ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തെ ഉലച്ച ഖലിസ്ഥാൻ വാദത്തിന്റെ ചരിത്രം

ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തെ ഉലച്ച ഖലിസ്ഥാൻ വാദത്തിന്റെ ചരിത്രം

കാനഡയിലെ ഖാലിസ്ഥാൻ സാന്നിധ്യത്തിനും ഇന്ത്യ-കാനഡ നയതന്ത്ര പ്രശ്നങ്ങൾക്കും 45 വർഷത്തെ ചരിത്രമുണ്ട്
Updated on
3 min read

ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവും തുടർന്നുണ്ടായ സംഭവങ്ങളും ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം ഉലയുന്നതിൽ കലാശിച്ചിരിക്കുകയാണ്. എന്നാൽ ആ ഉലച്ചിൽ പെട്ടന്ന് സംഭവിച്ചതല്ല. ചരിത്രം പരിശോധിച്ചാൽ കാനഡയിലെ ഖലിസ്ഥാൻ സാന്നിധ്യവും ഇന്ത്യ-കാനഡ നയതന്ത്രപ്രശ്നങ്ങളും ആരംഭിക്കുന്നത് 45 വർഷം മുമ്പാണെന്ന് മനസിലാകും. ഇന്ത്യാവിരുദ്ധ പ്രവർത്തനം നടത്തുന്നവരോട് കാനഡ മൃദുസമീപനം പുലർത്തുന്നതായി ഇന്ത്യ എക്കാലവും ഉയർത്തുന്ന ആക്ഷേപമാണ്.

കാനഡയിലേക്ക് സിഖ് വംശജർ എത്തുന്നത് 20-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണ്. ബ്രിട്ടീഷ് പട്ടാളത്തിലുണ്ടായിരുന്ന സിഖ് വിഭാഗത്തിൽപ്പെട്ട ആളുകൾ ബ്രിട്ടീഷ് കൊളംബിയ ഭാഗത്തുകൂടി സഞ്ചരിക്കുമ്പോഴാണ് ഫലഭൂയിഷ്ഠമായ ഈ സ്ഥലം ശ്രദ്ധിക്കുന്നതും അങ്ങോട്ട് കുടിയേറുന്നതും. ശരിക്കും ബ്രിട്ടീഷ് അധിനിവേശകാലത്ത് ആരംഭിക്കുന്നതാണ് ഈ ചരിത്രമെന്ന് ചുരുക്കം. 1970കളോടെ കനേഡിയൻ സമൂഹത്തിന്റെ പ്രധാനപ്പെട്ട ഭാഗമായി സിഖ് വിഭാഗം മാറി.

1985 ജൂൺ 23 നാണ് മോൻട്രിയലിൽനിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന എയർക്രാഫ്റ്റ് ഖലിസ്ഥാൻ തീവ്രവാദികൾ ബോംബുവച്ച് തകർക്കുന്നത്

ആദ്യമായി കാനഡ-ഇന്ത്യ നയതന്ത്ര ബന്ധം വഷളാകുന്നത് 1970കളിൽ ഇന്ത്യ പൊഖ്‌റാനിൽ ആണവപരീക്ഷണം നടത്തിയപ്പോഴാണ്. 1974 ൽ നടന്ന ഈ സംഭവം അന്നത്തെ കനേഡിയൻ പ്രധാനമന്ത്രി പിയറി ട്രുഡോയെ ക്ഷുഭിതനാക്കി. കാണ്ടു (CANDU) പോലെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് കാനഡ നൽകുന്ന റിയാക്ടറുകൾ ക്രമസമാധാനം തകർക്കുന്നതിനായി ഉപയോഗപ്പെടുത്തുന്നതിൽ ഇന്നത്തെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോയുടെ അച്ഛനും അന്നത്തെ പ്രധാനമന്ത്രിയുമായ പിയറി ട്രുഡോ അസ്വസ്ഥനായിരുന്നു. ആ അസ്വസ്ഥത ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിച്ചു.

