തൂക്കിക്കൊലയ്ക്കു പകരമെന്ത്? ശിരച്ഛേദം മുതല്‍ കുത്തിവയ്ക്കല്‍ വരെ, വിവിധ രാജ്യങ്ങളിലെ വധശിക്ഷാ രീതികള്‍ ഇങ്ങനെ

തൂക്കിക്കൊലയ്ക്കു പകരമെന്ത്? ശിരച്ഛേദം മുതല്‍ കുത്തിവയ്ക്കല്‍ വരെ, വിവിധ രാജ്യങ്ങളിലെ വധശിക്ഷാ രീതികള്‍ ഇങ്ങനെ

2017ലാണ് അഭിഭാഷകനായ ഋഷി മൽഹോത്ര തൂക്കിലേറ്റുന്നതിന് പകരം മറ്റ് ബദൽമാർ​ഗങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്
Updated on
3 min read

ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും വധശിക്ഷയെക്കുറിച്ചുളള ചർച്ചകൾക്ക് ചൂടുപിടിച്ചിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരി​ഗണിക്കുന്നത്. വധശിക്ഷ നടപ്പാക്കുന്നതിന് കൂടുതൽ മാനുഷികമായ മാർഗമുണ്ടോയെന്നാണ് കോടതിയുടെ ചോദ്യം. ഇതിന്റെ അടിസ്ഥാനത്തിൽ, തൂക്കുകയറിന് പകരം വേദന കുറഞ്ഞ മറ്റു വധശിക്ഷാ മാർഗങ്ങൾ തേടുന്നതിനായി സമിതി രൂപീകരിക്കുന്നത് പരിഗണനയിലാണെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു

കേസിന്റെ പശ്ചാത്തലം

വധശിക്ഷ നടപ്പാക്കുന്നതിന് മറ്റു മാർ​ഗങ്ങൾ ആവശ്യപ്പെട്ട് അഭിഭാഷകനായ ഋഷി മൽഹോത്ര സമർപ്പിച്ച കേസിലാണ് അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി കേന്ദ്രസർക്കാരിന്റെ നിലപാട് അറിയിച്ചത്. ഇതിനുപിന്നാലെ, ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി ജൂലൈയിലേക്ക് മാറ്റി.

ഋഷി മൽഹോത്ര
ഋഷി മൽഹോത്ര

2017ലാണ് ഋഷി മൽഹോത്ര സുപ്രീം കോതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. തൂക്കിക്കൊല്ലുന്നത് മനുഷ്യത്വരഹിതവും വേദനാജനകവുമാണെന്നും അന്തസ്സുളള മരണം മനുഷ്യന്റെ മൗലികാവകാശമാണെന്നുമായിരുന്നു ഋഷി മൽഹോത്രയുടെ വാദം. തൂക്കിലേറ്റുന്നതിന് പകരമുളള ബദൽമാർ​ഗങ്ങളും ഋഷി മൽഹോത്ര മുന്നോട്ടുവച്ചിരുന്നു. വിഷം കുത്തിവെച്ചോ വൈദ്യുതി കസേരയിൽ ഇരുത്തിയോ വെടിയുതിർത്തോ വധശിക്ഷ നടപ്പിലാക്കണമെന്നാണ് അദ്ദേഹം മുന്നോട്ടുവച്ചിരിക്കുന്ന നിർദേശം.

അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണി
അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണി

ഇന്ത്യയിലെ വധശിക്ഷയുമായി ബന്ധപ്പെട്ട പ്രധാന കേസുകൾ

ജഗ്മോഹൻ വേഴ്സസ് സ്റ്റേറ്റ് ഓഫ് യുപി (1972)

ഇന്ത്യയിൽ വധശിക്ഷയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ആദ്യ കേസായിരുന്നു ഇത്.

ബച്ചൻ സിങ് വേഴ്സസ് സ്റ്റേറ്റ് ഓഫ് പഞ്ചാബ് (1982)

1982ലെ ബച്ചൻ സിങ് വേഴ്സസ് സ്റ്റേറ്റ് ഓഫ് പഞ്ചാബ് എന്ന കേസിലെ വിധിയിൽ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് 4:1 ഭൂരിപക്ഷ വിധിയോടെയാണ് വധശിക്ഷയുടെ ഭരണഘടനാ സാധുത ശരിവച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ മാത്രമേേ വധശിക്ഷ നടപ്പിലാക്കാവൂയെന്നും ഈ കേസിലൂടെ സുപ്രീം കോടതി പ്രസ്താവിച്ചു. ബച്ചൻ സിങ് വേഴ്സസ് സ്റ്റേറ്റ് ഓഫ് പഞ്ചാബ് കേസിൽ ജസ്റ്റിസുമാരായ വൈ വി ചന്ദ്രചൂഡ്, എ ഗുപ്ത, എൻ ഉന്ത്വാലിയ, പി എൻ ഭഗവതി, ആർ സർക്കാരിയ എന്നിവരുൾപ്പെടെയുള്ള സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചാണ് സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്.

