മോദിയുടെ ചിറകിൽ പറന്ന അദാനി
ഗൗതം അദാനി. കഴിഞ്ഞ ഒന്നര ദശാബ്ദമായി രാജ്യത്ത് ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന വ്യവസായി. ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ ധനികന്‍. ഇപ്പോള്‍ തിരിച്ചടികളുടെ വാര്‍ത്തകളാണ് അദ്ദേഹത്തിന്. ഓഹരികള്‍ ഇടിയുന്നു. വ്യവസായ നടത്തിപ്പില്‍ കൃത്രിമത്വം എന്ന ആരോപണം ഉയരുന്നു. കണ്ണഞ്ചിപ്പിക്കുന്ന വേഗതയില്‍ ധനിക വ്യവസായിയായ അദാനിയുടെ പിന്‍മടക്കം ആരംഭിച്ചോ? അദാനിയുടെയുടെ സുഹൃത്തെന്ന് പലരും ആരോപിക്കുന്ന മോദിയ്ക്കുപോലും സംരക്ഷിക്കാനാവാത്ത വിധത്തില്‍ അപകടത്തിലായോ അദാനിയുടെ ഭാവി ? എങ്ങനെയാണ് മോദിയുടെ സഹയാത്രികനായി അദാനി മാറിയത് ?
ഗുജറാത്ത് കലാപത്തിന് ശേഷമുള്ള കാലം. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി വ്യാപകമായ വിമര്‍ശനങ്ങള്‍ നേരിടുന്ന സമയം. അക്കാലത്തായിരുന്നു കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്റസ്ട്രി ഡല്‍ഹിയില്‍ ഒരു യോഗം സംഘടിപ്പിക്കുന്നത്. അതില്‍ രാഹുല്‍ ബജാജിനെ പോലുള്ള വലിയ വ്യവസായികള്‍ ഗുജറാത്ത് കലാപം നിയന്ത്രിക്കാത്തതിന് നരേന്ദ്രമോദിയെ ശക്തമായി വിമര്‍ശിച്ചു. കാലപം ഗുജറാത്തിലെ വ്യവസായ അന്തരീക്ഷത്തെ ബാധിക്കുമെന്നും പറഞ്ഞു. ഇത് വലിയ വാര്‍ത്തയായി. എന്നാല്‍ അന്ന് നരേന്ദ്ര മോദിയ്ക്ക് വേണ്ടി രംഗത്തിറങ്ങി, ഗുജറാത്തിലെ വ്യവസായികളെ സംഘടിപ്പിച്ച് അദ്ദേഹത്തിന് വേണ്ടി പ്രതിരോധം തീര്‍ത്തത് ഗൗതം അദാനിയായിരുന്നു. ബിസിനസ്-രാ്ഷ്ട്രീയ സഖ്യത്തിന്റെ കഥ അവിടെ തുടങ്ങുന്നു. പിന്നീട് മോദി ഗുജറാത്തിലും, രാജ്യത്തും ശക്തനായി. ഏറ്റവും പ്രധാനപ്പെട്ട നേതാവുമായി. ഗൗതം അദാനിയും കൂടെ വളര്‍ന്നു.
2014 ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രി പഥത്തില്‍ എത്തിയതിന് പിന്നാലെയുള്ള വര്‍ഷങ്ങളില്‍ ഇന്ത്യ കണ്ടത് അദാനിയുടെ ദ്രുതവേഗത്തിലുള്ള വളര്‍ച്ചയാണ്. അധികാരമേല്‍ക്കാനായി ഗൗതം അദാനിയുടെ സ്വകാര്യ ജെറ്റില്‍ ഗുജറാത്തില്‍ നിന്ന് തലസ്ഥാനമായ ന്യൂഡല്‍ഹിയിലേക്ക് പറന്നെത്തുന്നതോടെയാണ് ഈ സൗഹൃദത്തിന്റെ ആഴം മുഖ്യധാരയില്‍ പ്രത്യക്ഷമാവുന്നത്. മോദി അധികാരത്തില്‍ വന്നതിനുശേഷം, സര്‍ക്കാര്‍ ടെന്‍ഡറുകള്‍ നേടുകയും രാജ്യത്തുടനീളം അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നിര്‍മ്മിക്കുകയും ചെയ്തതിനാല്‍, അദാനിയുടെ ആസ്തി ഏകദേശം 230 ശതമാനം വര്‍ധിച്ച് 26 ബില്യണ്‍ ഡോളറായി ഉയര്‍ന്നു എന്നാണ് കണക്കുകള്‍. അദ്ദേഹത്തിന്റെ രാഷ്ട്രീയ ബന്ധങ്ങളുടെ മറ്റൊരു നേര്‍ക്കാഴ്ചയാണിത്
ഇത് ചങ്ങാത്ത മുതലാളിത്തമാണെന്ന ആരോപണം ഉയര്‍ന്നു. അതൊന്നും അദാനിയെ ബാധിച്ചില്ല. മോദി അതേക്കുറിച്ചൊന്നും പ്രതികരിച്ചുമില്ല. അദാനി വികസിച്ചുകൊണ്ടെയിരുന്നു. വിവിധ മേഖലകളില്‍ അദ്ദേഹം നിക്ഷേപം നടത്തി. രാജ്യത്തെ അടിസ്ഥാന സൗകര്യമേഖലകളിലെ അദാനി സ്വാധീനം വലിയ തോതില്‍ വര്‍ധിച്ചു. ക്രോണി ക്യാപിറ്റലിസത്തിന്റെ വികൃത മുഖമാണിതെന്ന് കണക്കുകള്‍ കഥ പറഞ്ഞു. പക്ഷെ അദാനിയ്ക്ക് മാത്രം തളര്‍ച്ചയുണ്ടായില്ല. അദാനി 2021 ല്‍ ഒരു ദിവസം 1600 കോടിയാണ് അദ്ദേഹത്തി്‌ന്റെ ആസ്ഥിയിലേക്ക് ചേര്‍ത്തതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 1440 ശതമാനമാണെത്രെ ഗൗതം അദാനിയുടെ സമ്പത്ത് വര്‍ധിച്ചത്.
എന്നാല്‍ ഈ സമ്പാദ്യത്തിന് പിന്നില്‍ കള്ളക്കഥകളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുമാണെന്ന റിപ്പോര്‍ട്ടാണ് അദാനിയെ വെട്ടിലാക്കിയിരിക്കുന്നത്. ഇത്ര വലിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കിയ സംവിധാനത്തെയുമാണ് റിപ്പോർട്ട് പ്രതികൂട്ടിലാക്കിയിരിക്കുന്നത്. അദാനിയുടെ ഓഹരികള്‍ മുതലക്കൂപ്പ് നടത്തുകയാണ്. ഇതുവരെ കേന്ദ്ര സര്‍ക്കാറും പ്രതികരിച്ചിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷണം വേണമെന്ന രാഷ്ട്രീയ ആവശ്യത്തോട് ഇതുവരെ അധികൃതരുടെ പ്രതികരണമുണ്ടായിട്ടില്ല. അദാനിയുടെ പിന്‍മടക്കം ആരംഭിച്ചുവോ എന്ന ചോദ്യം മാത്രമാണ് അവശേഷിക്കുന്നത്.