ആ സംഭവത്തിന് ശേഷം പഞ്ചാബിൽ ശക്തി പ്രാപിച്ചുകൊണ്ടിരുന്ന ഖലിസ്ഥാൻ വാദത്തിന് കാനഡയിലും സ്വീകാര്യത ലഭിച്ചുതുടങ്ങി. നിരവധിപേർ സ്വന്തം രാജ്യത്ത് തങ്ങൾ രാഷ്ട്രീയമായി അടിച്ചമർത്തപ്പെടലുകൾ അനുഭവിക്കുന്നുണ്ടെന്ന് പറഞ്ഞ് കാനഡയിൽ അഭയാർഥികളായി പരിഗണിക്കണമെന്നാവശ്യപ്പെട്ടു. ആരും ഈ മനുഷ്യരുടെ പശ്ചാത്തലം അന്വേഷിച്ചില്ല, എല്ലാവർക്കും അവിടെ സംരക്ഷണം കിട്ടി. അങ്ങനെ കാനഡ താവളമാക്കിയ ഖാലിസ്ഥാൻ വാദികളിൽ പ്രധാനപ്പെട്ട വ്യക്തിയാണ് തൽവീന്ദർ സിങ് പർമാർ. എയർ ഇന്ത്യ വിമാനം 182 അക്രമിക്കുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചയാളാണ് തൽവീന്ദർ സിങ്. ഇയാൾ തന്നെയാണ് ബബ്ബാർ ഖൽസ ഇന്റർനാഷണൽ എന്ന സംഘടനയ്ക്കും നേതൃത്വം നൽകിയത്.

'90 കളിൽ ഒരുപക്ഷെ ഇന്ത്യയിൽ ഖലിസ്ഥാൻവാദം അവസാനിച്ചുപോയേനെ, എന്നാൽ കാനഡയിൽ അത് ശക്തമായി തന്നെ നിലനിന്നു.

1985 ജൂൺ 23 നാണ് മോൻട്രിയലിൽ നിന്നും ലണ്ടനിലേക്ക് പോവുകയായിരുന്ന വിമാനം ഖലിസ്ഥാൻ തീവ്രവാദികൾ ബോംബ് വച്ച് തകർക്കുന്നത്. യാത്രക്കാരുടെ ശരീരങ്ങൾ അയർലണ്ട് തീരത്തും കടലിലുമായി ചിതറിത്തെറിച്ചു. 307 യാത്രക്കാരും 22 ക്രൂ അംഗങ്ങളും ഒരാൾപോലും ബാക്കിയാകാതെ കൊല്ലപ്പെട്ടു. കനേഡിയൻ ചരിത്രത്തിലെ ഏറ്റവും ദാരുണമായ സംഭവമായിരുന്നു അത്.

ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തെ ഉലച്ച ഖലിസ്ഥാൻ വാദത്തിന്റെ ചരിത്രം
തിരിച്ചടിച്ച് ഇന്ത്യ; കനേഡിയന്‍ ഉദ്യോഗസ്ഥനെ പുറത്താക്കി; അഞ്ചു ദിവസത്തിനകം രാജ്യം വിടണം

ഖലിസ്ഥാനി നേതാക്കളെ സംബന്ധിച്ച് ഭാഷ ഒരു പ്രശ്നമായിരുന്നു. ആദ്യകാലങ്ങളിൽ അവർക്ക് ഇംഗ്ലീഷ് ഭാഷ കാര്യമായി കൈകാര്യം ചെയ്യാൻ സാധിച്ചിരുന്നില്ല. എന്നാൽ പിന്നീട് 21-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ സാധിക്കുന്ന ഖലിസ്ഥാനി നേതാക്കളുണ്ടായി. 1980കളിൽ കാനഡയിൽ ഉണ്ടായിരുന്ന അഭയാർഥികളായ ഖലിസ്താനി നേതാക്കളുടെ മക്കളാണ് ഇതിൽ മിക്കവരും.

'90 കളിൽ ഒരുപക്ഷെ ഇന്ത്യയിൽ ഖലിസ്ഥാൻവാദം അവസാനിച്ചുപോയേനെ, എന്നാൽ കാനഡയിൽ അത് ശക്തമായി തന്നെ നിലനിന്നു. 2010ൽ ടോറൻടോയിൽ ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്, കനേഡിയൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപറുമായി കൂടിക്കാഴ്ച നടത്തുകയും തങ്ങളുടെ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

2015 ൽ ജസ്റ്റിൻ ട്രുഡോ അധികാരത്തിലെത്തിയതിനു ശേഷമാണ് ഖലിസ്ഥാൻ വാദങ്ങൾ ശക്തമായി തിരിച്ചുവന്നത്. ഖലിസ്ഥാൻ അനുകൂലികളായിട്ടുള്ളവർ ആ തിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിയെ ശക്തമായി പിന്തുണച്ചു. എയർ ഇന്ത്യ വിമാനം ആക്രമിച്ച സംഭവത്തിൽ റിപുദമാൻ സിങ് മാലിക് എന്ന ഖാലിസ്ഥാൻ അനുകൂലിക്കെതിരെ ഇന്ത്യ കേസെടുത്തെങ്കിലും ഒടുവിൽ വിട്ടയയ്ക്കേണ്ടി വന്നു. ആ സമയത്ത് ഇന്ത്യൻ സർക്കാരിനെ അഭിനന്ദിച്ചുകൊണ്ട് 2022 ൽ കനേഡിയൻ സർക്കാർ കത്തെഴുതിയിരുന്നു.

