ലോകായുക്ത, സർവകലാശാല നിയമദേദഗതി ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവർണർ; ഇനിയെന്ത്?

ലോകായുക്ത, സർവകലാശാല നിയമദേദഗതി ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവർണർ; ഇനിയെന്ത്?

ബില്ലില്‍ ഒപ്പിടാതെ പുനഃപരിശോധനയ്ക്ക് നിയമസഭയിലേക്ക് തിരിച്ചയക്കാം. അതല്ലെങ്കില്‍, രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാം
Updated on
2 min read

ലോകായുക്ത, സർവകലാശാല നിയമദേദഗതി ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിരിക്കുന്നു. സ്വന്തം കേസില്‍ വിധി പറയാന്‍ ആരെയും അനുവദിക്കില്ലെന്നും താന്‍ ചാന്‍സലറായിരിക്കെ സർവകലാശാലകളില്‍ ഇടപെടാന്‍ അനുവദിക്കില്ലെന്നുമാണ് നിലപാട്. ഗവർണർ ബില്ലില്‍ ഒപ്പിട്ടില്ലെങ്കില്‍ എന്ത് സംഭവിക്കും? എത്ര കാലം ഒപ്പിടാതെ ബില്‍ പിടിച്ചുവെയ്ക്കാന്‍ കഴിയും?

സാധ്യതകള്‍ എന്തൊക്കെ?

സർക്കാരിന്റെ തീരുമാനങ്ങള്‍ അംഗീകരിക്കാനുള്ള ഭരണഘടനാ ബാധ്യത ഗവർണർക്കുണ്ടെങ്കിലും വിയോജിക്കാനും പുനഃപരിശോധനയ്ക്ക് ആവശ്യപ്പെടാനും കഴിയും. നിയമസഭ പാസാക്കിയ ബില്‍ ഗവർണർ ഒപ്പിടുമ്പോഴാണ് നിയമമാകുന്നത്. ഒപ്പിടുന്നില്ലെങ്കില്‍ പുനഃപരിശോധനയ്ക്ക് നിയമസഭയിലേക്ക് തിരിച്ചയക്കാം. അതല്ലെങ്കില്‍, രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാം. എന്നാല്‍, ഇതിന് ഒരു കാലയളവ് ഭരണഘടന നിഷ്കർഷിക്കുന്നില്ല. അതായത്, എത്ര കാലം അത് നീട്ടിവെക്കാമെന്ന് ഗവർണർക്ക് തീരുമാനിക്കാം. രാഷ്ട്രപതിക്ക് വേണമെങ്കില്‍ ഭേദഗതി വരുത്തി തിരിച്ചയയ്ക്കാം. എന്നാല്‍, ആ ഭേദഗതി അംഗീകരിക്കണോയെന്ന് നിയമസഭയ്ക്ക് തീരുമാനിക്കാം. മാറ്റം വരുത്താതെ വീണ്ടും ബില്‍ ഗവർണർക്ക് അയക്കാം. അങ്ങനെ അയച്ചാല്‍ അതില്‍ ഒപ്പിടാന്‍ ഗവർണർ ബാധ്യസ്ഥനാണ്.

രാഷ്ട്രപതിക്ക് ഇങ്ങനെ ബില്ലുകള്‍ അയച്ചത് ഇതുവരെ ചുരുക്കം തവണയാണ്. 1957 ലെ വിദ്യാഭ്യാസ ബില്‍ അത്തരത്തിലൊന്നാണ്. എയ്ഡഡ് സ്കൂളുകളില്‍ ഫീസ് പിരിക്കാനും അധ്യാപകർക്ക് ശമ്പളം നല്‍കാനുമുള്ള ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കുന്നതും നിയമനം പിഎസ്‍സി വഴി വേണമെന്ന വ്യവസ്ഥ വെയ്ക്കുന്നതുമായിരുന്നു ബില്‍. നിയമസഭ പാസാക്കിയെങ്കിലും ഗവർണർ അത് രാഷ്ട്രപതിക്ക് അയച്ചു. രാഷ്ട്രപതി ഭരണഘടനയുടെ 143-ാം അനുച്ഛേദ പ്രകാരം സുപ്രീം കോടതിക്ക് റഫർ ചെയ്തു. അടിയന്തര ഘട്ടങ്ങളിൽ ദുർഭരണം നിമിത്തം സർക്കാരിന് സ്കൂൾ ഏറ്റെടുക്കാമെന്ന വ്യവസ്ഥ ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് ബാധകമാകില്ലെന്ന മാറ്റം വരുത്തിയതൊഴിച്ചാല്‍ മറ്റെല്ലാം സർക്കാരിന് അനുകൂലമായിരുന്നു വിധി. ഈ ഭേദഗതിയോടെ ബില്‍ വീണ്ടും പാസാക്കി സർക്കാർ ഗവർണർക്ക് അയച്ച് ഒപ്പിട്ടുവാങ്ങി.

