അരനൂറ്റാണ്ടിന് ശേഷം മനുഷ്യനെ ചന്ദ്രനിലിറക്കാൻ നാസ ; ദൗത്യത്തിൽ ആദ്യമായി വനിതയും; ആദ്യ പരീക്ഷണ പറക്കൽ ഓഗസ്റ്റ് 29 ന്
NASA

അരനൂറ്റാണ്ടിന് ശേഷം മനുഷ്യനെ ചന്ദ്രനിലിറക്കാൻ നാസ ; ദൗത്യത്തിൽ ആദ്യമായി വനിതയും; ആദ്യ പരീക്ഷണ പറക്കൽ ഓഗസ്റ്റ് 29 ന്

ചന്ദ്രനെക്കുറിച്ച് പഠിക്കുക എന്നതിനപ്പുറം ചൊവ്വയിൽ മനുഷ്യനെ ഇറക്കുന്നതടക്കുള്ള വിശാലമായ ഗ്രഹാന്തര പര്യവേഷണത്തിൻ്റെ ആദ്യ ഘട്ടമാണ് ആർട്ടെമിസ്
Updated on
3 min read

1972 ലാണ് മനുഷ്യൻ അവസാനമായി ചന്ദ്രനിലിറങ്ങുന്നത്. നീണ്ട അരനൂറ്റാണ്ടിനിപ്പുറം മനുഷ്യവാഹിയായ ചാന്ദ്ര പര്യവേഷണത്തിൻ്റെ പുതുയുഗം തുടങ്ങുകയാണ് നാസ. ആർട്ടെമിസെന്ന പുതിയ ദൗത്യത്തിൻ്റെ മൂന്നാം ഘട്ടമായി 2025 ൽ മനുഷ്യൻ വീണ്ടും ചന്ദ്രനിൽ കാലുകുത്തും. ചന്ദ്രനിലെത്തുക, ചന്ദ്രനെകുറിച്ച് പഠിക്കുക എന്നതിനപ്പുറം ചൊവ്വയിൽ മനുഷ്യനെ ഇറക്കുന്നതടക്കുള്ള വിശാലമായ ഗ്രഹാന്തര പര്യവേഷണത്തിൻ്റെ ആദ്യ ഘട്ടമാണ് നാസയ്ക്ക് ആർട്ടെമിസ്.

അപ്പോളോ ദൗത്യമാണ് 1972 ൽ മനുഷ്യനെ അവസാനമായി ചന്ദ്രനിലിറക്കിയത്. 1960 മുതൽ 1972 വരെയുളള കാലയളവില്‍ 12 പേരാണ് ചന്ദ്രനിൽ കാല്‍ കുത്തിയത്. സാറ്റേൺ എന്ന വിക്ഷേപണ വാഹനമാണ് അപ്പോളോ ദൗത്യത്തിനായി ഉപയോഗിച്ചത്. അതിനേക്കാൾ ശക്തിയേറിയ സ്പേസ് ലോഞ്ച് സിസ്റ്റമാണ് (എസ് എൽ എസ് ) ആർട്ടെമിസിൻ്റെ വിക്ഷേപണ വാഹനം. ലോകത്ത് ഇന്നുവരെ ഉണ്ടാക്കിയ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമാണ് ഇത്.

ഗ്രീക്ക് ദേവനായ അപ്പോളോയുടെ ഇരട്ട സഹോദരിയാണ് ആർട്ടെമിസ്. ഗ്രീക്ക് ഇതിഹാസത്തിൽ ചന്ദ്രന്റെ ദേവത. പുതിയ ചാന്ദ്രദൗത്യത്തിത് നാസ, ആർട്ടെമിസ് എന്ന് പേര് നൽകിയത് ഇതിനാലാണ്. പദ്ധതിയിലൂടെ ചരിത്രത്തിലാദ്യമായി ഒരു സ്ത്രീ ചന്ദ്രനിലിറങ്ങും. വെളുത്ത വർ​ഗക്കാരനല്ലാത്ത ആളെയും ആർട്ടെമിസ് ആദ്യമായി ചന്ദ്രനിലെത്തിക്കും. മൂന്നാം ഘട്ടത്തിൽ 2025 ലാണ് മനുഷ്യനെ ചന്ദ്രനിലിറക്കാൻ ഉദ്ദേശിക്കുന്നത്. ആദ്യ ഘട്ടമായ ആർട്ടെമിസ് ഒന്നിൻ്റെ ഭാഗമായി സഞ്ചാരികളില്ലാത്ത പരീക്ഷണം ഓഗസ്റ്റ് 29 നടത്തും. എസ് എൽ എസി ൻ്റെ കാര്യക്ഷമത പരീക്ഷിക്കാനാണ് ഈ കന്നിപ്പറക്കൽ.

