ഹ്വാള്‍ഡിമിര്‍ തിമിംഗലം ഒറ്റപ്പെട്ട സംഭവമല്ല; ലോകത്തെ ഞെട്ടിച്ച ചാരന്‍മാര്‍ വേറെയുമുണ്ട്
ബെലൂഗ ഇനത്തില്‍പ്പെട്ട തിമിംഗലം ചത്ത വാര്‍ത്ത ആഗോള തലത്തില്‍ തന്നെ ചര്‍ച്ചയാണ്. ഹ്വാള്‍ഡിമിര്‍ എന്ന പേരുള്ള ഈ തിമിംഗലം എന്തുകൊണ്ട് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു. അതിന് വ്യക്തമായ കാരണമുണ്ട്. റഷ്യക്ക് വേണ്ടിയുള്ള ചാര പ്രവര്‍ത്തനമാണ് കടലില്‍ ഈ തിമിംഗലത്തിന്റെ പണിയെന്ന ആരോപണമാണ് ഹ്വാള്‍ഡിമിറിന്റെ പ്രത്യേകത. 1225 കിലോഗ്രാമോളം ഭാരവും 14 അടി നീളവുമുള്ള വെള്ളനിറത്തിലുള്ള കുഞ്ഞന്‍ തിമിംഗിലമാണ് ഹ്വാള്‍ഡിമിര്‍. ആണ്‍ ബെലൂഗ തിമിംഗിലമായ ഹ്വാള്‍ഡിമിറിനെ വടക്കന്‍ നോര്‍വേയിലെ തീരനഗരമായ ഹമ്മര്‍ഫെസ്റ്റിന് സമീപത്ത് വച്ച് മത്സ്യതൊഴിലാളികളാണ് 2019 ല്‍ ആദ്യമായി കണ്ടെത്തുന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം നോര്‍വേയ്ക്ക് സമീപം കടലിലാണ് ഹ്വാള്‍ഡിമിറിനെ ചത്തനിലയില്‍ കണ്ടെത്തുകയും ചെയ്തിരിക്കുന്നു.
'സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നിന്നുള്ള ഉപകരണം' എന്ന് രേഖപ്പെടുത്തിയ കോളര്‍ ബെല്‍റ്റും ക്യാമറയും ഹ്വാള്‍ഡിമിറിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നു എന്നതാണ് തിമിംഗലം ചാരനാണെന്ന ഖ്യാതി നല്‍കിയത്. എന്നാല്‍ ഈ ആരോപണം റഷ്യ ഇതുവരെ അംഗീകരിച്ചിട്ടില്ല. എന്നിരുന്നാലും നോര്‍വീജിയന്‍ ഭാഷയില്‍ തിമിംഗിലം എന്നര്‍ഥം വരുന്ന 'ഹ്വാല്‍', റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ പേരിന്റെ ഭാഗമായ 'വ്ളാഡിമിര്‍' എന്നീ വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് തിമിംഗലത്തിന് ഒരു പേര് നല്‍കപ്പെട്ടു, അതാണ് ഹ്വാള്‍ഡിമിര്‍.
ലോക ചരിത്രത്തില്‍ ചാരപ്രവര്‍ത്തനത്തിനായി ഉപയോഗിക്കപ്പെട്ട ജീവികളുടെ അധ്യായത്തില്‍ അവസാനത്തെ പേജ് മാത്രമാണ് ഹ്വാള്‍ഡിമിര്‍
ഹ്വാള്‍ഡിമിറിന്റെ മരണ കാരണം സംബന്ധിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. തിമിംഗലത്തിന് വെടിയേറ്റിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒരു ചാരന്റെ ജീവിതം പോലെ തന്നെ തെളിവുകള്‍ അവശേഷിപ്പിക്കാതെ അഭ്യൂഹഭങ്ങള്‍ മാത്രമായി ഹ്വാള്‍ഡിമിറിന്റെ ജീവിതവും അവസാനിച്ചിരിക്കുന്നു. എന്നാല്‍, ലോക ചരിത്രത്തില്‍ ചാരപ്രവര്‍ത്തനത്തിനായി ഉപയോഗിക്കപ്പെട്ട ജീവികളുടെ അധ്യായത്തില്‍ അവസാനത്തെ പേജ് മാത്രമാണ് ഹ്വാള്‍ഡിമിര്‍.
