കർഷകരെ തെരുവിലിറക്കുന്നത് ആര്?

സമരം അവസാനിപ്പിച്ചപ്പോള്‍ കര്‍ഷകര്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കിയിരുന്നോ?

'കിസാന്‍ ബച്ചാവോ, ദേശ് ബച്ചാവോ, കോര്‍പ്പറേറ്റ് ഭഗാവോ'...

കര്‍ഷകനെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ, കോര്‍പ്പറേറ്റുകളെ അകറ്റിനിര്‍ത്തൂ...രാജ്യത്ത് വീണ്ടും കര്‍ഷകരുടെ ശബ്ദം ഉയരുകയാണ്.

രാജ്യം കണ്ട വലിയ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് ശേഷം 2021 നവംബര്‍ 19 നായിരുന്നു വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയത്. പ്രഖ്യാപനത്തിന് ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഡല്‍ഹി രാംലീല മൈതാനത്ത് ആയിരക്കണക്കിന് കര്‍ഷകര്‍ ഒത്തുചേര്‍ന്നു. കോര്‍പ്പറേറ്റ് കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്ന നയങ്ങള്‍ സര്‍ക്കാര്‍ തിരുത്തുക എന്നതായിരുന്നു കര്‍ഷകര്‍ ഉയര്‍ത്തിയ പ്രധാന മുദ്രാവാക്യം.

പഞ്ചാബ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സാഹചര്യത്തിലായിരുന്നു 2021 നവംബര്‍ 19ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍, വീണ്ടും കര്‍ഷകര്‍ തെരുവിലിറങ്ങാന്‍ ഒരുങ്ങുന്നു എന്ന് പ്രഖ്യാപിക്കുമ്പോള്‍ ഒരു ചോദ്യം ബാക്കിയാവുകയാണ്...

എന്തിനായിരുന്നു വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് ?

പാര്‍ലമെന്റില്‍ വോട്ടെടുപ്പ് പോലും അനുവദിക്കാതെ പാസാക്കിയെടുത്ത മൂന്ന് കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ദേശവ്യാപകമായി നടന്ന പ്രക്ഷോഭത്തിനായിരുന്നു 2020 സെപ്റ്റംബറില്‍ പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളില്‍ തുടക്കമിട്ടത്. മൂന്ന് കാർഷിക ബില്ലുകളും വൈദ്യുതി ഭേദഗതി നിയമവും പിന്‍വലിക്കുക എന്ന മുദ്രാവാക്യവുമായി തുടങ്ങിയ പ്രക്ഷോഭം രാജ്യത്തേയും സര്‍ക്കാരിനെയും പിടിച്ചുകുലുക്കി. 40 സംഘടനകളില്‍ തുടക്കമിട്ട പ്രക്ഷോഭത്തില്‍, അഞ്ഞൂറോളം സംഘടനകളും പതിനായിരക്കണക്കിന് ജനങ്ങളും പങ്കാളികളായി. രാജ്യത്തിന്റെ അതിര്‍ത്തികളും റെയില്‍ പാളങ്ങളും തലസ്ഥാനവും സ്തംഭിപ്പിച്ചാണ് 400 ദിവസത്തോളം സമരം ചെയ്തത്. കോവിഡ് മഹാമാരിയും ഭീഷണികളും സമ്മര്‍ദങ്ങളും നിയമ നടപടികളും വകവയ്ക്കാതെ മുന്നേറിയ സമരത്തില്‍ പ്രതിനിധികളും കേന്ദ്രവുമായി പത്ത് തവണ നടത്തിയ ചര്‍ച്ചയും ഫലം കാണാതെ പിരിയുകയായിരുന്നു. ഒടുവില്‍ ഒന്നിച്ചുനിന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്രത്തിന് അംഗീകരിക്കേണ്ടിവന്നു.

സിഐടിയു, അഖിലേന്ത്യ കര്‍ഷക തൊഴിലാളി യൂണിയന്‍, അഖിലേന്ത്യ കിസാന്‍ സഭ എന്നിവയുടെ നേതൃത്വത്തില്‍ ഏപ്രില്‍ അഞ്ചിന് ഡല്‍ഹിയില്‍ നടക്കുന്ന മസ്ദൂര്‍ കിസാന്‍ സംഘര്‍ഷ് റാലി സമരത്തിന്റെ ഭാഗമാണ്

എന്നാല്‍, സമരം വിജയകരമായി പൂര്‍ത്തിയാക്കി രണ്ട് വര്‍ഷം പിന്നിടുമ്പോഴും, കര്‍ഷകര്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കിയോ?

