പോരാട്ടത്തിന്റെ പ്രതീകമായ മണിപ്പൂർ സ്ത്രീകൾ
സ്ത്രീയെ ബലാത്സംഗം ചെയ്ത് ഒരു പക്ഷത്തിന്റെയോ ഒരു വ്യക്തിയുടെയോ അഭിമാനം കവർന്നുകളയാമെന്നും വിജയം വരിക്കാമെന്നും കരുതുന്ന കുറഞ്ഞ മനഃസ്ഥിതി എല്ലാ കലാപത്തിനും നേതൃത്വം നൽകുന്ന പുരുഷന്മാർക്കുണ്ട്. രണ്ട് മാസമായി വംശീയ കലാപം തുടരുന്ന മണിപ്പൂരിലും ഇത് തന്നെയാണ് സ്ഥിതി. കഴിഞ്ഞ ദിവസം പുറത്തുവന്ന, ലോകത്തെ ഞെട്ടിച്ച ദൃശ്യങ്ങളും ഇതിന്റെ തുടർച്ചയാണ്. എന്നാൽ ചരിത്രത്തിൽ മണിപ്പൂരിലെ സ്ത്രീകൾ ഇരകളായി മാത്രമല്ല കാണപ്പെടുക. ശക്തമായ പ്രതിരോധങ്ങൾക്കും പ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും ഈ സ്ത്രീകൾ നേതൃത്വം നൽകിയിട്ടുണ്ട്. മണിപ്പൂരിന്റെ ചരിത്രത്തിൽ ഈ സ്ത്രീകളുടെ മുഖങ്ങൾ പതിഞ്ഞിരിക്കുന്നത് ഇങ്ങനെ കൂടിയാണ്. ഒരു നൂറ്റാണ്ടിലേറെയായി വംശീയമായും സാംസ്‌കാരികമായും വൈവിധ്യമുള്ള മണിപ്പൂരിലെ സ്ത്രീകൾ മയക്കുമരുന്ന് ഭീഷണി, മനുഷ്യാവകാശ ലംഘനങ്ങൾ, അഴിമതി, സായുധ സേനയുടെ പ്രത്യേക അധികാര നിയമം (അഫ്‌സ്പ), പൗരത്വ ബിൽ എന്നിവയ്ക്കെതിരായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി.
മണിപ്പൂരിൽ എല്ലാ വർഷവും ഡിസംബർ 12 നൂപി ലാൻ ഡേ ആയി ആചരിക്കുന്നു. 'സ്ത്രീകളുടെ യുദ്ധം' എന്നാണ് ഈ വാക്ക് അർഥമാക്കുന്നത്. 1939 ൽ മണിപ്പൂരിലെ ആയിരക്കണക്കിന് സ്ത്രീകൾ ബ്രിട്ടീഷുകാർക്കെതിരെ മണിപ്പൂരുകാരുടെ, പ്രത്യേകിച്ച് അവിടുത്തെ സ്ത്രീകളുടെയും അവകാശങ്ങൾക്കായി ധീരമായി നിലകൊണ്ട ദിവസമാണ് ഡിസംബർ 12. പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഉണ്ടായ നിലവിൽ മതേഴ്സ് മാർക്കറ്റ് എന്നറിയപ്പെടുന്ന ബസാറായിരുന്നു നൂപി ലാനുകളുടെ പ്രധാന കേന്ദ്രം. സ്ഥാപിക്കപ്പെട്ട അന്നുമുതൽ രണ്ടായിരത്തിലധികം സ്ത്രീകൾ ഇവിടെ എല്ലാത്തരം ചരക്കുകളുടെയും വ്യാപാരം നടത്തിവന്നു.
