ചൈനയില്‍ ജനരോഷം ആളിക്കത്തുന്നു ; സര്‍ക്കാര്‍ വിരുദ്ധ വികാരത്തിന്റെ കാരണമെന്ത് ?
വിയോജിപ്പ് പ്രകടിപ്പിക്കാന്‍ പോലും സ്വാതന്ത്ര്യമില്ലാതെ ഭരണകൂടത്തോട് വിധേയപ്പെട്ട് ജീവിച്ച ചൈനീസ് ജനത ഇപ്പോള്‍ തെരുവിലിറങ്ങി സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടത്തുന്നു. പ്രസിഡന്റ് ഷി ജിന്‍പിങ് രാജിവെയ്ക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് അവര്‍ തെരുവിലിറങ്ങിയിരിക്കുന്നത്. നിയമ വിരുദ്ധമായ ഭൂമി കുടിയേറ്റങ്ങള്‍, മലിനീകരണം, പോലീസിന്റെ അമിധാതികാര പ്രയോഗങ്ങള്‍ തുടങ്ങിയവ കൊണ്ടൊക്കെ പൊറുതിമുട്ടിയപ്പോഴും പ്രതികരിക്കാതിരുന്ന ജനങ്ങള്‍ ഇപ്പോള്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന കോവിഡ് നിയമങ്ങള്‍ക്കെതിരെ വിയോജിപ്പ് പ്രകടിപ്പിച്ച് തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കുകയാണ്.
ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളിലും കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയിട്ടും ചൈനയില്‍ ഇപ്പോഴും ഇത് കര്‍ശനമായി തുടരുകയാണ്. നഗരത്തിലെ ഏതെങ്കിലും ഒരു പ്രദേശത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്താല്‍ സീറോ കോവിഡ് പദ്ധതിയുടെ ഭാഗമായി ആ നഗരം മുഴുവന്‍ അടച്ചിടും. പൂര്‍ണമായും ലോക്ഡൗണിലേയ്ക്ക് നീങ്ങുന്ന നഗരങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ കുറവില്‍ മിക്ക ജനങ്ങളും ഏറെ ദുരിതത്തിലാണ്.
തലസ്ഥാനമായ ബീജിങ്ങില്‍ വളരെ കുറച്ചു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തയുടനെത്തന്നെ കര്‍ശനമായ നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നത്. പൊതു ഇടങ്ങളിലേക്ക് പ്രവേശിക്കണമെങ്കില്‍ മൂന്നുദിവസം കൂടുമ്പോള്‍ പിസിആര്‍ ടെസ്റ്റ് നടത്തണം എന്നടക്കമുള്ള നിര്‍ദേശങ്ങളുണ്ടായിരുന്നു അതില്‍. സീറോ-കോവിഡ് നയം മൂലം കോവിഡ് നിയന്ത്രണ മേഖലകളില്‍ ചികിത്സാ സഹായം വൈകുകയും ആവര്‍ത്തിച്ച് മരണം റിപ്പോര്‍ട്ട് ചെയ്യുന്നതും പതിവാണ്. സാമ്പത്തിക പ്രതിസന്ധി, ഭക്ഷ്യക്ഷാമം, ആരോഗ്യ രംഗത്തെ പ്രതിസന്ധികള്‍ തുടങ്ങിയവയെല്ലാം ജനജീവിതം ദുസ്സഹമാക്കി.
രാജ്യത്തിന്റെ കടുത്ത കോവിഡ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് ഞായറാഴ്ച ചൈനയിലെ പ്രധാന നഗരങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ തെരുവിലിറങ്ങി. ഭരണകൂടത്തിനെതിരായ പൊതുജനങ്ങളുടെ ഇതുവരെ കാണാത്ത പ്രതിഷേധങ്ങള്‍ക്കാണ് ചൈന സാക്ഷ്യം വഹിക്കുന്നത്. പെട്ടന്നെുള്ള ലോക്ഡൗണുകളിലും ദൈര്‍ഘ്യമേറിയ ക്വാറന്റൈനുകളിലും ജീവിതം ദുസ്സഹമായതോടെയാണ് ചൈനീസ് ജനത തെരുവിലില്‍ ഇറങ്ങി പ്രതിഷേധിക്കാനാരംഭിച്ചത്. സിന്‍ജിയാങ് മേഖലയുടെ തലസ്ഥാനമായ ഉറുംഖിയില്‍ നവംബര്‍ 24നുണ്ടായ മാരകമായ തീപിടിത്തം പൊതുജനരോഷത്തിന് ആക്കം കൂട്ടി.
