്ത് ദിവസമായിട്ടും കാണാമറയത്ത്; പോലീസിന് തലവേദനയായി അമൃത്പാൽ സിങ്

മാർച്ച് 18നാണ് അമൃത്പാൽ സിങ് ഒളിവിൽ പോകുന്നത്. അതിന് ശേഷം നിരവധി കഥകളും അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ടെകിലും അമൃത്പാൽ എവിടെയെന്ന് ആർക്കുമറിയില്ല
Updated on
2 min read

'വാരിസ് പഞ്ചാബ് ദേ' തലവനും ഖലിസ്ഥാൻ വാദിയുമായ അമൃത്പാൽ സിങ് കാണാമറയത്തായിട്ട് പത്ത് ദിവസമായിരിക്കുകയാണ്. തന്റെ മൂന്ന് ഉപാധികൾ അംഗീകരിക്കുകയാണെകിൽ അമൃത്സറിൽ കീഴടങ്ങാൻ തയാറാണെന്ന് അമൃത്പാൽ അറിയിച്ചതായി വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഈ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ അമൃത്സറിലെ സുവർണക്ഷേത്രത്തിന് സമീപ പ്രദേശങ്ങളെല്ലാം കനത്ത സുരക്ഷയിലാണ്.

പലയിടങ്ങളിലും കണ്ടുവെന്ന് വാർത്തകൾ ദിവസേന വരുന്നുണ്ടെങ്കിലും അമൃത്പാൽ എവിടെയെന്ന് ഇതുവരെയും കൃത്യമായ വിവരങ്ങളില്ല. അതേസമയം, അമൃത്പാൽ പോലീസിന്റെ കസ്റ്റഡിയിലാണെന്നും അവർ ഒളിച്ചുകളിക്കുകയാണെന്നുമാണ് കുടുംബവും മറ്റ് അനുയായികളും ആരോപിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിൽ ഹേബിയസ് കോർപ്പസ് ഹർജിയും കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്.

മാർച്ച് 18നാണ് അമൃത്പാൽ സിങ് ഒളിവിൽ പോകുന്നത്. അതിനു ശേഷം നിരവധി കഥകളും അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ടെങ്കിലും അമൃത്പാൽ എവിടെയെന്ന് ആർക്കുമറിയില്ല. ഡൽഹിയിലുണ്ട്, ഹരിയാനയിലുണ്ട് എന്നൊക്കെ വാർത്തകൾ വന്നിരുന്നു. ഇടയ്ക്ക് ഉത്തർപ്രദേശിൽ നിന്ന് നേപ്പാളിലേക്ക് കടന്നുവെന്നും വാർത്തകൾ പുറത്തുവന്നു. എന്നാൽ ഒരു തവണ പോലും കൃത്യമായ വിവരങ്ങൾ ലഭ്യമാക്കാൻ പോലീസിന് സാധിച്ചിട്ടില്ല.

സ്വയം പ്രഖ്യാപിത തീവ്ര മതപ്രഭാഷകനായ അമൃത്പാലിനെ ഉടൻ തന്നെ പിടികൂടുമെന്നാണ് ചൊവ്വാഴ്ച പോലീസ് ഹൈക്കോടതിയെ അറിയിച്ചത്. അമൃത്പാൽ കൈയെത്തും ദൂരത്തുണ്ടെന്നാണ് പോലീസിന്റെ വാദം. വളരെ സെൻസിറ്റീവായ അവസ്ഥയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്നും അറസ്റ്റ് ചെയ്യാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്നുമാണ് പഞ്ചാബ് അഡ്വക്കേറ്റ് ജനറൽ വിനോദ് ഘായി കോടതിയിൽ പറഞ്ഞത്.

മൂന്നാമതൊരു രാജ്യത്തേക്ക് രക്ഷപ്പെടാൻ അനുവദിക്കരുതെന്ന് അധികാരികളോട് അഭ്യർഥിച്ചതിന്റെ ഭാഗമായി അമൃത്പാലിനെ നേപ്പാൾ നിരീക്ഷണപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.

പഞ്ചാബിൽ എത്തിയതായി സൂചന

ഒളിവിൽ പോയ അമൃതപാൽ സിങ് പഞ്ചാബിലേക്ക് കടന്നതായി സൂചന ലഭിച്ചതിനെത്തുടർന്ന്, സംസ്ഥാന പോലീസിന്റെ കൗണ്ടർ ഇന്റലിജൻസ് സംഘം ചൊവ്വാഴ്ച വൈകീട്ട് ഒരു ടൊയോട്ട ഇന്നോവയെ പിന്തുടർന്നിരുന്നു. എന്നാൽ വണ്ടിയിലുണ്ടായിരുന്ന മൂന്ന് പേർ ഹോഷിയാപൂരിലെ ഗുരുദ്വാരയ്ക്ക് സമീപം വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പപൽപ്രീത് സിങ് ഉൾപ്പെടെയുള്ള അനുയായികൾക്കൊപ്പം അമൃത്പാൽ സഞ്ചരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇതേ തുടർന്ന് ഹോഷിയാപൂർ ജില്ലയിലെ ഗ്രാമങ്ങളിലും പരിസരത്തും വലിയ സന്നാഹത്തെ ഉപയോഗിച്ചുള്ള തിരച്ചിലും ആരംഭിച്ചിരുന്നു. ഗ്രാമത്തിലെ ഓരോ വീടുകളും അരിച്ചുപെറുക്കിയെങ്കിലും അമൃത്പാലിനെ പിടികൂടാനായില്ല.