യാതൊരു തീരുമാനവുമെടുക്കാതെ എത്രകാലം വേണമെങ്കിലും നീട്ടി വെയ്ക്കാന്‍ ഗവർണർക്ക് കഴിയും

രാഷ്ട്രപതിക്ക് അയച്ചില്ലെങ്കില്‍, ഗവർണർക്ക് ചെയ്യാന്‍ കഴിയുന്നത് നിയമസഭയ്ക്ക് തിരിച്ചയക്കുക എന്നതാണ്. എന്നാല്‍, നിയമസഭ വീണ്ടും ഗവർണറെ സമീപിച്ചാല്‍ ഒപ്പിടുക എന്നത് മാത്രമാണ് മാർഗം. എന്നാല്‍,അപ്പോഴും പന്ത് പൂർണമായും സർക്കാരിന്റെ കോർട്ടിലാകുന്നില്ല എന്ന് പറയാം. ഇതൊന്നും ചെയ്യാതെ യാതൊരു തീരുമാനവുമെടുക്കാതെ എത്രകാലം വേണമെങ്കിലും നീട്ടി വെയ്ക്കാന്‍ ഗവർണർക്ക് കഴിയുമെന്നതാണ് അതിന് കാരണം.

കാലാവധി കഴിഞ്ഞ 11 ഓർഡിനന്‍സുകള്‍ പുതുക്കാനുള്ള തീരുമാനം ഗവർണർ എതിർത്തതോടെയാണ് സർക്കാർ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചതും ബില്ലുകള്‍ പാസാക്കിയതും. ഇവയില്‍ വിവാദമായത് ഈ രണ്ട് ബില്ലുകളാണ്. രണ്ടിലും പ്രതിപക്ഷ എതിർപ്പുകളും ശക്തമാണ്. ലോകായുക്ത ബില്ലില്‍ ജുഡീഷ്യല്‍ സംവിധാനത്തിന്റെ അധികാരം എക്സിക്യൂട്ടിവ് തട്ടിയെടുക്കുന്നതാണ് ഭേദഗതിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

സർക്കാരിനെ പ്രതിരോധത്തിലാക്കുന്നതെന്ത്?

കേന്ദ്രസർക്കാരിന്റെ ലോക്പാല്‍ നിയമത്തിന് സമാനമാണ് ലോകായുക്ത നിയമം. പാര്‍ലമെന്റ് ലോക്പാല്‍ ബില്‍ പാസാക്കുന്നതിന് മുന്‍പ് തന്നെ 1998ല്‍ കേരളത്തില്‍ ലോകായുക്ത നിലവില്‍ വന്നിരുന്നു. ലോക്പാലിന് അനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് ഭേദഗതി എന്നാണ് സർക്കാരിന്റെ വിശദീകരണം. അഴിമതി കേസില്‍ ജനപ്രതിനിധികള്‍ കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ അവരെ നീക്കാനുള്ള ലോകായുക്തയുടെ അധികാരം റദ്ദാക്കുന്നതാണ് ഭേദഗതി. വീണ്ടും ഹിയറിങ് നടത്തി ലോകായുക്ത വിധി സർക്കാരിന് തള്ളാമെന്നതാണ് എതിർപ്പിനാധാരമായ ഭേദഗതി. മുഖ്യമന്ത്രിക്കെതിരായ ലോകായുക്തയുടെ ഉത്തരവുകളില്‍ നിയമസഭയാകും തീരുമാനമെടുക്കുക. മന്ത്രിമാര്‍ക്കെതിരായ ഉത്തരവുകളില്‍ മുഖ്യമന്ത്രിക്കും എംഎല്‍എമാര്‍ക്ക് എതിരായതില്‍ സ്പീക്കര്‍ക്കും തീരുമാനമെടുക്കാം.