നൂപി ലാൻ
1904-ലാണ് ഇവിടുത്തെ സ്ത്രീകളുടെ ആദ്യത്തെ പ്രക്ഷോഭം. നിർത്തലാക്കിയ ലാലപ്പ് സമ്പ്രദായം പുനഃസ്ഥാപിക്കുന്നതിനായുള്ള കേണൽ മാക്സ്വെല്ലിന്റെ പദ്ധതിയാണ് പ്രതിഷേധത്തിന് കാരണമായത്. ഓരോ 30 ദിവസത്തിന് ശേഷവും 10 ദിവസത്തേക്ക് പുരുഷന്മാർ സൗജന്യമായി ജോലി ചെയ്യുക എന്നതായിരുന്നു ലാലപ്പ് സമ്പ്രദായം. നിർബന്ധിത ജോലിയുടെ അനീതിക്കെതിരെ സ്ത്രീകൾ ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. സ്ത്രീകളുടെ കടുത്ത പ്രക്ഷോഭങ്ങളും പ്രകടനങ്ങളും മൂലം ഒടുവിൽ പദ്ധതി ബ്രിട്ടീഷുകാർക്ക് ഉപേക്ഷിക്കേണ്ടി വന്നു.
1939 ലാണ് രണ്ടാം നൂപി ലാൻ നടക്കുന്നത്. അരിയുടെ രൂക്ഷമായ ക്ഷാമവും വിലക്കയറ്റവും ഉണ്ടായിരിക്കുന്ന കാലം. അന്ന് അരി കയറ്റുമതി നിരോധിക്കണമെന്നും അരി മില്ലുകൾ അടച്ചുപൂട്ടണമെന്നും ജനങ്ങൾ പലതവണ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. ഒടുവിൽ നൂറുകണക്കിന് സ്ത്രീകൾ ഇംഫാലിലെ തെരുവിലിറങ്ങി ദർബാർ ഓഫീസിലേക്ക് മാർച്ച് നടത്തി. മഹാരാജാവിന് അടിയന്തര ടെലിഗ്രാം അയക്കാൻ മണിപ്പൂർ സംസ്ഥാന ദർബാർ പ്രസിഡന്റ് ടി എ ഷാർപ്പിനെ സ്ത്രീകൾ ടെലിഗ്രാഫ് ഓഫീസിലേക്ക് വലിച്ചിഴച്ചു. പ്രതികരണം വരുന്നതുവരെ ഷാർപ്പിനെയും മറ്റ് ഉദ്യോഗസ്ഥരെയും ബന്ദികളാക്കി. അപ്പോഴേക്കും സ്ത്രീകളുടെ എണ്ണം ഏകദേശം 4000 കടന്നിരുന്നു. അസം റൈഫിളുകളുടെ ഒരു സംഘം സ്ത്രീകളെ പിരിച്ചുവിടാൻ എത്തിയെങ്കിലും അവർക്കെതിരെ ഈ സ്ത്രീകൾ കല്ലെറിഞ്ഞു. അങ്ങനെ ഒടുവിൽ പ്രതിഷേധങ്ങൾക്ക് മുൻപിൽ അധികാരികൾക്ക് മുട്ട് മടക്കേണ്ടി വന്നു. അതിന് ശേഷവും മണിപ്പൂരി സ്ത്രീകൾ ശക്തമായ സമരങ്ങൾ നയിച്ചിട്ടുണ്ട്. 1970-കളിലെ മയക്കുമരുന്ന് ദുരുപയോഗത്തിനും മദ്യപാനത്തിനുമെതിരായി നിലവിൽ വന്ന മീരാ പൈബി പ്രസ്ഥാനം ഇതിന് ഒരുദാഹരമാണ്.