മിഥു വേഴ്സസ് സ്റ്റേറ്റ് ഓഫ് പഞ്ചാബ് (1983)

ഈ കേസിൽ കുറ്റവാളികൾക്കുള്ള നിർബന്ധിത വധശിക്ഷയ്ക്ക് ശിപാർശ ചെയ്യുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 303-ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കി.

ഒരിടവേളയ്ക്ക് ശേഷം കേസ് വീണ്ടും ചർച്ചയാകുന്നു

മരണം വരെ തൂക്കിലേറ്റുക എന്ന 1973ലെ ക്രിമിനൽ നടപടി ചട്ടത്തിന്റെ (സിആർപിസി) സെക്ഷൻ 354(5) ന്റെ ഭരണഘടനാ സാധുതയാണ് ഋഷി മൽഹോത്ര ചോദ്യം ചെയ്തിരിക്കുന്നത്. ഋഷി മൽഹോത്ര പൊതുതാൽപര്യ ഹർജി സമർപ്പിച്ചതിന് പിന്നാലെ, കേസ് പരി​ഗണിച്ച സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, 2018 ജനുവരിയിൽ നിലവിലെ വധശിക്ഷാ രീതിയെ ന്യായീകരിച്ച് സർക്കാർ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചാണ് ഹർജി പരി​ഗണിച്ചിരുന്നത്. അഞ്ച് വർഷത്തിനു ശേഷമാണ് കേസ് വീണ്ടും സുപ്രീം കോടതിയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

നാഥു റാം വിനായക് ഗോഡ്‌സെയും വധശിക്ഷയും

എയർഫോഴ്സ് ആക്ട് 1950, ദ ആർമി ആക്ട് 1950, ദ നേവി ആക്ട് 1957 എന്നിവ പ്രകാരം മരണം വരെ തൂക്കിലേറ്റുകയോ അല്ലെങ്കിൽ വെടിവച്ചോ ആണ് ഇന്ത്യയിൽ വധശിക്ഷ നടപ്പാക്കേണ്ടത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ വധശിക്ഷയ്ക്ക് വിധേയനായ ആദ്യത്തെ കുറ്റവാളി നാഥുറാം വിനായക് ഗോഡ്‌സെ ആയിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ വധശിക്ഷ നൽകണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. എന്നാൽ, ഏറ്റവും പ്രാകൃതവും മനുഷ്യത്വരഹിതവുമായ വധശിക്ഷാ രീതിയാണ് മനുഷ്യരെ തൂക്കിലേറ്റുന്നതെന്നാണ് ഋഷി മൽഹോത്രയുടെ ഹർജിയിലെ ഉളളടക്കം.

നാഥു റാം വിനായക് ഗോഡ്‌സെ
നാഥു റാം വിനായക് ഗോഡ്‌സെ

വിവിധ രാജ്യങ്ങളിലെ വധശിക്ഷാ രീതികൾ

  • തൂക്കിലേറ്റൽ

ഇന്ത്യക്കു പുറമേ അഫ്​ഗാനിസ്ഥാൻ, ജപ്പാൻ, സിംഗപ്പൂർ, മലേഷ്യ, പാകിസ്താൻ, ഇറാൻ, ഇറാഖ്, ദക്ഷിണ സുഡാൻ, സിറിയ, ബംഗ്ലാദേശ്, ഈജിപ്ത്, ബോട്സ്വാന, നൈജീരിയ, കുവൈറ്റ് എന്നിവിടങ്ങളിൽ പ്രചാരത്തിലുള്ള വധശിക്ഷാ രീതിയാണ് തൂക്കിലേറ്റൽ.

ആംനസ്റ്റി ഇന്റർനാഷണലിന്റെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള 55 രാജ്യങ്ങളിൽ ഈ വധശിക്ഷാ രീതിയുണ്ട്. മുൻ ബ്രിട്ടീഷ് കോളനികളിൽ നിലനിന്നിരുന്ന ഈ രീതി ഏറ്റവും പ്രാചീനവും പ്രാകൃതവുമായതാണ്.

  • വെടിവച്ച് കൊലപ്പെടുത്തൽ

ചൈന, തായ്‌വാന്‍, സൗദി അറേബ്യ, ബെലാറസ്, റഷ്യ, ഉത്തര കൊറിയ, ഇറാൻ, ഒമാൻ, ഖത്തർ, സൊമാലിയ, യെമൻ എന്നിവിടങ്ങളിൽ നിലവിലുള്ള വധശിക്ഷാ രീതിയാണ് വെടിവെച്ച് കൊലപ്പെടുത്തൽ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളെ തലയുടെ പിന്നിൽ ഒറ്റ വെടിവച്ചാണ് വധിക്കുന്നത്. അതേസമയം, ഇൻഡോനേഷ്യയിൽ, ഫയറിങ് സ്ക്വാഡിനെ കൊണ്ട് നിറയൊഴിപ്പിച്ചാണ് കൊലപ്പെടുത്തുന്നത്. എന്നാൽ, ഉത്തര കൊറിയയിൽ വിമാനവേധ തോക്കുകൾ ഉപയോഗിച്ചാണ് ശിക്ഷിക്കപ്പെട്ടവരെ കൊലപ്പെടുത്തുന്നത്.

