EXPLAINER:
ജിഎം കടുക് വരുമ്പോൾ സംഭവിക്കുന്നത്

EXPLAINER: ജിഎം കടുക് വരുമ്പോൾ സംഭവിക്കുന്നത്

വലിയ തോതിൽ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് അതിനൊരു ശാസ്ത്രീയപരിഹാരമാകും ജിഎം കടുകെന്നും വാദമുണ്ട്
Updated on
2 min read

ജനിതകമാറ്റം വരുത്തിയ കടുക് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി പച്ചക്കൊടി കാണിച്ചിരിക്കുകയാണ്. കർഷക സംഘടനകളുടേയും പരിസ്ഥിതി സംഘടനകളുടേയും എതിർപ്പിനെ തുടർന്ന് 2016 മുതൽ പരിഗണിക്കാതെ വെച്ചിരുന്ന നിർദേശത്തിനാണ് ഇപ്പോൾ ജെനറ്റിക് എൻജിനിയറിങ് അപ്രൂവൽ കമ്മിറ്റി (GEAC) അം​ഗീകാരം നൽകിയത്. നാല് വർഷത്തേക്കാണ് അനുമതി. രണ്ട് വർഷത്തിലൊരിക്കൽ പുതുക്കുന്ന രീതിയിലാകും കരാര്‍. ധാരാ മസ്റ്റാർഡ് ഹൈബ്രിഡ് - 2(ഡിഎംഎച്ച്) എന്ന പേരിലാകും ഹൈബ്രിഡ് കടുക് വിപണിയിലെത്തുക. ബയോടെക്‌നോളജി വിഭാഗത്തിന്‌റേയും അഗ്രികൾച്ചറിൽ റിസർച്ച് ആൻഡ് എജ്യുക്കേഷൻ ഡിപ്പാർട്ട്‌മെന്‌റിന്‌റേയും ശുപാർശ പരിഗണിച്ചാണ് വിദഗ്ധ സമിതി ജിഎം കടുകിന് അനുമതി നൽകിയത്.

എന്താണ് ജനിതകമാറ്റം വരുത്തിയ കടുക്?

ഒരേ സ്പീഷിസിലുള്ള വ്യത്യസ്ത ഇനം സസ്യങ്ങളുടെ സങ്കരണത്തിലൂടെയാണ് ജനിതകമാറ്റം വരുത്തിയ വിള വികസിപ്പിക്കുന്നത്. രണ്ട് വ്യത്യസ്ത ഇനങ്ങൾ തമ്മിൽ സങ്കരണം നടത്തിയാൽ, അതിന്റെ ഒന്നാം തലമുറയിലെ സസ്യങ്ങൾ സങ്കരവീര്യം പ്രകടിപ്പിക്കുകയും വിളവിലും മറ്റ് സ്വഭാവ സവിശേഷതകളിലും മെച്ചപ്പെട്ടതായി മാറുകയും ചെയ്യുന്നു. ദ്വിലിം​ഗ പുഷ്പമായതിനാൽ കടുകിൽ ഇത്തരത്തിലുള്ള ജനിതകമാറ്റം എളുപ്പത്തിൽ സാധ്യമാകുന്ന പ്രക്രിയയായിരുന്നില്ല. പരുത്തിയിലോ ചോളത്തിലോ തക്കാളിയിലോ സാധ്യമാകുന്ന വിധം സ്വയംപരാഗണ പ്രക്രിയ നിർജീവമാക്കി, ബീജസങ്കലനം വേഗത്തിൽ സാധ്യമാകില്ലെന്നതായിരുന്നു ജിഎം കടുക് വികസിപ്പിക്കുന്നതിലുണ്ടായിരുന്ന വെല്ലുവിളി.

കടുകിൽ ഹൈബ്രിഡൈസേഷൻ എങ്ങനെ സാധ്യമായി?