അമൃത്പാൽ സിങ് ഡൽഹിയിൽ
അമൃത്പാൽ സിങ് ഡൽഹിയിൽ

അതിനിടെ അമൃത്പാൽ സിങ് ഡൽഹിയിലുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. ഡൽഹി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർഥിയാണ് ഈസ്റ്റ് ഡൽഹി ലക്ഷ്മി നഗറിലെ വാടക ഫ്‌ളാറ്റിൽ അമൃത്പാലിനും അനുയായിക്കും അഭയം നൽകിയതെന്നാണ് റിപ്പോർട്ട്. പെൺകുട്ടിയെ നിലവിൽ പഞ്ചാബ് പോലീസും മറ്റ് ഏജൻസികളും ചേർന്ന് ചോദ്യം ചെയ്യുകയാണ്. മാർച്ച് 21ന് അമൃത്പാൽ സിങും കൂട്ടാളി പപൽപ്രീത് സിങും ഡൽഹിയിലുണ്ടായിരുന്നുവെന്ന് സൂചന നൽകുന്ന സിസിടിവി ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാൽ ഇതിലൊന്നും സ്ഥിരീകരണമില്ല.

മെറൂൺ തലപ്പാവും ജാക്കറ്റും സൺഗ്ലാസും ധരിച്ച് നിൽക്കുന്ന അമൃത്പാലിന്റെ സെൽഫികളിലും വിഡിയോകളും ഇക്കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ ഇതേക്കുറിച്ച് പോലീസ് അന്വേഷിക്കാനോ മൊഴിയെടുക്കാനോ തയ്യാറായില്ല. ഹരിയാനയിലെ തെരുവിലൂടെ അമൃത്പാൽ ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുന്നതായിരുന്നു ഒരു ദൃശ്യം.

നിരീക്ഷണ പട്ടികയിലാക്കി നേപ്പാൾ

ഉത്തർപ്രദേശിൽ ഒളിവിൽ കഴിയുന്ന അമൃത്പാൽ നേപ്പാളിലേക്ക് കടന്നുവെന്നും കഥകൾ പ്രചരിച്ചു. മൂന്നാമതൊരു രാജ്യത്തേക്ക് രക്ഷപ്പെടാൻ അനുവദിക്കരുതെന്ന് അധികാരികളോട് അഭ്യർത്ഥിച്ചത്തിന്റെ ഭാഗമായി അമൃത്പാലിനെ നേപ്പാൾ നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.

അമൃത്പാലിന്റെ ഖലിസ്ഥാൻ പദ്ധതി

ഖലിസ്ഥാന് വേണ്ടി തീവ്രമായി വാദിക്കുന്ന അമൃത്പാൽ സിങ്ങിന്റെ അംഗരക്ഷകനെ മലൗദ് പ്രദേശത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അയാളെ ചോദ്യം ചെയ്തതിൽനിന്ന് ഖലിസ്ഥാൻ രാഷ്ട്രത്തിന് വേണ്ടിയുള്ള അമൃത്പാലിന്റെ പദ്ധതികളെക്കുറിച്ച് വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. നിർദ്ദിഷ്ട സംസ്ഥാനത്തിന്റെ ഔദ്യോഗിക ചിഹ്നവും ലോഗോയും മറ്റ് പ്രവിശ്യകളുടെ ചിഹ്നവും ഉൾപ്പെടെയുള്ള വിവരങ്ങൾ ഇദ്ദേഹം വെളിപ്പെടുത്തിയതായും വാർത്തകൾ വന്നിരുന്നു.

പത്ത് ദിവസമായിട്ടും കാണാമറയത്ത്; പോലീസിന് തലവേദനയായി അമൃത്പാൽ സിങ്
പഞ്ചാബിൽ വീണ്ടും ഖലിസ്ഥാൻ വാദം, ആരാണ് ഭിന്ദ്രൻവാല 2.0 എന്നറിയപ്പെടുന്ന അമൃത്പാൽ സിങ്?

നിലവിൽ ആറ് കേസാണ് അമൃത്പാലിനെതിരെയുള്ളത്. അനുയായികളെ വിട്ടുകിട്ടാൻ അജ്നാല പോലീസ് സ്റ്റേഷൻ ആക്രമിച്ച കേസാണ് ഇതിൽ പ്രധാനം. ഫെബ്രുവരി 24ന് അമൃത്പാലും അനുയായികളും പോലീസ് സ്റ്റേഷൻ ആക്രമിച്ചതിനെത്തുടന്ന് നിരവധി പോലീസുകാർക്ക് പരുക്കേറ്റിരുന്നു. വധശ്രമം, പോലീസുകാരെ കൈയേറ്റം ചെയ്യുക എന്നിങ്ങനെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. ഫെബ്രുവരി 16ന് ഒരാളെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലും അമൃത്പാല്‍ പ്രതിയാണ്.

logo
The Fourth
www.thefourthnews.in