നരേന്ദ്രമോദിയും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോയും
നരേന്ദ്രമോദിയും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോയും

ഈ വർഷം ജൂൺ മാസം ഖലിസ്ഥാൻ അനുകൂലികൾ നടത്തിയ പ്രകടനത്തിൽ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ കൊലപാതകം ഒരു ടാബ്ലോയിഡ് ആയി അവതരിപ്പിച്ചിരുന്നു

കാനഡയിൽ സിഖ് തീവ്രവാദത്തിന്റെ ശക്തമായ സാന്നിധ്യമുണ്ടെന്ന പബ്ലിക് റിപ്പോർട്ട് 2018 ൽ പുറത്തുവന്നിരുന്നു. ഖലിസ്ഥാൻ അനുകൂലികളോടുള്ള കാനഡയുടെ തുറന്ന സമീപനം വ്യക്തമാകുന്ന മറ്റൊരു സാഹചര്യം സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) എന്ന ഖലിസ്ഥാൻ അനുകൂല സംഘടനയുടെ പുറത്തുവരാനിരിക്കുന്ന ഖലിസ്ഥാൻ റഫറണ്ടത്തോടുള്ള സർക്കാരിന്റെ സമീപനമാണ്. 2020 ൽ നടക്കാനിരുന്ന റഫറണ്ടം 2025ൽ മാത്രമേ നടക്കൂയെന്നാണ് ഇപ്പോൾ അറിയുന്നത്. എന്നാൽ റഫറണ്ടം മുന്നോട്ടുവയ്ക്കുന്ന കാര്യങ്ങൾ രാജ്യം അംഗീകരിക്കില്ലെന്നാണ് കാനഡ വിദേശകാര്യ മന്ത്രാലയം ഇപ്പോൾ പറയുന്നത്.

കാനഡ എല്ലാസമയത്തും ഇന്ത്യയുമായി മികച്ച നയതന്ത്രബന്ധം സൂക്ഷിക്കാൻ ശ്രമിച്ചിട്ടുണ്ട്. അതിനു മുന്നോട്ടുവച്ചിരുന്നത് കാനഡയുടെ ഇൻഡോ-പസിഫിക് സ്ട്രാറ്റജി ആയിരുന്നു. കഴിഞ്ഞ നവംബറിലാണ് ഇന്ത്യ തങ്ങളുടെ നിർണായക പങ്കാളിയാണ് എന്ന് കാനഡ പ്രഖ്യാപിക്കുന്നത്. കനേഡിയൻ മന്ത്രിമാരുടെ ഇന്ത്യൻ സന്ദർശനങ്ങളെല്ലാം വിജയമായിരുന്നു.

ഈ സെപ്റ്റംബറിൽ പ്രധാനമന്ത്രി ട്രുഡോ തന്നെ ഇന്ത്യ സന്ദർശിക്കുമെന്ന് കരുതിയിരിക്കുമ്പോഴാണ് ഹർദീപ് സിങ് നിജ്ജാറിന്റെ മരണത്തെത്തുടർന്ന് നയതന്ത്ര പ്രതിനിധികളെ പുറത്താക്കിക്കൊണ്ട് രണ്ട് രാജ്യങ്ങളും പ്രത്യക്ഷ പോരാട്ടത്തിലേക്കെത്തിയത്. അതിനു മുന്നോടിയായി, ഒക്ടോബറിൽ നടത്താൻ നിശ്ചയിച്ച ഇന്ത്യ-കാനഡ വ്യാപാര ചർച്ച മാറ്റിവച്ചതായി കാനഡ അറിയിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ വന്നതിന്റെ തുടർച്ചയാണ് ചർച്ച മാറ്റിവച്ചതെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. കാനഡയുടെ പത്താമത്തെ വലിയ വ്യാപാരപങ്കാളിയാണ് ഇന്ത്യ.

ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തെ ഉലച്ച ഖലിസ്ഥാൻ വാദത്തിന്റെ ചരിത്രം
'ഖലിസ്ഥാൻ നേതാവിന്റെ വധത്തിൽ ഇന്ത്യക്ക് പങ്ക്', എംബസി ഉദ്യോഗസ്ഥനെ പുറത്താക്കി കാനഡ; അസംബന്ധമെന്ന് വിദേശകാര്യ മന്ത്രാലയം