ഡൽഹി സര്‍വകലാശാലയ ജനിതകമാറ്റ വിദ​ഗ്ധരായ സസ്യ ശാസ്ത്രജ്ഞരാണ് ധാരാ മസ്റ്റാർഡ് ഹൈബ്രിഡ്-2 (ഡിഎംഎച്ച്) എന്ന ജിഎം കടുക് വികസിപ്പിച്ചെടുത്തത്. ജനിതകമാറ്റം വരുത്തിയ ഇന്ത്യൻ കടുകിനം വരുണയും കിഴക്കൻ യൂറോപ്പിൽ നിന്നുള്ള ഇനമായ ഏർലിഹിരയും സങ്കരണം നടത്തിയാണ് ഇത് വികസിപ്പിച്ചത്. മണ്ണിൽ നിന്നുള്ള ബാക്ടീരിയയിൽ നിന്ന് വേർതിരിച്ചെടുത്ത ബാസിലസ് അമിലോലിക്യുഫാസിയൻസ് ജീനുകൾ കൂടി ഉൾപ്പെടുത്തിയാണ് സങ്കരണം സാധ്യമാക്കിയത്. പൂമ്പൊടി ഉത്പാദനം തടസപ്പെടുത്തിയും ദ്വിലിംഗ പുഷ്പത്തെ പരാഗരേണുവിൽ നിന്ന് മുക്തമാക്കിയുമുള്ള പ്രക്രിയകളിലൂടെയായിരുന്നു ജിഎം കടുകിന്റെ പിറവി.

എന്താണ് ആശങ്ക

2002ലാണ് ഡിഎംഎച്ച്-2 ആദ്യമായി വികസിപ്പിക്കുന്നത്. വിത്തിന്റെ ജൈവ സുരക്ഷാ പഠനം 2008ൽ ആരംഭിച്ചു. 2016 മുതൽ ജിഎം കടുകിന് അനുമതി നൽകണമെന്ന ആവശ്യം ഉയരുന്നുണ്ട്. അന്നുമുതൽ മാറ്റിവെച്ചിരുന്ന നിർദേശത്തിനാണ് ഇപ്പോൾ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ വിദഗ്ധ സമിതിയായ ജെനറ്റിക് എഞ്ചിനീയറിംഗ് അപ്രൂവൽ കമ്മിറ്റി അംഗീകാരം നൽകിയത്. കർഷക സംഘടനകളും പരിസ്ഥിതി പ്രവർത്തകരുമെല്ലാം ഉയര്‍ത്തിയ വലിയ എതിര്‍പ്പുകള്‍ മറികടന്നാണ് ജിഎം കടുകിന് അനുമതി നല്‍കിയത്. കാർഷിക മേഖലയിലുണ്ടാക്കുന്ന തിരിച്ചടി, ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങിയവയായിരുന്നു ഹൈബ്രിഡ് ഇനത്തെ എതിര്‍ത്തവര്‍ മുന്നോട്ടുവെച്ച ആശങ്ക.

ജിഎം കടുക് തേനീച്ചകളുടെ വംശനാശത്തിന് കാരണമാകുമോയെന്ന ആശങ്ക പങ്കുവയ്ക്കുന്നവരുമുണ്ട്. കടുക് പൂക്കളിലെ തേനാണ് തേനീച്ചകൾ പരാഗണത്തിനായി ആശ്രയിക്കുന്നത്.

കളകളെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവായ ഗ്ലൂഫോസിനേറ്റ് അമോണിയത്തെ ഉൾക്കൊള്ളുന്ന ബാർ ജീനിന്‌റെ സാന്നിധ്യമാണ് ജിഎം കടുകിനെ എതിർക്കുന്ന പരിസ്ഥിതിവാദികള്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. കളനാശത്തിന് രാസകീടനാശിനി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതാകും ഈ നീക്കമെന്ന് അവര്‍ വ്യക്തമാക്കുന്നു. അതിലുപരി കളപറിക്കുന്ന തൊഴിലിലേര്‍പ്പെട്ടവരുടെ ജീവിതമാർ​ഗത്തിനും തിരിച്ചടിയാകും. എന്നാല്‍, വലിയ തോതിലുള്ള വിത്ത് ഉത്പാദനത്തിന് ബാർ ജീനുകളുടെ സാന്നിധ്യം ആവശ്യമാണെന്നാണ് ഹൈബ്രിഡ് വിത്ത് ഉത്പാദനത്തിന് മുൻകൈയെടുത്ത വിദ​ഗ്ധ സമിതി നൽകുന്ന വിശദീകരണം. ജനിതകമാറ്റം വരുത്തിയ വിളകളെ തിരിച്ചറിയാനും ഈ ജീൻ ആവശ്യമാണ്.

