ശൈശവ വിവാഹങ്ങള്‍; വ്യക്തി നിമയവും പൊതു നിയമവും കൂടിക്കുഴയുമ്പോള്‍
നെടുമങ്ങാട് ശൈശവ വിവാഹം നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായിരിക്കുന്നു. നിലവിലെ സാമൂഹിക സാഹചര്യത്തില്‍ ശൈശവ വിവാഹങ്ങള്‍ കുറ്റകരം തന്നെയാണ്. എന്നാല്‍ വ്യക്തി നിയമവും പൊതു നിയമവും തമ്മിലുള്ള സംഘടനം ഈ വിഷയത്തിലുണ്ട്. മുസ്ലിം വ്യക്തി നിയപ്രകാരം 18 വയസില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്താല്‍ വിവാഹം നിലനില്‍ക്കും.അതായത് (വാലിഡ് മാരേജാണ്) പക്ഷെ വിവാഹം നിമയസാധുതയുണ്ടെങ്കിലും വിവാഹം ചെയ്തയാളും വിവാഹം ചെയ്യിപ്പിച്ച രക്ഷകര്‍ത്താക്കളും ശൈശവ വിവാഹ നിരോധന നിയമപ്രകാരം ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നതാണ്.
വിവാഹം അസാധുവാക്കാന്‍ കോടതികള്‍ക്ക് കഴിയില്ലെങ്കിലും ഇത്തരത്തില്‍ ശിക്ഷ വിധിക്കാനാവും. അതിനാല്‍ മുസ്ലിം വ്യക്തി നിയമ പരമായി വിവാഹം ചെയ്തുവെന്ന് അവകാശപ്പെട്ടാലും പൊതു നിയമപ്രകാരമുള്ള ശിക്ഷ അനുഭവിക്കേണ്ടിവരും. വ്യക്തി നിയമപ്രകാരം മുസ്ലീങ്ങള്‍ തമ്മിലുള്ള വിവാഹം പോക്‌സോ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് കേരള ഹൈക്കോടതി ഈ അടുത്തായി വ്യക്തമാക്കുകയും ചെയ്തു. ആദിവാസി മേഖലകളിലും മറ്റും ആചാരത്തിന്ര്‍റെ ഭാഗമായി പ്രായപൂര്‍ത്തിയാവാത്തവര്‍ തമ്മില്‍ വിവാഹം നടക്കുകയും അവര്‍ പിന്നീട് പോകോസോ നിയമ പ്രകാരം അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്. ഇതാണ് കേരളത്തിലെ സ്ഥിതി.
എന്നാല്‍ പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളില്‍ ഇതല്ല അവസ്ഥ. മുസ്ലിം വിവാഹ നിയമപ്രകാരം പെണ്‍കുട്ടികള്‍ക്ക് വിവാഹം കഴിക്കാന്‍ 18 വയസ്സ് തികയേണ്ടതില്ലെന്നും ഋതുമതിയായാല്‍ മതിയെന്നുമായിരുന്നു ഇവിടുത്തെ ഹൈക്കോടതി വിധിയിലുള്ളത്. ഇതിന്റെ പേരില്‍ ഭര്‍ത്താവിനെതിരേ പോക്സോ ചുമത്താന്‍ പറ്റില്ലെന്നും കോടതി വിധിച്ചിരുന്നു. മാതാപിതാക്കളുടെ അനുമതിയില്ലാതെ വിവാഹം കഴിച്ച 16കാരിയെ ചില്‍ഡ്റന്‍സ് ഹോമിലാക്കിയതിനെതിരേ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് 26കാരന്‍ ജാവേദ് നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി വിധി. തുടര്‍ന്ന് പെണ്‍കുട്ടിയെ ഭര്‍ത്താവിനൊപ്പം വിട്ടു.
14,15,16 വയസ്സൊക്കെ പ്രായമുള്ള പെണ്‍കുട്ടികള്‍ വിവാഹം കഴിക്കുന്നത് വ്യക്തി നിയമത്തിന്റെ അടിസ്ഥാനത്തില്‍ ന്യായീകരിക്കാന്‍ കഴിയില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ വാദിക്കുകയും ചെയ്തു. വ്യക്തിനിയമങ്ങള്‍ ഉപയോഗിച്ച് പോക്സോ കേസിനെ മറികടക്കാന്‍ പറ്റുമോ, ഇത്തരം വിവാഹങ്ങള്‍ നിയമവിധേയമാണോ തുടങ്ങിയ കാര്യങ്ങള്‍ ഇനി സുപ്രീംകോടതി പരിശോധിക്കാനിരിക്കുകയാണ്.
സുപ്രീംകോടതി ഈ വിഷയത്തില്‍ തീര്‍പ്പ് കല്‍പിച്ചാല്‍ ഇതിലൊരു ഏകീക്യത നിയമം വരികയും ആശയ കുഴപ്പം ഒഴിവാകുകയും ചെയ്യും. ആരോഗ്യ, സാമൂഹിക മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധരുടെ അഭിപ്രായത്തില്‍, പെണ്‍കുട്ടികളുടെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും ഉയര്‍ന്ന വിവാഹ പ്രായം ആവശ്യമാണന്നാണ് പൊതുവെയുള്ള അഭിപ്രായം. എന്നാല്‍ വ്യക്തി നിയമങ്ങള്‍ പിന്‍തുടരാനാഗ്രഹിക്കുന്നവര്‍ ഒരു രീതിയിലും ഇതിനെ അംഗീകരിക്കുന്നുമില്ല.