പഞ്ചാബിന് പുറത്ത് ഏറ്റവും കൂടുതല്‍ സിഖ് ജനസംഖ്യയുള്ള രാജ്യമാണ് കാനഡ. നാല് കോടി വരുന്ന കാനഡ ജനസംഖ്യയില്‍ 14 ലക്ഷം പേര്‍ ഇന്ത്യന്‍ വംശജരാണ്. ഇതില്‍ 7,70,000 പേര്‍ സിഖ് മതത്തില്‍ വിശ്വസിക്കുന്നവരാണെന്നാണ് 2021ലെ സെന്‍സസ് വ്യക്തമാക്കുന്നത്. ഇന്ത്യന്‍ സമൂഹത്തിനിടയിലെ സിഖ് തീവ്രവാദികളുടെ ഇടപെടല്‍ സംബന്ധിച്ച് ഇന്ത്യ നിരവധി തവണ കനേഡിയന്‍ സര്‍ക്കാരിന് മുന്നില്‍ പരാതി ഉന്നയിച്ചിരുന്നു. അതിൽ ഏറ്റവും ഒടുവിലത്തേതായിരുന്നു ഈ വർഷം ജൂൺ മാസം ഖലിസ്ഥാൻ അനുകൂലികൾ നടത്തിയ പ്രകടനത്തിൽ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി വധം ടാബ്ലോയിഡായി അവതരിപ്പിച്ച സംഭവം.

ഇന്ത്യയില്‍ വിഘടനവാദം പുനരുജ്ജീവിപ്പിക്കുന്നതിന് ശ്രമിക്കുന്നവരെ പിന്തുണയ്ക്കില്ലെന്ന് ജസ്റ്റിന്‍ ട്രൂഡോ 2018ല്‍ ഇന്ത്യയ്ക്ക് ഉറപ്പുനല്‍കിയിരുന്നു. അതേസമയം, അഭിപ്രായം പ്രകടിപ്പിക്കാനും പ്രതിഷേധം സംഘടിപ്പിക്കാനുമുള്ള അവകാശത്തെ മാനിക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കുകയുണ്ടായി. എസ്എഫ്ജെയുടെ പ്രചാരണങ്ങൾ ഒരു സമയത്ത് ഇന്ത്യയുടെ മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിലേക്കുവരെ എത്തിയിരുന്നു. ഇതാണ് നിജ്ജാറിന്റെ കൊലപാതകത്തിലേക്കെത്തിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്നതും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കണമെന്നതും ഖാലിസ്ഥാൻ അനുകൂലികൾ ഉന്നയിച്ച ആവശ്യമായിരുന്നു. അതാണ് ഇപ്പോൾ കനേഡിയൻ സർക്കാർ ഏറ്റെടുത്തതെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്.

ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തെ ഉലച്ച ഖലിസ്ഥാൻ വാദത്തിന്റെ ചരിത്രം
ആരാണ് ഹർദീപ് സിങ് നിജ്ജർ? ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തെ ബാധിച്ച കൊലപാതകം

ജൂണ്‍ 18ന് ബ്രിട്ടീഷ് കൊളംബിയയിലെ സുറെയിലെ സിഖ് ക്ഷേത്രത്തിന് പുറത്തുവച്ചാണ് ഹര്‍ദീപ് സിങ് നിജ്ജര്‍ കൊലപ്പെടുന്നത്. 2020 ജൂലൈയില്‍ ഇന്ത്യ വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ നിജ്ജറിനെ അക്രമികള്‍ ഇദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിനുപിന്നിൽ ഇന്ത്യയാണെന്നതിന് ശക്തമായ തെളിവുകളുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ഇന്ത്യൻ നയതന്ത്രപ്രതിനിധിയെ ഇന്ന് കാനഡ പുറത്താക്കിയത്. പിന്നാലെ കാനഡയുടെ പ്രതിനിധിയെ ഇന്ത്യയും പുറത്താക്കി.

നിജ്ജറിനെ അക്രമികള്‍ കരുതിക്കൂട്ടി കൊലപ്പെടുത്തിയതാണെന്നാണ് കാനഡയിലെ സിഖ് സംഘടനകള്‍ കരുതുന്നത്. ജീവന് ഭീഷണി സംബന്ധിച്ച് നിജ്ജറിന് കാനഡയുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായാണ് വേള്‍ഡ് സിഖ് ഓര്‍ഗനൈസേഷന്‍ ഓഫ് കാനഡ പറയുന്നത്. പഞ്ചാബില്‍നിന്ന് വേര്‍പെട്ട് 'ഖലിസ്ഥാന്‍' എന്ന സ്വതന്ത്ര രാജ്യം വേണമെന്ന് വാദിക്കുകയും അതിനുവേണ്ടി പ്രചാരണം നടത്തുകയും ചെയ്യുന്ന ആളാണ് നിജ്ജര്‍.

logo
The Fourth
www.thefourthnews.in