ആർട്ടെമിസ് - ഒന്ന്

ആദ്യ പറക്കലിനായി എസ് എൽ എസ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെൻ്ററിലെ ലോഞ്ചിങ് പാഡിൽ എത്തിക്കഴിഞ്ഞു. 39B ലോഞ്ചിങ് പാഡിൽ നിന്ന് ഓഗസ്റ്റ് 29 ന് റോക്കറ്റ് കുതിച്ചുയരും. ആർട്ടെമിസ് ദൗത്യങ്ങളിൽ ഉപയോഗിക്കപ്പെടുന്ന എല്ലാ റോക്കറ്റ് ഘട്ടങ്ങളും ബഹിരാകാശ വാഹനങ്ങളും പരീക്ഷിക്കും. 13 ക്യൂബ്സാറ്റ് ഉപഗ്രഹങ്ങളും ഓറിയോൺ ബഹിരാകാശ പേടകവും വഹിച്ചാകും എസ് എൽ എസ് കുതിക്കുക. മൂന്നാഴ്ച നീണ്ടു നിൽക്കുന്നതാണ് ആർട്ടെമിസ് ഒന്ന് ദൗത്യം. 13 ക്യൂബ് സാറ്റ് ഉപഗ്രഹങ്ങളെ ചന്ദ്രന് ചുറ്റുമുള്ള ഭ്രമണപഥത്തിൽ വിന്യസിക്കും. വിവിധ പഠനങ്ങൾക്കായാണ് ഇത്. മനുഷ്യനെ വഹിക്കാൻ ശേഷിയുള്ള, പുനരുപയോഗം സാധ്യമായ ബഹിരാകാശ പേടകമാണ് ഓറിയോൺ. ഓറിയോണിനെ ഭൂമിക്ക് ചുറ്റുള്ള ഭ്രമണപഥത്തിൽ നിന്ന് ചന്ദ്രൻ്റെ സ്വാധീനത്തിലുള്ള ഭ്രമണപഥത്തിലേക്ക് നിക്ഷേപിക്കുകയും വീണ്ടും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചിറക്കുകയും ചെയ്യുന്നതാണ് ആർട്ടെമിസ് ഒന്നിൻ്റെ പ്രധാന പരീക്ഷണ ഘട്ടം. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചിറങ്ങുമ്പോൾ 5000 ഫാരൻഹീറ്റ് താപനില വരെ ഓറിയോണിന് അതിജീവിക്കേണ്ടി വരും. സൗരോപരിതലത്തിലെ താപനിലയുടെ ഏതാണ്ട് പകുതി വരും ഈ ചൂട്. പസഫിക് മഹാസമുദ്രത്തിൽ കാലിഫോർണിയാ തീരത്തോട് ചേർന്നാകും ഓറിയോണിൻ്റെ ലാൻഡിങ്.

ആർട്ടെമിസ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ 2024 ഓടെ മനുഷ്യനെ വഹിച്ചുള്ള യാത്ര സാധ്യമാക്കും. മൂന്നാം ഘട്ടത്തിൽ രണ്ടംഗ സംഘത്തെ ചന്ദ്രനിലിറക്കും. ഈ തുടർ പദ്ധതികളുടെ വിജയം ആർട്ടെമിസ് ഒന്നിൻ്റെ പരീക്ഷണ വിജയത്തെ അടിസ്ഥാനമാക്കിയാകും. ഓഗസ്റ്റ് 29 ന് കാലാവസ്ഥ പ്രതികൂലമായാൽ സെപ്റ്റംബർ ആദ്യവാരം തന്നെ ദൗത്യം പൂർത്തിയാക്കാനാണ് നാസയുടെ ആലോചന.

