ഗാസ വെടിനിർത്തല്‍: അമേരിക്ക മുന്നോട്ടുവെച്ച 'പാലം' ഇസ്രയേലിനുവേണ്ടിയോ?
ഗാസ വെടിനിർത്തലുമായി ബന്ധപ്പെട്ട് അമേരിക്ക മുന്നോട്ടുവെച്ച 'ബ്രിഡ്‌ജിങ് പ്രൊപ്പോസല്‍' ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അംഗീകരിച്ചുവെന്ന റിപ്പോർട്ടുകള്‍ ഇന്നലെയാണ് പുറത്തുവന്നത്. ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതില്‍ നിലനില്‍ക്കുന്ന തർക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
വെടിനിർത്തല്‍ സാധ്യമാക്കാനുള്ള പലവിധ ശ്രമങ്ങള്‍ ലക്ഷ്യം കാണാത്ത പശ്ചാത്തലത്തിലാണ് അമേരിക്കയുടെ പുതിയ നീക്കമുണ്ടായത്. അമേരിക്കയുടെ നീക്കത്തെ രൂക്ഷമായ ഭാഷയിലായിരുന്നു ഹമാസ് വിമർശിച്ചത്. ഇസ്രയേലിന് വംശഹത്യ തുടരാൻ സമയം അനുവദിക്കാനുള്ള ശ്രമമാണിതെന്നാണ് ഹമാസിന്റെ വാദം.
സ്ഥിരം വെടിനിർത്തല്‍?
ചർച്ചകളുടെ ഭാഗമാണെങ്കിലും സ്ഥിരമായ വെടിനിർത്തല്‍ എന്ന നിർദേശത്തിനോട് ഇസ്രയേല്‍ അകലം പാലിക്കുകയാണ്. ഇസ്രയേല്‍ ബന്ധികളെ വിട്ടുകിട്ടിയശേഷം ആക്രമണം തുടരാനാണ് നെതന്യാഹു ആഗ്രഹിക്കുന്നതെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ഹമാസിനെ ദുർബലപ്പെടുത്തുന്നതിനായി പലസ്തീനില്‍ ആക്രമണം നടത്തുകയെന്ന ദീർഘകാലമായുള്ള ഇസ്രയേലിന്റെ നിലപാടിനോട് ചേർന്നുനില്‍ക്കുന്നതാണ് നെതന്യാഹുവിന്റെ സമീപനം.
എന്നിരുന്നാലും, ഹമാസിനെ പൂർണമായും ഇല്ലാതാക്കണമെന്ന നെതന്യാഹുവിന്റെ ലക്ഷ്യം സാധ്യമാകില്ലെന്നാണ് ഇസ്രയേല്‍ സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. ഹമാസിനെതിരെ പരിപൂർണ വിജയമെന്ന ആശയത്തെ ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് തള്ളിയിട്ടുണ്ട്. ജൂലൈയില്‍ താല്‍ക്കാലിക വെടിനിർത്തല്‍ കരാറില്‍ ഒപ്പുവെക്കാൻ ഹമാസ് തയാറായിരുന്നെങ്കിലും നെതന്യാഹു കൂടുതല്‍ നിബന്ധനകള്‍ മുന്നോട്ടുവെക്കുകയായിരുന്നു.
സൈന്യത്തെ പിൻവലിക്കല്‍
ഗാസയില്‍നിന്ന് ഇസ്രയേല്‍ സൈന്യത്തിന്റെ പൂർണമായ പിൻവാങ്ങലാണ് ഹമാസ് ആഗ്രഹിക്കുന്നത്. ഗാസയെയും ഈജിപ്തിനെയും വേർതിരിക്കുന്ന ഫിലാഡെല്‍ഫി ഇടനാഴിയില്‍നിന്ന് ഉള്‍പ്പടെയുള്ള പിന്മാറ്റമാണ് ഹമാസ് ലക്ഷ്യമിടുന്നത്. എന്നാല്‍, ഇടനാഴിയില്‍ ഇസ്രയേല്‍ സൈന്യം തുടരണമെന്ന നിലപാടിലാണ് നെതന്യാഹു. ഇസ്രയേലിന്റെ സുരക്ഷ മാത്രമല്ല നെതന്യാഹു ഇതിലൂടെ ലക്ഷ്യമാക്കുന്നത്, ആയുധക്കടത്ത് തടയുകയെന്നതുകൂടിയാണ്.