  • വിഷം കുത്തിവയ്ക്കൽ

1982 മുതൽ അമേരിക്കയിൽ പ്രചാരത്തിലുള്ള വധശിക്ഷാ രീതിയാണ് വിഷം കുത്തിവച്ച് കൊലപ്പെടുത്തൽ. അമേരിക്കയ്ക്ക് പുറമേ ചൈന, തായ്‌ലാന്‍ഡ്‌, ഗ്വാട്ടിമാല, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളും ഈ രീതിയാണ് പിന്തുടരുന്നത്. സോഡിയം പെന്റോട്ടൽ, പാൻകുറോണിയം ബ്രോമൈഡ്, പൊട്ടാസ്യം ക്ലോറൈഡ് എന്നീ രാസവസ്തുക്കളാണ് കുത്തിവയ്ക്കാൻ ഉപയോ​ഗിക്കുന്നത്.

  • ശിരച്ഛേദം

ചരിത്രത്തിലെ പല കാലഘട്ടങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്ന രീതിയാണ് ശിരച്ഛേദം. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഫ്രാൻസിൽ ഉപയോഗിച്ചിരുന്ന ഗില്ലറ്റിൻ കുപ്രസിദ്ധമാണ്. നിലവിൽ, സൗദി അറേബ്യയിൽ തല വെട്ടുന്ന ശിക്ഷാരീതിയുണ്ട്.

  • കല്ലെറിഞ്ഞ് കൊലപ്പെടുത്തൽ

തൂക്കിലേറ്റുന്നതിലേക്കാൾ ഏറെ പ്രാകൃതമായ വധശിക്ഷാ രീതിയാണ് കല്ലെറിഞ്ഞ് കൊലപ്പെടുത്തൽ. ഇരയാക്കപ്പെടുന്ന വ്യക്തിയെ ആൾക്കൂട്ടം ഓടിച്ചിട്ടാണ് കല്ലെറിയുന്നത്. ഇസ്ലാമിക ഭൂരിപക്ഷ രാജ്യങ്ങളായ സൊമാലിയ, സൗദി അറേബ്യ, ഇറാഖ്, സുഡാൻ, യുഎഇ, ഉത്തര നൈജീരിയ, മൗറിത്താനിയ, ഖത്തർ, ഇറാൻ, യെമൻ, ബ്രൂണെ എന്നിവിടങ്ങളിലാണ് ഈ രീതി പ്രചാരത്തിലുള്ളത്.

  • ഷോക്കടിപ്പിക്കൽ

അമേരിക്കയിലും ഫിലിപ്പൈൻസിലും പ്രചാരത്തിലുണ്ടായിരുന്ന മറ്റൊരു വധശിക്ഷാ രീതിയാണ് കസേരയിൽ ഇരുത്തി ഷോക്കടിപ്പിക്കുന്നത്. അമേരിക്കൻ സ്റ്റേറ്റുകളായ ഫ്ലോറിഡ, കെന്റക്കി, ഓക്ലാഹോമ, സൗത്ത് കരോലിന, ടെന്നസി എന്നിവിടങ്ങളിൽ ഈ ശിക്ഷാരീതി ഇപ്പോഴും പ്രചാരത്തിലുണ്ട്.

കുറ്റവാളിയെ കസേരയിൽ ഇരുത്തി ബന്ധിച്ചശേഷം, തലയോട്ടിയുടെ ആകൃതിയിലുള്ള ഇലക്‌ട്രോഡ് തലയിൽ ഘടിപ്പിക്കും. 500 മുതൽ 2000 വരെ വോൾട്ടുളള വൈദ്യുതാഘാതമാണ് പ്രയോ​ഗിക്കുന്നത്. ഏകദേശം 30 സെക്കൻഡ് വരെ ഇത് നീണ്ടുനിൽക്കും.

  • വിഷവാതകം ശ്വസിപ്പിക്കൽ

നാസി ഭരണകാലത്ത് ഹിറ്റ്ലർ ജർമനിയിൽ ഉപയോഗിച്ചിരുന്ന വധശിക്ഷാ രീതിയാണ് വിഷ വാതകം ശ്വസിപ്പിക്കൽ. അമേരിക്കയിലും ലിത്വാനിയയിലും ഇത് പ്രചാരത്തിലുണ്ടായിരുന്നു. അമേരിക്കൻ സ്റ്റേറ്റുകളായ അരിസോണ, കാലിഫോർണിയ, ഓക്ലഹോമ, വ്യോമിങ് എന്നിവിടങ്ങളിൽ ഇത് പ്രയോഗത്തിലുണ്ട്.

logo
The Fourth
www.thefourthnews.in