കോൺസ്റ്റലേഷൻ പ്രോഗ്രാം

ജോർജ് ഡബ്ല്യു ബുഷിൻ്റെ കാലത്ത് 2020 ഓടെ ചന്ദ്രനിൽ മനുഷ്യനെ ഇറക്കുക എന്ന ലക്ഷ്യത്തോടെ നാസ വിഭാവനം ചെയ്ത പദ്ധതിയാണ് കോൺസ്റ്റലേഷൻ പ്രോഗ്രാം. 2005 മുതൽ 2010 വരെ ഇതിനായി പ്രവർത്തനങ്ങളും നടത്തി. ഭൂമി,ചന്ദ്രൻ അവസാനമായി ചൊവ്വ എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാൽ 2010 ൽ പ്രസിഡൻ്റ് ബറാക്ക് ഒബാമ പദ്ധതി റദ്ദാക്കി. പ്രതീക്ഷിച്ചതിലും ചെലവ് വർധിച്ചതാണ് കാരണം. തുടർന്നാണ് ആർട്ടെമിസ് പദ്ധതി നാസ തുടങ്ങുന്നത്.

ആർട്ടെമിസ് പദ്ധതിയുടെ ഭാഗമായ സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിൻ്റെ നിർമ്മാണം 2011 മുതൽ ആരംഭിച്ചു. 2016 ലാണ് ആദ്യ വിക്ഷേപണം ആലോചിച്ചതെങ്കിലും സാങ്കേതിക കാരണങ്ങളാൽ വൈകുകയായിരുന്നു. 50,000 കോടി രൂപ ചെലവ് വരുന്ന എസ്എൽഎസ് റോക്കറ്റിന് 365 അടി നീളമുണ്ട്. നാല് ആർ എസ് 25 എഞ്ചിനും രണ്ട് സോളിഡ് റോക്കറ്റ് ബൂസ്റ്ററും ഉപയോഗിച്ചാണ് ഇതിൻ്റെ പറക്കൽ.

നാസയുടെ മാറി വരുന്ന ലക്ഷ്യങ്ങൾ

ചന്ദ്രനാണോ ചൊവ്വയാണോ നാസയുടെ ലക്ഷ്യസ്ഥാനമെന്ന് നിർണയിക്കുന്നതിൽ മാറി മാറി വന്ന സർക്കാരുകൾക്ക് നിർണായക പങ്കുണ്ട്. അപ്പോളോ ചാന്ദ്രദൗത്യത്തിൻ്റെ വിജയത്തിനു ശേഷം ഭൂമിക്ക് പുറത്തുള്ള പഠനങ്ങളിൽ നാസ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. പ്രസിഡൻറായിരുന്ന റിച്ചാർഡ് നിക്സൻ്റെ നിർദേശത്തെ തുടർന്നാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. 1989 ൽ ജോർജ് ബുഷാണ് വീണ്ടും ചന്ദ്രനിലേക്കും തുടർന്ന് ചൊവ്വയിലേക്കും എന്ന സ്വപ്നത്തിന് ചിറകു നൽകിയത്. 2004 ൽ ബുഷ് രണ്ടാമൻ കോൺസ്റ്റലേഷൻ പ്രോഗ്രാമിന് അനുവാദം നൽകി. 2020 ഓടെ ചന്ദ്രനിലിറങ്ങുക തുടർന്ന് ചൊവ്വയിലേക്ക് എന്നതായിരുന്നു ലക്ഷ്യം. തുടർന്നെത്തിയ ഒബാമ പദ്ധതി ഉപേക്ഷിച്ചു. നേരിട്ടുള്ള ചൊവ്വാദൗത്യത്തിനായിരുന്നു ഒബാമയുടെ നിർദേശം. ഡോണൾഡ് ട്രംപ് പ്രസിഡൻറ് ആയതോടെയാണ് ആദ്യം ചന്ദ്രൻ, പിന്നെ ചൊവ്വ എന്ന നിലയിൽ ആർട്ടെമിസ് പദ്ധതിക്ക് ഇന്ന് കാണുന്ന രൂപം കൈവന്നത്.