ആരായിരുന്നു ഹ്വാള്‍ഡിമിര്‍
ബെലൂഗ ഇനത്തില്‍പ്പെട്ട ഹ്വാള്‍ഡിമിര്‍ എന്ന തിമിംഗലത്തിന് പതിനാലോ പതിനഞ്ചോ വയസ് പ്രായമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 4.2 മീറ്റര്‍ (14 അടി) നീളവും 1,225 കിലോഗ്രാം (2,700 പൗണ്ട്) ഭാരവുമുള്ള ഹ്വാള്‍ഡിമിര്‍ ഒരു ബെലുഗ തിമിംഗലത്തിന്റെ ശരാശരി ആയുസിന്റെ പകുതിയില്‍ താഴെ മാത്രമാണ് ജീവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആദ്യമായി കണ്ടെത്തിയ 2019 ന് ശേഷം നോര്‍വീജിയന്‍ തീരദേശ പട്ടണങ്ങളുടെ സമീപത്ത് സ്ഥിര സാന്നിധ്യവുമായിരുന്നു. മത്സ്യത്തൊഴിലാളികളോട് പലപ്പോഴും സൗഹൃദത്തോടെ പെരുമാറിയിരുന്ന തിമിംഗലം ഒരിക്കല്‍ കടലില്‍ നഷ്ടപ്പെട്ട കയാക്കറുടെ ഗോ പ്രോ ക്യാമറ വീണ്ടെടുത്ത് നല്‍കിയെന്നുള്‍പ്പെടെ കഥകളുണ്ട്.
ചാര പ്രവര്‍ത്തനത്തിന് ഉപയോഗിക്കപ്പെട്ട മറ്റ് ജീവികള്‍
പ്രാവുകള്‍ മുതല്‍ എലികള്‍ വരെ, ഹ്വാള്‍ഡിമിര്‍ തിമിംഗലത്തിന് മുന്‍പ് ചാരപ്രവര്‍ത്തനത്തിന് പേരുകേട്ട നിരവധി ജീവികളുണ്ട്. പ്രാവുകള്‍, പൂച്ചകള്‍, തിമിംഗലങ്ങള്‍, ഡോള്‍ഫിനുകള്‍, മറ്റ് തരത്തിലുള്ള പക്ഷികള്‍, കൂടാതെ മൃഗങ്ങള്‍ളുടെ മൃതദേഹങ്ങള്‍ പോലും ചാര പ്രവര്‍ത്തനത്തിനായി വിവിധ സൈന്യങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ശബ്ദങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്ന ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ സിഐഎ പരിശീലനം നല്‍കിയ കാക്കകളെ ഉപയോഗിച്ചിരുന്നു എന്ന് പോലും പറയപ്പെടുന്നു.
പ്രാവുകളെ ആശയവിനിമയത്തിനും ഉപയോഗിച്ചിരുന്നതായി ചരിത്ര രേഖകളില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ രണ്ടാം ലോക യുദ്ധ കാലത്ത് പ്രാവുകളെ വ്യാപകമായി ചാര ഉപകരണമായി ഉപയോഗിക്കപ്പെട്ടിരുന്നു. പ്രത്യകം ഡിസൈന്‍ ചെയ്ത ക്യാമറകള്‍ ശരീരത്തില്‍ ഘടിപ്പിച്ച പ്രാവുകളെ ഉപയോഹിച്ച് രണ്ടാം ലോക യുദ്ധകാലത്ത് ജര്‍മന്‍ സൈന്യം നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഇക്കാലയളവില്‍ തന്നെ അമേരിക്കന്‍ ചാര സംഘടനയായ സിഐഎയും പ്രാവുകളെ സമാന രീതിയില്‍ ഉപയോഗിച്ച് സോവിയറ്റ് യൂണിയന്റെ തന്ത്രപ്രധാന മേഖലകളുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.