അമേരിക്ക മുന്നോട്ടുവെച്ച പുതിയ നിർദേശങ്ങളില്‍ പുറത്തുവരുന്ന വിദഗ്ധാഭിപ്രായങ്ങളിലും വിമർശനങ്ങളാണുള്ളത്. ഇസ്രയേലിന്റെ നിബന്ധനകള്‍ അമേരിക്ക അംഗീകരിക്കുന്നതായാണ് തോന്നുന്നതെന്നാണ് യൂറോപ്യൻ കൗണ്‍സില്‍ ഫോർ ഫോറിൻ റിലേഷൻസിലെ ഇസ്രയേല്‍ - പലസ്തീൻ വിഷയങ്ങളിലെ വിദഗ്ധനായ ഹഗ് ലോവാട്ട് പറയുന്നത്. അമേരിക്ക മുന്നോട്ടുവെച്ച നിർദേശങ്ങള്‍ യഥാർത്ഥത്തില്‍ അമേരിക്കയും ഇസ്രയേലും തമ്മിലുള്ള ഒരു പാലമാണെന്നും ഇസ്രയേലും ഹമാസും തമ്മിലുള്ളതല്ലെന്നും ലോവാട്ട് കൂട്ടിച്ചേർത്തു.
തിരിച്ചുവരാനുള്ള അവകാശം
പലായനം ചെയ്ത പലസ്തീനികൾ വടക്കൻ ഗാസയിലേക്കു മടങ്ങുന്നതിന് മുൻപ് വിശദമായ പരിശോധയ്ക്കു വിധേയമാക്കണമെന്നാണ് ഇസ്രയേലിന്റെ ആവശ്യം. ആയുധപരിശോധനയാണ് പ്രധാനമായും ഇസ്രയേല്‍ മുന്നോട്ടുവെക്കുന്നത്. തങ്ങളുടെ മടക്കം തടയാനുള്ള ഇസ്രയേലിന്റെ നീക്കമാണിതെന്നാണ് പലസ്തീനികളുടെ വാദം. വടക്കൻ മേഖലയില്‍ ഹമാസ് വീണ്ടും സംഘടിക്കാനുള്ള സാധ്യതകള്‍ ഇല്ലാതാക്കാനാണ് ശ്രമമെന്നാണ് ഇസ്രയേല്‍ പറയുന്നത്.
എന്നാല്‍ പലസ്തീനികള്‍ക്കു തങ്ങളുടെ സ്വന്തം വസതികളിലേക്കു മടങ്ങുന്നതിന് പൂർണ സ്വാതന്ത്ര്യം അനുവദിക്കണമെന്നാണ് ഹമാസ് ആവശ്യപ്പെടുന്നത്. ഇതിനായി ഇസ്രയേല്‍ സൈന്യം മേഖലകളില്‍നിന്ന് പിന്മാറണമെന്നും ഹമാസ് പറയുന്നു.
ബന്ദികളുടെ കൈമാറ്റം
ഗാസയില്‍ ബന്ദികളായിട്ടുള്ള ഇസ്രയേലികളുടെ കുടുംബാംഗങ്ങള്‍ കഴിഞ്ഞദിവസം നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വെടിനിർത്തലിന്റെ സാധ്യതകള്‍ കുറവാണെന്നാണ് അവരിലൊരാള്‍ പ്രതികരിക്കവെ പറഞ്ഞത്.
ബന്ദികളുടെ കൈമാറ്റത്തിലും അഭിപ്രായവ്യത്യാസങ്ങളുണ്ട്. ബന്ദികളാക്കപ്പെട്ട ഇസ്രയേല്‍ പൗരന്മാരെ മുഴുവനായും വിട്ടുനല്‍കുക, പകരം ഒരു നിശ്ചിത എണ്ണം പലസ്തീനികളെ മോചിപ്പിക്കും എന്നതാണ് ഇസ്രയേലിന്റെ നിലപാട്. എന്നാല്‍ ഗാസയില്‍നിന്ന് ഇസ്രയേല്‍ സൈന്യം പൂർണമായും പിന്മാറാതെ ബന്ദികളെ മോചിപ്പിക്കാനാകില്ലെന്നാണ് ഹമാസ് വ്യക്തമാക്കുന്നത്.
മാനുഷിക സഹായം
ഭക്ഷണവും ചികിത്സാസഹായങ്ങളും ലഭിക്കാതെ ഗാസയിലെ പലസ്തീനികള്‍ ദുരിതത്തിലാണെന്ന റിപ്പോർട്ടുകളാണ് ആക്രമണം തുടങ്ങിയ നാള്‍ മുതല്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഐക്യാരാഷ്ട്ര സഭയുടെ ഏജൻസികളും അമേരിക്കയും മറ്റ് പാശ്ചാത്യരാജ്യങ്ങളുമെല്ലാം ഗാസയിലേക്ക് കൂടുതല്‍ സഹായം എത്തിക്കണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഇടപെടല്‍ വരെ ഇതിലുണ്ടായി. എന്നാല്‍ ഇസ്രയേല്‍ ഇതിനോടെല്ലാം മുഖംതിരിക്കുകയായിരുന്നു.