പ്രപഞ്ചത്തെ അടുത്തറിയാനുളള, ഭൂമിക്കപ്പുറം മനുഷ്യ ജീവിതം സാധ്യമായ ആവാസ വ്യവസ്ഥ കണ്ടെത്താനുള്ള ശാസ്ത്രലോകത്തിൻ്റെ അടങ്ങാത്ത ആഗ്രഹമാണ് ആർട്ടെമിസ് പദ്ധതിയുടെയും പ്രേരണ.

ചൊവ്വയിലേക്കുള്ള ഇടത്താവളമായി ചന്ദ്രൻ

മനുഷ്യ സാന്നിധ്യമുള്ള വിദൂര ബഹിരാകാശ പര്യവേഷണത്തിന് നാന്ദി കുറിക്കുകയാണ് ആർട്ടെമിസ് പദ്ധതിയിലൂടെ നാസ. ചന്ദ്രനിൽ മനുഷ്യനെ ഇറക്കുക മാത്രമല്ല, ചുരുങ്ങിയ കാലമെങ്കിലും അവിടം താവളമാക്കാനുള്ള സാധ്യത കൂടി തേടുകയാണ്. ചൊവ്വാ ദൗത്യം തന്നെയാണ് ആത്യന്തിക ലക്ഷ്യം. ഭൂമിയിൽ നിന്ന് ചൊവ്വയിലേക്ക് നേരിട്ടുള്ള സഞ്ചാരം ഏഴ് മാസമെങ്കിലും എടുക്കും. ഏതാണ്ട് 500 ദിവസം വേണം ചൊവ്വയിൽ നേരിട്ട് പോയി തിരിച്ചെത്താൻ. അതേ സമയം ചന്ദ്രനിലേക്കും ചന്ദ്രനിൽ നിന്നും മൂന്ന് ദിവസം യാത്ര മതി. ചന്ദ്രനിലെ ജലസാന്നിധ്യം ബഹിരാകാശ സഞ്ചാരികൾക്ക് ഉപയോഗിക്കാൻ മാത്രമല്ല , അവയിൽ നിന്ന് റോക്കറ്റ് ഇന്ധനം ഉണ്ടാക്കുന്നതും പരീക്ഷിക്കുകയാണ്. വിജയിച്ചാൽ ഭൂമിയിൽ നിന്നുള്ള വിക്ഷേപണ സമയത്ത് കുറച്ച് ഇന്ധനം ഉപയോഗിച്ചാൽ മതിയാകും. ഇത് ചെലവ് ചുരുക്കും. ഗേറ്റ് വേ ബഹിരാകാശ നിലയം സ്ഥാപിക്കാനും ആർട്ടെമിസ് പദ്ധതിയിലൂടെ സാധിക്കും. ഭൂമിയെ ചുറ്റുന്ന രാജ്യാന്തര ബഹിരാകാശ നിലയത്തിന് സമാനമായി, ചന്ദ്രന് ചുറ്റുള്ള ഭ്രമണപഥത്തിൽ സ്ഥാപിക്കാൻ പദ്ധതിയിടുന്ന ബഹിരാകാശ നിലയമാണ് ഗേറ്റ് വേ. ചന്ദ്രോപരിതലത്തിൽ ഭാവിയിൽ ലക്ഷ്യമിടുന്ന അടിസ്ഥാന സൗകര്യ വികസനത്തിൽ ഗേറ്റ് വേയ്ക്ക് നിർണായക പങ്കു വഹിക്കാനാകുമെന്നാണ് കണക്കാക്കുന്നത്.

NASA

പ്രപഞ്ചത്തെ അടുത്തറിയാനുളള, ഭൂമിക്കപ്പുറം മനുഷ്യ ജീവിതം സാധ്യമായ ആവാസ വ്യവസ്ഥ കണ്ടെത്താനുള്ള ശാസ്ത്രലോകത്തിൻ്റെ അടങ്ങാത്ത ആഗ്രഹമാണ് ആർട്ടെമിസ് പദ്ധതിയുടെയും പ്രേരണ. ആദ്യ പരീക്ഷണം പദ്ധതിയുടെ ഗതിയും വേഗവും ഭാവിയും തീരുമാനിക്കുമെന്നതിനാൽ ഓഗസ്റ്റ് 29 നാസയ്ക്കും ബഹിരാകാശ പര്യവേഷണത്തിനും നിർണായക ദിനമാണ്.

logo
The Fourth
www.thefourthnews.in