കേന്ദ്രം നല്‍കിയ ഉറപ്പുകളും അനുനയ ശ്രമങ്ങളുമൊക്കെ കേവലം വാഗ്ദാനങ്ങള്‍ മാത്രമായി തുടരുമ്പോള്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ വീണ്ടും സമരം തുടരാന്‍ ഒരുങ്ങുകയാണ് കര്‍ഷകര്‍. സിഐടിയു, അഖിലേന്ത്യ കര്‍ഷക തൊഴിലാളി യൂണിയന്‍, അഖിലേന്ത്യ കിസാന്‍ സഭ എന്നിവയുടെ നേതൃത്വത്തില്‍ ഏപ്രില്‍ അഞ്ചിന് ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന മസ്ദൂര്‍ കിസാന്‍ സംഘര്‍ഷ് റാലിയും ഈ മുന്നേറ്റത്തിന്റെ ഭാഗമാണ്.

കർഷകരെ തെരുവിലിറക്കുന്നത് ആര്?
കര്‍ഷക സമരം ബദല്‍ മുന്നേറ്റങ്ങള്‍ക്ക് ഊര്‍ജം പകരും: ഡോ. വിജൂ കൃഷ്ണന്‍

എന്തൊക്കെയാണ് കർഷകരുടെ ആവശ്യം?

വിളകള്‍ക്ക് മിനിമം താങ്ങുവില നിയമപരമാക്കണമെന്നാണ് കര്‍ഷകരുടെ പ്രധാന ആവശ്യം. എന്നാല്‍, വിഷയം പഠിക്കാന്‍ കേന്ദ്രം നിയോഗിച്ച സമിതിയുടെ അജണ്ട കര്‍ഷക വിരുദ്ധമാണെന്നാണ് അവരുടെ നിലപാട്. നിലവിലെ സമിതി പിരിച്ചുവിട്ട് കര്‍ഷകരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി പുതിയ സമിതി രൂപീകരിക്കണമെന്നും മിനിമം താങ്ങുവില സമിതിയുടെ പ്രധാന വിഷയമാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്ന വൈദ്യുതി നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ നടപ്പാക്കിയില്ല.

കര്‍ഷക സമരത്തിനിടെ ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ നാല് കര്‍ഷകരെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ആസൂത്രകനെന്ന് ആരോപിക്കപ്പെട്ട അജയ് മിശ്ര കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായി തുടരുകയാണ്. അജയ് മിശ്രയെ മന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടിരുന്നു. സമരത്തിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, കള്ളക്കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ ഉന്നയിക്കുന്നുണ്ട്.

കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടണമെങ്കില്‍ സമരം ചെയ്യുക മാത്രമാണ് പോംവഴി. മഹാരാഷ്ട്രയിലെ നാസിക്കിലെ കര്‍ഷകര്‍ കഴിഞ്ഞയാഴ്ച നടത്തിയ ലോങ് മാര്‍ച്ചും പ്രതിഷേധവും വിജയം കണ്ടതും ഇതിന് ഉദാഹരണമാണ്. ഉള്ളി, തക്കാളി, പരുത്തിയടക്കമുള്ള വിളകള്‍ക്ക് താങ്ങുവിലയുറപ്പാക്കുക, വനാവകാശങ്ങള്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മുംബൈയിലേക്ക് കാല്‍നടയായി സമരത്തിനിറങ്ങിയപ്പോള്‍, മഹാരാഷ്ട്ര സര്‍ക്കാര്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടത്തുകയും ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്തു. കടാശ്വാസവും കൈവശഭൂമിക്ക് പട്ടയവും ആവശ്യപ്പെട്ട് 2018ല്‍ നാസിക്കിലെ കര്‍ഷകര്‍ നടത്തിയ ലോങ് മാര്‍ച്ചും വിജയം കണ്ടിരുന്നു. എന്നാല്‍, വിജയകരമായി പൂര്‍ത്തിയായെന്ന് അടിവരയിട്ട സമരത്തിലെ ആവശ്യങ്ങള്‍ ഇപ്പോഴും അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് കര്‍ഷകര്‍ പറയുമ്പോള്‍, സമരം വീണ്ടും തുടരേണ്ടത് അനിവാര്യമാകുകയാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in