ഏകീകൃത സിവില്‍ നിയമത്തിന് പിന്നില്‍ കേന്ദ്രം കരുതി വച്ചിരിക്കുന്നതെന്ത് ?
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ ഒരിടവേളയ്ക്ക് ശേഷം ഏകീകൃത സിവില്‍ കോഡ് വീണ്ടും ചര്‍ച്ചയാവുകയാണ്. തിരഞ്ഞെടുപ്പിന് മുമ്പായി ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ കേന്ദ്രം ഒരുങ്ങുകയാണോ ?അത്തരത്തിലുള്ള ചില സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നും മതസംഘടനകളില്‍ നിന്നും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും കമ്മീഷന്‍ ആരാഞ്ഞു. 22-ാമത് നിയമ കമ്മീഷന്റേതാണ് ഉത്തരവ്. 30 ദിവസത്തിനകം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നാണ് നിയമ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
2016-ല്‍ ഏകീകൃത സിവില്‍ കോഡ് രൂപവത്കരിക്കുന്നതിനെപ്പറ്റി പഠിക്കാന്‍ ഒന്നാം മോദി സര്‍ക്കാര്‍ നിയമ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. 2018-ല്‍ ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് പൊതുജനാഭിപ്രായം ആരാഞ്ഞ് 21-ാം നിയമ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് മൂന്ന് വര്‍ഷം ആയതിനാലും വിഷയവുമായി ബന്ധപ്പെട്ട് വിവിധ കോടതി ഉത്തരവുകളുടേയും പശ്ചാത്തലത്തിലാണ് വീണ്ടും നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നുവെന്നാണ് നിയമ കമ്മീഷന്‍ ഉത്തരവില്‍ പറയുന്നത്.
പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധം കത്തിയപ്പോഴും പിന്മാറാത്ത കേന്ദ്രം കരുതിവച്ചിരിക്കുന്നതെന്ത് ?
രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ അന്നത്തെ നിയമ മന്ത്രി കിരണ്‍ റിജിജു രാജ്യസഭയില്‍ പറഞ്ഞത്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്നുള്ള സൂചനകളാണ് ബിജെപി വൃത്തങ്ങള്‍നല്‍കുന്നത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നടക്കുന്ന ആദ്യ സമ്മേളനത്തില്‍ ഏകീകൃത സിവില്‍ കോഡ് ബില്‍ കൊണ്ടു വരാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ നടത്തുന്നുവെന്ന അഭ്യൂഹങ്ങളും ശക്തമാണ്.
രാജ്യം മുഴുവന്‍ ഒരേ നിയമം എന്നതാണ് ഏക സിവില്‍ കോഡ് എന്നതുകൊണ്ട് കേന്ദ്രം ഉദ്ദേശിക്കുന്നത്. മതത്തിന്റെയോ ലിംഗത്തിന്റേയോ ലൈംഗിക ആഭിമുഖ്യത്തിന്റേയോ തരംതിരിവില്ലാതെ രാജ്യത്തെ മുഴുവന്‍ പൗരന്‍മാര്‍ക്കും തുല്യമായി ബാധകമാകുന്ന വ്യക്തിനിയമമായിരിക്കും അത്. കുറച്ചു കൂടി ലളിതമായി പറഞ്ഞാല്‍ വിവാഹം, വിവാഹ മോചനം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ എന്നിവയ്‌ക്കെല്ലാം രാജ്യത്തെ എല്ലാ മതവിഭാഗങ്ങള്‍ക്കും ഒറ്റ നിയമം.
എന്നാല്‍ വ്യക്തിനിയമങ്ങള്‍ അടക്കമുള്ള വിഷയങ്ങള്‍ ഈ നിയമം നിലവില്‍ വരുന്നതോടെ പ്രസക്തമല്ലാതാകുമെന്ന വാദങ്ങള്‍ ഉന്നയിച്ചാണ് ഇതിനെതിരായ പ്രതിഷേധങ്ങള്‍ ശക്തമാകുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കണക്ക് പ്രകാരം ആയിരത്തോളം വ്യക്തി നിയമങ്ങളാണ് രാജ്യത്തുള്ളത്. എന്നാല്‍ സിവില്‍ കോഡ് വരുന്നതോടെ ഈ നിയമങ്ങള്‍ എല്ലാം തന്നെ ഏകീകരിക്കപ്പെടും.
ഏകീകൃത സിവില്‍ കോഡും ഷാ ബാനു കേസും
ഇന്ത്യന്‍ ഭരണഘടനയുടെ മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളിലുള്ളതാണ് ഏകീകൃത സിവില്‍ നിയമം. അതായത് രാജ്യം നടപ്പിലാക്കാന്‍ ശ്രമിക്കേണ്ട ഒരു കാര്യം എന്ന നിലയിലാണ് ഭരണ ഘടന നിര്‍മാതാക്കള്‍ ഏകീകൃത സിവില്‍ നിയമത്തെ കണ്ടത്. ഷാ ബാനു കേസുമായി ബന്ധപ്പെട്ട വിവാദത്തിനിടെ ഇക്കാര്യം കൂടുതല്‍ ചര്‍ച്ചയായി. ഇന്ത്യയില്‍ രാഷ്ട്രീയ- നിയമ മേഖലയില്‍ എല്ലാം വലിയ ചര്‍ച്ചയ്ക്ക് വഴി വച്ച കേസായിരുന്നു 1985 ലെ ഷാ ബാനു കേസ്. തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തിയ ഷാ ബാനുവിന് മുന്‍ ഭര്‍ത്താവ് ജീവനാംശം നല്‍കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. മതമൗലികവാദികളുടെ സമ്മര്‍ദത്തിന് വഴങ്ങി രാജീവ് ഗാന്ധി സര്‍ക്കാര്‍ ഇതിനെ മറികടക്കാന്‍ നിയമം കൊണ്ടുവരികയായിരുന്നു.
ബിജെപിയുടെ മൂന്ന് പ്രധാനലക്ഷ്യങ്ങളില്‍ അവസാനത്തേതാണ് ഏകീകൃത സിവില്‍ നിയമം. കശ്മീരിന്റെ പ്രത്യേക പദവി നിര്‍ത്തലാക്കല്‍, അയോധ്യയില്‍ ബാബറി മസ്ജിദ് നിലനിന്ന സ്ഥലത്ത് രാമക്ഷേത്രം പണിയല്‍ എന്നിവയായിരുന്നു മറ്റ് ലക്ഷ്യങ്ങള്‍. ഇവ രണ്ടും കൈവരിച്ചു കഴിഞ്ഞു. രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങളെ ഏകീകൃത സിവില്‍ നിയമം ഇല്ലാതാക്കുമെന്നതാണ് ഇതിനെതിരായ ആക്ഷേപം. അതേസമയം വിവിധ മത വിഭാഗത്തില്‍ അവഗണിക്കപ്പെട്ടും ചൂഷണം ചെയ്യപ്പെട്ടും കഴിയുന്ന സ്ത്രീകള്‍ക്ക് ഏകീകൃത സിവില്‍ നിയമം ഗുണം ചെയ്യുമെന്ന വാദവുമുണ്ട്.