ബിൽക്കിസ് ബാനു കേസും ഗുജറാത്ത് സർക്കാരിന്റെ ഇരട്ടത്താപ്പും
2002ൽ ഗുജറാത്തിൽ മുസ്ലീം വിരുദ്ധ കൂട്ടക്കൊലയ്ക്കിടെ ആക്രമിക്കപ്പെട്ട ബിൽക്കിസ് ബാനുവുമായി ബന്ധപ്പെട്ട ചർച്ചകൾ കുറച്ചുദിവസമായി സജീവമാണ്. ബിൽക്കിസ് ബാനുവിനെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ടവരെ ജയിൽ മോചിതരാക്കിയ നടപടിയും അതിന് സുപ്രീംകോടതി അംഗീകാരം നൽകിയതുമാണ് ഇപ്പോൾ വ്യാപകമായി ചർച്ച ചെയ്യുന്നത്.
കുറ്റവാളികളെ പിന്നീട് വിട്ടയയ്ക്കുന്നത് ഇന്ത്യയിൽ ഇതാദ്യമല്ല. രാഷ്ട്രീയ താത്പര്യങ്ങളും നിയമ, മാനുഷിക പരിഗണനകളും ഇതിൽ വരും. ഇതിൽ എന്താണ് ബിൽക്കിസ് ബാനുവിനെ ആക്രമിച്ച ക്രിമിനലുകൾക്ക് തുണയായതെന്ന് അറിയില്ല. അവർ ജയിലിൽ നല്ല നടപ്പുകാരാണ്, 15 വർഷം ജയിൽ വാസം അനുഭവിച്ചുവെന്നൊക്കെയാണ് ഗുജറാത്ത് സർക്കാരിന്റെ വാദം. 2002 ലെ മുസ്ലീം വിരുദ്ധ കാലാപത്തിന് കാരണമായെന്ന് ചിലർ കരുതുന്ന ഗോധ്ര ട്രെയിൻ തീവെപ്പ് കേസിലെ ക്രിമിനലുകളും ഇപ്പോൾ ജയിലിലാണ്. ഇവരെയും മറ്റുള്ളവരെ പോലെ വിട്ടയക്കുമോ.
2002ലെ ഗോധ്ര ട്രെയിൻ കത്തിക്കൽ കേസുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട 31 പ്രതികളിൽ ഒരാളായ ഫാറൂഖിന് കഴിഞ്ഞയാഴ്ച ജാമ്യം അനുവദിക്കവെ, 17 വർഷം അയാൾ ജയിലിൽ കഴിഞ്ഞത് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഒക്ടോബറിൽ കേസ് പരിഗണിക്കവെ ഗുജറാത്ത് സർക്കാരിന്റെ ശിക്ഷാ ഇളവിന് ഫാറൂഖ് യോഗ്യനാകുമോ എന്ന് പരിശോധിക്കാൻ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശവും നൽകിയിരുന്നു. ഇക്കാര്യത്തിൽ ഗുജറാത്ത് സർക്കാരിന് അനുകൂല നിലപാടല്ലെന്നത് വ്യക്തം. പ്രതികൾ 15 വർഷം ജയിലിൽ കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബിൽക്കിസ് ബാനുവിന്റെ ആക്രമികൾക്ക് ശിക്ഷാ ഇളവ്. ഇതാണ് ഇരട്ടത്താപ്പായി തോന്നുന്നത്.
കൊലപാതകശ്രമമാണ് ഫാറൂഖിനെതിരെ ചുമത്തിയിരുന്ന കുറ്റം. എന്നാൽ ബിൽക്കിസ് ബാനു കേസ് പ്രതികൾക്കെതിരെ ഇതിലും ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തപ്പെട്ടിരുന്നത്. കൊലപാതകം, കൂട്ടബലാത്സംഗം തുടങ്ങിയവ.
1992ലെ വ്യവസ്ഥകൾ അടിസ്ഥാനമാക്കിയായിരുന്നു ബിൽക്കിസ് ബാനു കേസിൽ ഗുജറാത്ത് സർക്കാരിന്റെ ഇടപെടൽ. 2014ലെ പുതുക്കിയ വ്യവസ്ഥ പ്രകാരം കൊലപാതകം ബലാത്സംഗം തുടങ്ങിയ വകുപ്പുകൾ ചുമത്തപ്പെട്ട കേസുകളിൽ ശിക്ഷാ ഇളവ് സാധ്യമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 1992ലെ വ്യവസ്ഥകളിൽ ഇതില്ല. 2008ൽ കേസിൽ ശിക്ഷിക്കപ്പെടുമ്പോൾ 1992ലെ വ്യവസ്ഥകളായിരുന്നു നിലനിന്നത് എന്നതാണ് ഗുജറാത്ത് സർക്കാർ നൽകിയ വിശദീകരണം.
അപ്പോൾ ഒരു കാര്യം വ്യക്തമാണ്. മോചനത്തിനോ മാപ്പിനോ അപ്പുറം വിവേചനാധികാരമാണ് ഗുജറാത്ത് സർക്കാർ ഉപയോഗിച്ചത്. വിവേചനാധികാരത്തെ നിയന്ത്രിക്കുന്നത് നീതി ബോധമല്ല, മറിച്ച് സങ്കുചിത രാഷ്ട്രീയമാണെന്ന് വ്യക്തം. കൊടും ക്രിമിനലുകളെ രാഷ്ട്രീയ മത പരിഗണനകൾ നോക്കി വിട്ടയക്കുന്ന ഒരു പ്രദേശത്തെ നിയമവാഴ്ച നിലനിൽക്കുന്ന പ്രദേശം എന്ന് പറയാൻ കഴിയുമോ?