തീപിടുത്തമുണ്ടായ കെട്ടിടം കോവിഡ് നിയന്ത്രണം കാരണം ഭാഗികമായി പൂട്ടിയിരുന്നതിനാല്‍ താമസക്കാര്‍ക്ക് ക്യത്യസമയത്ത് രക്ഷപ്പെടാന്‍ സാധിച്ചില്ല. പത്തുപേരാണ് തീപിടുത്തത്തില്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി തലസ്ഥാനമായ ബീജിങ്ങില്‍ നാനൂറോളംപേര്‍ മണിക്കൂറുകളോളം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.'ഞങ്ങളെല്ലാം സിന്‍ജിയാങ് ജനതയാണ്, ചൈനക്കാരേ പോകൂ' എന്ന് അവര്‍ ആക്രോശിച്ചു. ഒടുവില്‍ പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ നല്‍കിയ ഉറപ്പിന് ശേഷം അവര്‍ പിരിഞ്ഞുപോകാന്‍ സമ്മതിക്കുകയായിരുന്നു.
ബീജിങ്ങിലെ എലൈറ്റ് സിന്‍ഹുവ സര്‍വകലാശാലയില്‍ മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ ലോക്ക്ഡൗണുകള്‍ക്കെതിരെ പ്രതിഷേധിച്ച് റാലി നടത്തിയിരുന്നു. സിയാന്‍, ഗ്വാങ്ഷു, വുഹാന്‍ എന്നിവിടങ്ങളിലെ കാമ്പസുകളില്‍ നിന്നുള്ള സമാന പ്രതിഷേധങ്ങളുടെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ' ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം' എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. എന്നാല്‍ പ്രതിഷേധത്തിന്റെ ഹാഷ് ടാഗുകള്‍ വരെ ചൈന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്ന് ഒഴിവാക്കി.
ചൈനയിലെ ഷാങ്ഹായില്‍ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ബിബിസി റിപ്പോര്‍ട്ടര്‍ ആക്രമിക്കപ്പെട്ടു. ചൈനീസ് പോലീസ് വാര്‍ത്താ സംഘത്തെ മര്‍ദിച്ചുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. മാസ്‌ക് ധരിക്കാത്ത ആരാധകരുടെ ദൃശ്യങ്ങള്‍ ജനങ്ങളിലേക്ക് എത്തരുതെന്ന ലക്ഷ്യത്തോടെ ലോകകപ്പ് സംപ്രേഷണം പോലും സെന്‍സറിങിന് വിധേയമാക്കിയിരിക്കുകയാണ് ചൈനയില്‍.
കഴിഞ്ഞദിവസം ചൈനയില്‍ പ്രതിദിന കോവിഡ് കേസുകള്‍ 39,506 പിന്നിട്ടു. ഇതിന്റെ പശ്ചാത്തലത്തില്‍ കോവിഡ് നിയന്ത്രണം കൂടുതല്‍ ശക്തമാക്കാനൊരുങ്ങുകയാണ് ചൈന. ജനങ്ങളുടെ പ്രതിഷേധങ്ങളൊന്നും മുഖവിലയ്ക്കെടുക്കാന്‍ ഷി ജിന്‍ പിങ് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. രാജ്യത്ത് കോവിഡ് കേസുകള്‍ പൂര്‍ണമായി ഇല്ലാതാകുന്നത് വരെ കോവിഡ് നിയന്ത്രണങ്ങള്‍ തുടരുമെന്ന് ഷി ജിന്‍പിങ് വ്യക്തമാക്കി.
പ്രതിഷേധക്കാര്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തി അവരെ പിന്തിരിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. മറ്റു രാജ്യങ്ങള്‍ കോവിഡിനൊപ്പം ജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ ചൈന കോവിഡിനെ പ്രതിരോധിക്കാന്‍ ശ്രമിച്ച് ജീവിതം ദുരിതപൂര്‍ണമാക്കുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു . പ്രസിഡന്റ് ഷി ജിന്‍പിങ് കോവിഡിനെ ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്.