തിമിംഗലങ്ങളും ഡോള്‍ഫിനുകളും
തിമിംഗലങ്ങളും ഡോള്‍ഫിനുകളും ഉള്‍പ്പെടെയുള്ള സസ്തനികളെ കടലിനടിയിലെ നിരീക്ഷണത്തിനും രഹസ്യാന്വേഷണ ശേഖരണത്തിനും ശീതയുദ്ധ കാലം മുതല്‍ സോവിയറ്റ് യൂണിയന്‍ നാവിക സേന ഉപയോഗിച്ചുവന്നിരുന്നു. സെവാസ്റ്റോപോളിന്റെ പരിസരത്ത് സോവിയറ്റ് യൂണിയന്‍ ഡോള്‍ഫിനുകളെ പരിശീലിപ്പിക്കാന്‍ പ്രത്യേക സംവിധാനം പോലും ഒരുക്കിയിരുന്നു. മറൈന്‍ മാമല്‍ പ്രോഗ്രാമിന് (എംഎംപി) കീഴില്‍ യുഎസ് നേവിയും ഡോള്‍ഫിനുകളെ ചാര പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പ്രോജക്റ്റ് ഓക്‌സിഗ്യാസ് എന്ന പേരില്‍ സിഐഎ 1960കളില്‍ ഡോള്‍ഫിനുകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിരുന്നു. ശത്രുരാജ്യങ്ങളുടെ കപ്പലില്‍ സ്‌ഫോടക വസ്ഥുക്കുള്‍ സ്ഥാപിക്കാന്‍ പോലും ഡോള്‍ഫിനുകളെ ഉപയോഗിച്ചിരുന്നു എന്നാണ് ഡീക്ലാസിഫൈഡ് രേഖകള്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തുവന്ന ബ്രിട്ടീഷ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ച് ക്രിമിയയിലെ സെവാസ്റ്റോപോള്‍ കരിങ്കടല്‍ കപ്പല്‍ നാവിക താവളത്തില്‍ റഷ്യ ചാര ഡോള്‍ഫിനുകള്‍ക്ക് പരിശീലനം നല്‍കുന്നതായി ആരോപിച്ചിരുന്നു.
പൂച്ചകള്‍
ലോകത്തിലെ ഏറ്റവും മിടുക്കരായ മൃഗങ്ങളില്‍ ഒന്ന് എന്നതാണ് ഡോള്‍ഫിനുകളെ ദൗത്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തിരഞ്ഞെടുത്തത് എങ്കില്‍ കൂര്‍മതയുള്ള സ്വഭാവമാണ് പൂച്ചകളെ ചാര ദൗത്യങ്ങള്‍ക്ക് നിയോഗിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 1960കളില്‍ സിഐഎ തന്നെയാണ് പൂച്ചകളെയും ചാര പ്രവര്‍ത്തനത്തിനുപയോഹിച്ചത്. ഓപ്പറേഷന്‍ അക്കോസ്റ്റിക് കിറ്റി എന്ന പേരില്‍ നടപ്പാക്കിയ പദ്ധതിയിലൂടെ സോവിയറ്റ് യൂണിയന്‍ നേതാക്കളെ തന്നെയാണ് സിഐഎ ലക്ഷ്യമിട്ടത്. ചുറ്റും നടക്കുന്ന സംഭാഷണങ്ങള്‍ രഹസ്യമായി റെക്കോര്‍ഡ് ചെയ്യുന്നതിനായി പൂച്ചകളുടെ ചെവികളില്‍ മൈക്രോഫോണുകള്‍ ഘടിപ്പിച്ചായിരുന്നു ദൗത്യം.