ലോകായുക്ത, സർവകലാശാല നിയമദേദഗതി ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവർണർ; ഇനിയെന്ത്?
പൗരത്വ ഭേദഗതി നിയമത്തില്‍ തുടങ്ങി സര്‍വകലാശാലാ നിയമനം വരെ; സർക്കാർ - ഗവർണർ പോരിന്റെ നാൾവഴി

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ബന്ധു നിയമന ആരോപണത്തില്‍ മന്ത്രി കെ ടി ജലീലിന് രാജിവെയ്‌ക്കേണ്ടി വന്നത് ലോകായുക്തയുടെ നിര്‍ദേശ പ്രകാരമായിരുന്നു. ഇത് മുന്‍നിർത്തി, മുഖ്യമന്ത്രിക്കും ചില മന്ത്രിമാർക്കുമെതിരെ ലോകായുക്തയില്‍ പരാതി നിലനില്‍ക്കുന്നതിനാല്‍ അതിലെ തിരിച്ചടി മുന്നില്‍ കണ്ടാണ് എല്‍ഡിഎഫ് സർക്കാർ തന്നെ 23 വർഷം മുന്‍പ് പാസാക്കിയ നിയമത്തില്‍ ഭേദഗതിക്ക് മുതിർന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം അനർഹർക്ക് നല്‍കിയെന്ന കേസ് വാദം പൂർത്തിയായി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്. ലോകായുക്ത ഓർഡിനന്‍സ് അസാധുവാകുകയും പകരം കൊണ്ടുവന്ന ബില്ലില്‍ ഗവർണർ ഒപ്പിടാതിരിക്കുകയും ചെയ്യുന്നതോടെ കേസില്‍ തിരിച്ചടി നേരിടുമോയെന്ന ആശങ്ക സർക്കാരിനുണ്ട്. പഴയ നിയമപ്രകാരം ലോകായുക്ത മുഖ്യമന്ത്രിക്കെതിരെ പരാമർശം നടത്തിയാല്‍ രാജിവരെ വേണ്ടിവന്നേക്കുമെന്നാണ് വിലയിരുത്തല്‍.

ബില്ലില്‍ ഒപ്പിടാതെ നീട്ടിയാല്‍ അതിനുമുന്‍പ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരായ ലോകായുക്ത കേസില്‍ വിധി വന്നേക്കുമോയെന്നത് സർക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്

കാലിക്കറ്റ്, കണ്ണൂർ, സംസ്കൃത സർവകലാശാലകളിലെ വിസി നിയമനങ്ങളിൽ ഗവർണർ സർക്കാരിനെതിരെ പരസ്യവിമർശനം നടത്തിയിരുന്നു. ഇരുപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടല്‍ കടുത്തതോടെയാണ് സര്‍ക്കാർ പുതിയ നീക്കം നടത്തിയത്. സര്‍വകലാശാല വൈസ് ചാൻസലറുടെ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം ചുരുക്കുന്നതാണ് പുതിയ ബില്‍. നിലവില്‍ മൂന്ന് പേരടങ്ങുന്ന സെര്‍ച്ച് കമ്മിറ്റിയാണ് വിസിയെ തിരഞ്ഞെടുക്കുന്നത്. ഗവർണറുടെയും യുജിസിയുടെയും സർവകലാശാലയുടെയും പ്രതിനിധികളാണ് നിലവിൽ സമിതിയിൽ ഉള്ളത്. ഇതിന് പകരം കമ്മിറ്റിയില്‍ അഞ്ച് പേരെ ഉള്‍പ്പെടുത്താന്‍ പുതിയ ബില്‍ ശുപാര്‍ശ ചെയ്യുന്നു. ഇതോടെ വിസി നിർണയത്തിൽ സർക്കാരിന് മേൽക്കൈവരും.

സർവകലാശാല നിയമഭേദഗതി ബില്ലിനേക്കാള്‍ സർക്കാരിന് ഭീഷണിയാകുന്നത് ലോകായുക്ത ഭേദഗതി ബില്ലിലെ തീരുമാനം വൈകുന്നതാണ്. ബില്ലില്‍ ഒപ്പിടാതെ നീട്ടിയാല്‍ അതിനുമുന്‍പ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരായ ലോകായുക്ത കേസില്‍ വിധി വന്നേക്കുമോയെന്നത് സർക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. സർക്കാരിനെതിരെ വാർത്താസമ്മേളനം വരെ നടത്തി പരസ്യപോരിനിറങ്ങിയ ഗവർണർ, ബില്‍ ഒപ്പിടാതെ ഏതറ്റം വരെ പോകുമെന്നതാണ് ഇനി അറിയേണ്ടത്.

logo
The Fourth
www.thefourthnews.in