ജിഎം കടുക് തേനീച്ചകളുടെ വംശനാശത്തിന് കാരണമാകുമോയെന്ന ആശങ്ക പങ്കുവയ്ക്കുന്നവരുമുണ്ട്. കടുക് പൂക്കളിലെ തേനാണ് തേനീച്ചകൾ പരാഗണത്തിനായി ആശ്രയിക്കുന്നത്. ജിഎം കടുകിലേക്ക് എത്തുമ്പോഴുണ്ടാകുന്ന ഹൈബ്രിഡ് മാറ്റങ്ങൾ പരാ​ഗണം തടസപ്പെടുത്തും. എന്നാൽ ബയോടെക്‌നോളജി ശാസ്ത്രജ്ഞൻ സഞ്ജയ് കുമാർ മിശ്ര, കാർഷിക ഗവേഷണകേന്ദ്രം ഡയറക്ടർ അശോക് കുമാര്‍ സിങ് എന്നിവരുടെ പഠനം ജനിതകമാറ്റം തേനീച്ചകളിൽ പ്രത്യാഘാതങ്ങളുണ്ടാക്കില്ലെന്നാണ് സ്ഥാപിക്കുന്നത്.

ഈ വർഷം ജിഎം കടുക് കർഷകരിലേക്ക് എത്തുമോ?

കടുകിന്‌റെ നടീൽ കാലം ഒക്ടോബർ മുതൽ നവംബർ ആദ്യം വരെയാണ്. ഇതുവരെ വിത്തുകളൊന്നും ലഭ്യമല്ലാത്തതിനാൽ തന്നെ ഈ വർഷം ജിഎം കടുക് കർഷകർ ഉത്പാദിപ്പിക്കാൻ സാധ്യതയില്ല. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിക്കണമെന്നതും ഉത്പാദനം വൈകുന്നതിന് കാരണമാകും. എന്നാൽ GEAC അംഗീകാരം നൽകിയ സാഹചര്യത്തിൽ ഇനി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‌റെ അനുമതിക്ക് കാത്തുനിൽക്കേണ്ടതില്ലെന്നാണ് ഇന്ത്യൻ കാർഷിക ഗവേഷണ കേന്ദ്രം ഡയറക്ടർ അശോക് കുമാർ സിങ് പറയുന്നത്. ബിടി പരുത്തി വാണിജ്യ ഉത്പാദനം ആരംഭിച്ചത് വിദ​ഗ്ധ സമിതിയുടെ അം​ഗീകാരത്തോടെയായിരുന്നെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.

മൂന്ന് സീസണുകളിലേക്കായി ജിഎം കടുക് വിളവെടുപ്പിന് തയ്യാറാകുമെന്ന് അശോക് കുമാർ സിങ് വ്യക്തമാക്കുന്നു. ആദ്യ സീസണിൽ വിത്തിന്‌റെ അപര്യാപ്തതയുണ്ട്. അതുകൊണ്ടു തന്നെ വലിയ തോതിൽ ഉത്പാദനം സാധ്യമാകില്ല. രണ്ടാം സീസണിൽ കൂടുതല്‍ ഹൈബ്രിഡ് വിത്തുത്പാദനത്തിലേക്ക് കടക്കും. മൂന്നാംസീണാകുമ്പോഴേക്ക് വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദനം സാധ്യമാക്കാനാകും.

വലിയ തോതിൽ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് അതിനൊരു ശാസ്ത്രീയപരിഹാരമാകും ജിഎം കടുകെന്നും എ കെ സിങ് പറയുന്നു. പ്രതിവർഷം 8.5 മുതൽ 9 ദശലക്ഷം ടൺ ഭക്ഷ്യ എണ്ണ മാത്രമേ ഇന്ത്യ ഉത്പാദിപ്പിക്കുന്നുള്ളൂ. 14-14.5 മില്യൺ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. ജനിതക മാറ്റം വരുത്തിയ കടുക് വിപണിയിലെത്തിക്കുന്നതിൽ അന്തിമ തീരുമാനം കേന്ദ്ര സർക്കാരിന്‌റേതാണെങ്കിലും, സംസ്ഥാനങ്ങൾക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന വ്യവസ്ഥയും നിലവിലുണ്ട്.

logo
The Fourth
www.thefourthnews.in