മിക്കവീടുകളിലെയും വളര്‍ത്തുമൃഗം എന്ന നിലയില്‍ പൂച്ചയെ ആരും സംശയിക്കില്ല എന്ന ആനുകൂല്യമായിരുന്നു സിഐഎ ഉപയോഗപ്പെടുത്തിയത്. എന്നാല്‍ പൂച്ചകളുടെ ദൗത്യം കരുതിയ പോലെ വിജയം കണ്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സാങ്കേതികവിദ്യ പ്രവര്‍ത്തിച്ചെങ്കിലും പൂച്ചകളെ നിയന്ത്രിക്കുക എന്ന ബുദ്ധിമുട്ടായിരുന്നു പ്രധാനം. 'ചാരപ്പൂച്ചകള്‍' അവര്‍ക്ക് താത്പര്യമുള്ള പോലെയായിരുന്നു സഞ്ചരിച്ചത്. ഇതിനാല്‍ രണ്ട് കോടി ഡോളര്‍ ചെലവിട്ട ദൗത്യം 1967-ല്‍ അവസാനിപ്പിച്ചു.
എലികള്‍-
കോടികള്‍ ചെലവിട്ട പൂച്ച ദൗത്യം പാതിയില്‍ ഉപേക്ഷിച്ചെങ്കിലും ചാരപ്പണിക്കായി ജീവികളെ ഉപയോഗിക്കുന്ന പരീക്ഷണത്തില്‍ നിന്നും പിന്‍മാറാന്‍ സിഐഎ തയ്യാറല്ലയിരുന്നു. ചത്ത എലികളിലായിരുന്നു അടുത്ത പരീക്ഷണം.
ശീത യുദ്ധ കാലത്ത് രഹസ്യ സന്ദേശങ്ങള്‍ കൈമാറാനായിരുന്നു ചത്ത എലികളെ ഉപയോഗിച്ചത്. കൈമാറേണ്ട സന്ദേശങ്ങള്‍ ചത്ത എലികള്‍ക്കുള്‍ ഒളിപ്പിച്ച് വയ്ക്കുകയായിരുന്നു മാര്‍ഗം. തന്ത്ര പ്രധാന രേഖകള്‍ ഫോട്ടോകള്‍ എന്നിവയായിരുന്നു ഇത്തരത്തില്‍ കൈമാറിയത്. ദുര്‍ഗന്ധം വമിക്കുന്ന ചത്ത എലികളുടെ സമീപത്തേക്ക് ആരും ചെല്ലാന്‍ ശ്രമിക്കില്ലെന്നതാണ് ഈ തന്ത്രത്തിന് പിന്നില്‍. എന്നാല്‍, ഈ പദ്ധതിക്ക് തുരങ്കം വച്ചത് പ്രധാനമായും പൂച്ചകളായിരുന്നു. സന്ദേശം ലഭിക്കേണ്ട വ്യക്തികള്‍ എത്തുമ്പോഴേക്കും പൂച്ചകള്‍ എലികളെ തിരഞ്ഞെത്തിയത് ദൗത്യത്തിന് തിരിച്ചടിയായി.
പൂച്ചകളുടെ ആക്രമണത്തെ എങ്ങനെ തടയാം എന്നതായി പിന്നീട് സിഐഎയുടെ ശ്രമം. ഇതിനായി ചത്ത എലികളില്‍ ഹോട്ട് സോസ്, കുരുമുകള് എന്നിവ പുരട്ടി. ഈ തന്ത്രം പാതിവിജയം കണ്ടു. ഒടുവില്‍ കാഞ്ഞിര എണ്ണയുപയോഗിച്ചും സിഐഎ പൂച്ചകളെ തടഞ്ഞു.
ജീവികളിലെ ചാരപ്രമുഖന്‍
പരീക്ഷണങ്ങള്‍ പലമുറയ്ക്ക് പുരോഗമിച്ചപ്പോഴും ചാര പ്രവര്‍ത്തനത്തില്‍ കൂടുതല്‍ വിജയം കണ്ടത് പ്രാവുകള്‍ തന്നെയായിരുന്നു. രണ്ടാം ലോക യുദ്ധകാലത്ത് ബ്രിട്ടണ്‍ പ്രാവുകളെ ചാരപ്രവര്‍ത്തനത്തിന് വിജയകരമായി ഉപയോഗിച്ചു. ഓപ്പറേഷന്‍ കൊളുമ്പ എന്നതായിരുന്നു ദൗത്യത്തിന്റെ പേര്. ജര്‍മനിയുടെ സുപ്രധാന സൈനിക വിരങ്ങളായിരുന്നു ഇത്തരത്തില്‍ ബ്രിട്ടണ്‍ ചോര്‍ത്തിയത്.