തങ്ജം മനോരമ
ഇന്നത്തെ സാഹചര്യത്തോട് സമാനമായൊരു സംഭവം മണിപ്പൂരിലുണ്ടാവുന്നത് 2004- ലാണ്. 2004 ജൂലൈ 11നാണ് അസം റൈഫിൾസ് ഉദ്യോഗസ്ഥർ തങ്ജം മനോരമ എന്ന സ്ത്രീയെ വീട്ടിൽ നിന്നിറക്കി കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്നത്. നിരോധിത സംഘടനായ പീപ്പിൾ ലിബറേഷൻ ആർമിയുടെ പ്രവർത്തക എന്നാരോപിച്ചായിരുന്നു മനോരമയെ സേനാംഗങ്ങൾ പിടിച്ചുകൊണ്ടുപോയത്. അവരുടെ മൃതദേഹം പിന്നീട് അടുത്തുള്ള വയലിൽ നിന്ന് വെടിയേറ്റ നിലയിൽ കണ്ടെടുത്തു. മനോരമ ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായതായി പിന്നീട് വ്യക്തമായി. മണിപ്പൂർ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിഷേധങ്ങൾക്കൊന്നിന് അന്ന് സംസ്ഥാനം സാക്ഷിയായി.
മനോരമയോട് ചെയ്ത ക്രൂരതയിൽ പ്രതിഷേധിച്ച് 12 സ്ത്രീകൾ അസം റൈഫിൾസിന്റെ ആസ്ഥാനമായിരുന്ന കംഗ്‌ള കോട്ടയ്ക്ക് മുൻപിലെത്തി വിവസ്ത്രരായി. ഞങ്ങളെ ബലാത്സംഗം ചെയ്യൂ എന്ന പ്ലക്കാഡുകൾ ഏന്തിയായിരുന്നു അവരുടെ പ്രക്ഷോഭം. ലോകത്തിന്റെ കണ്ണുകൾ മണിപ്പൂരിൽ പതിഞ്ഞു. ഇന്ത്യൻ സൈന്യത്തിന്റെ മനുഷ്യാവകാശ ലംഘനം ചർച്ചയാക്കാൻ ഈ സവിശേഷ പ്രക്ഷോഭത്തിലൂടെ കഴിഞ്ഞു. അഫ്‌സ്പ എന്ന നിയമത്തിന്റെ മറവിൽ സുരക്ഷാ സൈനികർ കാണിച്ചുകൂട്ടുന്ന മനുഷ്യാവകാശ ലംഘനങ്ങളും ഉയർത്തികൊണ്ടുവരാൻ ഇതുവഴി പ്രക്ഷോഭകാരികൾക്ക് സാധിച്ചു. ആ സ്ത്രീകളുടെ നഗ്നശരീരം സൈനികരുടെ കീഴിൽ മണിപ്പൂരിലെ സ്ത്രീകൾ അനുഭവിക്കുന്ന യാതനകളുടെ നേർ ചിത്രമായി.
മണിപ്പൂരിന്റെ പ്രക്ഷോഭ ചരിത്രത്തിൽ ഇറോം ശർമ്മിള എന്ന സ്ത്രീ നടത്തിയ പോരാട്ടവും സമാനതകളില്ലാത്തത് തന്നെ. ലോകത്തെ തന്നെ ഏറ്റവും ദീർഘമേറിയ സഹന സമരം അവർക്ക് നടത്തി പിൻവാങ്ങേണ്ടി വന്നത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തോടായിരുന്നു.
ഇപ്പോഴത്തെ കലാപത്തിൽ എത്രയോ സ്ത്രീകൾ ഇരകളാക്കപ്പെടുന്നു. ചിലരുടെ കഥകൾ, കഴിഞ്ഞ ദിവസം പുറത്തുവന്നതു പോലെ, എത്രയോ ദിവസങ്ങൾക്ക് ശേഷം പുറത്തുവരുന്നു. വംശ മാഹാത്മ്യത്തിന്റെ അസംബന്ധ കഥകൾ പറയുന്നവരുടെ ഇരകളാക്കപ്പെടുന്നു ഈ സ്ത്രീകൾ. മൗനം ദീക്ഷിക്കുന്ന, വ്യാജമായി ധാർമിക രോഷം കൊള്ളുന്ന അധികാരികൾക്ക് മുന്നിൽ നിസഹായരാകാൻ മാത്രമല്ല, പ്രതിരോധിക്കാനും ഇവിടുത്തെ സ്ത്രീകൾക്ക് കഴിയും എന്നതാണ് മണിപ്പൂരിന്റെ ചരിത്രം.