ശരീരത്തില്‍ കെട്ടിവച്ച ചെറു സന്ദേശങ്ങളുമായി പ്രാവുകള്‍ ഇക്കാലത്ത് പറന്നു നടന്നു. അതില്‍ മിക്കതിലും നാസി സൈന്യത്തിന്റെ തന്ത്രങ്ങളും ആയുധങ്ങളെ കുറിച്ചും, റോക്കറ്റ് ആക്രമണ പദ്ധതികളുമായിരുന്നു. 1941നും 1944-നും ഇടയില്‍, ഫ്രാന്‍സിലെ ബാര്‍ഡോ മുതല്‍ ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗന്‍ വരെ നാസി അധിനിവേശ യൂറോപ്പില്‍ 16,000 ഹോമിംഗ് പ്രാവുകളെ ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗം ചാര പ്രവര്‍ത്തനത്തിനായി ഉപയോഗിച്ചെന്നാണ് കണക്കുകള്‍. 1,000 സന്ദേശങ്ങള്‍ ആണ് ഈ പ്രാവുകള്‍ ലണ്ടനിലേക്ക് എത്തിച്ചത്. എവിടെ ഉപേക്ഷിച്ചാലും വീട്ടിലേക്കുള്ള വഴി കണ്ടെത്താനുള്ള പ്രാവുകളുടെ സാമര്‍ഥ്യമായിരുന്നു ചാര പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം.
ചാരപ്രാവുകളും ഇന്ത്യയും
ഇന്ത്യയിലെ കഥകളില്‍ സന്ദേശവാഹികളായ പ്രാവുകളുടെ സാന്നിധ്യം പുരാതന കാലം മുതല്‍ സജീവമായിരുന്നു. എന്നാല്‍ അടുത്തിടെ ഉണ്ടായ ചില സംഭവങ്ങൾ വീണ്ടും ചാര പ്രവര്‍ത്തനത്തിന്റെ പേരില്‍ വീണ്ടും പ്രാവുകള്‍ പ്രതിസ്ഥാനത്തെത്തി. 2020 മെയില്‍ കശ്മീരിലെ ഗ്രാമവാസികള്‍ പിടികൂടി കൈമാറിയ പ്രാവിന്റെ ശരീരത്തിലുണ്ടായിരുന്ന ചില അക്കങ്ങള്‍ അടങ്ങിയ റിങ് വലിയ സംശയങ്ങള്‍ക്ക് തിരികൊളുത്തി. പ്രാവ് പാകിസ്താനില്‍ നിന്ന് എത്തിയതാണ് എന്നതായിരുന്നു സംശയം. എന്നാല്‍ വിശദമായ പരിശോധനയില്‍ ഇത് ചാര സന്ദേശമല്ലെന്ന് കണ്ടെത്തുകയും ചെയ്തു. 2016 ഒക്ടോബറില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഭീഷണി ഉയര്‍ത്തുന്ന കുറിപ്പുമായി മറ്റൊരു പ്രാവിനെ പഞ്ചാബിലെ പത്താന്‍കോട്ടില്‍ നിന്നാണ് പ്രാവിനെ കണ്ടെത്തിയിരുന്നു.
2023 മെയ് മാസത്തില്‍ മുംബൈയില്‍ കണ്ടെത്തിയ പ്രാവിനെ ചൈനീസ് ചാരനാണെന്ന് സംശയിച്ച് എട്ട് മാസത്തോളമാണ് നീരീക്ഷണത്തില്‍ വച്ചത്. പ്രാവിനെ കാലില്‍ വളയങ്ങളും ചിറകിന്റെ അടിഭാഗത്ത് ചൈനീസ് എഴുത്തമാണ് സംശയത്തിന് ഇടയാക്കിയത്. എന്നാല്‍ മത്സരത്തിന് ഉപയോഗിക്കുന്ന തായ്വാനീസ് പ്രാവെന്ന് കണ്ടെത്തിയതോടെ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അതിനെ മോചിപ്പിക്കുകയും ചെയ്തു.